രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിനാല്
[ 269 ]
അദ്ധ്യായം ഇരുപത്തിനാല്
"ദൈവവിരോധമിതോ വരുത്തും,
അതു പറവതിനരുമം"


ചന്ദ്രക്കലാകൃതിയിലുള്ള ഒരു ചെറുദുർഗ്ഗനിരയുടെ സാനുപ്രദേശം മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ടു വൻകാടായിത്തീന്നിരിക്കുന്നു. അതിലെ വൃക്ഷങ്ങൾ പുഷ്ടശരീരങ്ങളായി, നിരവധി ശാഖകൾ വീശി വളർന്ന് ചിലതു പരസ്പരം ശൃംഖലിതശിരസ്കങ്ങളായും മറ്റുള്ളവ തങ്ങളിൽ ഉരുമ്മി നന്തുണിസ്വരങ്ങളെ ആലപിച്ചും രണ്ടു വർഗ്ഗക്കാരും വാതപ്രമോദത്തിനിടയിൽ പത്രനൃത്തത്തിന്റെ കിലുകിലാരവം ഘോഷിച്ചും വനഘോരതയെ പുലർത്തി ഒരു ദുർഗ്ഗാഭഗവതിയുടെ കദംബവാടിയായി വാഴ്ചകൊള്ളുന്നു. സൂര്യഭഗവാന്റെ ശുഭ്രകിരണങ്ങളെ മരതകച്ഛവികലർന്നുള്ള രേഖകളാക്കുന്ന ആ വിപിനത്തിന്റെ സ്വൈരതയെയും, ശിശിരതയെയും വനചരന്മാരുടെ ഭക്ഷണാന്വേഷണവും മൃഗയാപ്രസക്തന്മാരുടെ വിഹാരരസവും ബാധിക്കാതെ, സാന്ദ്രാനന്ദമായി ആസ്വദിപ്പാൻ അഗ്രഹാര നിർമ്മാണം ചെയ്തുകൂടിയ ദ്വിജസന്ദോഹത്തിന്റെ ബന്ധുരതയ്ക്കിടയിൽ, കൂമാദിവർഗ്യരായ ദുശ്ശകുനപ്രലാപികൾകൂടി സംക്രമിക്കുകയാൽ, ആ വനഖണ്ഡത്തിന്റെ ആസുരത സമീപപ്രദേശങ്ങളിലെ ജനതയിൽ ആ സ്ഥലം ദുർദ്ദേവതാസങ്കേതമാണെന്നുള്ള ഭയത്തെ ദൃഢരൂഢമാക്കി. വൃക്ഷസ്കന്ധങ്ങളിൽനിന്നു തകർന്നു വീഴുന്ന ശാഖകൾ തരുമൂലങ്ങളെ വലയംചെയ്തു ശിശിരതയെ വർദ്ധിപ്പിച്ചതിനാൽ, ആ പാദപമൂലങ്ങൾ ഉരഗരാജന്മാരുടെ പാർപ്പിനു ശുദ്ധികലശംചെയ്യപ്പെട്ടുള്ള ചിത്രകൂടങ്ങളായിത്തീർന്നു. സമീപസ്ഥങ്ങളായ ആമ്പാടികളിലെ ഗോവൃന്ദങ്ങൾ ഈ വനത്തിന്റെ ബഹിർഭാഗത്തുള്ള അധിത്യകയിലെ തൃണസമൃദ്ധിയാൽ ആകൃഷ്ടരായി ആ പ്രദേശത്തെ ഒരു വൃന്ദാവനമായി സേവിച്ചുപോന്നു. എന്നാൽ, ദ്രുതപ്രവൃദ്ധമായി വന്ന അവിടത്തെ വന്യതയെ പരിരക്ഷിപ്പാൻ സംക്രമിച്ചുതുടങ്ങിയ ശാർദ്ദൂലാദി ഹിംസ്രമൃഗങ്ങളെ, ആ തൃണാശികൾ പുഷ്ടശരീരികളാക്കിത്തുടങ്ങിയപ്പോൾ ഗോപവാടങ്ങളിലെ [ 270 ] യശോദാപ്രഭൃതികൾ ആ പ്രദേശത്തിനു കാളിയവസതിയായ കാളിന്ദീതടം എന്നുതന്നെ നാമകരണം ചെയ്തു. ഈ വനത്തിന്റെ ഉത്തരസീമയിൽക്കൂടി ഭൂതരണംചെയ്യുന്ന നദിയുടെ ദക്ഷിണപ്രാന്തത്തിൽ കാണുന്ന ഒരു കടവിലെ കരിങ്കൽക്കെട്ടുകൾ ദുഃസ്ഥിതങ്ങളായി ജലപ്രവാഹത്തെ തടയുകയാൽ, ആ ഭാഗം നദീതടത്തെ തിളച്ചുപൊങ്ങുന്ന മജ്ജാകന്ദുകങ്ങൾ പൊതിഞ്ഞും ചുഴിക്കെട്ടുകൾ നിറഞ്ഞും ഉള്ള ഭയങ്കര കയപ്രദേശം ആക്കിയിരിക്കുന്നു. വഞ്ചികൾക്കും തരണം ചെയ്‌വാൻ അതിവിഷമമായുള്ള ഈ കയങ്ങളുടെ ദക്ഷിണപരിധിയായ ഭൂമി, തൂക്കായും വലുതായ ഉന്നതിയിലും മുൾച്ചെടികൾ പൊതിഞ്ഞും സ്ഥിതിചെയ്യുന്നതിനാൽ അതും ശിവശക്തികളാൽ രക്ഷിക്കപ്പെട്ട ബാണാസുരപ്രാകാരം എന്നപോലെ അഹിതപ്രവേശത്തെ നിരോധിക്കുന്നു. ആകപ്പാടെ ഈ വലയബന്ധത്തിന്റെ വിസ്തൃതിയും അധൃഷ്യതയും ആപൽക്കരതയും അതിനെ രാജാധികാരത്താൽ നിർമ്മിക്കപ്പെട്ടുള്ള നെടുംകോട്ടയെക്കാൾ അഭേദ്യതരമായുള്ള ഒരു പ്രാകാരമാക്കിത്തീർത്തിരിക്കുന്നു.

