Jump to content

ഭാസ്ക്കരമേനോൻ/എട്ടാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
എട്ടാമദ്ധ്യായം
[ 67 ]
എട്ടാമദ്ധ്യായം

കുട്ടിക്കുരങ്ങിനെക്കൊണ്ടു മാന്തിച്ചചോർ

തട്ടിപ്പറിക്കുന്ന മൂത്തൻകുരങ്ങിനെ
കാട്ടിക്കൊതിപ്പിച്ചു ഗോഷ്ടി കാട്ടിക്കൊണ്ടു
കാട്ടിൽകടന്നങ്ങു ചാടിയോടുംവിധം.

'ആ തടസ്ഥവും തീൎന്നില്ലേ? ഇനി എന്തിനാണു് അമാന്തിക്കുന്നതു്? എനിക്കുവേണ്ടി ഒരു വാക്കു നിങ്ങൾ ചിലവഴിച്ചാൽ എന്റെ കാൎയ്യമെല്ലാം ഒരു നിമിഷത്തിൽ നടക്കുമല്ലോ? പിന്നെയെന്തിനാണിങ്ങനെയിട്ടുരുട്ടുന്നതു്? നിങ്ങളുടെ വാക്കു വിശ്വസിച്ചു എത്രനാളായി ഞാൻ ഒഴിഞ്ഞു നിൽക്കുന്നു! ഇതുകൊണ്ടെനിക്കു ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല. എന്നാലാവുന്നെടത്തോളം ഭാരം ഞാൻ വഹിച്ചുകഴിഞ്ഞു. ഇതിലധികം എന്നെക്കൊണ്ടു സാധിക്കയില്ല. ഇനിയും നിങ്ങൾ ബുദ്ധിമുട്ടിക്കുന്നതായാൽ അതുകൊണ്ടു വരുന്നഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും.'

കഷ്ടം! കഷ്ടം! ഇങ്ങനെയുള്ള സാഹസമൊന്നും പറയരുതേ. നൊമ്മൾ തമ്മിൽ ഇന്നും ഇന്നലയുമായിട്ടുള്ള വേഴ്ചയല്ലല്ലൊ. നിങ്ങളുടെ ഗുണത്തിനുവേണ്ടി എന്തെല്ലാം ഞാൻ ചെയ്തിട്ടുണ്ടു്! നെട്ടൂരുവീട്ടിലെ ശൂൎപ്പണഖയെ നിങ്ങളുടെ തലയിൽ കെട്ടിവയ്ക്കുവാൻ ഉത്സാഹിച്ചപ്പോൾ ഞാനല്ലെ നിങ്ങളെ സഹായിച്ചതു്? അതിന്റെ ശേഷം വീട്ടുകാരൊക്കെക്കൂടി നിങ്ങളെ തല്ലിക്കുവാൻ ശ്രമിച്ചപ്പോൾ ഞാനല്ലെ നിങ്ങളെ രക്ഷിച്ചതും അവരെ ഒതുക്കിയതും? ഈ കാൎയ്യത്തിലും നിങ്ങൾക്കുവേണ്ടി എന്തെല്ലാം ഞാൻ ചെയ്തിട്ടുണ്ടു്. ഇതൊന്നും ഓൎക്കാതെ നിങ്ങൾ [ 68 ] ഇങ്ങനെ പറയുന്നതു് എന്റെ കഷ്ടകാലം എന്നേ ഞാൻ വിചാരിക്കുന്നുള്ളു'

'നിങ്ങളുടെ മൌനത്തിന്റെ അൎത്ഥം മനസ്സിലാവാഞ്ഞിട്ടാണു ഞാനിപ്പറയുന്നതു്.'

'ഇതാണല്ലൊ ബുദ്ധിമുട്ടു്! തിടുക്കംകൊണ്ടു മതിമറന്നു നിങ്ങൾ വൈഷമ്യമൊന്നും കാണുന്നില്ല. മറ്റൊരുത്തൻ അതു ആലോചിക്കുവാൻ പുറപ്പെട്ടാൽ സമ്മതിക്കയുമില്ല. എന്തൊരു കഷ്ടമാണു്! ഞാൻ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടു്. കാൎയ്യം സാധിക്കുമെന്നും എനിക്കു നിശ്ചയമുണ്ടു്. പക്ഷെ, തോക്കിന്റെ ഉള്ളിൽ കേറി വെടിവച്ചാലൊ? എങ്ങനെ പോയാലും പത്തുപതിമൂന്നു ദിവസം കഴിയാതെകണ്ടു കാൎയ്യം നടത്തുവാൻ സാധിക്കയില്ലെന്നറിഞ്ഞുകൂടേ? അതിനുമുമ്പിൽതന്നെ പരിഭ്രമിച്ചാലോ? എന്തെല്ലാം വൈഷമ്യങ്ങളുണ്ടെന്നു് ആലോചിച്ചു നോക്കു.'

