എന്റെ ഉടപ്പിറന്നവളെ കുണ്ടിൽചാടിക്കുവാൻ അമ്മുവിനു ധൈൎയ്യമുണ്ടെങ്കിൽ എന്നെ ചതിക്കുവാനും മടിയുണ്ടാവില്ല.'
'കഷ്ടം! എന്താണു നിങ്ങളിങ്ങനെ പറയുന്നതു്? ചിലതൊക്കെ സൂചിപ്പിച്ചു പറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണു ഞാൻ പറയുന്നതു്. അങ്ങനെയാണെങ്കിൽ നമ്മുടെ തറവാടുകൾ തമ്മിലുള്ള ബന്ധുത്വം വൎദ്ധിപ്പിക്കുവാനല്ലെ നമ്മൾ ഉത്സാഹിക്കേണ്ടതു്?'
ഈ സമയത്തു പാലത്തിന്മേൽ ഒരാൾവന്നു കയറുന്നതു ബാലകൃഷ്ണമേനവന്റെ ദൃഷ്ടിയിൽപ്പെട്ട ഉടനെ-
'എന്നെ വിശ്വാസമില്ലെങ്കിൽ ഇനി ഞാനിവിടെ വരുന്നില്ല' എന്നു പറഞ്ഞു പുഴവക്കിൽകൂടി ധൃതിപ്പെട്ടു നടന്നുതുടങ്ങി. ഇതെല്ലാം നേരംപോക്കായിരിക്കുമെന്നു കരുതി അമ്മു കുറച്ചുനേരം സ്വസ്ഥയായിട്ടു നിന്നു. മേനവൻ തിരിക്കുവാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ വിശ്വാസമില്ലാതെയായി. നടപ്പിന്റെ വേഗം ചുരുക്കുവാൻകൂടി ഭാവമില്ലെന്നു കണ്ടപ്പോൾ വല്ലാതെ വ്യസനിച്ചു. വൃത്തികെട്ട കടവിൽകൂടിത്തന്നെ മണൽപ്പുറത്തിറങ്ങി ഓടുവാൻ തുടങ്ങി. ബാലകൃഷ്ണമേനവൻ അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞു. ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട ആ യുവതി, കാലും കൈയും കുഴഞ്ഞു ഇരിക്കക്കുത്തായിട്ടു ചരലിൽ വീഴുകയും, പിന്നിച്ചിതറിക്കിടക്കുന്ന തലമുടിയെ കാറ്റിന്നധീനമാക്കി വസ്ത്രത്തിന്റെ അഗ്രംകൊണ്ടു മുഖവും മറച്ചു അതിദയനീയമാംവണ്ണം വിലപിക്കുവാൻ തുടങ്ങുകയും ചെയ്തു.
ഈ സമയത്തു്, അനാഥനായ ആ അബലാരത്നത്തെ സമാധാനപ്പെടുത്തുവാനോ എന്നു തോന്നുമാറു കാർമേഘങ്ങളിൽനിന്നു വിമുക്തനായ ബാലചന്ദ്രന്റെ