പ്രകൃതിസൃഷ്ടമായ ഈ രക്ഷോപകരണങ്ങൾ ആവരണം ചെയ്യുന്ന അന്തഃപ്രദേശം ഒരു നവഖാണ്ഡവമോ, സ്വയംപ്രഭാഗഹ്വരമോ എന്ന് ആരായുകതന്നെ. ആദ്യമായി കാണുന്നത്, ബഹുതരം ഉയർച്ചകളിൽ എത്തിയിട്ടുള്ള ചെടികളാൽ ആച്ഛന്നവും അതിനെ വലയംചെയ്യുന്ന ഒരു പ്രാകാരത്തിന്റെ ഹരിതച്ഛവിയെ ദ്വിഗുണമാക്കി പ്രതിഫലിപ്പിക്കുന്നതുമായ ഒരു മഹാമൈതാനമാണ്. ജീവിതമോഹാസ്തമയത്താൽ പ്രേരിതമായുള്ള നൈരാശ്യത്തിന്റെ പ്രവർത്തനഫലമായി ഛേദിക്കപ്പെട്ടുള്ള വന്മരങ്ങളുടെ സ്കന്ധങ്ങളും ശാഖകളും ഉണങ്ങി, ചർമ്മം പൊളിഞ്ഞ് രാക്ഷസാസ്ഥികൾപോലെ അവിടവിടെ കാണ്മാനുള്ളവ സംഹാരശൂലിയുടെ താണ്ഡവലക്ഷ്യങ്ങളായി കിടക്കുന്നു. ചുറ്റുമുള്ള വനനിരയിലെ മൃഗദുർമ്മദന്മാരെ പേടിച്ചുള്ള നകുലകൃകലാസാദി ജന്തുക്കളും ചെടിക്കെട്ടുകളുടെ ഇടയിൽ പ്രകാശിക്കുന്ന നേത്രങ്ങളുടെ ഉടമസ്ഥരായ കുറുനരികളും ആ ഭൂമിയുടെ നിർവ്വാന്തശൈത്യത്തിൽ സംഖ്യാതീതമായി പെരുകുന്ന മണ്ഡൂപങ്ങളും ആ മൃദുമാംസികളുടെ നിധനത്തിനായി വിദ്യുച്ചലനം ചെയ്തു തിരിയുന്ന ബഹുതരം ഭുജംഗങ്ങളും ആ രംഗത്തിൽ സ്ഥിതികൊള്ളുന്ന മന്ദിരാവശേഷത്തെ അതിന്റെ അവസാദദശയിലെ നിശ്ശബ്ദശംഖന്മാരായി പാരിഷദസേവനം ചെയ്യുന്നു. ഒരു മഹാസേനയ്ക്കു പടനിലമാകാൻ പോരുന്ന വിസ്താരത്തിലുള്ള ആ സമഭൂമിയുടെ ഈശാനഖണ്ഡം പല ഗംഭീരാലയങ്ങളും ഉപശാലകളും ചേർന്നുള്ള ഒരു ഭവനത്തിന്റെ രുദ്രഭൂമി ആയിത്തീർന്നിരിക്കുന്നു. ചിലമ്പിനഴിയത്തു ഭവനത്തെക്കാളും സാധനധാരാളതയെയും വിപുലശില്പവൈദഗ്ദ്ധ്യത്തെയും പ്രത്യക്ഷപ്പെടുത്തുന്ന ആ ഭവനത്തിന്റെ മഹാകൂടങ്ങൾ ഒരു അല്പഭാഗമൊഴിച്ച് മേച്ചിൽകൂടാതെ ഉപേക്ഷിക്കപ്പെട്ടും, മേൽക്കൂടങ്ങൾ ജീർണ്ണിച്ചും, നിരകൾ വിവർണ്ണമായും ആകമാനം വർഷാതപങ്ങൾ സഹിച്ചുള്ള ക്ഷയലക്ഷ്യങ്ങളോടെ കാണപ്പെടുന്നു. ഭവനോന്നതിക്കു സമാനം [ 271 ] ഭുഗർഭത്തിലോട്ടും താഴ്ത്തി കരിങ്കല്ലുകൾ പടുത്തുറപ്പിച്ചിട്ടുള്ള കല്ലറകളെ ധനാഷ്ടഗന്ധപൂരിതമാക്കി ഐശ്വര്യലക്ഷ്മിയെ പ്രതിഷ്ഠിച്ചിരുന്ന ആ ഭവനം ദൈവകോപനിപാതത്താൽ ഒരു അപമൃതിക്ഷേത്രം ആയിരിക്കുന്നു. ഭവനത്തിന്റെ ചുറ്റുപാടിലും അതിമൃദുതളിമങ്ങളാക്കി കെട്ടപ്പെട്ടിരുന്ന കൃഷ്ണശിലപ്പടികൾ ഇളകിത്തകർന്ന് അവയുടെ അധോഭാഗങ്ങൾ പലവിധം ജീവികളുടെ പാർപ്പിനുള്ള ശിലാമണ്ഡപങ്ങളായിരിക്കുന്നു. ചുറ്റും കാണുന്ന അസംഖ്യമായ അറകളുടെ വാതിലുകൾ, പിച്ചളക്കുമിളകളും ചന്ദ്രക്കലകളും ഓടാമ്പലുകളും പൂട്ടുകളും വഹിച്ച്, മഹാവിപത്തിന്റെ നിപാതാനന്തരം അഭർത്തൃകങ്ങളായി ആ സന്ധിയിലെ ബന്ധനിലയിൽത്തന്നെ നില്ക്കുന്നു എങ്കിലും അതുകളിലെ ലോഹാനുബന്ധങ്ങൾ പ്രകാശം ക്ഷയിച്ചു ശുഷ്കഗോമയത്തിന്റെ വർണ്ണത്തിൽ അപ്രാർത്ഥിതരായി എത്തുന്ന സഹതാപദാതാക്കളെ മണ്ടിപ്പാനുള്ള ശലാകകളായി സ്ഥിതിചെയ്യുന്നു. പാചകശാലയുടെ പുരോഭാഗത്തോടു ചേർന്നുള്ള കൂപത്തെ ദർശനീയമാക്കിയിരുന്ന കെട്ടുകൾ, 'ആഹാ!' വിലാപങ്ങളിലെ വക്ഷസ്താഡനങ്ങളാൽ എന്നപോലെ ഭിന്നങ്ങളായി പുറകോട്ടു വീണുപോകയാൽ, അതു പാതാളപ്രവേശനത്തിനുള്ള മഹാവിലമെന്നപോലെ, നിശാകാലങ്ങളിൽ അമ്ലജ്വാലകളെ ഉദ്വമിച്ച് ആ സങ്കേതത്തിന്റെ പൈശാചദാരുണതയെ പോഷിപ്പിക്കുന്നു. ഭവനത്തിന്റെ ഒരു ഭാഗത്തുനിന്നു കാളസർപ്പംപോലെ പൊങ്ങി, വിജൃംഭണംചെയ്ത് ആകാശവീഥിയിൽ ലയിക്കുന്ന ധൂമശിഖ മാത്രം, ധൂമകേതു പ്രപാതത്താൽ എന്നപോലെ നഷ്ടൈശ്വര്യമായിത്തീർന്നുള്ള ആ ഗൃഹാവശേഷം ഇന്നും മനുഷ്യവസതിയായി ഉപയോഗപ്പെടുന്നു എന്നു ലോകബോധനം ചെയ്യുന്നു. ഹൃദ്ഭേദകമായുള്ള നാശസ്ഥിതിയെ പ്രാപിച്ച്, ജ്യേഷ്ഠാംബികയുടെ ആദിമൂലനൈകൃഷ്ട്യസ്വതയിൽ അമരുന്നപോലെ നമ്മെ നമ്രമുഖന്മാരാക്കുന്ന ഈ ഗൃഹം രാജവസതികളെയും അസൂയപ്പെടുത്തുമാറുള്ള മതിൽക്കെട്ടുകളാൽ രക്ഷിക്കപ്പെട്ടും ഉദയാസ്തമയസന്ധ്യകൾക്കു പൂർവ്വമായുള്ള മാർജ്ജനകർമ്മങ്ങളാൽ ഗൃഹാങ്കണങ്ങൾക്കു മാന്മഥമഞ്ജുളതതന്നെ ചേർക്കപ്പെട്ടും ജഗന്മോഹിനികളുടെ മൃദുഭാഷണങ്ങളാലും ഗീതമാധുര്യത്താലും രതീവിലാസസൗഭാഗ്യം സംഘടിപ്പിക്കപ്പെട്ടും രസികഭൃംഗാവലിയെ കേതകീകുസുമസമാനം ആകർഷിച്ചു വിഭ്രമിപ്പിച്ചും മണ്ഡലാധിപപരിസേവ്യമായി ആഖണ്ഡലവിഭൂതിയെയും വിജയിച്ചു സ്ഥിതിചെയ്തിരുന്ന സാക്ഷാൽ മാങ്കാവുഭവനംതന്നെയാണ്.

