ഭാസ്ക്കരമേനോൻ/ഒമ്പതാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
ഒമ്പതാമദ്ധ്യായം
[ 72 ]
ഒൻപതാമദ്ധ്യായം

മയ്ക്കുണ്ണിനാരുമായ്സ്സല്ലാപവും ചെയ്തു

നിൽക്കുന്നു കാമിച്ചതൊപ്പിക്കുവാൻ ചിലർ
ദുർഘടസ്ഥാനത്തെതിൎൎത്ത ശത്രുക്കളോ-
ടുൽക്കടാടോപം കയർക്കുന്നിതു ചിലർ
ദുഃഖം ചിലർക്കു സുഖം ചിലർക്കിജ്ജീവി-
വർഗ്ഗത്തിലൊന്നുപോലൊന്നില്ലൊരിക്കലും


പെരുവല്ലാ നദീതീരത്തു ജീൎണ്ണപ്രായമായി നില്ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ നിർബാധമായി നടന്ന ദേവകീകുമാരസല്ലാപദിവസം പകൽ അഞ്ചരമണിക്കു ശേഷം പരിവട്ടത്തു നടന്ന സംഗതിയാണു് ഈ അദ്ധ്യായത്തിൽ ഒന്നാമതായി വിവരിക്കാൻ പോകുന്നതു്.

പെരുവല്ലാനദി ശിവൻകാടുവിട്ടു പരിവട്ടത്തിനടുക്കുമ്പോൾ അതിന്റെ ഗതി അർദ്ധചന്ദ്രാകാരേണ ക്രമത്തിൽ തെക്കോട്ടു തിരിഞ്ഞു പരിവട്ടത്തുവീടിന്റെ അടുത്ത പടിഞ്ഞാറെ ഭാഗത്തുകൂടിയും ചേരിപ്പറമ്പുകാരുടെ ചേരിപ്പള്ളമെന്ന കൃഷിസ്ഥലത്തിന്റെ നേർമദ്ധ്യത്തെ നനച്ചുകൊണ്ടും ആകുന്നു. ഈ കൃഷിസ്ഥലത്തിന്റെ വടക്കുകിഴക്കു മൂലയിൽ പരിവട്ടത്തുവീടും, കിഴക്കേ അതിരു പരിവട്ടത്തുകാരുടെ ഒരു നിലവും ആകുന്നു. പരിവട്ടത്തേക്കുള്ള സാക്ഷാൽ പടിയുടെ ദർശനം വീടിന്റെ വടക്കുവശമുള്ള നാട്ടുവഴിയിലേക്കാണെങ്കിലും മേൽപറഞ്ഞ നെൽക്കണ്ടത്തിനു അഭിമുഖമായിട്ടു തെക്കുപുറത്തു ഒരു 'കൊട്ടിൽപടി'[1]യും ഉണ്ടാക്കീട്ടുണ്ടു്. പടി കയറിക്കടക്കുവാനുള്ള സൌകൎയ്യത്തിന്നായി അതിന്റെ ഒത്തനടുക്കു വിലങ്ങത്തിൽ ഉറപ്പിക്കപ്പെട്ടിട്ടുള്ള പലകയുടെ പടിക്കകത്തേക്കുള്ള [ 73 ] ഭാഗം പരിവട്ടത്തമ്മുവും പടിയുടെ മീതെയുള്ള പലകയുടെ രണ്ടാലൊരറ്റം ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനവനും, പലതവണയും ഇരിപ്പിടങ്ങളായിട്ടു ഉപയോഗിച്ചുവന്നിരുന്നു. കാൎയ്യാന്വേഷണമെന്ന വ്യാജേനയോ വാസ്തവത്താലോ ചേരിപ്പള്ളത്തേക്കുള്ള പോക്കുവരുത്തുകളാണു ബാലകൃഷ്ണമേനവനു അമ്മുവിനോടുകൂടി സംഭാഷണത്തിനു അവസരങ്ങൾ ഉണ്ടാക്കിത്തീൎക്കുന്നതു്.

ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെടുന്ന സംവാദം നടന്ന ദിവസം ഏകദേശം രണ്ടുനാഴികപ്പകലുള്ള സമയം ബാലകൃഷ്ണമേനവൻ സ്വന്തം വീട്ടിൽനിന്നു പുറപ്പെട്ടു റോഡിൽകൂടി ശിവക്ഷേത്രത്തിനു നേരെ വന്നപ്പോൾ എടത്തോട്ടു തിരിഞ്ഞു ഒരു ഇടവഴിയിൽകൂടി നടക്കുവാൻ തുടങ്ങി. ഈ ഇടവഴി ചെന്നു തുറക്കുന്നതു കറുക, തൊട്ടാവാടി, മുക്കുറ്റി, മുത്തങ്ങ മുതലായവ ഉൾത്തൂൎന്നു നില്ക്കുന്ന ഒരു മൈതാനത്തിലേക്കാണു്. ബാലകൃഷ്ണമേനോൻ ഇടവഴിയുടെ മുഖത്തു എത്തിയപ്പോൾ സന്ധ്യാസൂൎയ്യൻ കാർമേഘത്താൽ ഗ്രസിക്കപ്പെട്ടിരുന്നതുകൊണ്ടു ദൃഷ്ടിയിൽപെട്ട ദിക്കൊക്കെ നിബിഡമായ നിഴലിൽ മങ്ങിക്കിടന്നിരുന്നു. മൈതാനത്തിൽ അങ്ങുമിങ്ങുമായി മേഞ്ഞുകൊണ്ടുനിൽക്കുന്ന കന്നാലികളും ആടുകളും അതിന്റെ ഇറമ്പിൽ കിടന്നുറങ്ങുന്ന രണ്ടോ മൂന്നോ ഇടയന്മാരും, താഴത്തുള്ള പരിവട്ടപ്പാടത്തു വേലയെടുക്കുന്ന നാലഞ്ചുപുലയന്മാരും പുലക്കള്ളികളും ഒഴികെ ആ പ്രദേശത്തു പറയത്തക്ക മറ്റൊരു ജീവജാലവും ഉണ്ടായിരുന്നില്ല.

ബാലകൃഷ്ണമേനോൻ കയ്യിലുണ്ടായിരുന്ന വടിവീശി കാലടിപ്പാതയെ ആക്രമിച്ചിട്ടുള്ള തൊട്ടാവാടി തട്ടിനീക്കിക്കൊണ്ടു പാടത്തിന്റെ വടക്കെത്തിയപ്പോൾ അല്പം [ 74 ] ദൂരെയൊരു വരമ്പത്തു നടക്കുന്ന കുണ്ഡലിമണ്ഡൂക യുദ്ധം കണ്ടു താഴത്തിറങ്ങുവാൻ ഭയപ്പെട്ടു അവിടെത്തന്നെ നിന്നു. പാമ്പു സാവധാനത്തിൽ തലമുഴുവനും മടയിൽ നിന്നു പുറത്തേക്കു പൊക്കുന്നതിനു മുമ്പുതന്നെ നാവുകൾ ഇളകുന്നതുകണ്ടു തവള അകലേക്കു ഒരു ചാട്ടം ചാടി. ഉടനെ പാമ്പു തല കീൾപ്പോട്ടുവലിച്ചു മടയിൽത്തന്നെ ഒതുങ്ങി. അല്പനേരം കഴിഞ്ഞു രണ്ടാമതും പാമ്പുതലപൊക്കിയപ്പോൾ തവള തെരുതെരെ ചാടുവാൻ തുടങ്ങി. തൽക്ഷണം അതിതീക്ഷ്ണമായ സീൽക്കാരത്തോടുകൂടി പാമ്പു മടയിൽനിന്നു വാലുകുത്തി പുറത്തുചാടി പിന്നാലെ പാച്ചിൽ തുടങ്ങി. തവള ഭയപ്പെട്ടു വരമ്പത്തുനിന്നു കണ്ടത്തിലേക്കു മറിഞ്ഞുവീഴുകയും പേടിച്ചു നിലവിളിക്കുന്ന തവളയുടെ കാലിന്മേൽ പാമ്പു കടികൂടുകയും ഒരു നിമിഷത്തിൽ കഴിഞ്ഞു. താഴത്തെക്കഥ ഇങ്ങിനെയല്ലാമിരിക്കുമ്പോൾ മേലെ ചിറകുകൾ ചലിക്കാതെ വട്ടത്തിൽ പറന്നുകൊണ്ടിരുന്ന ഒരു കൃഷ്ണപ്പരുന്തു ഈ തരംകണ്ടു പാമ്പിനെ റാഞ്ചിക്കൊണ്ടുപോകയും പോകുംവഴി പാമ്പിനാൽ ഉപേക്ഷിക്കപ്പെട്ട തവള പരിവട്ടത്തേക്കുള്ള 'കൊട്ടിൽപ്പടി'യുടെ അരികേ വന്നു വീഴുകയും ചെയ്തു.

