താൾ:Ramarajabahadoor.djvu/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഞ്ചാരം ചെയ്‌വാൻ തപാൽ കുതിരലായങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടുവോളം കുതിരകൾ തന്നാട്ടു ശ്രമങ്ങളാൽ സംഭരിക്കപ്പെട്ടിരുന്നു.

ഇപ്രകാരമുള്ള വ്യവസ്ഥയുടെ സാഹായ്യത്താൽ ത്രിവിക്രമകുമാരൻ പ്രണയവിരഹങ്ങളുടെ ദാരുണതയാകുന്ന ഏകചക്രരഥത്തിൽത്തന്നെ ആരൂഢനായി ഭൂമുഖവിവിധതകളെ തരണചെയ്തു രോഗശയ്യാവലംബിനിയായ ചിലമ്പിനഴിയത്തെ സാധ്വീനരത്നത്തെയും വ്യാജനിദ്ര അഭിനയിച്ചു കിടന്ന രാജമന്ദിരത്തളത്തിലെ നന്ദികേശ്വരമല്ലനെയും സന്ദർശിച്ചു. മഹാരാജാവിന്റെ ഘോഷയാത്രകളിലെ പരിസേവനത്തിനു മാത്രം തുരഗാരോഹം അഭ്യസിച്ചിരുന്ന ഉണ്ണിത്താൻ പ്രിയയെ സമാശ്വസിപ്പിപ്പാനോ പുത്രിയുടെ ദർശനത്തിനോ ഉഴറാതെ, തന്റെ യാത്രയ്ക്കു കിട്ടിയ ഉച്ചൈശ്രവസ്സിന്റെ ഹിതത്തെ തുടർന്നും പരിച്ഛദസംഘത്തെ വിഷമപ്പെടുത്താതെയും പ്രയാണം അനുവർത്തിച്ചു. വ്യാജവ്യാപാരങ്ങളിൽ വാസനാശൂന്യനായുള്ള അദ്ദേഹത്തിന്റെ അശ്വയാത്രയിൽ നമ്മുടെ കൊടന്തയാശാൻ അങ്കവടിവാറിന്റെ അവലംബകനായി ദാമഗ്രന്ഥിസ്ഥാനവും വാർത്താകഥനംകൊണ്ടു സഞ്ജയസ്ഥാനവും വഹിച്ചു. ഉണ്ണിത്താന്റെ കായച്ഛായയുടെ സഞ്ജീവകശക്തി ആശാൻറെ ദന്തനാശത്താലുള്ള വേദനകളെ ദുരീകരിച്ചു. ദിവാൻജിയുടെ ആജ്ഞകൾ പുല്ലു തിന്നട്ടെ എന്ന് ആ അഭിനവസുതൻ നിശ്ചയിച്ചു, പാണ്ടയെ സംബന്ധിച്ചുണ്ടായ ആ മഹാധികാരസ്ഥന്റെ അഭിലാഷോച്ചാരണത്തെ, സാവിത്രീപരിഗ്രഹണത്തിനുണ്ടായിരുന്ന അഭിനിവേശത്തിനു തുല്യം വിസ്മൃതികൂപത്തിൽ നിക്ഷേപിച്ചു.

അന്നത്തെ രാജപഥങ്ങൾ ഇക്കാലത്തെപ്പോലെ വാഹനോപയോഗത്തിനു യോഗ്യങ്ങളല്ലാതിരുന്നതിനാൽ ഉണ്ണിത്താന്റെ യാത്ര 'നാലുപാദ'ക്രമത്തിൽത്തന്നെ ആയിരുന്നു. ആയുധപാണികളും സാമാനവാഹികളും ആയുള്ള പരിചാരകന്മാരുടെ അകമ്പടി ഉണ്ടായിരുന്നു എങ്കിലും ജിഹ്വായുധക്കാരനായ കൊടന്തയാശാൻ മാത്രമേ ആ പണ്ഡിതരത്നത്തിന്റെ മാർഗ്ഗശ്രമങ്ങളെ ഭാഷണചാമരംകൊണ്ടുള്ള വീജനത്താൽ ലഘൂകരിച്ചുള്ളു. എന്നാൽ യാത്രാരംഭദിവസത്തിൽത്തന്നെ ഗർഭപാത്രോദിതമായ ആശാന്റെ കഥനകൗതുകം, ആ ദിനാന്തത്തിലെ ഭക്ഷണവും വിശ്രമവും കഴിഞ്ഞപ്പോഴേ പത്തു മാസം തികഞ്ഞു പ്രസവമുഹൂർത്തത്തിൽ എത്തിയുള്ളു. തന്റെ പാദത്തെ സ്പർശിച്ചുകൊണ്ടു ഗമനംചെയ്യുന്ന ശിഷ്യൻ പലതും ഞരങ്ങിത്തുടങ്ങിയപ്പോൾ "എന്താ കൊടന്തേ, എന്തെല്ലാമാണ്? വീട്ടിലെത്താൻ ധിറുതിയായോ?" എന്ന് ആശ്രിതവത്സലനായ ഉണ്ണിത്താൻ കേവലം സൗജന്യോദ്ദേശ്യത്തോടെ ചോദ്യം ചെയ്തു. ഈ കുശലാന്വേഷണം സൂതികാകർമ്മമായി ഫലിച്ച് കൊടന്തയാശാനിൽ ഗർഭിച്ചിരുന്ന വിഷസന്താനത്തെ ലഘുപ്രസവമായി ജാതം ചെയ്യിച്ചു.

കൊടന്തആശാൻ: (സ്വാധീനത്തിലുള്ള കണ്ണുനീർത്തുള്ളികൾ വീഴ്ത്തിച്ചും കണ്ഠംകൊണ്ടു ചില മണ്ഡൂകസ്വനങ്ങൾ ധ്വനിപ്പിച്ചും) "അതൊന്നുമല്ല പൊന്നാശാനേ! മറ്റൊള്ളവരുടെ കഷ്ടകാലം വിചാരിച്ചപ്പോൾ, ഒരേങ്ങൽ അങ്ങുവന്നു പോയേത് - അമർത്താൻ കഴിഞ്ഞില്ല."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/259&oldid=168104" എന്ന താളിൽനിന്ന് ശേഖരിച്ചത്