പ്രാണനു തുല്യം ഗണിക്കപ്പെട്ടിരുന്ന പുത്രനെ കാണ്മാനില്ലെന്നു കേട്ടപ്പോൾ മാധവിഅമ്മയുടെ കണ്ണുകൾ മേല്പോട്ടു ചെരുകി; മുഖം വികൃതമായി; ദേഹം വിളറി വിയർത്തു വിറച്ചു; അകത്തെ നീറ്റൽകൊണ്ട് ശ്വാസത്തിന് ഊക്കു കൂടി, ഉദരം അമർന്നു തുടിച്ചു. ആകാശത്തിലോട്ട് അഭിമുഖമായി നിന്നുകൊണ്ട് ആ സ്ത്രീ ഭഗവൽപദത്തോടു കയർക്കുംവണ്ണം ദന്തങ്ങൾ തമ്മിൽ ഉരുമ്മി. ഈ അപസ്മാരചേഷ്ടകൾ കണ്ടു പരിചാരകവർഗ്ഗം കൂട്ടിയ മുറവിളികളാൽ ആനീതരായ സമീപവാസികൾ, സേവാർത്ഥികൾ [ 272 ] എന്നിങ്ങനെ പല കൂട്ടം സ്ത്രീപുരുഷന്മാർ അനുകമ്പയോടെ കാര്യാന്വേഷണങ്ങൾ തുടങ്ങി. പലരും പല വഴിക്കും പക്ഷിവേഗത്തിൽ പറന്നുതിരിഞ്ഞ് ആ ബാലഗതിയെ ശ്രദ്ധാവേശത്തോടെ ആരാഞ്ഞു. ഏകദേശം സന്ധ്യയോടടുക്കുന്നതുവരെ ഗൃഹത്തിന്റെ മുൻഭാഗത്തുള്ള മുറ്റത്തു വെയിലും കാറ്റുമേറ്റ്, അന്നത്തെ ദിനാനുഷ്ഠാനങ്ങളെ ഉപേക്ഷിച്ച് പ്രാർത്ഥനകൾക്കും ഉപദേശങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങാതെ വിധിഗതിയോട് ഉച്ചത്തിൽ തുടങ്ങിയ പരിഭവാലാപങ്ങളോടെ, നിപാതോന്മുഖമായ വൃക്ഷത്തിനു തുല്യം ചാഞ്ചാടിനിന്നിരുന്ന മാധവിഅമ്മ തുടരെത്തുടരെ മടങ്ങി എത്തിക്കൊണ്ടിരുന്ന അന്വേഷണക്കാരുടെ മുഖവൈവർണ്ണ്യത്തിൽ ജീവിതാവസാനംവരെ അനുനിമിഷം സഹിക്കേണ്ടതായ ദുഃഖത്തിന്റെ ഘോരദാരുണതയെത്തന്നെ ദർശിച്ചു. നദീസ്നാനത്തിനുള്ള ശിലാസോപാനത്തിലെ ഒരു പടിയിൽ രണ്ടു ചെറുകാലുകൾ വഴുതീട്ടുള്ളതിന്റെ ലക്ഷ്യം കാണ്മാനുണ്ടെന്ന് ഒരു സൂക്ഷ്മനേത്രൻ ധരിപ്പിച്ചപ്പോൾ, ഇദംപ്രഥമമായി ലോകദുഃഖസ്വരൂപം ഗ്രഹിച്ച ആ മന്മഥവൈജയന്തിയുടെ ദേഹിയെ അവരുടെ ജഠരവൈശ്വാനരൻ നിഷ്കൃപമായി കബളീകരിച്ചു. പുത്രനെ ഭക്ഷിച്ച നദിഗ്രാഹത്തിന്റെ വക്ത്രത്തിൽ ചാടി ജീവാന്തം വരുത്തി വിധിമതം ലംഘിക്കാമെന്നുള്ള വിഭ്രാന്തിയോടെ പായുന്ന മാതാവിനെ അന്വേഷണസംഘവും അനുതാപികളായി എത്തിയിട്ടുള്ള അസംഖ്യം ജനങ്ങളും തുടർന്ന് ആത്മഹത്യാശ്രമത്തെ തടഞ്ഞു. തന്റെ 'പങ്കി'യുടെ ഓമൽപ്പാദങ്ങൾ, തന്നെക്കൂടി പിന്തുടരാൻ ക്ഷണിച്ചു പതിപ്പിച്ചിട്ടുള്ള ശ്രീവത്സങ്ങളാണെന്ന് ആ ജനനീകണ്ഠത്തിൽനിന്നു പൊങ്ങിയ ഉച്ചൈസ്തരപ്രലാപങ്ങൾ, വിധിപീഠമായുള്ള കമലത്തിന്റെ ദളകേസരങ്ങളെത്തന്നെ അത്ഭുതചലനം ചെയ്യിച്ചിരിക്കാം. വീണ്ടും വീണ്ടും ആവർത്തിച്ചുണ്ടായ മുറവിളികൾക്കിടയിൽ എത്രയോ ജനനീനേത്രങ്ങൾ അശ്രുക്കളാൽ കലുഷങ്ങളായി ആ നിർഭാഗ്യവതിയെ വലയംചെയ്ത് അവരുടെ സാഹസത്തെ നിരോധിപ്പാൻ ജാഗരൂകങ്ങളായി. മാധവിഅമ്മയുടെ രോദനശക്തി വേഗത്തിൽ ക്ഷയിച്ചു. നീലാഞ്ജനമണിഞ്ഞു മോഹിനീകടാക്ഷങ്ങളെ മോചിച്ചിരുന്ന നേത്രങ്ങൾ പുത്രപാദത്തിന്റെ ലാഞ്ഛനം അണിയുന്നു എന്നു ശങ്കിക്കപ്പെട്ട ശിലയിന്മേൽ അണച്ചുകിടക്കേ, ആ അപരാധിനിയുടെ ജീവാഗ്നി അനന്തതയിലോട്ടു പൊലിയുവാൻ ത്രസിച്ചു, സങ്കോചിച്ചു, പ്രഭമങ്ങി, നീലശിഖമാത്രം ശേഷിച്ചു. എന്നാൽ ആ മൃതിഗ്രസ്താവസ്ഥയിലും വിജയമോഹം സമുജ്ജ്വലിക്കയാൽ, നദീജലാലംബത്തിൽ ചേരാൻ അവർ എഴുന്നേറ്റു. പക്ഷേ ബോധശിഖ പൊലിഞ്ഞ് കൈകൾ വിടുർത്തി ആകാശത്തിൽ നഖക്ഷതങ്ങൾ ഏല്പിച്ചും രക്തധാരയെ നാസാദ്വാരങ്ങളിലൂടെ വമിച്ചും നിരാലംബമായി മാധവീജഡം സ്ത്രീവലയത്തിന്റെ വക്ഷോരക്ഷയിൽ അമർന്നു.

അപ്പോൾ ആരംഭിച്ച മഹാജ്വരവും ചിത്തവിഭ്രാന്തിയും മാധവി അമ്മയെ മൂന്നു മാസത്തോളം ഇഹപരങ്ങൾക്കു മദ്ധ്യസ്ഥയായി ശയിപ്പിച്ചു. ആ ഗൃഹത്തിന്റെ പൂർവ്വാപരാധങ്ങളെയും അതിനെപ്പറ്റി തങ്ങൾക്കിടയിൽ പ്രചരിച്ചുകൊണ്ടിരുന്ന ശാപഭർത്സനങ്ങളെയും മറന്ന് ചുറ്റുപാടുമുള്ള ഭവനങ്ങളിലെ [ 273 ] നായികാനായകന്മാർ പ്രസിദ്ധ ഭിഷക്കുകളെ വരുത്തി അഹോരാത്രം കാത്തിരുന്ന് മാധവിഅമ്മയെ ചികിത്സിപ്പിച്ചുതുടങ്ങി. മാന്ത്രികന്മാരുടെ സാഹായ്യസാന്നിദ്ധ്യങ്ങൾകൊണ്ടു സാധിക്കാവുന്ന സമസ്തകർമ്മങ്ങളും ബഹുജനങ്ങളുടെ ഭൂതദയാപ്രാചുര്യത്താൽ നിർവ്വഹിക്കപ്പെട്ടു. ജനപരമ്പരകൾ 'സന്തതിപ്രവേശ'മായി ആ ഭവനത്തിന്മേൽ കുമിച്ചിരുന്ന ശാപങ്ങൾ ഏകീഭവിച്ചു മൂർത്തിധാരണം ചെയ്തതുപോലുള്ള ആ മഹാരോഗം, ശാപസംഘങ്ങളുടെ സന്തതികളാൽത്തന്നെ ഭൂതദയാപ്രകർഷത്താൽ ശുശ്രൂഷിക്കപ്പെട്ടു. മഹാമനസ്കരായ സമീപവാസികളാൽ പ്രക‌ടിപ്പിക്കപ്പെട്ട ഈ വിശ്വശാശ്വത്വികമായ ധർമ്മത്തിനു സമ്മാനമായി, ദൈവഗതി മാധവിഅമ്മയെ തൊണ്ണൂറം ദിവസം ശയ്യയിന്മേൽ എഴുന്നേൽപ്പിച്ചിരുത്തി; ഒട്ടു കഴിഞ്ഞപ്പോൾ സ്നാനാനുവർത്തനത്തിനും ശക്തയാക്കി. സമീപവാസികൾ തങ്ങളുടെ സുഹൃദ്കൃത്യത്തെ നിർവ്വഹിച്ചു എന്നുള്ള സന്തുഷ്ടിയോടെ, ആ ഗാന്ധർവ്വമണ്ഡലത്തിന്റെ അനന്തരപ്രവർത്തനങ്ങളിൽ ഉപദേഷ്ടാക്കളോ ഭാഗഭാക്കുകളോ ആകുവാൻ താത്പര്യപ്പെടാതെ ഓരോരുത്തരായി പിരിഞ്ഞു. അന്തകനോടുണ്ടായ സമരത്തിൽ വിജയിനിയായ മാധവിഅമ്മ തന്റെ ഉപകർത്താക്കളെ കൃതജ്ഞതാദ്യോതകമായ സൗജന്യസംഭാഷണങ്ങൾകൊണ്ട് ഉപചരിച്ചില്ല. എന്നാൽ വൈദ്യന്മാർ, മന്ത്രവാദികൾ, പരിചാരകജനം എന്നിവർ മഹാബലിയുടെ വിശ്രുതമായ ഔദാര്യത്തോടെതന്നെ സമ്മാനിതരായി. ഒരു വൃദ്ധകുബ്ജ ഒഴികെയുള്ള ഭൃത്യസമിതിയും ഭവനത്തിൽനിന്നു ബഹിഷ്കരിക്കപ്പെട്ട് ആ മന്ദിരവും പരിസരങ്ങളും ബഹിർല്ലോകത്തോടുള്ള വ്യാപാരങ്ങൾ സംബന്ധിച്ചിടത്തോളം ബ്രഹ്മാജ്ഞയുടെ ഊർജ്ജിതത്തോടെ ബദ്ധകവാടവുമായി. തന്റെയും വൃദ്ധപരിചാരികയുടെയും ജീവധാരണത്തിനു വേണ്ട മുതലിന്റെ യഥാകാലലബ്ധിക്കായി വേണ്ട വ്യവസ്ഥകൾ ചെയ്തുകൊണ്ട് തന്റെ വസതിയും പരിസരപ്രദേശങ്ങളും ഒഴിച്ചുള്ള ഭുമികളെല്ലാം ദരിദ്രലോകത്തിന്റെ തൽക്കാലാനുഭവത്തിനായി വിട്ടുകൊടുത്തു. മാങ്കാവിലെ യക്ഷീത്വം മറ്റൊരു വേഷത്തിൽ പുനർനൃത്തം ആരംഭിച്ചിരിക്കുന്നു എന്നുള്ള ചപലവാദം നാടെങ്ങും പരന്നു. എങ്കിലും നാട്ടുകാർ ദീനദയാലുതയാൽ ആ സങ്കേതത്തിന്റെ സ്വൈരതയെ ദുർമ്മദന്മാർ, തസ്കരന്മാർ എന്നിവരുടെ ദ്രോഹാക്രമണങ്ങളിൽനിന്നു സൽപൗരുഷവീര്യത്തോടെ രക്ഷിച്ചു.