തവള താഴെ വീണിട്ടു് അധികതാമസം കൂടാതെ ബാലകൃഷ്ണമേനവനും അവിടെ എത്തി. തവളയെ തട്ടി പാടത്തേക്കിട്ടിട്ടു പരിചിതമായ സ്വസ്ഥാനത്തു കയറി അടുത്തു കഴിഞ്ഞ സംഭവത്തെക്കുറിച്ചു് മനോരാജ്യം വിചാരിച്ചുകൊണ്ടു സുപ്തപ്രായനായി യാതൊരു ചേഷ്ടയും കൂടാതെകണ്ടു കുറച്ചുനേരം ഇരുന്നു. അതിന്റെ ശേഷം അതിദൂരത്തിങ്കൽ നീരാവിയാൽ മൂടപ്പെട്ടതുപോലെ നീലവൎണ്ണങ്ങളായും അവ്യക്തങ്ങളായും കാണപ്പെടുന്ന [ 75 ] പൎവതങ്ങളിലുള്ള വൃക്ഷമൃഗാദികളുടെ സ്വരൂപനിൎണ്ണയം ചെയ്യുവാൻ ദൂരനിവാസികളുടെ സ്വാഭാവിക ദൃഷ്ടികൾക്കു് കേവലം അസാദ്ധ്യമാകുന്നതുപോലെ ഇന്നപ്രകാരമെന്നു വിവരിക്കപ്പെടുവാൻ പ്രയാസമായ ആപൽശങ്കലായിൽ വ്യാകുലപ്പെട്ടിരിക്കുന്ന മനസ്സിനു് ഉന്മേഷമുണ്ടാക്കുവാനൊ ഭാവിയായൊ വൎത്തമാനമായൊ ഉള്ള ആപത്തിൽ നിന്നു മോചനമാൎഗ്ഗം കാണുമ്പോളുണ്ടാവുന്ന സന്തോഷത്താലൊ ഒരുവൻ ചെയ്യുന്നതുപോലെ താളം പിടിച്ചു ഗാനരീതിയിൽ ചൂളംകുത്തിക്കൊണ്ടാണു് ബാലകൃഷ്ണമേനോൻ മനോരാജ്യസമാധിയിൽനിന്നും ഉണൎന്നതു്.

പ്രകൃത്യാ സംഗീതത്തിന്റെ ആപാതമുധുരത്വം അറിയാത്തവനും വാസനാരഹിതനും ആയ ബാലകൃഷ്ണമേനവൻ പ്രകൃതിവിരുദ്ധമായ ഈ പ്രയോഗത്തിൽ ദൈന്യം തോന്നീട്ടൊ എന്നു തോന്നുമാറു് പെട്ടെന്നു ധ്യാനരീതി വിട്ടു ചൂളംകുത്തുന്നതു സാധാരണമട്ടിലാക്കി.

അമ്മു ആഭരണങ്ങളെല്ലാം അഴിച്ചു ശിഷ്യത്തിയുടെ കൈയിൽ കൊടുത്തിട്ടു് തലമുടി രണ്ടായിപ്പകുത്തു ഒരു പകുതി മുമ്പാക്കം ഇട്ടു പേർത്തെടുത്തുകൊണ്ടു പുഴക്കടവിലേയ്ക്കു പോകുംവഴിയാണു് ചൂളംകുത്തുന്ന ശബ്ദം കേട്ടതു്. ഒച്ച വളരെ പരിചയമുള്ളതായിരുന്നുവെങ്കിലും, പതിവിൽ വ്യത്യാസപ്പെട്ടു പാട്ടുപാടുന്നതായി തോന്നിയതുകൊണ്ടു, കാടുതെളിക്കുന്ന കൂക്കിവിളികേട്ടു പകച്ചു നിൽക്കുന്ന മാൻപേടയെപ്പോലെ അല്പനേരം ചെവി ഓൎത്തുകൊണ്ടു സംശയിച്ചുനിന്നു. പത്തായപ്പുരയും ഉരൽപ്പുരയും കൂടിയ ഒരു കെട്ടിടത്തിന്റെ മറവുകൊണ്ടു കൊട്ടില്പടി, കാണുവാൻ വയ്യായിരുന്നു. അധികതാമസംകൂടാതെ ചൂളംകുത്തുന്നതിന്റെ സമ്പ്രദായം പതിവിൻപടിയായി. ഉടനെ [ 76 ] അരയിൽ ചുറ്റിയിരുന്ന മേൽമുണ്ടിന്റെ ഒരു തലകൊണ്ടു മാറിടം മറച്ചും, കാറ്റടികൊണ്ടു മുഖത്തേക്കു വരുന്നതും കറുത്തു നീണ്ടു ചുരുണ്ടതും ആയ തലമുടി ഒരു കൈകൊണ്ടു തടുത്തും അമ്മുവിന്റെ അനലംകൃതമായ സുന്ദരരൂപം ബാലകൃഷ്ണമേനവന്റെ നേരെ ചെന്നു. തന്നിൽ അത്യന്തം അനുരക്തയായ മോഹനാംഗിയുടെ വിനീതവേഷത്തോടുകൂടിയ വരവുകണ്ടിട്ടും നിൎമ്മലയായ മനസ്സിന്റെ ശുദ്ധഗതി ഓൎത്തിട്ടും ബാലകൃഷ്ണമേനവന്റെ മുഖത്തു ആദ്യം സ്ഫുരിച്ച ഭാവം ഭരതശാസ്ത്രപണ്ഡിതന്മാൎക്കുകൂടി ദുർഗ്രാഹ്യമായിട്ടുള്ളതാണു്. അനുകമ്പയുടേയും പുച്ഛരസത്തിന്റേയും മദ്ധ്യത്തിൽ ഒരു ഭാവരസം ഉണ്ടെങ്കിൽ അതാണെന്നു കഷ്ടിച്ചു സമ്മതിക്കാം. എന്നാൽ ഈ സ്തോഭം അരനിമിഷത്തിൽ മാറി വ്യസനസ്പർശത്തോടുകൂടിയ ഗൗരവഭാവമായിത്തീൎന്നു. അമ്മു അടുത്തുവന്നു-

'എന്നാ പാട്ടു പഠിച്ചതു്?' എന്നു ചോദിച്ചപ്പോൾ ബാലകൃഷ്ണമേനോൻ ഒരക്ഷരവും മറുപടി പറഞ്ഞില്ല. അതുകണ്ടു വിഷാദത്തോടുകൂടി അമ്മു മേനവന്റെ മുഖത്തു നോക്കി.

'ഞാൻ ദേവകിക്കുട്ടിയെ ചെന്നു കാണാഞ്ഞിട്ടുള്ള പരിഭവമാണെങ്കിൽ ഇന്നു കാലത്തു ഞാൻ അവിടെപോയിരുന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. ഉച്ചക്കേ വരുള്ളു എന്നു ദേവകിക്കുട്ടി പറഞ്ഞു.'

'ജ്യേഷ്ഠനും അമ്മാമനും ഇവിടെയുണ്ടോ?'

ഇല്ല. അമ്മാമനെ കണ്ടു സംസാരിക്കയുണ്ടായോ? എന്നു ചോദിച്ചു. അമ്മു തലതാഴ്ത്തി. കാലിന്റെ പെരുവിരൽകൊണ്ടു മണ്ണിൽ ചിത്രമെഴുതുവാൻ തുടങ്ങി. ബാലകൃഷ്ണമേനോൻ അമ്മുവിന്റെ ചോദ്യത്തിനു 'ക്ഷമിക്കു' എന്നു മാത്രം മറുവടി പറഞ്ഞിട്ടു്[ 77 ] 'അവർ എപ്പോൾ വരും?' എന്നു വീണ്ടും ചോദിച്ചു.

'നല്ല നിശ്ചയമില്ല. രണ്ടുപേരുംകൂടി അടിയന്തിരമായിട്ടു ആരേയോ കാണുവാൻ പോയിരിക്കയാണെന്നു ശിഷ്യത്തി പറഞ്ഞു, വളരെ നേരമായിട്ടില്ല പോയിട്ടു്. ഊണുകഴിച്ചു പോയാൽമതി; അപ്പോഴേക്കും അവർ വരാതിരിക്കയില്ല.' അമ്മുവിന്റെ ഈ ക്ഷണം സ്വീകരിച്ചുവോ ഇല്ലയോ എന്നു സൂക്ഷ്മമറിവാൻ പ്രയാസമായിട്ടുള്ള വിധത്തിൽ അധരോഷ്ഠങ്ങളേയും ദന്തങ്ങളേയും മാത്രം വ്യാപിച്ചതായ ഒരുമാതിരി വികൃത മന്ദഹാസംകൊണ്ടു മറുവടിയുടെ ഭാരം നിർവഹിച്ചിട്ടു, മനസ്സിൽ കടന്നുകൂടിയിരിക്കുന്ന ശങ്കയ്ക്കു സമാധാനം വരുത്തുവാനായി, ബാലകൃഷ്ണമേനോൻ ഇപ്രകാരം ചോദിച്ചു:-

'ഇത്ര അടിയന്തിരമായ കാൎൎയ്യമെന്താണു്? അവർ എങ്ങോട്ടാണു പോയിരിക്കുന്നതു്?'