'എനിക്കൊന്നു കാണുവാനെന്താണു വിരോധം? അതിനും പതിമൂന്നുദിവസം കഴിയണൊ?'

'അതോ - അതു പറയാം - എന്നാൽ കേട്ടോളു - ഞാൻ ഇതൊക്കെ ആലോചിച്ചു വെച്ചിട്ടുണ്ടു്'.

'എന്നാൽ പിന്നെ എന്തിനാണു മടിക്കുന്നതു്? പറയരുതേ? മനസ്സിലായി, മനസ്സിലായി. ഇനിയും വഴിപ്പെട്ടിട്ടില്ല അതുതന്നെ.'

'ഐ! നിങ്ങളുടെ തല തണുത്തു കഴിഞ്ഞില്ല. ഇപ്പോൾ കാണുവാൻ അനുവദിച്ചാൽ വല്ലതും കടന്നു പൊട്ടിച്ചു എന്നു വന്നേയ്ക്കാം'

'ഒരു കാലത്തുമില്ല. അതുകൊണ്ടുള്ള ദേഷം എനിക്കു തന്നേയല്ലേ?' [ 69 ] 'എല്ലാവൎക്കുമുണ്ടു്. സ്നേഹമുള്ള ദിക്കിൽ വിശ്വാസവും ഉണ്ടാവും. വിശ്വസിക്കുവാനുള്ള സമയമായിട്ടില്ല.'

'എന്നാൽ കാൎയ്യംസാധിച്ചാലേ ഇതു ഞാൻതരുള്ളു.' എന്നു പറഞ്ഞു ഒരു കടലാസ്സു മടിയിൽ തിരുകി.

'വെറുതേ ശാഠ്യം പിടിക്കേണ്ട'. എന്നു രണ്ടാമത്തേ ആൾ പുഞ്ചിരിയോടുകൂടി പറഞ്ഞുകൊണ്ടു ആദ്യത്തവന്റെ മടിക്കുത്തിന്മേൽ കൈവെച്ചു.

'അരുതു കേട്ടോ! ഇതു കളിയാവില്ല' എന്നു ചുണ്ടും മൂക്കും വിറപ്പിച്ചുംകൊണ്ടു പറഞ്ഞിട്ടു ആദ്യത്തെ ആൾ പിന്നാക്കം മാറി.

'അല്ലാ! കളിവിട്ടു കാൎയ്യത്തിൽ കലാശിച്ചോ? മനസ്സുണ്ടായിട്ടു പതുക്കെ സംസാരിക്കു' എന്നു പറഞ്ഞു രണ്ടാമത്തെ ആൾ ആദ്യത്തവന്റെ പുറത്തൊന്നു തലോടി. അപ്പോൾ ഒന്നാമൻ-

'നിങ്ങൾക്കു വീണവായന. എനിക്കു പ്രാണവേദന. നിങ്ങൾ കുട്ടിക്കുരങ്ങിനെക്കൊണ്ടു ചോറുമാന്തിച്ചിട്ടു് എന്നെയിട്ടു വട്ടത്തിലാക്കുകയാണു്' എന്നു പറഞ്ഞു തേങ്ങിത്തേങ്ങി കരയുവാൻ തുടങ്ങി.

സമസ്താപരാധം. ഞാൻ പറഞ്ഞതൊക്കെ ക്ഷമിക്കണം. ഇത്ര കലശലാവുമെന്നു ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ നേരമ്പോക്കു കാണിക്കുവാനും പറയുവാനും പുറപ്പെടില്ലായിരുന്നു എന്നു രണ്ടാമൻ താഴ്മയോടുകൂടി പറഞ്ഞപ്പോൾ ഒന്നാമന്റെ മുഖം കുറഞ്ഞൊന്നു തെളിഞ്ഞു എങ്കിലും അവിശ്വാസം സൂചിപ്പിച്ചുകൊണ്ടു രണ്ടാമന്റെ നേരെ നോക്കിയതല്ലാതെ വ്യസനം മുഴുവനും അടക്കി അഭിപ്രായം തുറന്നു ചോദിക്കുവാൻ ശക്തനായില്ല. അപ്പോൾ രണ്ടാമൻ അയാളുടെ ഉള്ളറിഞ്ഞു്; [ 70 ] 'ഇന്നേയ്ക്കു ഏഴാംദിവസത്തിനകം വേണ്ടതൊക്കെ നടത്തിക്കഴിഞ്ഞിട്ടില്ലെങ്കിൽ, എന്നെ ഇങ്ങനെ വിളിച്ചോളു' എന്നു പറഞ്ഞു മുഖത്തിന്റെ നേരെ കയ്യൊന്നു ഞൊടിച്ചു. ഒന്നാമൻ പിന്നെയും യാതൊരക്ഷരവും ഉച്ചരിക്കാതെ ഉള്ളങ്കൈ നീട്ടി കാണിച്ചുകൊടുത്തു. രണ്ടാമൻ കയ്യടിച്ചതോടുകൂടി രണ്ടുപേരും തമ്മിൽ പിരിയുകയും ചെയ്തു.