അന്തകദണ്ഡത്താൽ ആയുസ്സിന്റെ ദൈർഘ്യമാനം ചെയ്യപ്പെട്ട മാധവിഅമ്മ ആ പരീക്ഷണപര്യങ്കത്തിൽനിന്ന് ഉത്ഥാനം ചെയ്തത് മൃകണ്ഡു പുത്രനെ അനുഗ്രഹിച്ച ശശ്വൽകൗമാരത്തോടെ അല്ലായിരുന്നു. അവരുടെ ശരീരപുഷ്ടിയുടെ ജഗദ്ധ്വംസകത്വം അന്തകശ്വാസത്തിന്റെ അത്യഗ്രാഗ്നേയതയാൽ ശുഷ്കിതം ആയിരിക്കുന്നു. പഞ്ചബാണന്റെ നീലപട്ടാംബരത്തഴയായി യുവമാനസഭ്രമണം ചെയ്യിച്ചുകൊണ്ടിരുന്ന കേശപടലം കൊഴിഞ്ഞു, സർവ്വദാ പുറകോട്ടുതന്നെ അനുബന്ധിതമായി കിടന്നു, ദുഃഖപതാകയുടെ കൃത്യത്തെ വഹിക്കുന്നു. മാംസളത [ 274 ] നഷ്ടമായിത്തീർന്നുള്ള മുഖകായങ്ങൾ ഒരു തപസ്വിനിയുടേതെന്നപോലെ വർണ്ണപ്രഭ മങ്ങിയും പൂർവ്വത്തിലെ പ്രഭാപൂരവും നീലപരിവേഷവും നീങ്ങി അവലോകനത്തിനു സഹ്യമായും തീർന്നിരിക്കുന്നു. ഹസ്താസ്ഥികളെ പിണച്ചും കരതലങ്ങളെ സ്കന്ധങ്ങളോടു ചേർത്തും ഉത്തരീയത്താൽ വക്ഷഃപ്രദേശത്തെ വലയംചെയ്ത് സഞ്ചരിക്കുന്ന ശരീരം വ്രതങ്ങൾ, ധ്യാനങ്ങൾ, നാമജപങ്ങൾ, പാരായണങ്ങൾ എന്നിവ അനുഷ്ഠിക്കുന്നെങ്കിലും ആ ശരീരത്തിൽ ലീനമായ അന്തഃകരണം, സച്ചിൽസ്വരൂപോന്മുഖമായി, അഹങ്കാരവിവർജ്ജിതമായി സർവ്വബന്ധവിമുകതമായുള്ളതുതന്നെയോ എന്നു സൂക്ഷ്മമായി വ്യവച്ഛേദിച്ചുകൂടുന്നതല്ല. തപസ്വിനിയുടെ ഗാംഭീര്യത്തെ ആധാരമാക്കി ജീവിതനിയന്ത്രണം ചെയ്യുന്ന ആ 'താന്മാത്രകി'യിൽനിന്ന് സ്വാത്മക്ഷേത്രത്തിലെ ഭദ്രദീപമായി പൂജിക്കപ്പെട്ടിരുന്ന പുത്രന്റെ നാശത്തെക്കുറിച്ചുപോലും ഒരു ക്ലോശോച്ചാരണം ഗളിതമാകുന്നില്ല. വിധിവൈപരീത്യത്തെയും സമചിത്തതയോടെ ഉപഗൂഹനം ചെയ്ത് ഏകാന്തവസതിയിലെ പ്രശാന്തജീവിതത്തെ മാത്രം അംഗീകരിച്ചിരിക്കുന്ന വൈരാഗ്യവതി, അഗ്നിശിലകളുടെ വർഷത്താൽ ക്ഷീണോദരമായിത്തീർന്നെങ്കിലും അനന്തരഗർഭത്തിന്റെ പൂർണ്ണതയിൽ പുനർജൃംഭണം ചെയ്തേക്കാവുന്ന ജ്വാലാമുഖി ആണോ അല്ലയോ എന്ന് ഉത്തരഭാഗം കഥ തെളിയിക്കേണ്ടതാണ്. തൽക്കാലസ്ഥിതിയിലെ ദമപ്രകടനത്തിനിടയിലും ഗോവർദ്ധനങ്ങളിലെ വൃക്ഷങ്ങൾ തഴച്ചുവന്നതും ഗൃഹപ്പറമ്പിൽ മുൾച്ചെടികളും അസുഖകാരികളായ ജന്തുക്കളും വാഴ്ചകൊണ്ടതും ഗൃഹപ്പടികളും സ്നാനഘട്ടവും തകർന്നു വീണു വികൃതനിലകളിൽ ആയതും ദുർവ്വിധിവലയിതമായുള്ള തന്റെ അവസ്ഥയോട് അനുയോജിക്കുന്ന അവസ്ഥാനന്തരങ്ങളായി മാത്രം അവർ പരിഗണിച്ചു. പറമ്പിൽ നില്ക്കുന്ന വൃക്ഷങ്ങളുടെ സമൃദ്ധമായുള്ള ഫലദായകത്വം അതിന്റെ അനുഭോക്താക്കളുടെ സംക്രമത്തെ സംഭവിപ്പിച്ചേക്കാമെന്നു കരുതി, അവയുടെ ഉന്മൂലനത്തെ നിർവ്വിചാരം നിവർത്തിപ്പിച്ചു. ഗൃഹപരിസരങ്ങളിലെ ബഹുതരം ജന്തുക്കളോടു സാത്മ്യാനുരക്തി തോന്നുകയാൽ, മാധവിഅമ്മ അതുകളുടെ പരിസേവനത്തിൽ വിമുഖ ആകാതെ തന്റെ നിർഭാഗ്യക്ഷേത്രത്തിൽ ഒരു നിശ്ചേതനപ്രതിഷ്ഠയായി വാണു.