'നല്ല തീർച്ചയില്ല. ഇന്നു കാലത്തു പുളിങ്ങോട്ടു കാൎയ്യസ്ഥൻ ഇവിടെ ഉണ്ണുവാൻ വന്നിരുന്നു. അപ്പോൾ സ്റ്റേഷൻ ആപ്സരെ കാണണമെന്നോ ഏതാണ്ടു ചിലതൊക്കെ പറയുന്നതുകേട്ടു.

'എന്നിട്ടു്?' എന്നു ചോദിക്കാതിരിക്കുവാൻ ബാലകൃഷ്ണമേനവനു ക്ഷമയുണ്ടായില്ല.

'പിന്നത്തെ വൎത്തമാനമൊന്നും എനിക്കു രൂപമില്ല. ഞാൻ ദേവകിക്കുട്ടിയെ കാണുക കഴിഞ്ഞു തിരിയെ വന്നപ്പോൾ കുറച്ചു വൈകി. എന്നിട്ടു തിടുക്കപ്പെട്ടു കുളികഴിച്ചു അകത്തേക്കു പോകും വഴിയാണു ഇതു കേട്ടതു്. ഈറൻ മാറലും കഴിച്ചു പുറത്തേയ്ക്കു വന്നപ്പോൾ കാൎയ്യസ്ഥൻ ഊണുകഴിച്ചു പോയിക്കഴിഞ്ഞു.'

ആരംഭത്തിൽ ഉദ്ദേശിക്കപ്പെട്ട കാൎയ്യം ചോദിച്ചു തീർച്ചപ്പെടുത്തുന്നതിനു മുമ്പു് സംവാദത്തിന്റെ ഗതി [ 78 ] ദുർഘടമായ ഒരു വഴിയേ തിരിഞ്ഞതോടുകൂടി ബാലകൃഷ്ണമേനവന്റെ ശ്രദ്ധ മുഴുവനും അതേ മാൎഗ്ഗത്തൂടെ അതിനെ അടിക്കടി പിന്തുടരേണ്ടിവന്നതുകൊണ്ടു ആ വഴി തീരെ മുട്ടി എന്നു ബോദ്ധ്യമാവുന്നതുവരെ മനസ്സിനെ പിൻവലിക്കുവാൻ ബാലകൃഷ്ണമേനവനു സാധിച്ചില്ല. ഇക്കാൎയ്യത്തെപ്പറ്റി അമ്മുവിന്നു എത്രമാത്രം അറിയാമായിരുന്നുവോ, അതു മുഴുവനും പറഞ്ഞുതീൎന്നുവെന്നു തീൎച്ചവന്നപ്പോൾ-

'വരു, മണൽപ്പുറത്തേക്കു പോവുക. മറ്റേ കാൎയ്യമൊന്നും പറഞ്ഞില്ലല്ലോ' എന്നു പറഞ്ഞുകൊണ്ടു കൊട്ടിൽപ്പടിമേൽനിന്നു താഴത്തിറങ്ങി. അമ്മു ഇതുവരെയും ഇരുന്നിട്ടില്ല. മേൽ കഴുകുവാൻ പോകേണ്ട സമയമായെന്നു വിചാരിച്ചു നിൽക്കുകയായിരിക്കുമെന്നു ബാലകൃഷ്ണമേനോൻ ശങ്കിച്ചിരിക്കുമോ എന്നു സംശയിച്ചു്-

'വരട്ടെ, അവിടെയിരിക്കു. ഞാനും ഇവിടെ ഇരിക്കാം' എന്നു പറഞ്ഞു.

'ഐഃ അങ്ങിനെയല്ല, മഴക്കാറൊക്കെയുണ്ടു് ഇനി പുഴയിലേക്കു പോകുവാൻ അമാന്തിക്കണ്ട. പോകുംവഴി സംസാരിക്കാമല്ലൊ' എന്നു പറയുന്നതിനിടയിൽ തവള കിടന്നിരുന്ന ദിക്കിലേക്കു ഓട്ടക്കണ്ണിട്ടു നോക്കീട്ടു വടിയും കക്ഷത്തിൽ തിരുകി കയ്യുംകെട്ടി നടക്കുവാൻ തുടങ്ങി. അമ്മുവും പിന്നാലെ പുറപ്പെട്ടു.

'ജ്യേഷ്ഠൻ ശങ്കരമേന്നെ ഗോപിതൊടീക്കുമെന്നു തന്നെയാണു എനിക്കു തോന്നുന്നതു്. ദേവകിക്കുട്ടിക്കു് അയാളെ കണ്ണിനുനേരെ കണ്ടുകൂടാ' എന്നു സോദരീസോദരന്മാരെപ്പറ്റി ഏതദ്വിഷയകമായ വൎത്തമാനം തുറന്നു സംസാരിക്കുന്നതിൽ പരിചയഭേദംകൊണ്ടോമറ്റോ കൂസൽ തീൎന്നിട്ടുള്ള പോലെ, ദേവകിക്കുട്ടിയായിട്ടു അന്നു കാലത്തു [ 79 ] നടന്ന സംഭാഷണത്തിന്റെ ഫലത്തെക്കുറിച്ചു, അമ്മു പ്രസംഗിക്കുവാൻ തുടങ്ങി.

'ശങ്കരമേന്നെ കുന്തമാക്കുവാൻ ആരാണെന്നു തീർച്ചയാക്കുന്നതിന്നു, അവളുടെ വീട്ടിൽ വേറെ ചിലരുണ്ടല്ലൊ. ഞാൻ അമ്മുവിനോടു പറഞ്ഞിട്ടുള്ള സംഗതി മുഴുവനും അവളോടു പറഞ്ഞിരുന്നുവെങ്കിൽ അവൾ വേണ്ടവഴിക്കു തന്നെ പോയേനെ'.

'അയ്യോ! ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഇനിയും അവൎക്കു വിശ്വാസമായിട്ടില്ല. ഞാനെന്താണു് ചെയ്യുന്നതു്.'

'അവളുടെ ഇപ്പോഴത്തെ നടവടി ഞങ്ങൾക്കു സമ്മതമല്ലെന്നു അവരെ മനസ്സിലാക്കിയോ?'

'അതു പണ്ടേതന്നെ അവൎക്കു അറിയാമത്രെ എന്നാൽ നിങ്ങൾക്കു ഈ കാൎയ്യത്തിൽ അഭിപ്രായം പറവാൻ അവകാശമില്ലെന്നാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതു കേട്ടപ്പോൾ ബാലകൃഷ്ണമേനവന്റെ മുഖമൊന്നു തുടുത്തു. എന്നിട്ടു-

'ഇതല്ലാതെ പിന്നെ ചിലതു ഞാൻ പറഞ്ഞിരുന്നതോ?' എന്നു ചോദിച്ചപ്പോൾ അമ്മു മുഖം താഴ്ത്തി കുറച്ചുനേരത്തേക്കു ഒന്നും മിണ്ടിയില്ല. അതിന്റെശേഷം-

'ഒട്ടുമുക്കാലും ഞാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ തലകുലുക്കിയതല്ലാതെ മനസ്സിനു യാതൊരിളക്കവും തട്ടിയില്ല' എന്നായിരുന്നു അമ്മുവിന്റെ ഉത്തരം.

അവരുടെ സംസാരം ഈ നിലയിൽ എത്തിയപ്പോൾ പടുത്തു കെട്ടിയിരിക്കുന്ന കടവിന്റെ അല്പം താഴെ മണലും വയ്ക്കോലും ചാണകവുംകൂടി ചേൎന്നു കുഴഞ്ഞു മറിഞ്ഞു വൃത്തിഹീനമായിക്കിടക്കുന്ന ഒരു കന്നാലിക്കടവിൽ കൂടി [ 80 ] ബാലകൃഷ്ണമേനവൻ മണൽപ്പുറത്തേക്കിറങ്ങി. പെരുവല്ലാ നദി കടക്കുവാനുള്ള പാലം നദിയുടെ തെക്കോട്ടുള്ള വളവിങ്കലായതുകൊണ്ടു കന്നാലിക്കടവിൽ നിന്നു വളരെ അകലത്തല്ലെന്നു മാത്രമല്ല, അവിടെ നിന്നാൽ അതു ഒരുവിധം നല്ലവണ്ണം കാണുകയും ചെയ്യാമായിരുന്നു. ബാലകൃഷ്ണമേനോൻ പാലത്തിന്റെ നേരേ തിരിഞ്ഞു നില ഉറപ്പിച്ചു. അമ്മുവാകട്ടെ, അശ്രീകരമായ കടവിൽക്കൂടി ഇറങ്ങുവാൻ മടിച്ചിട്ടു ഒരു അറ്റത്തേക്കു മാറി പുഴയുടെ എറമ്പിൽ തന്നെ നിന്നതേ ഉള്ളു. തിങ്ങിവിങ്ങിനില്ക്കുന്ന ഇല്ലിപ്പടലുകളുടെ മറവുകൊണ്ടു ഈ സ്ഥലത്തുനിന്നു പാലത്തിന്റെ കാഴ്ച അടഞ്ഞിരുന്നു.

