താൾ:ഭാസ്ക്കരമേനോൻ.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
90


'എന്നാൽ പുളിങ്ങോട്ടുനിന്നു കയ്മൾക്കു തീറുതന്ന ശീട്ടിന്റെ കാൎയ്യത്തെപ്പറ്റി എന്താ ഞങ്ങളോടൊന്നും പറയാഞ്ഞതു്? കയ്മൾക്കു ഗുണംവരുന്നകാലത്തു ഞങ്ങളും കേട്ടു സന്തോഷിക്കേണ്ടവരല്ലെ?'

'അയ്യോ അന്നു ഞാൻ പരിവട്ടത്തു വന്നിരുന്നു. ഏമാനന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അമ്മുക്കുട്ടിയോടു വൎത്തമാനമൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കൊന്നും കിട്ടിയില്ലെങ്കിലും എന്റെ ഈശ്വരാ! എന്റെ ഏമാനന്മാർ സുഖമായിട്ടിരുന്നാൽ മതിയായിരുന്നു' എന്നു ദാമോദരമേനവനേയും കിട്ടുണ്ണിമേനവനേയും ഉദ്ദേശിച്ചു പറഞ്ഞുകൊണ്ടു കയ്മൾ കരഞ്ഞുതുടങ്ങിയപ്പോൾ കുഞ്ഞുരാമൻനായരുടെ ഇടനെഞ്ഞു പിടച്ചു തുടങ്ങി. ഈ അവസരത്തിൽ ഭാസ്കരമേനോൻ —

'ശീട്ട്' എത്ര ഉറുപ്പികയുടേതാണു്? തീറാധാരം എടുത്തുകൊണ്ടുവരു, നോക്കട്ടെ, എന്നു പറഞ്ഞതുകേട്ടു, കയ്മൾ അകത്തേക്കുപോയി ആധാരവും ഒരു കൈവിളക്കും എടുത്തുകൊണ്ടു വരുന്നതിനിടയ്ക്കു കുഞ്ഞിരാമൻനായൎക്കു വിശ്രമിക്കുവാൻ ഇടകിട്ടി. സ്റ്റേഷനാപ്സർ ആധാരംവാങ്ങി വായിച്ചുനോക്കിയപ്പോൾ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ ഒസ്യത്തിലെ നിശ്ചയപ്രകാരം ടിയാന്റെ നേരെജ്യേഷ്ഠനായി മരിച്ചുപോയ ദാമോദരമേനവന്റെ ശിഷ്യനായിരുന്ന മേലേവീട്ടിൽ കൃഷ്ണൻനാരായണൻ കയ്മൾക്കു, ദാമോദരമേനവന്റെ മരണപൎയ്യന്തം അദ്ദേഹത്തിനുവേണ്ടി ബുദ്ധിമുട്ടിയിട്ടുള്ളതിന്നു ഏതാനും പ്രതിഫലമായി, കീറിക്കൽ ഔസേപ്പിനു നൂറ്റുക്കു മുക്കാൽവീതം കൂടുന്ന പലിശയും അഞ്ഞൂറുറുപ്പിക കൊടുത്തു എഴുതിവാങ്ങീട്ടുള്ള ശീട്ടു തീറുകൊടുത്തിട്ടുള്ളതാണെന്ന വിവരം മനസ്സിലായി.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/96&oldid=174011" എന്ന താളിൽനിന്ന് ശേഖരിച്ചത്