സൂക്ഷ്മശോധനത്തിൽ മാങ്കാവായ സൗന്ദര്യതരുവിൽ കുസുമിതമായ ഈ അഭൗമസൗഗന്ധികം, അതിന്റെ പൂർവ്വജപരമ്പരകളിൽനിന്ന് ഒരു ലോകവിസ്തൃതിയോളം വിപര്യയപ്പെട്ടു കണ്ടകവാഹിയായുള്ള ഒരു കേതകീസ്തോമം ആണെന്നു കാണപ്പെടാം. മാങ്കാവിലെ പൂർവ്വചരിത്രം ധർമ്മേക്ഷണന്മാർക്ക് ആദ്യന്തം അവികലരസാനുഭൂതിയോടെ അദ്ധ്യയനം ചെയ്യാവുന്ന ഒരു ഗ്രന്ഥമല്ലായിരുന്നു. മാധവിഅമ്മ പരമാർത്ഥത്തിൽ സൗന്ദര്യഡംഭത്താൽ അതിന്റെ ആരാധനത്തെ ആകാക്ഷിച്ചുപോന്നിരുന്ന ഒരു വനാംബികാശിശു ആയിരുന്നു. വിടലോകത്തിന്റെ ഉന്മാദനൃത്തങ്ങൾ, പരിചരണസന്നദ്ധന്മാരുടെ സ്തോത്രഗീതങ്ങൾ, സാമാന്യലോകത്തിന്റെ അഭിനന്ദനചേഷ്ടകൾ എന്നിവ മാധവിഅമ്മയുടെ [ 275 ] ജീവാമൃതമായിരുന്നു. ആ സൗന്ദര്യധാമാവതാരം മൃതകാമന്റേതുതന്നെയായി തനിക്കും ലോകത്തിനും നിരുപയോഗമായ അംബരജ്യോതിസ്സു മാത്രമായിത്തന്നെ കഴിഞ്ഞിരിക്കുന്നു. ലോകമദനനായിരുന്ന നമ്പൂരിപ്പാടോടു പ്രകടിതമായ മാർജ്ജാരത്വവും ക്ഷന്തവ്യമത്രെ. ആ സാധുബ്രാഹ്മണന്റെ ധർമ്മപത്നിയെ ദ്രോഹിച്ചതു മാത്രം മാധവീജീവിതമായുള്ള വിചിത്രസർഗ്ഗത്തിൽ, ജീവപ്രായശ്ചിത്തത്താലും അപരിഹാര്യമായുള്ള ഒരു മഹാപാതകമായി ലേഖനംചെയ്തു കാണപ്പെടുന്നു. ബാദരായണസന്നിഹിതിയും ആ യന്ത്രിയുടെ ചൗര്യപാടവങ്ങൾ ആ ഭവനത്തിലെ നിധിഗ്രഹണം സംബന്ധിച്ചിടത്തോളം പരാജയത്തിൽ അവസാനിച്ചതും മാധവിഅമ്മയുടെ ശീലപരിശോധനയിൽ വായനക്കാർ സ്മരിക്കുക. പൂർവ്വികരുടെ അധർമ്മപ്രചാരം അശിക്ഷിതമായി എന്നല്ല, പ്രോത്സാഹിതമായിത്തന്നെ കഴിഞ്ഞു. അപരിമിതമായ വാത്സല്യപരിലാളനങ്ങളാൽ പരിപുഷ്ടമാക്കപ്പെട്ട അഹങ്കാരാന്ധ്യത്താലും ഒരു ഘോരകലിപ്രഭാവന്റെ ദുഷ്പ്രേരണത്താലും അനുവർത്തിക്കപ്പെട്ട നിസ്സാരാപരാധങ്ങൾ, പുത്രനഷ്ടം, മഹാരോഗം, സ്ഥാനഭ്രംശം എന്നിതുകളാൽ ശിക്ഷിക്കപ്പെട്ടിട്ടും ഭൂനരകാനുഭവത്തിനുകൂടി വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വഗതി 'എവമേവ' എന്നു സമ്മതിച്ചുപോകുന്ന വിദ്വജ്ജനം തത്ത്വരഹസ്യങ്ങളുടെ അന്വേഷണത്തെ തുടർന്ന് ഭഗവൽഗതിയുടെ ന്യായാന്യായ്യതയെ ദർശിച്ചുകൊള്ളട്ടെ.

സംവത്സരം പതിനെട്ടു കഴിഞ്ഞു. മാധവിഅമ്മയുടെ ശയ്യാമുറിയിലെ മഞ്ചം പൂർവ്വസ്ഥിതിയിൽത്തന്നെ നിലകൊള്ളുന്നു. രോഗത്തിൽനിന്നുള്ള തന്റെ പുനർജനനത്തിനുശേഷം ആ മഞ്ചം പുത്രകഥാസ്മാരകമായുള്ള ഒരു പരിശുദ്ധവേദിയായി പൂജിക്കപ്പെടുന്നു. ദയനീയത എന്നുള്ള അവസ്ഥയുടെ മൂർത്തീകരണമായി, ഭഗവൽപദത്തിന്റെ ശർമ്മദത്വത്തെ പ്രാർത്ഥിച്ചുതുടങ്ങിയിരിക്കുന്ന ആ 'ധന്യ'പദാരോഹിണിയുടെ ആരാമവിജനതയെ അവരുടെ ഉദയപൂജാഹാരങ്ങൾ കഴിഞ്ഞുള്ള വേളയിൽ ഒരു ഭീമാകാരൻ ഭഞ്ജിക്കുന്നു. കേശമീശകൾ വളർത്തി, ദക്ഷിണദേശരീതിയിൽ വസ്ത്രങ്ങൾ ധരിച്ച് നെടുതായ ശൈവശൂലവും വഹിച്ചു തന്റെ മണിയറത്തളിമത്തിന്റെ മുമ്പിലായി പ്രത്യക്ഷമായ സാലസ്വരൂപത്തെ കണ്ടപ്പോൾ മാധവിഅമ്മ തസ്കരശങ്കയാൽ ഒന്നു നടുനാളം വരെ നടുങ്ങി. വേഷവും അവസരവും ചിന്തിച്ചപ്പോൾ തന്റെ ഗൃഹസ്ഥിതികൾ അറിഞ്ഞിട്ടില്ലാത്ത ഒരു സഞ്ചാരിയുടെ ആഗമനമാണെന്നു തോന്നി. എന്നാൽ അപ്രാർത്ഥിതമായി അനനുവദനീയമായി എത്തിയിരിക്കുന്ന അതിഥിയുടെ സമാഗമം ആ ഏകാകിനിയുടെ സാർവഭൗമത്വത്തെ അല്പമൊന്നുണർത്തി. ആഗതന്റെ മുഖത്ത് ഒരു മനഃക്ലാന്തിയുടെ ഛായ കാണുകയാൽ തന്റെ ദീർഘതപസ്സിന് അനുരൂപമായ ഔദാസീന്യത്തോടെ "എന്താ പോന്നത്?" എന്നുള്ള പ്രശ്നംകൊണ്ടുമാത്രം സല്ക്കരിച്ചിട്ടു നിലംനോക്കി ഇരിപ്പായി. പരിസരസ്ഥിതികളുടെ പരിവർത്തനങ്ങളും രണ്ടു വ്യാഴവട്ടത്തിനു മുമ്പു കണ്ട [ 276 ] തടിത്ബിംബത്തിന്റെ ധൂസരതയും ആ ദ്രമിളനെ കിടുകിടെ വിറപ്പിച്ച് ഉത്തരം പറവാൻ ശക്തനല്ലാതെ നിറുത്തി. ആ സന്ദർശനം സ്വവ്രതത്തിന്റെ ഭംഗമാണെന്നുള്ള ഈർഷ്യയോടെ മാധവിഅമ്മ ആഗതനോട്, "സാധുക്കളെ ഉപദ്രവിക്കേണ്ട; പോവുക. ഊണിനു സല്ക്കരിക്കാൻ തരമില്ലാ" എന്ന് അദ്ദേഹത്തിനു മനസ്സിലാകാത്ത ആത്മകഥാനുബന്ധത്തോടെ നിയോഗിച്ചു. പൂർവ്വസംഘടനയെ സ്മരിച്ചുള്ള ലജ്ജയും തല്ക്കാലദർശനത്തിൽ ഉദിച്ച അതീതവ്യസനവുംകൊണ്ട് നിശ്ചേഷ്ടനായിത്തന്നെ നിന്നിരുന്ന ആഗതൻ മാധവിഅമ്മയുടെ ആജ്ഞ കേട്ടപ്പോൾ തന്റെ ഗൗരവത്തെ പുനസ്സന്ധാനം ചെയ്തുകൊണ്ട് ഇങ്ങനെ ധരിപ്പിച്ചു: "വയറ്റെക്കരുതി വന്നവനല്ല പിള്ളേ. വർത്തമാനങ്ങൾ അങ്ങുമിങ്ങുന്നും കേട്ടു ചടഞ്ഞുപോയ പാവത്തിനു തന്നാലാവതു ചെയ്യാമെന്നുവെച്ചു വന്നവനാണ്."