പന്ത്രണ്ടിനു അടുക്കിക്കളിച്ചതു കമ്പിയിൽ കലാശിച്ചുവെന്നു അറിവാൻ വേണ്ടതിലധികം അമ്മുവിന്റെ അവതാരികതന്നെ ബാലകൃഷ്ണമേനവനെ സഹായിച്ചിട്ടുണ്ടായിരുന്നു. മേലാൽ ദേവകിക്കുട്ടിയുടെ അടുക്കൽ കള്ളപ്പാശി ഉരുട്ടീട്ടു പ്രയോജനമില്ലെന്നു മേനവനു പൂൎൎണ്ണബോധം വന്നു. അതോടുകൂടി അമ്മുവുമായിട്ടുള്ള സംഭാഷണത്തിൽ ആസ്ഥയും കുറഞ്ഞു. വേറെ ചില കാൎയ്യങ്ങൾക്കു മനസ്സിരുത്തേണ്ട സമയം അതിക്രമിച്ചതുകൊണ്ടു കൊട്ടിക്കലാശത്തിനുള്ള വട്ടം കൂട്ടുവാൻ നിശ്ചയിച്ചു ചോദ്യത്തിന്റെ ശ്രൂതിയൊന്നു മൂപ്പിച്ചു.

'ജ്യേഷ്ഠന്റെ ചില ദുർന്നടപ്പുകളെപ്പറ്റി ഞാൻ പറഞ്ഞിരുന്നതും അവളോടു പറഞ്ഞുവോ?' എന്നതിനു സമാധാനം പറവാൻ അമ്മു വളരെ മടിച്ചു.

'എന്താ മടിക്കുന്നതു്? കുമാരൻനായരുടെ ഹൃദയം കവർന്നിരിക്കുന്നതു മറ്റൊരുവളാണെന്നുള്ളതിനു പല തെളിവുകളും ഞാൻ പറഞ്ഞിട്ടില്ലേ? അറിഞ്ഞുകൊണ്ടു [ 81 ] എന്റെ ഉടപ്പിറന്നവളെ കുണ്ടിൽചാടിക്കുവാൻ അമ്മുവിനു ധൈൎയ്യമുണ്ടെങ്കിൽ എന്നെ ചതിക്കുവാനും മടിയുണ്ടാവില്ല.'

'കഷ്ടം! എന്താണു നിങ്ങളിങ്ങനെ പറയുന്നതു്? ചിലതൊക്കെ സൂചിപ്പിച്ചു പറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണു ഞാൻ പറയുന്നതു്. അങ്ങനെയാണെങ്കിൽ നമ്മുടെ തറവാടുകൾ തമ്മിലുള്ള ബന്ധുത്വം വൎദ്ധിപ്പിക്കുവാനല്ലെ നമ്മൾ ഉത്സാഹിക്കേണ്ടതു്?'

ഈ സമയത്തു പാലത്തിന്മേൽ ഒരാൾവന്നു കയറുന്നതു ബാലകൃഷ്ണമേനവന്റെ ദൃഷ്ടിയിൽപ്പെട്ട ഉടനെ-

'എന്നെ വിശ്വാസമില്ലെങ്കിൽ ഇനി ഞാനിവിടെ വരുന്നില്ല' എന്നു പറഞ്ഞു പുഴവക്കിൽകൂടി ധൃതിപ്പെട്ടു നടന്നുതുടങ്ങി. ഇതെല്ലാം നേരംപോക്കായിരിക്കുമെന്നു കരുതി അമ്മു കുറച്ചുനേരം സ്വസ്ഥയായിട്ടു നിന്നു. മേനവൻ തിരിക്കുവാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ വിശ്വാസമില്ലാതെയായി. നടപ്പിന്റെ വേഗം ചുരുക്കുവാൻകൂടി ഭാവമില്ലെന്നു കണ്ടപ്പോൾ വല്ലാതെ വ്യസനിച്ചു. വൃത്തികെട്ട കടവിൽകൂടിത്തന്നെ മണൽപ്പുറത്തിറങ്ങി ഓടുവാൻ തുടങ്ങി. ബാലകൃഷ്ണമേനവൻ അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞു. ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട ആ യുവതി, കാലും കൈയും കുഴഞ്ഞു ഇരിക്കക്കുത്തായിട്ടു ചരലിൽ വീഴുകയും, പിന്നിച്ചിതറിക്കിടക്കുന്ന തലമുടിയെ കാറ്റിന്നധീനമാക്കി വസ്ത്രത്തിന്റെ അഗ്രംകൊണ്ടു മുഖവും മറച്ചു അതിദയനീയമാംവണ്ണം വിലപിക്കുവാൻ തുടങ്ങുകയും ചെയ്തു.

ഈ സമയത്തു്, അനാഥനായ ആ അബലാരത്നത്തെ സമാധാനപ്പെടുത്തുവാനോ എന്നു തോന്നുമാറു കാർമേഘങ്ങളിൽനിന്നു വിമുക്തനായ ബാലചന്ദ്രന്റെ [ 82 ] മൃദുലകിരണങ്ങൾ ആ യുവതിയുടെ പൂമേനിയെ കുളുർപ്പിക്കുവാൻ തുടങ്ങി.

ബാലകൃഷ്ണമേനവന്റെ ശ്രദ്ധയെ ആകർഷിച്ച പുരുഷൻ ഇക്കരെ എത്തിയപ്പോഴേക്കും ബാലകൃഷ്ണമേനവനും അടുത്തുകൂടി. അവർ തമ്മിൽ അല്പനേരം സംസാരിച്ചതിന്റെശേഷം ബാലകൃഷ്ണമേനവൻ പരിവട്ടത്തുവീട്ടിന്റെ ഉള്ളിൽകൂടി വന്നവഴി സ്വന്തം വീട്ടിലേക്കും മറ്റവൻ പിന്നാക്കവും തിരിച്ചു. അമ്മുവിന്റെ ശിഷ്യത്തിയുടെ ചോദ്യങ്ങൾക്കു യാതൊരു സമാധാനവും പറയാതെ അവളെ പുഴക്കടവിലേക്കു ഓടിക്കുവാൻ വഴിയാക്കിത്തീൎത്തിട്ടു ചേരിപ്പറമ്പിൽ ചെന്നുകയറി കോലായിൽ നില്ക്കുമ്പോളാണു് ആറാമദ്ധ്യായത്തിൽ പറഞ്ഞപോലെ ദേവകിക്കുട്ടി ജ്യേഷ്ഠന്റെ നേരിട്ടുവന്നതു്. വീട്ടിൽനിന്നു കാൎയ്യവശാൽ പുറത്തേക്കുപോയിരിക്കുന്ന കുഞ്ഞിരാമൻനായരുടേയും കുമാരൻനായരുടേയും മനോഗതം, അമ്മു ശങ്കിച്ചതുപോലെ, ഭാസ്ക്കരമേനവനെ കാണുവാൻതന്നെയായിരുന്നു. അദ്ദേഹം കേസുകഴിഞ്ഞു തിരിച്ചുവരുംവഴി കണ്ടുമുട്ടുന്നതായാൽ എളവല്ലൂൎക്കു നടക്കാതെ കഴിക്കാമെന്നു കരുതി അവർ മജിസ്ത്രേട്ടുകോടതിയിലേക്കാണു പുറപ്പെട്ടതു്. അഥവാ സ്റ്റേഷൻ ആപ്സർ കോടതിജോലി എല്ലാം ഒതുക്കി എളവല്ലൂൎക്കു മടങ്ങിക്കഴിഞ്ഞുവെങ്കിൽ അപ്പോൾതന്നെ അവർ അങ്ങോട്ടു പോകുവാനും ഒരുക്കമായിരുന്നു. എങ്കിലും അവൎക്കു ഫലംകൂടാതെ അളന്നവഴി ആവൎത്തിച്ചളക്കേണ്ടതായിവന്നില്ല.

സ്റ്റേഷൻ ആപ്സൎക്കു ഹാജരാകുവാൻ സാധിക്കാഞ്ഞതിനാൽ 6-ാം൹ വിചാരണക്കു വച്ചിരുന്ന കവർച്ചക്കേസു 8-ാം൹ക്കാണു് നീട്ടിയിരുന്നതു്. നീട്ടിവച്ച കേസു [ 83 ] മുമ്പിലെടുത്തേക്കാമെന്നു വിചാരിച്ചു ഭാസ്ക്കരമേനോൻ അന്നേദിവസം കോടതികൂടിയപ്പോൾ അവിടെ ഹാജർ കൊടുത്തു. പക്ഷേ 'കോടയിയുക്താ' വിപരീതമായിരുന്നതിനാൽ കോടതി പിരിഞ്ഞതും സ്റ്റേഷൻ ആപ്സരുടെ ജോലി ഒതുങ്ങിയതും ഒട്ടു യോജിച്ചിട്ടായിരുന്നു. അദ്ദേഹം അവിടെനിന്നു ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കുഞ്ഞിരാമൻനായരും കുമാരൻനായരും എതിരായിട്ടുവരുന്നതും പഞ്ചപുഛമടക്കി പിന്നാലെ നടക്കുന്ന പരിവാരപ്പടയുടെ നായകനായ മജിസ്ത്രേട്ടിനു വഴി മാറിക്കൊടുക്കുന്നതും കണ്ടുവെങ്കിലും പടിവാതുക്കലെ തിരക്കുമൂലം വിചാരിച്ച വേഗത്തിൽ പുറത്തുകടന്നുകൂടുവാൻ കഴിഞ്ഞില്ല. ബഹളമൊന്നു ശമിച്ചതോടുകൂടി ഭാസ്ക്കരമേനോൻ അവരുടെ സമീപത്തു ചെന്നുചേൎൎന്നു.

