താൾ:Ramarajabahadoor.djvu/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഅക്കാലത്തെ പ്രഭുക്കൾ, പ്രമാണികൾ, സ്ഥാനമാനക്കാർ എന്നിവരുടെ സഞ്ചാരങ്ങളിൽ അഞ്ചെട്ടെങ്കിലും നായന്മാരുടെ പരിസേവനമില്ലെങ്കിൽ ഭൂഭ്രമണം നിലകൊണ്ടുപോകുമെന്നു സമുദായമതംതന്നെ സിദ്ധാന്തിച്ചിരുന്നു. ഉണ്ണിത്താൻ, കുലമഹത്വം, ഗൃഹസംഖ്യ, ധനപുഷ്ടി, വിദ്യാധനം എന്നിവ കണക്കാക്കുമ്പോൾ ഒന്നാം പന്തി പ്രഭുതന്നെയായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് കഴക്കൂട്ടം, കൊട്ടാരക്കര എന്നീ സ്ഥലനിവാസികളിൽ ഒരു വലിയ സംഘം അദ്ദേഹത്തോടു സഹഗമനം ചെയ്ത് പറവൂർപാളയത്തിൽ എത്തി പാർപ്പുറപ്പിച്ചിരുന്നു. തിരുവനന്തപുരത്തേക്കു തിരിക്കും മുമ്പ്, ഈ സംഘത്തിലെ ഒന്നുരണ്ടു ദീർഘപാദന്മാർ നന്തിയത്തേക്കും കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പിനും എഴുതീട്ടുള്ള ലേഖനങ്ങളോടുകൂടി യാത്രയാക്കപ്പെട്ടു.

ഉണ്ണിത്താൻ ആജ്ഞാധിക്കാരത്തിനു സന്നദ്ധനാകുന്ന അല്പപ്രജ്ഞനോ ദുർബുദ്ധിയോ അല്ലെന്ന് ദിവാൻജിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. എങ്കിലും, ആ ഉദ്യോഗസ്ഥൻ പൂർവ്വോദ്യോഗത്തിലേക്കു നിയുക്തനായപ്പോൾ അനുക്ഷണംതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കു ഭാണ്ഡം മുറുക്കുന്നു എന്നു കേൾക്കയാൽ, ദിവാൻജി സ്വസ്നേഹിതന്റെ സൽപൗരുഷത്തെ അന്നും വിശിഷ്യ അഭിനന്ദിച്ചു. ആ മാനസാരാധനയ്ക്കിടയിൽ അദ്ദേഹത്തിൻറെ ഭൂയുഗ്മത്തിൽ ഒന്ന് അസ്ത്രമോചനവേളയിലെ ധനുസ്സുപോലെ ആകുഞ്ചിതമായി. ഈ ഭാവഭേദത്തോടു സമകാലീനമായുള്ള ചോതോവ്യാപാരത്തിന്റെ ഫലമായി, കൊടന്തയാശാനെ ബന്ധനത്തിൽനിന്ന് ഉടനെ മോചിപ്പിച്ചുകൊള്ളുവാനുള്ള ആജ്ഞ പുറപ്പെട്ടു. ഇതോടുകൂടി ദിവാൻജീയുടെ കർണ്ണനേത്രങ്ങളായി ആ പാളയസങ്കേതത്തിൽ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന ആ ചാരപ്രധാനൻ ആധധുനികസന്മന്ത്രീത്വവും അനുവദിച്ചുപോരുന്ന ഒരു ക്രിയയുടെ പരികർമ്മിയായി നിയോഗിക്കപ്പെടുകയും ചെയ്തു. ഈ നിർദേശമായുള്ള രാഘവബാണം ഏതു നിഷാദവിഷയങ്ങളെ അനിഷാദമാക്കുന്നു എന്നു വഴിയെ ഗ്രഹിക്കാവുന്നതാണ്.

ദക്ഷിണതിരുവിതാംകൂറിൽ ശിലാസ്തംഭങ്ങളും അടിസ്ഥാനക്കെട്ടുകളും ഇന്നും ശേഷിക്കുന്ന മാദ്വാൻലായങ്ങളിൽ പെൺകുതിരകളെ വളർത്തി അശ്വശാസ്ത്രാനുസാരം രാജാവശ്യങ്ങൾക്കു വേണ്ടിവന്ന അശ്വങ്ങളെ അക്കാലങ്ങളിൽ ഉല്പാദിപ്പിച്ചുവന്നു. അഴകേറും പെരുമാൾ, മയിലേറും പെരുമാൾ, സൗന്ദര പാണ്ഡപ്പെരുമാൾ എന്നു തുടങ്ങിയുള്ള കർണ്ണമധുരമായ ദ്രാവിഡനാമങ്ങൾ ധരിച്ചിരുന്ന നാഞ്ചിനാട്ടിലെ പൗരപ്രധാനികൾ സ്കന്ധാവാരനിരകളിലെ നായകത്വവും ഈ അശ്വവാടങ്ങളുടെ ഭരണവുംകൂടി വഹിച്ച് സചിവമണ്ഡലത്തിനു ധനജനങ്ങളുടെ സ്വാധീനത്താലുള്ള ബലത്തെ പരിപുഷ്ടമാക്കിയിരുന്നു. അക്കാലത്തെ രാജ്യാഭിമാനികളുടെയും സ്വാശ്രയശീലന്മാരുടെയും, മിതവ്യയേക്ഷയുടെ ഫലമായി പറവൂർ മുതൽ ദക്ഷിണപരിധിവരെ ഓരോ ഊഴങ്ങൾ നിശ്ചയിച്ച്, വൃത്താന്തവാഹികൾക്കും ഉദ്യോഗസ്ഥപ്രധാനന്മാർക്കും ദ്രുതസ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/258&oldid=81005" എന്ന താളിൽനിന്നു ശേഖരിച്ചത്