മാധവിഅമ്മയ്ക്ക് ഇതു ലഘുഗ്രാഹ്യമായുള്ള ഭാഷണമായിരുന്നില്ലെങ്കിലും വക്താവിന്റെ മുഖവികാരങ്ങൾ അതിനൊരു വ്യാഖ്യാനമായിത്തീർന്നു. അന്തന്നേത്രങ്ങൾ തീക്ഷ്ണപ്രവർത്തനംചെയ്ത് മോഹവേശംകൊണ്ടുള്ള വിറയലോടെ, പൊടുന്നനെ ആ സ്ത്രീയെ എഴുനേല്പിച്ചു. "എന്റെ പങ്കിയെ കൊണ്ടന്നിരിക്കയാ?" എന്ന് ആകാംക്ഷാവൈവശ്യത്തോടെ പുത്രപ്രതിമയെ ഹൃദയദരിയിൽ ഉറപ്പിച്ചു സമാരാധിച്ചുവന്ന ആ ജനനീകണ്ഠം തുറന്നു ചോദ്യംചെയ്തു. ആഗതനായ പെരിഞ്ചക്കോടൻ സൗന്ദര്യാരാധകനായിരുന്നു എങ്കിലും വീരധർമ്മത്തിൽ പുറംവാങ്ങുന്ന ഉത്തരനല്ലായിരുന്നു. അതിനാൽ അദ്ദേഹം തന്റെ സ്വരത്തെ കഴിയുന്നത്ര കൃപാർദ്രമാക്കി ഇങ്ങനെ പറഞ്ഞു: "മുടുപ്പിടിക്കുനിക്കാതിൻ. മകൻ എങ്ങെങ്കിലുമൊണ്ടെങ്കിൽ പെരിഞ്ചക്കോടൻ കൊണ്ടരാം. വേവലാതിപ്പെടാതെ അടങ്ങി മനുഷ്യരെപ്പോലെ പാർപ്പിൻ. രണ്ടു വാക്കൊള്ള മുരടൻ പുലമ്പുണൂന്നു വക്കരുത്. കാടും കടലും തേടാം. ഇവിടം എന്തിനിങ്ങനെ പപ്പും പടപ്പുമാക്കി? പെരിഞ്ചക്കോടന് ഇതിന്റെ ഒരു സൂലം കിട്ടീരുന്നെങ്കി എന്റപ്പിയെ-ഛേ! ഛേ! മറ്റൊന്നും നിനയ്ക്കാതിൻ - എന്റെ തങ്കച്ചിയെ -'തങ്ക'- എന്നുവച്ചാൽ എളയത് -ഇപ്പം ഒത്തോ? എന്റെ തങ്കച്ചിയെ പൊന്നുംകൊടമായി പണ്ടെപ്പോലെ വാഴിച്ചൂടുല്ലാഞ്ഞോ?"

മാധവിഅമ്മ ആഗതന്റെ രൂപത്തെ ആപാദമസ്തകം അകത്തുണ്ടായ എരിപൊരിക്കിടയിൽ പരിശോധിച്ചു. തന്റെ മർമ്മരഹസ്യം ഗ്രഹിച്ചിട്ടുള്ള യുവധൂർത്തൻ പ്രവൃദ്ധോന്മനായി ലോകപീഡനംചെയ്‌വാൻ ദൈവം അനുവദിച്ചിരിക്കുന്നല്ലോ എന്ന് ആശ്ചര്യപ്പെട്ടു എങ്കിലും അദ്ദേഹം പെരിഞ്ചക്കോട് എന്ന ഭവനത്തിന്റെ ഉടമസ്ഥനും ഏതാണ്ടൊരുവിധം പ്രതാപശാലിയുമാണെന്ന് അവർ ഊഹിച്ചു. പുത്രാന്വേഷണം വഹിക്കേണ്ട പുരുഷനെ തന്റെ മുമ്പിൽ ദൈവഹസ്തംതന്നെ ആനയിച്ചിരിക്കുന്ന സ്ഥിതിക്ക് ആ ഭാഗ്യോദയത്തെ നമിച്ചു, അവർ തന്റെ അഭിമതത്തെ അദ്ദേഹത്തോടു ധരിപ്പിപ്പാൻ ധൈര്യപ്പെട്ടു. "ആരെങ്കിലുമാകട്ടെ. കഴിഞ്ഞ കഥ ദൈവവിധി വരുത്തിയത്. അതിനെ മറന്നേക്കുക. പുരുഷനെങ്കിൽ [ 277 ] പങ്കിയെ വീണ്ടുകൊണ്ടരിക. മാങ്കാവുഭവനം ചില്ലറ സ്ഥിതിയിലല്ല. 'മതി' എന്നു പറയുന്നവരെ തരാൻ സാധിക്കുന്ന ഒരിടമാണിത്."

പെരിഞ്ചക്കോടൻ: "കൈക്കൂലിയും മറ്റും വേണ്ടപ്പീ! പെട്ടുപോയ കടം വീടാൻ ഇവനും ചുമതലപ്പെട്ടവൻതന്നെ എന്നറിയാം. ക്ഷമിപ്പിൻ. കൊച്ചിനെ കൊണ്ടരുംമുമ്പു ചെലതു നടത്താനുണ്ട്. ഇവിടമൊക്കെ ഇങ്ങേൽപ്പിപ്പിൻ, ആൺതൊണയ്ക്കു വിടിൻ."

മാധവിഅമ്മ ക്ഷമിപ്പാനും പെരിഞ്ചക്കോടന്റെ ഭരണത്തിന് അധീനയാകാനും തയ്യാറല്ലായിരുന്നു. അതിനാൽ ഉടനെ നടകൊണ്ടു പുത്രാന്വേഷണം സാധിപ്പാൻ സന്നദ്ധനാകുന്നില്ലെങ്കിൽ, ആ പുരുഷദർശനത്തെ ശപിക്കുന്നു എന്നുതന്നെ അവർ ശണ്ഠകൂടാൻ തുടങ്ങി. പെരിഞ്ചക്കോടൻ ടിപ്പുസുൽത്താന്റെ യുദ്ധസന്നാഹത്തെയും ആ രാജശാർദൂലന്റെ മഹാവാഹിനിയുടെ ഭയങ്കരതയെയും വർണ്ണിച്ചു:

"-ഈ വഴിയൊക്കെത്തന്നെ അവന്റെ പട വന്നുകേറും. എല്ലാം ഇങ്ങുവിടിൻ. ഫയനങ്ങളും മറ്റും നടക്കട്ടെ. ഇക്കാടൊക്കെത്തെളിച്ചു ചെല കരുതലുകൾ വേണ്ടത്തക്കപടി നടത്തണം. കാശെറക്കണതെല്ലാം പെരിഞ്ചക്കോടന്റെ കയ്യീന്നു. പടവെല്ലുമ്പം മകൻ പിള്ളയാണ്ടാൻ ഉയിരോടിരിക്കുന്നെങ്കിൽ അപ്പിള്ളതന്നെ ഇവിടം ഫരിക്കിണതു നമുക്കു കാണാം."

മാധവിഅമ്മ: "സകലവുമിതേ. എന്തു ചെയ്തും എന്റെ ഓമനപ്പങ്കിയെ ഒന്നു കാട്ടിത്തരൂ. ഞങ്ങടെ കഴിച്ചിലിനു സ്വല്പം വല്ലതും മതി. ശേഷം നീർവാർത്തു തരാം."