'വിശേഷിച്ചു വല്ലതും ഉണ്ടായിട്ടോ? കാൎയ്യസ്ഥൻ ഇന്നു കാലത്തു വീട്ടിൽ വന്നിരുന്നു, അല്ലെ? പത്തുമണി കഴിഞ്ഞു പതിനൊന്നുമണിയോടുകൂടി കിഴക്കോട്ടു പോയിരിക്കണം. പരിവട്ടത്തുതന്നെ ഊണും പറ്റിച്ചിരിക്കുന്നു. ഞാൻ അങ്ങോട്ടു വരണമെന്നു വിചാരിക്കയായിരുന്നു. കണ്ടതേതെങ്കിലും നന്നായി, എന്നു നേരമ്പോക്കായിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു സംസാസിക്കുന്ന സമയത്തു ദൃഷ്ടി കുഞ്ഞിരാമൻനായരുടെ മുഖത്തായിരുന്നില്ല. ഉദാസീനമെന്നപോലെ വഴിയുടെ വലതുവശത്തു സഞ്ചരിക്കുകയായിരുന്നു. സ്റ്റേഷനാപ്സരുടെ വാക്കിൽനിന്നു കുഞ്ഞിരാമൻനായർ യഥാശ്രുതമായ അൎത്ഥം ഗ്രഹിച്ചിട്ടു്-

അല്ല! കാൎയ്യസ്ഥനെക്കണ്ടു സംസാരിക്കുക കഴിഞ്ഞുവോ? ഞങ്ങൾ ഈ വഴിയൊക്കെ നടന്നുവന്നതു നിഷ്ഫലമായി എന്നുണ്ടോ? എന്നു ചോദിച്ചതിനുത്തരമായി [ 84 ] 'ഇല്ല' എന്ന രണ്ടക്ഷരം ഒരു ചോദ്യത്തിനുകൂടി എട കൊടുത്തു. എന്നാൽ വല്ലവരും പറഞ്ഞിരിക്കാം അല്ലെ? എന്തിനു, 'അതും ഇല്ല' എന്നായിരുന്നു സമാധാനം. ഇതു ഭാസ്ക്കരമേനോൻ വിചാരിച്ചപോലെ ഫലിച്ചു. ചെപ്പിടിവിദ്യ കാട്ടുകയോ കടം പറയുകയൊ ചെയ്യുമ്പോൾ ബാലന്മാൎക്കുണ്ടാവുന്നതുപോലെയുള്ള ഒരത്ഭുതഭാവം കുമാരൻനായരുടെ മനസ്സിലുദിച്ചതു മുന്നോട്ടുതള്ളിയ മുഖത്തിലും മലൎക്കെ വിടൎന്നമിഴികളിലും ധാരാളം തെളിഞ്ഞിരുന്നു. കുമാരൻനായരുടെ മനസ്സിലുദിച്ച മുഖത്തുതെളിഞ്ഞ ആശ്ചൎയ്യഭാവം വാചകരൂപേണ സ്റ്റേഷനാപ്സരുടെ ചെവികളിലേക്കു പകൎത്തിയതു കുഞ്ഞിരാമൻനായരായിരുന്നു.

'പിന്നെയെങ്ങിനെയാണു് നിങ്ങൾക്കിതു മനസ്സിലായതു്?'

'കാൎയ്യസ്ഥനെ കണ്ടുകിട്ടിയാൽ വിവരം ചോദിച്ചറിഞ്ഞു എന്നോടു വന്നു പറഞ്ഞുകൊള്ളാമെന്നു നിങ്ങൾ തന്നെ ഏറ്റിട്ടില്ലെ?'

കാൎയ്യസ്ഥന്റെ ചരിത്രം മുഴുവനും ഇതുകൊണ്ടാറിയാറായോ?

ഇതുകൊണ്ടു നിങ്ങൾ കാൎയ്യസ്ഥനെ കണ്ടു എന്നു ഊഹിക്കരുതേ. നിങ്ങളുടെ പടിക്കൽ മുൻഭാഗം അധികം പതിഞ്ഞിട്ടുള്ള കുറെ അടികൾ കണ്ടു. മുടന്തന്മാരുടെയാണെങ്കിൽ രണ്ടടികളും ഒരുപോലെയായിരിക്കുവാൻ തരമില്ല. മുടമ്പുയൎത്തി നടക്കുന്ന ചില വകക്കാരുണ്ടു്. അവരുടെയാണെങ്കിൽ ഉപ്പുകുറ്റി മണ്ണിൽപതിഞ്ഞു കാണുവാനും വഴിയില്ല. ഈ സംഗതികളിൽനിന്നു കൂനുള്ള ഒരാളുടെ ആയിരിക്കണമെന്നല്ലേ വിചാരിക്കേണ്ടതു്? [ 85 ] അടിയുടെ ആകൃതിയും വലിപ്പവും നോക്കിയപ്പോൾ കാൎയ്യസ്ഥന്റെതന്നെയെന്നു തീർച്ചയായി. ഞാൻ പരിവട്ടത്തേ പടികടന്നപ്പോൾ പത്തുമണി കഴിഞ്ഞിരിക്കുന്നു. അടികളുടെ ഗതികൊണ്ടു അതുവരെ കാൎയ്യസ്ഥൻ തിരിച്ചുപോയിട്ടില്ലെന്നും മനസ്സിലായി.

പതിനൊന്നുമണിക്കു കിഴക്കോട്ടുപോയി എന്നും ഊണുകഴിഞ്ഞുവെന്നും എങ്ങിനെയാണു മനസ്സിലായതു എന്നു ചോദിച്ചതു കുമാരൻനായരാണു്.

'ഞാൻ പറഞ്ഞപോലെയുള്ള അടികൾ കാണുന്നുണ്ടോ എന്നു വഴിയുടെ വലത്തുപുറത്തുള്ള മണൽപ്രദേശത്തുനോക്കു. അവയുടെ പോക്കു കിഴക്കോട്ടല്ലേ? അവയിൽ ചിലതു കോടതിക്കു വരുന്നവരുടെ കാലടികളെക്കൊണ്ടു കാണാതെയായിട്ടുണ്ടു്. പതിനൊന്നുമണിയോടുകൂടി ആളുകളും കോടതിയിലെത്തിക്കഴിഞ്ഞഇരിക്കുന്നു. വിശേഷിച്ചു തെളിഞ്ഞിട്ടുള്ള അടികൾ അടുത്തടുത്തിരിക്കുന്നില്ലെ. ഒന്നു നോക്കൂ കൂനുള്ളവൎക്കു വയറു നിറഞ്ഞഇരിക്കുമ്പോൾ കാലകത്തിവയ്ക്കുവാൻ സാധിക്കില്ല. പിന്നെ പരിചയക്കാരുടെ വീട്ടിൽ കാലത്തുചെന്നു ഉച്ചവരെ താമസിച്ചാൽ പട്ടിണിയിട്ടു പറഞ്ഞയക്കാറുണ്ടോ?'

'ഇനി കാറ്റിന്റെ ഗതിയിൽനിന്നു കാൎയ്യസ്ഥൻ പറഞ്ഞതുകൂടി മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞങ്ങൾ വന്നവഴിയെ പൊയ്ക്കൊള്ളാം. നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട' എന്നു കുഞ്ഞിരാമൻനായർ പറഞ്ഞതിൽ പ്രകൃതിശാസ്ത്രവിരുദ്ധമായ ഒരു പ്രയോഗം കുമാരൻനായൎക്കത്ര സുഖമായില്ല.

'നല്ലവണ്ണം മനസ്സിരുത്തുവാനുള്ള മിടുക്കും അതിനടുത്ത പരിചയവും ഉള്ളവൎക്കു വായുവിന്റെ എത്രയും സൂക്ഷ്മമായ [ 86 ] ചലനഭേദത്തിൽനിന്നു ഏറ്റവും കലൎന്നിട്ടുള്ള ശബ്ദവുംകൂടി വർതിരിച്ചറിയുവാനുള്ള പ്രത്യേകശക്തി ഉണ്ടാവുന്നതല്ലെന്നു സിദ്ധാന്തിക്കുന്നില്ല. പക്ഷെ ഞാൻ അതു ശീലിച്ചിട്ടില്ല. അതുകൊണ്ടു കാൎയ്യസ്ഥൻ ഇന്നു നിങ്ങളോടു പറഞ്ഞതു എനിക്കു മനസ്സിലാവണമെങ്കിൽ നിങ്ങൾ പറഞ്ഞുകേൾക്കുകതന്നെവേണം. വരൂ ഇനി ഏതെങ്കിലും അമാന്തിക്കേണ്ട, നടക്കുന്നവഴിക്കു സംസാരിക്കാം' എന്നു പറഞ്ഞു കുഞ്ഞിരാമൻനായരൊരുമിച്ചു നടന്നുതുടങ്ങി. കുമാരൻനായർ അടുത്തു പിന്നാലെയും പുറപ്പെട്ടു.