ഈ ഗൂഢസംഭാഷണം നടന്ന പ്രദേശം നമ്മൾക്കു പരിചയമുള്ള കാടിന്റെ നടുവിൽതന്നെ ഒരു സ്ഥലമായിരുന്നു. ഈ അടവി ദേവകിക്കുട്ടിയും കുമാരൻനായരും തെരഞ്ഞെടുത്തിട്ടുള്ള സ്വൈരസല്ലാപരംഗത്തിൽനിന്നു വളരെ ദൂരത്തല്ല. ഗ്രീഷ്മകാലത്തെ മദ്ധ്യാഹ്നത്തിൽപോലും സൂര്യശ്മിക്കു പ്രവേശിക്കുവാൻ പഴുതുകൊടുക്കാത്ത ഈ കാന്താരമൎമ്മം ഭേദിക്കുവാൻ, പിറന്നിട്ടു നാലാംപക്കം പോലും കഴിയാത്ത ബാലചന്ദ്രന്റെ കിരണങ്ങൾ എത്രതന്നെ ശ്രമിച്ചാലും സാധിക്കുന്നതാണോ? ഈ അടവിയിൽ ഈന്തൽ, കൈത മുതലായ തൃണവൃക്ഷങ്ങൾ തിക്കിത്തിരക്കി നിൽക്കുന്നതിന്റെ മറവിൽ നിന്നുകൊണ്ടാണു് ഇവർ സംസാരിച്ചിരുന്നതു്.

സംവാദത്തിന്റെ ഇടയ്ക്കു ഒന്നാമന്റെ ശ്രുതി ക്രമത്തിനു മുഴുത്തുവന്നിരുന്നു എങ്കിലും, അതുകൊണ്ടുണ്ടായ ശബ്ദം ഗൂഢസംഭാഷണത്തെ പരസ്യമാക്കത്തക്ക വിധത്തിൽ പ്രകൃതരംഗംവിട്ടു അകലെയെങ്ങും വ്യാപിച്ചില്ല. അടവിയിൽ കുടിപാൎത്തിരുന്ന പക്ഷിവൎഗ്ഗങ്ങളെ ഇളക്കിത്തീൎത്തു അവയുടെ വിജനവാസസുഖത്തിനു ഭംഗം വരുത്തി അവിടെതന്നെ ഒതുങ്ങിയതേ ഉള്ളു. സ്വകാൎയ്യം പറവാൻ ഇങ്ങിനെയൊരു സ്ഥലം തേടിക്കണ്ടുപിടിച്ചതു [ 71 ] ഈവക സൗകൎൎയ്യങ്ങൾ ആലോചിച്ചിട്ടായിരിക്കാമെങ്കിലും അവിശ്വാസംകൊണ്ടോ മറ്റോ ഒന്നാമന്റെ ഒച്ച പൊങ്ങുംതോറും രണ്ടാമന്റെ മുഖത്തു സ്ഫുരിച്ചിരുന്ന അസ്വാസ്ഥ്യം വർദ്ധിച്ചുവരികയും, അയാൾ ഇടയ്ക്കിടെ ഇരുവശത്തേക്കും പകച്ചു നോക്കുകയും, ഉടനെതന്നെ ഒന്നാമന്റെ നേരെ തിരിഞ്ഞു വിരലുകളെക്കൊണ്ടു പതുക്കെ പറയുവാൻ ആംഗ്യങ്ങൾ കാണിക്കയും ചെയ്തിരുന്നു. എന്നാൽ ഒന്നാമൻ ഇതൊന്നും വകവച്ചിരുന്നില്ല. ഒടുവിൽ രണ്ടാമൻ മടിക്കുത്തിന്മേൽ കൈവച്ചതോടുകൂടി വ്യസനപരവശനും കോപാന്ധനും ആയി പിന്നാക്കം മാറിയപ്പോൾ അയാൾ ഓൎക്കാതെ ചെന്നു കൈതയിന്മേൽ കേറുകയും, മുണ്ടു കീറി തുട വ്രണപ്പെടുകയും ചെയ്തു.

ഇവർ സംഭാഷണം നിറുത്തി പിരിഞ്ഞപ്പോൾ അടവി മുഴുവനും അന്ധകാരംകൊണ്ടു നിറഞ്ഞുകഴിഞ്ഞു. പരിചയഭേദംകൊണ്ടോ മറ്റോ രണ്ടാമനു അപകടമൊന്നുംകൂടാതെ വഴി തിരിഞ്ഞുനടക്കുവാൻ സാധിച്ചുവെങ്കിലും, വേരു തടഞ്ഞിട്ടും മരത്തിന്മേൽ അടിച്ചിട്ടും, മുള്ളു തറച്ചിട്ടും വീണിട്ടും പൊട്ടീട്ടും ഒന്നാമൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും സങ്കടങ്ങൾക്കും അവധിയില്ലായിരുന്നു.