ഈ വാഗ്ദാനം ഉണ്ടായമാത്രയിൽ ചെടിക്കൂട്ടത്തിനിടയിൽനിന്ന് ഒരു ഭീഷണസ്വരൂപം പുറപ്പെട്ട് പെരിഞ്ചക്കോടനെ ദൂരത്തു വിളിച്ച് എന്തോ രഹസ്യവാർത്ത ധരിപ്പിച്ചു. വനസഞ്ചാരത്തിൽ വിദഗ്ദ്ധനായുള്ള ഒരു രാജകാര്യപ്രവൃത്തൻ തഴച്ചുവളർന്നുള്ള ചെടികളുടെ ഇടയിൽ ഉരഃസ്ഥിതനായി പതുങ്ങിക്കിടന്ന്, അവിടത്തെ സംഭവങ്ങളെല്ലാം ദർശിച്ച വസ്തുത ആ രംഗത്തിൽ പ്രത്യക്ഷസ്ഥിതരായ പാത്രങ്ങൾ ഗ്രഹിച്ചില്ല. പെരിഞ്ചക്കോടന്റെ അനുചരൻ എത്തിച്ച വൃത്താന്തം തന്റെ ഭാവിയെയും ദേവകിയുടെ ക്ഷേമത്തെയും സംബന്ധിച്ചുള്ളതാകയാൽ സ്വാർത്ഥേക്ഷ മുന്നിട്ടു. യുവദശയിലെ മദോൽക്കടതയാൽ ഉത്പാദിതനായ സന്താനത്തിന്റെ പ്രത്യാനയനം ആ ആജന്മതസ്കരനെക്കൊണ്ടു സൗകര്യാനുസാരം കരണീയമെന്നു ഗണിപ്പിച്ചു. മാധവിഅമ്മയോടു തന്റെ പ്രതിജ്ഞകളെ ഭഗവതീപാദങ്ങളെ പുരസ്കരിച്ച് ആവർത്തിച്ചുകൊണ്ട് പെരിഞ്ചക്കോടൻ ആ ഗൃഹത്തെ വലയം ചെയ്യുന്ന ചെറുകാടു കടന്നു വൻകാട്ടിനിടയിൽ മറഞ്ഞു.

ഹതപ്രായമായിരുന്ന ജീവിതാഗ്രഹം പുനർജീവനത്തിന്റെ അതിലോലസ്ഫുരണങ്ങളെ മാധവിഅമ്മയുടെ ഹൃത്കർണ്ണികയിൽ പ്രസരിപ്പിച്ചു. അവരുടെ ചിത്തവേദിയിൽ തന്റെ പുത്രൻ, പുത്രോല്പാദകൻ എന്നുള്ള രണ്ടു ബിംബങ്ങൾ പുനരുദിതങ്ങളുമായി. തന്റെ ബഹുസംവത്സരങ്ങളിലെ പ്രായശ്ചിത്താനുവർത്തനം ഭഗവൽപ്രീതിയെ തനിക്കു [ 278 ] സമാർജ്ജിച്ചിരിക്കുന്നു എന്ന് അവർ വിശ്വസിച്ചു. മാധവിഅമ്മയുടെ അഹങ്കാരം അല്ലെങ്കിൽ 'താന്മാത്ര'ത്വം ആ ദേഹദേഹികളുടെ സംയോഗത്തെ രോഗകുഠാരത്താലുള്ള ഖണ്ഡനത്തിൽനിന്നു രക്ഷിച്ചു. ജീവിതസൗരഭ്യത്തിന്റെ ആസ്വാദനത്തിൽ ദൈവത്തെ മറന്നിരുന്നു എങ്കിലും ക്ലേശവഹ്നിയിൽ ദീർഘകാലം പുടപാകംചെയ്യപ്പെട്ട അവരുടെ ആത്മാവ് ആ പരാശക്തിയുടെ പാദങ്ങൾക്കു താണ്ഡവവേദി ആയിത്തുടങ്ങിയിരുന്നു. തന്നിമിത്തം സംഘടിതമായ ആത്മപാവനതയുടെ ദാർഢ്യത്തെ പരിശോധിപ്പാനെന്നവണ്ണം സംഭവിച്ച അന്നത്തെ സന്ദർശനം മായാശക്തിയുടെ പ്രവർത്തനമായിത്തന്നെ അവരിൽ ഫലിച്ചു. പെരിഞ്ചക്കോടനാൽ വർണ്ണിക്കപ്പെട്ട ശത്രുവിന്റെ ആക്രമണത്തെപ്പറ്റി തന്റെ കുബ്ജപരിചാരികയോടു ചോദ്യം ചെയ്തപ്പോൾ, സമീപപ്രദേശങ്ങളിലെ സമ്പന്നന്മാർ ദക്ഷിണദിക്കുകളിലേക്കു നീങ്ങുന്നതായി അങ്ങാടിവാർത്തയുണ്ടെന്ന് മാധവിഅമ്മ ഗ്രഹിച്ചു. ആ ബൃഹൽകായന്റെ അവലംബം സ്വാധീനമാക്കുവാനുള്ള വാഞ്ഛ അവരുടെ വൈരാഗ്യവ്രതത്തിലെ ഒരു പ്രാർഥനയായിത്തീർന്നു. പ്രകൃതിയുടെ സൂകരത്വം ആ തപസ്വിനിയുടെ വൈരാഗ്യത്തെ ഒന്നു കുത്തിയിളക്കി പരീക്ഷിപ്പാൻതന്നെ മുതിർന്നു.

ആ ദിവസം സന്ധ്യയോടടുക്കാറായപ്പോൾ, ക്ഷപണവേഷം ധരിച്ചുള്ള ഒരു കോമളവദനൻ മാധവിഅമ്മയുടെ നേത്രങ്ങൾക്കു പീയൂഷദാനം ചെയ്തു. പ്രകൃതിപ്രചോദിതമായുള്ള ഒരു വാത്സല്യം അവർക്കും അത്ഭുതം തോന്നുമാറ്, ആ തേജസ്വിയുടെനേർക്ക്‌ അവരെ ബലാൽ ആകർഷിച്ചു. തന്റെ മണിയറയുടെ വാതിലിന്മേൽ വിരലുകളാൽ ഒരു സരസതാളം മേളിച്ചുനില്ക്കുന്ന സുമധുരാംഗൻ, പെരിഞ്ചക്കോടന്റെ കഥനത്തിൽ ഉൾപ്പെട്ട വല്ല ശത്രുഭടനും ആയിരിക്കാമെന്നു പേടിച്ച് മാധവിഅമ്മ മിണ്ടാതിരുന്നു. ആഗതൻ മണിയറയിലോട്ടു പ്രവേശിച്ചു, ഗൃഹനായികയുടെ സ്വാഗതഭാഷണത്തിനായി ക്ഷമിച്ചു നില്ക്കാതെ, ആസനസ്ഥനായി അങ്ങോട്ടുതന്നെ കുശലാന്വേഷണം തുടങ്ങി: "മാധവിഅമ്മ എവ്ട?"

മാധവിഅമ്മ: "ഞാൻതന്നെയാ ആ നിർഭാഗ്യവതി."

ആഗതൻ: "പിന്നെന്താ മോറിങ്ങനെ കഷായിച്ചു, വേഷം ശബരീ, ശബരീ, ശാംബരീന്നിരിക്കുന്നത്?" (ഉത്തരം കിട്ടിയില്ലെങ്കിലും) "ഈ പ്രദേശങ്ങളൊക്കെ കണ്ടിട്ടുപോവാൻ വന്നപ്പൊയെക്ക് ഇങ്ങോട്ടും കടന്നു. സൊല്ലാനു തോന്നുന്നെങ്കിൽ പാഞ്ഞളയാം. സുൽത്താൻപട തെക്കൊട്ടേക്കുണ്ട്. എന്താ വല്ലതും രക്ഷ വേണ്ടേ? 'എകാകിനീ സാ'ന്നിരുന്നാല് അക്കുറുമ്പന്റെ മീശക്കൊമ്പുവെച്ചു താങ്ങിയേക്കാം."

സ്വരാജ്യാധികാരികളുടെ രക്ഷയല്ലാതെ പരിപന്ഥിസഹായത്തെ അപേക്ഷിക്കുന്നത് അപകടമല്ലേ എന്നു ചിന്തിച്ചു മാധവിഅമ്മ പിന്നെയും മിണ്ടാതിരുന്നു.

ആഗതൻ: "നമ്മള് ഒരു രാജസ്ഥാനത്തു ചേർന്ന പരിഷയാന്ന്. അമ്മയിന്റ സങ്കടകഥ പലരും പറഞ്ഞ് എന്താണു ഗ്രഹിക്കാല്ലോന്നുവെച്ച് ഇങ്ങട്ടു കീഞ്ഞു." [ 279 ]

ആഗതന്റെ വാക്കുകൾ പെരിഞ്ചക്കോടന്റെ ദക്ഷിണദേശഭാഷയ്ക്കു തുല്യം വിഷമജ്ഞേയമായി കർണ്ണങ്ങളെ വലപ്പിക്കുന്നു എന്ന് മാധവിഅമ്മയ്ക്കു തോന്നി. എന്നാൽ ആ സുഭഗന്റെ ആകാരസൗഷ്ഠവവും പരിപൂർണ്ണപൗരുഷവും ആ സംഭാഷണത്തിന് ഒരു മധുരിമചേർത്ത് അവരുടെ ശ്രവണകൗതുകത്തെ വികസിപ്പിച്ചു.