വളരെ താഴ്ന്ന ശ്രുതിയിലാണു് അവർ തമ്മിൽ സംസാരിച്ചിരുന്നതു്. സംഭാഷണത്തിന്റെ അധികം ഭാഗവും കുഞ്ഞിരാമൻ നായരുടെ ഓഹരിയിൽപ്പെട്ടതായിരുന്നു. പിന്നാക്കം തിരിഞ്ഞു 'അല്ലേ' കുമാരാ എന്നു ചോദിക്കുമ്പോൾ, അമ്മാവൻ പറഞ്ഞതിനെ ശരിവയ്ക്കുകയൊ, അമ്മാവന്റെ ഓൎമ്മയെ സഹായിക്കുകയോ ചെയ്യുക മാത്രമേ മരുമകനു ഭാരമുണ്ടായിരുന്നുള്ളു. സ്റ്റേഷനാപ്സരുടെ ജോലി എടയ്ക്കു ചില ചോദ്യങ്ങൾ ചോദിക്കുക മാത്രമായിരുന്നു. ഇങ്ങനെ 'മരണപത്രിക'യെന്നും, 'ശിഷ്യ'നെന്നും, 'ശങ്കരമേനവ'നെന്നും, 'ദേവകിക്കുട്ടി'യെന്നും 'ഒപ്പിട്ടുവോ' എന്നും 'അങ്ങനെയല്ല; ബാലകൃഷ്ണമേനവന്റെ ആവശ്യപ്രകാരം ഇതിന്നുമുമ്പും അമ്മു അവരെ കാണുവാൻ പോയിട്ടുണ്ടു്' എന്നും മറ്റും പറഞ്ഞും ചോദിച്ചും തെറ്റു തീൎത്തും അവർ മൂന്നുപേരും ശിവക്ഷേത്രത്തിങ്കലോളം എത്തി. ഇവിടെവെച്ചു കുഞ്ഞിരാമൻനായർ പിന്നാക്കം തിരിഞ്ഞു-

'കുമാരാ, കുമാരൻ പോയി കുഞ്ഞുണ്ണിനായരിൻസ്പെക്ടർ വന്നിട്ടുണ്ടോ, ഇല്ലെങ്കിൽ എന്നുവരും എന്നൊക്കെ [ 87 ] അന്വേഷിച്ചുവരു. വന്നിട്ടുണ്ടെങ്കിൽ കാൎയ്യസ്ഥൻ എന്നാണു് ഹാജരാവേണ്ടതു എന്നുകൂടി അറിഞ്ഞുവരണം' എന്നു മരുമകനോടു കല്പിച്ചിട്ടു ഭാസ്ക്കരമേനവനോടുംകൂടി പരിവട്ടപ്പാടത്തേക്കുള്ള ഇടവഴിയിലേക്കു തിരിച്ചു.

കുമാരൻനായർ 'ഉപ്പുംകൊള്ളാം, വാവും കളിക്കാം' എന്നു കരുതി സല്ലാപരംഗം പ്രവേശിപ്പാനായി ശിവൻകാട്ടിലേക്കു പുറപ്പെട്ടപ്പോൾ കുഞ്ഞുകൃഷ്ണൻ അത്താഴത്തിനുള്ള അരിയും വാങ്ങിക്കൊണ്ടു ചേരിപ്പറമ്പിലേക്കുള്ള യാത്രയായിരുന്നു.

കുഞ്ഞുകൃഷ്ണാ! എന്നു കൈകൊട്ടി വിളിച്ചപ്പോൾ അയാൾ, പെട്ടെന്നു തിരിഞ്ഞു കുമാരൻനായരെക്കണ്ട താമസം, അവിടെത്തന്നെ നിന്നു. എന്നിട്ടു നെറ്റി ചുളിച്ചു വായ് ഒരു പുറത്തേക്കു കോട്ടി എന്തെന്നില്ലാത്ത അസഹ്യതയുള്ളതുപോലെ-

എന്താ വേണ്ടതു എന്നു കഴുത്തുവെട്ടിച്ചുകൊണ്ടു ചോദിച്ചു. ഇതു കഴിഞ്ഞപ്പോൾതന്നെ കുമാരൻനായൎക്കു സാമാന്യത്തിലധികം തൃപ്തിയായി എങ്കിലും ആവശ്യം തന്റേതായിപ്പോയല്ലോ എന്നു വിചാരിച്ചു ഒരു ദീർഘശ്വാസത്തോടുകൂടി-

'ഇൻസ്പെക്ടർ ചേരിപ്പറമ്പിലുണ്ടോ?' എന്നു ചോദിച്ചു. 'ഇല്ല' എന്നുമാത്രം മറുപടിപറഞ്ഞു കുഞ്ഞുകൃഷ്ണൻ തിരിയും മുമ്പു്-

'എന്നുവരും' എന്നുകൂടി ചോദിക്കുവാൻ കുമാരൻനായൎക്കു ക്ഷമയുണ്ടായി. ഇതിന്നുത്തരമായി നാളെ എന്നു ഉറക്കെയും അവനോന്റെ ജോലിനോക്കിയാൽമതിയെന്നു പതുക്കയും പറഞ്ഞുകൊണ്ടു കുഞ്ഞുകൃഷ്ണൻ അവന്റെ പാടുനോക്കി നടന്നു. [ 88 ] ഈ സമയത്തു ദേവകിക്കുട്ടി കുമാരൻനായരെ കാത്തുകൊണ്ടു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്നതും കുമാരൻനായർ അവിടെ ചെന്നപ്പോൾ നേരെ വൈകിയതും അവിടെവച്ചുണ്ടായ സംഭാഷണത്തിൽനിന്നു കുഞ്ഞുകൃഷ്ണൻ പറഞ്ഞതു പൊളിയല്ലെന്നു കുമാരൻനായൎക്കു മനസ്സിലാകുവാൻ എടായതും വായനക്കാർ ഓൎക്കുന്നുണ്ടല്ലൊ.

ഇനി വായനക്കാരുടെ ശ്രദ്ധ കുഞ്ഞിരാമൻനായരുടേയും സ്റ്റേഷനാപ്സരുടേയും ഗതിയേയും പ്രവൃത്തിയേയും അല്പനേരത്തേക്കു പിന്തുടരട്ടെ. ഇവർ കുമാരൻനായരോടു വേർപിരിഞ്ഞു പരിവട്ടപ്പാടത്തിന്റെ തെക്കേക്കരക്കൽ മഹർഷിമാരുടെ ആശ്രമംപോലെ ശാന്തമായ ഒരു വീട്ടിനെ ലക്ഷ്യമാക്കിക്കൊണ്ടാണു നടന്നിരുന്നതു്.

പഴക്കംചെന്നതും സകലതും പരിഷ്കാരംകൊണ്ടു വെള്ളയടിക്കുന്നതിനു മുമ്പു നാഗരികത്വത്തിന്റെ ബാധയേൽക്കാത്തതായ ഒരു നാടൻ പാപ്പിടത്തിന്റെ മാതൃക ഒരു നോക്കു കണ്ടാൽ കൊള്ളാമെന്നു ആഗ്രഹിക്കുന്നവർ പരിവട്ടപ്പാടത്തിറങ്ങി തൊക്കോട്ടു തിരിഞ്ഞുനോക്കിയാൽ മതി. കൃത്രിമമോടിയുടെ ശകലംപോലും മേലേവീട്ടിൽ കയ്മളുടെ പടിക്കടുത്തു ചെന്നിട്ടില്ല. പടിമുതൽ പുരമുകളുവരെ പ്രകൃതിദേവി പ്രസാദിച്ചുകൊടുത്തിട്ടുള്ള ഉപകരണങ്ങളെ കഴിയുന്നതും കേടുപാടുവരുത്താതെയാണു ഉപയോഗിച്ചിട്ടുള്ളതു്. പടിയുടെ സ്ഥാനത്തുള്ള കടമ്പ വാക്കത്തിയുടെ ഉപദ്രവം വളരെ അനുഭവിച്ചിട്ടില്ല. പാടത്തു കിടന്നിരുന്ന കഴിമണ്ണിനു മേലേവീട്ടിൽ ഭിത്തിയുടെ പദവി ലഭിക്കത്തക്കയോഗം ഉണ്ടായി എങ്കിലും സഹജമായ പ്രകൃതിക്കു അധികമൊന്നും മാറ്റം വന്നിട്ടില്ല. വയ്ക്കോലുകൊണ്ടു മേഞ്ഞു 'ഞറള' വള്ളികൊണ്ടു കെട്ടിയുറപ്പിച്ചിട്ടുള്ള മേൽപുര പ്രകൃതിദേവിയുടെ മഞ്ഞു, മഴ, വെയിലു [ 89 ] മുതാലായ ദോഷകോപങ്ങളെ തടുക്കുവാനല്ലാതെ മോടിക്കു ലവലേശം മോഹിച്ചിട്ടില്ല. കൊങ്ങിണിച്ചെടി, കരിഞ്ഞോട്ട, മുരിക്കു, മുള, അടമ്പ, മുണ്ട മുതലായ ചെടികളും വൃക്ഷലതാദികളും കൂടിപ്പിണഞ്ഞു ബന്ധിക്കപ്പെട്ടിട്ടുള്ള വേരിലും പ്രകൃതിദേവിയുടം വിളയാട്ടംതന്നെ. പറമ്പിൽ എല്ലാടവും സുഭിക്ഷമായ വളൎന്നു തെളിഞ്ഞിട്ടുള്ള സസ്യാദികൾ നയനാനന്ദകരങ്ങളെന്നേ പറയേണ്ടതുള്ളഉ. ആകപ്പാടെ നോക്കുന്നതായാൽ ഈ വീട്ടിൽ ദരിദ്രഭാവത്തേക്കാൾ അല്പവൃത്തിയിലുള്ള സംതൃപ്തിയും മോഹങ്ങളുടെ മിതഭാവവുമാണു അദികം പ്രകാശിച്ചുകാണുന്നതു്.