ആഗതൻ: "അമ്മയിന്റെ ഒരു മഹൻ ഈ പുയയിലോ എങ്ങാണ്ടോ 'ഹതേ ജഗൽപ്രാണസുതേ'ന്ന് പൊയ്പ്പോയില്ലേ?"

ഈ ചോദ്യം മാധവിഅമ്മയുടെ ഉള്ളിൽ തണിഞ്ഞുകിടന്നിരുന്ന അഗ്നികണത്തെ വീശി ഒരു മഹാശിഖയായി ജ്വലിപ്പിച്ചു. അവരുടെ നാവു തളർന്നുവശമായി എങ്കിലും അതു സ്വാന്തർഗ്ഗതങ്ങളെ മന്ദാക്രാന്തഗതിയിൽ ഇങ്ങനെ മുരളിപ്പിച്ചു: "അപ്പൻ-എന്തു ചോദിച്ചു? എന്റുണ്ണി പുഴയിൽ പൊയ്പോയിട്ടില്ലാ. അന്നത്തെ തിടുക്കത്തിൽ എന്തോ പരിഭ്രമിച്ചുവശായി. എന്റെ പങ്കിയെ ഞാൻ എന്തെല്ലാമോ അണിയിച്ചിരുന്നു. അവറ്റയെ ആഗ്രഹിച്ച് ഏതോ രാക്ഷസൻ കൊണ്ടുപോയി. അവൻ തന്നെ മടങ്ങി കൊണ്ടരട്ടെ. ചെയ്തതെല്ലാം ക്ഷമിക്കാം. നാടുവാഴിയായി പുലരാൻ വേണ്ടതു പിടിച്ചോട്ടെ."

ആഗതൻ പൊട്ടിച്ചിരിച്ചു. ജനനദോഷത്താലും ദുസ്സഹവാസത്താലും കൃത്രിമവ്യാപാരങ്ങളുടെ അനുവർത്തനങ്ങളാലും കേവലം വേഷധാരിയായി കഴിഞ്ഞിട്ടുള്ള ആഗതന്റെ ഹൃദയം തന്റെ പരിഹാസപ്രകടനത്തെ ആക്രിയാനന്തരം ശാസിച്ചു. അയാൾ ആർദ്രഭാവം കൈക്കൊണ്ട് ആ ജനനീഹൃദയത്തെക്കുറിച്ച് ഒട്ടൊരനുകമ്പയോടുകൂടി ഇങ്ങനെ ചോദ്യം ചെയ്തു: "മകനെ കിട്ടുമ്പോയെക്ക് ഈ ദണ്ഡകവനം ഓന് രസിക്കില്ലല്ലോ?"

മാധവിഅമ്മ: "എന്റപ്പനേ, ഞാൻ ആർക്കുവേണ്ടി ഇതെല്ലാം വൈകുണ്ഠമാക്കി വെയ്ക്കുന്നു? കാലം എന്തായി? ഒരു വായും വയറും പുലർന്നു അങ്ങോട്ടു ചെല്ലാൻ പലതും വേണോ? ആഗ്രഹം തീരുവോളം എന്റുണ്ണിയെ നെഞ്ചോടണയ്ക്കാൻ ദൈവം വിധിച്ചില്ലല്ലോ! അതുകൊണ്ടു സർവസ്വവും നശിക്കട്ടെ എന്നു ചിന്തിച്ചുപോയി."

ആഗതൻ: "മഹൻ സുമുഖനോ? പേരെന്താന്ന്?"

മാധവിഅമ്മ: "മാധവൻ എന്നായിരുന്നു. 'മധുരമാധവാ മതിവിമോഹന!' എന്നു എന്റെ പങ്കിയെ ഞാൻ താരാട്ടീട്ടുണ്ട്."

ആഗതൻ തന്റെ അങ്കികൾക്കകത്തുള്ള ശരീരം രോമാഞ്ചംകൊള്ളുന്ന അവസ്ഥയെ അറിഞ്ഞു എന്നുമാത്രമല്ല, തന്റെ പരമാർത്ഥത്തെ ധരിപ്പിച്ചു ന്യായാനുസാരം തനിക്കു അവകാശമുള്ളതായ ഭാഗ്യാസനത്തിൽ ആരോഹണം ചെയ്യുകയോ എന്ന് ആലോചിക്കുകയും ചെയ്തു എന്നാൽ, താൻ കുടുങ്ങിയിരിക്കുന്ന ശൃംഖലയിലെ ലോഹമുനകൾ ചിന്തിച്ചും സധൈര്യമായ പുരുഷക്രിയയ്ക്ക് ആ ചപലൻ സന്നദ്ധനായില്ല. പെരിഞ്ചക്കോടനോടു ചെയ്ത വാഗ്ദത്തം വിസ്മരിച്ച് ആഗതനോടും തന്റെ സമ്മാനദാനസന്നദ്ധതയെ മാധവിഅമ്മ ധരിപ്പിച്ചത് [ 280 ] പുത്രദർശനത്താലുള്ള അത്യാഗ്രഹത്താലായിരുന്നു. സാമാന്യസൃഷ്ടിയായ മനുഷ്യനിൽ ദൈവാംശത്തിന്റെ ആവാസംകൊണ്ടു പരതാപത്തിൽ സഹതാപവും അതിന്റെ പരിഹാരത്തിനുള്ള ശ്രമവും ഉത്പാദിക്കുന്നതാണ്. എന്നാൽ, കാപട്യത്തിലുള്ള അഭ്യസനത്താലും നീചത്വത്തിൽ നിതാന്തവ്യവഹാരി ആവുകയാലും മാധവിഅമ്മയുടെ താരാട്ടുഗാനത്തെയും ആഗതൻ മറന്നുതുടങ്ങി. ടിപ്പുസുൽത്താനായ വ്യാഘ്രത്തിന്റെ നേത്രപ്രപാതമാത്രത്താൽ ധ്വംസിക്കപ്പെടുമെന്നു പേടിച്ചു സ്വന്തം അഭിനിവേശങ്ങളെ തുടർന്നു പ്രവർത്തിപ്പാൻ ആ ദുർദുരാത്മാവ് ധൈര്യപ്പെട്ടില്ല. നിശാരംഭത്തിനു മുമ്പു നദിയുടെ മറുകര കടക്കണമെന്നു പറഞ്ഞുകൊണ്ട് എഴുന്നേറ്റപ്പോൾ, ആ ശരീരത്തിൽ അവശേഷിച്ചിരുന്ന നരത്വശകലം അതിന്റെ ഗുണത്തെ പ്രകാശിപ്പിച്ചു. ചിരകാലമായി പുത്രദർശനം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ആ ജനനിയെ പുത്രനോടു സംഘടിപ്പിക്കാമെന്നു സത്യം ചെയ്‌വാൻ അയാൾ അവകാശബോധത്തോടെന്നപോലെ അവരുടെ മൃദുലഹസ്തങ്ങളെ ഗ്രഹിക്കുന്നതിനു ധൈര്യപ്പെട്ടു. വിദ്യുച്ഛക്തിയുടെ ഒരു പ്രവാഹം മാധവിഅമ്മയുടെ ഹസ്തസ്നായുക്കൾമാർഗ്ഗേണ ദ്രുതചലനം ചെയ്ത് അവരുടെ കർണ്ണപുടങ്ങളിൽ ഒരു മധുരക്വണിതം മുഴക്കി. ടിപ്പുസുൽത്താന്റെ കൗശലശകടങ്ങളിൽ ഒന്നിന്റെ ദാരുകനായ ആ വികൃതഹൃദയൻ വല്ലീനൃത്തംചെയ്തു, ആ ഹസ്തങ്ങളെ കണ്ണുകളോടണച്ചുകൊണ്ട് അനന്തരാവസ്ഥകളുടെ ദർശനത്തിനു ശക്തനല്ലാത്ത വിധത്തിൽ ധാവനംചെയ്ത് മാധവിഅമ്മ മൂന്നാം ജനനത്തിന്റെ സൂതിവാതാവേഗത്താൽ എന്നപോലെ, "മാധവാ" എന്നു നിലവിളിച്ചുകൊണ്ട് ഒരു മൃണ്മയകൂടംകണക്കെ കീഴ്പ്പോട്ടമർന്നു.