കുഞ്ഞിരാമൻനായർ കടമ്പ കയറിക്കടക്കുന്നതുകണ്ടു കോലായിൽ നിന്നിരുന്ന 'ശിന്നൻ' അകത്തേക്കു ചാടി ഓടി. സ്റ്റേഷനാപ്സർ പറമ്പും പുരയും തന്റെ ദൃഷ്ടിവിഭ്രമത്താൽ ഉഴിഞ്ഞുകൊണ്ടു പടിക്കകത്തു പ്രവേശിച്ചതോടുകൂടി വൃദ്ധനായ കയ്മളും പരിഭ്രമിച്ചു മിറ്റത്തു ചാടിവീണു. കുഞ്ഞിരാമൻനായരുടെ തുണയായിട്ടു സ്റ്റേഷനാപ്സരാണെന്നു കണ്ടപ്പോൾ പരിഭ്രമം ഒന്നുകൂടി വർദ്ധിച്ചു. കയ്മളുടെ പാരവശ്യം കണ്ടു കുഞ്ഞുരാമൻനായർ-

'ദാമോദരമേനോൻ കഴിഞ്ഞതോടുകൂടി കയ്മൾ ഞങ്ങളെ ഒക്കെ മറന്നുവെന്നു തോന്നുന്നു. എന്നു ചിരിച്ചുകൊണ്ടുാണു പറഞ്ഞതു്. കയ്മൾക്കു ഇതിന്റെ സാരം മനസ്സിലായില്ല. എങ്കിലും കുഞ്ഞിരാമൻനായരുടെ പ്രസന്നഭാവം കയ്മൾക്കു ധൈൎയ്യത്തെ ഉണ്ടാക്കിത്തീൎത്തു.

'എന്റെ ഏമാന്നെ, ഏമാനന്മാരുടെ കൃപകൊണ്ടല്ലെ ഈ കുഞ്ഞുകുട്ടിപരാധീനത്തിനു നാഴി കഞ്ഞികുടിക്കുവാൻ വകയായതു്? എന്റെ ജീവനുള്ള കാലത്തു ഞാൻ എങ്ങിനെയാണു ഏമാനന്മാരെ മറക്കുന്നതു്?' [ 90 ] 'എന്നാൽ പുളിങ്ങോട്ടുനിന്നു കയ്മൾക്കു തീറുതന്ന ശീട്ടിന്റെ കാൎയ്യത്തെപ്പറ്റി എന്താ ഞങ്ങളോടൊന്നും പറയാഞ്ഞതു്? കയ്മൾക്കു ഗുണംവരുന്നകാലത്തു ഞങ്ങളും കേട്ടു സന്തോഷിക്കേണ്ടവരല്ലെ?'

'അയ്യോ അന്നു ഞാൻ പരിവട്ടത്തു വന്നിരുന്നു. ഏമാനന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അമ്മുക്കുട്ടിയോടു വൎത്തമാനമൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കൊന്നും കിട്ടിയില്ലെങ്കിലും എന്റെ ഈശ്വരാ! എന്റെ ഏമാനന്മാർ സുഖമായിട്ടിരുന്നാൽ മതിയായിരുന്നു' എന്നു ദാമോദരമേനവനേയും കിട്ടുണ്ണിമേനവനേയും ഉദ്ദേശിച്ചു പറഞ്ഞുകൊണ്ടു കയ്മൾ കരഞ്ഞുതുടങ്ങിയപ്പോൾ കുഞ്ഞുരാമൻനായരുടെ ഇടനെഞ്ഞു പിടച്ചു തുടങ്ങി. ഈ അവസരത്തിൽ ഭാസ്കരമേനോൻ —

'ശീട്ട്' എത്ര ഉറുപ്പികയുടേതാണു്? തീറാധാരം എടുത്തുകൊണ്ടുവരു, നോക്കട്ടെ, എന്നു പറഞ്ഞതുകേട്ടു, കയ്മൾ അകത്തേക്കുപോയി ആധാരവും ഒരു കൈവിളക്കും എടുത്തുകൊണ്ടു വരുന്നതിനിടയ്ക്കു കുഞ്ഞിരാമൻനായൎക്കു വിശ്രമിക്കുവാൻ ഇടകിട്ടി. സ്റ്റേഷനാപ്സർ ആധാരംവാങ്ങി വായിച്ചുനോക്കിയപ്പോൾ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ ഒസ്യത്തിലെ നിശ്ചയപ്രകാരം ടിയാന്റെ നേരെജ്യേഷ്ഠനായി മരിച്ചുപോയ ദാമോദരമേനവന്റെ ശിഷ്യനായിരുന്ന മേലേവീട്ടിൽ കൃഷ്ണൻനാരായണൻ കയ്മൾക്കു, ദാമോദരമേനവന്റെ മരണപൎയ്യന്തം അദ്ദേഹത്തിനുവേണ്ടി ബുദ്ധിമുട്ടിയിട്ടുള്ളതിന്നു ഏതാനും പ്രതിഫലമായി, കീറിക്കൽ ഔസേപ്പിനു നൂറ്റുക്കു മുക്കാൽവീതം കൂടുന്ന പലിശയും അഞ്ഞൂറുറുപ്പിക കൊടുത്തു എഴുതിവാങ്ങീട്ടുള്ള ശീട്ടു തീറുകൊടുത്തിട്ടുള്ളതാണെന്ന വിവരം മനസ്സിലായി. [ 91 ] സ്റ്റേഷനാപ്സർ ആധാരം വായിക്കുന്നതിനിടയ്ക്കു 'ഏമാനന്മാർ നില്ക്കുന്നുവല്ലോ' എന്നു വിചാരിച്ചു പായ് കൊണ്ടുവന്നു കോലായിൽ വിരിക്കുവാൻ അകത്തു പതുങ്ങിനിന്നു നോക്കുന്നവരോടു ആംഗ്യം കാണിക്കുന്നതുകണ്ടു കുഞ്ഞിരാമൻനായർ—

'വേണ്ടാ ഞങ്ങൾക്കു അധികം താമസിക്കുവാൻ ഇടയില്ല' എന്നു പറഞ്ഞു, സ്റ്റേഷനാപ്സരുടെ വായന കഴിയുന്നതുവരെ കാത്തുനിന്നിട്ടു രണ്ടുപേരുംകൂടി പരിവട്ടത്തേക്കു തിരിച്ചു. കയ്മൾ വിളക്കുംകൊണ്ടു അനുയാത്ര ഉത്സാഹിച്ചപ്പോൾ 'വേണ്ട, കയ്മൾ ബുദ്ധിമുട്ടേണ്ട' എന്നുപറഞ്ഞു ആധാരവും കൊടുത്തു തിരിയെ അയച്ചു.

സ്റ്റേഷനാപ്സർ പരിവട്ടത്തുചെന്നു കാപ്പി കഴിഞ്ഞു പുറപ്പെട്ടപ്പോൾ കുമാരൻനായർ എത്തിക്കഴിഞ്ഞിട്ടില്ല. അമ്മുവിന്റെ ശിഷ്യത്തി ഏതാണ്ടൊക്കെ തന്നത്താൻ മന്ത്രിച്ചുകൊണ്ടു് മിറ്റത്തു നില്ക്കുന്നുണ്ടായിരുന്നു. പത്തുമിന്നിട്ടോളം അവളായിട്ടുള്ള സംവാദത്തിൽ ചിലവഴിച്ചതിന്റെ ശേഷമേ ഭാസ്കരമേനോൽ പടിക്കു പുറത്തേക്കു കടന്നുള്ളു. എളവല്ലൂൎക്കുകാൽനടയ്ക്കു പോവുകയാണെങ്കിൽ ബുദ്ധിമുട്ടിനു പുറമെ അവിടെ എത്തുമ്പോൾ നേരം കുറെ വൈകുകയും ചെയ്യുമെങ്കിലും സ്റ്റേഷനാപ്സൎക്കു വണ്ടിപിടിച്ചെങ്കിലോ എന്നു മനോരാജ്യം തന്നെയുണ്ടായില്ല.

വഴിയിലിറങ്ങി കിഴക്കോട്ടൊന്നു നോക്കി ഉദയപൎവ്വതത്തിനടുത്തു ലഘുക്കളായ കാർമേഘങ്ങളോടു ഇടകലൎന്നിട്ടുള്ള ശുഷ്ക്കമേഘങ്ങൾ ശുദ്ധിചെയ്യാത്ത പഞ്ഞിക്കൂട്ടംപോലെ, ശിഖരോപശിഖരങ്ങളായി വന്നുകൂടീട്ടുണ്ടു്. അതൊന്നും കൂട്ടാക്കാതെ മുറുകിനടന്നു. പാലത്തിന്റെ അക്കരപ്പറ്റാറായപ്പോഴേക്കും ആകാശത്തെ പ്രകൃതമൊക്കെ [ 92 ] മാറി. നഭസ്ഥലം ഒരു പോൎക്കളംപോലായായി, വെളുത്ത മേഘങ്ങളെല്ലാം കറുത്തിരുണ്ടു, രണാങ്കണത്തിൽ പടയാളികളെന്നപോലെ, കാറ്റടിച്ചുകൊണ്ടു അങ്ങുമിങ്ങു പാഞ്ഞുതുടങ്ങി, ചന്ദ്രൻ മറഞ്ഞു. ഇടിവെട്ടിത്തുടങ്ങി, മിന്നൽ പാളിത്തുടങ്ങി. ഇരുട്ടും ഒരുവിധം എല്ലാടവും വ്യാപിച്ചു.

ഈ കോലാഹലത്തിൽ സ്റ്റേഷനാപ്സരുടെ കുട കയ്യിൽനിന്നു പറന്നുപോയി. മറിഞ്ഞു മറിഞ്ഞുപോകുന്ന കുടയുടെ പിന്നാല ഓടിയെത്തി അതു എടുക്കുവാനായിട്ടു കുനിഞ്ഞപ്പോൾ പിന്നിൽനിന്നു ഇരിമ്പുകീടൻപോലെയുള്ള രണ്ടുകൈകൾ സ്റ്റേഷനാപ്സരെ വന്നു ചുറ്റിപ്പിടിച്ചതും വലത്തുകാലിന്റെ മുട്ടു മുതുകത്തു കയറ്റുവാൻ ആരംഭിച്ചതും സ്റ്റേഷനാപ്സർ ഒന്നുകൂടി പെട്ടെന്നു അണു കുമ്പിട്ടിട്ടു ഒഴിഞ്ഞുകിടക്കുന്ന തന്റെ കണങ്കൈകളേക്കൊണ്ടു പിന്നിൽ നില്ക്കുന്നവന്റെ ഇടത്തുകാലിന്മേൽ പിടിച്ചു മുന്നോട്ടുവലിച്ചു വിവൎന്നതും പിന്നിലുള്ളവർ സ്റ്റേഷനാപ്സരെ മാറത്തു താങ്ങിക്കൊണ്ടു മലൎന്നുവീണതും ഒരു ഞൊടിക്കുകഴിഞ്ഞു. ആ കിടപ്പിൽ സ്റ്റേഷനാപ്സർ മറഅറേവന്റെ അരക്കെട്ടിൽ ഒരു പിടിത്തം പിടിച്ചതോടുകൂടി കൈകൾ രണ്ടും അയഞ്ഞു. തത്സമയം ഭാസ്കരമേനോൻ പിമ്പുമറിഞ്ഞു മറ്റവന്റെ തലയ്ക്കൽ ചെന്നുനിന്നു. അവൻ പിടിച്ചെഴുന്നേറ്റു അടി ഉറപ്പിക്കുവാൻ ഇടകിട്ടുന്നതിനു മുമ്പു കാലുവച്ചു അവനെ കമഴ്ത്തി വീഴിച്ചു. തൽക്ഷണം എതിരാളിയുടെ കൈകൾ നിലത്തോടുചേൎത്തു പിടിച്ചു. സ്റ്റേഷനാപ്സർ അവന്റെ പുറത്തുകയറി ഇരിപ്പായി. അവിടെ ഇരുന്നുകൊണ്ടു കാൎയ്യം പറയിക്കുവാനുള്ള ആലോചന തുടങ്ങിയപ്പോൾ കിടന്നിരുന്നവർ എടുത്തിരുന്ന വിദ്യ സ്റ്റേഷനാപ്സർ വിചാരിക്കാതെകണ്ടുള്ളതായിരുന്നു. [ 93 ] അരക്കെട്ടുമുതൽ പെരുവിരൽവരെ വില്ലുപോലെ ഒടിവുകൂടാതെ വളച്ചു കാലിന്റെ പത്തികളെ ബലമായിട്ടു സ്റ്റേഷനാപ്സരുടെ കക്ഷങ്ങളിൽ തിരുകി പെട്ടെന്നുപൊക്കി പിന്നാക്കം ഒരേറുകൊടുത്തു. അതോടുകൂടി സ്റ്റേഷനാപ്സരും തലപ്പാവും തമ്മിൽ വേർപിരിഞ്ഞു, ശത്രുവിന്റെ സമീപത്തുനിന്നു ഏകദേശം ഒരു ദണ്ഡ് അകലെചെന്നുവീണു. സ്റ്റേഷനാപ്സൎൎക്കു കരുതിവീഴുവാൻ സംഗതിവരാഞ്ഞതുകൊണ്ടു് വീണേടം പുല്ലുതൂൎന്ന മണൽപ്രദേശമല്ലായിരുന്നുവെങ്കിൽ, പരുക്കു ധാരാളം പറ്റുമായിരുന്നു. ഈ വീഴ്ചയിൽ നിന്നു രക്ഷപ്പെട്ട സ്റ്റേഷനാപ്സർ എഴുന്നേറ്റപ്പോൾ എതിരാളിയും എഴുന്നേറ്റ തിരിഞ്ഞുനോക്കി ഓടുവാൻതുടങ്ങി. സ്റ്റേഷനാപ്സരും പിന്നാലെ പാഞ്ഞു. നദീതീരത്തുകൂടി കുറച്ചുനേരം ഇങ്ങിനെ ഓടി മത്സരിച്ചതിന്റെ ശേഷം നിശ്ചയമായിട്ടും പിടികൂടും എന്നു കണ്ടു മറ്റേവൻ വെള്ളത്തിലേക്കിറങ്ങി ഓടുംവഴി അഴിച്ചു തെയാറായിരുന്ന കുപ്പായം വലിച്ചെറിഞ്ഞു ഭാസ്ക്കരമേനവനും കൂടെച്ചാടി. മുട്ടിനു വെള്ളത്തിൽവച്ചു 'പടമിറ്റത്തു കുളത്തിൽ ഒരുമിച്ചുപയറ്റിയ മൊയ്തു അല്ലേ ഇതു്' എന്നു ചോദിച്ചുകൊണ്ടു അവനെ പൊത്തിപ്പിടിച്ചു. കൈവച്ചതു മല്ലയുദ്ധത്തിനിടക്കു അരക്കെട്ടിൽനിന്നും അല്പം പുറത്തോട്ടു തള്ളിപ്പോന്ന ഒരു ലക്കോട്ടിന്മേലാണു്. സ്റ്റേഷനാപ്സർ ലക്കോട്ടു വലിച്ചെടുത്തപ്പോൾ—

"എന്റെ കൊച്ചേമാന്നായാലും, മൊയ്തു കളവിൽ ചതിചെയ്യില്ല ഏമാന്നേ" എന്നു പറഞ്ഞു ലക്കോട്ടു തട്ടിപ്പറിക്കുവാൻ ഉത്സാഹിച്ചതിൽ ഉള്ളിലുള്ള എഴുത്തു മൊയ്തുവിന്റെ കയ്യിലും ലക്കോട്ടൂ സ്റ്റേഷനാപ്സരുടെകയ്യിലും പെട്ടു. ഉടനെ മൊയ്തു എഴുത്തു ചുരുട്ടി മിഴുങ്ങിക്കൊണ്ടു് അടുത്തുണ്ടായിരുന്ന കയത്തിലേക്കുചാടി മുങ്ങി. സ്റ്റേഷനാപ്സരും അവന്റെ പുറം ചാടി അതേദിക്കിൽതന്നെതാണു.


കുറിപ്പുകൾ[തിരുത്തുക]

  1. കൊട്ടോമ്പടി, കൊട്ടിയമ്പലം, പടിപ്പുര.