ജി. പി./തിരികെ ഇന്ത്യയിലേയ്ക്കു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
തിരികെ ഇന്ത്യയിലേയ്ക്കു്

[ 64 ]

൬. തിരികെ ഇന്ത്യയിലേക്കു്


ഇംഗ്ലണ്ടിൽനിന്നു മടങ്ങിയെത്തിയ ജി.പി.ക്കു് നാട്ടുകാരിൽനിന്നു് ഹാർദ്ദമായ ഒരു സ്വീകരണം ലഭിച്ചു. ഇംഗ്ലണ്ടിലെ തന്റെ അനുഭവങ്ങളെപ്പററി അദ്ദേഹം ഒരു പ്രസംഗപരമ്പര നടത്തി. അന്നത്തെ സാധാരണ ഇന്ത്യൻദേശീയ വാദികളെപ്പോലെ ജി.പി. ക്കും ബ്രിട്ടീഷ് ജനതയെപ്പററി അതിരററ മതിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മഹത്തായ ഒരു സ്വപ്‌നം യാഥാർത്ഥ്യമായിപ്പരിണമിച്ചതുപോലുള്ള ഒരു തോന്നലാണു് ഇംഗ്ലണ്ടു് സന്ദർശനാനന്തരം അദ്ദേഹത്തിനുണ്ടായിരുന്നതു്. മടക്കയാത്രയിൽ അദ്ദേഹം തന്റെ അനുഭവങ്ങളെപ്പററി ഇങ്ങനെ എഴുതി:

"ബ്രിട്ടീഷ് ജനതയുടെ മഹത്തായ ശക്തി, പ്രതാപം, പാടവം, ഋജുബുദ്ധി മുതലായവയെപ്പററി അടിയുറച്ച വിശ്വാസത്തോടുകൂടിയാണു് ഞാൻ ഇന്ത്യയിലേക്കു മടങ്ങുന്നതു്. ഇൻഡ്യയുടെ നിലനില്പോ പതനമോ ബ്രിട്ടനെ ആശ്രയിച്ചിരിക്കുന്നു. ഈ ആശയം ഒരു യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏക മാർഗ്ഗം ബ്രിട്ടന്റെയും ഇന്ത്യയുടെയും താല്പൎയ്യങ്ങൾക്കു് ഒരു പൊരുത്തമുണ്ടാക്കുകയാണു്. നിർഭാഗ്യകരമായ പരിതസ്ഥിതിയിൽ ഇന്നു് ഈ രണ്ടു് ജനവിഭാഗങ്ങളേയും അകററി നിർത്തുന്ന ഒരു വിടവുണ്ടു്. നിറഭേദം കൊണ്ടുണ്ടായിട്ടുള്ള ഈ ഭിന്നത ഇല്ലായ്‌മ ചെയ്യേണ്ടതാവശ്യമാണു്. ബ്രിട്ടനിൽ ഇങ്ങനെയൊരു വ്യത്യാസമില്ല; പിന്നെ [ 65 ] ഇൻഡ്യയിൽ അതു്എന്തിനാണു് ആചരിക്കുന്നതു്? ലണ്ടനിലെ തെരുവീഥികളിൽ എന്നെ ആളുകൾ തുറിച്ചുനോക്കിയിട്ടുണ്ടു്. എഡിൻബറോയിൽ അങ്ങുമിങ്ങും ഓടിനടന്നിരുന്ന കൊച്ചു കുട്ടികൾ എന്നെ കാണുവാൻ പെട്ടെന്നു് കളിനിർത്തി നിന്നിട്ടുണ്ടു്. ഡബ്‌ളിനിലെ സുന്ദരിമാർക്കു് എന്നെ കണ്ടപ്പോൾ ചിരി അടക്കുവാൻ വിഷമമായിരുന്നു. വേത്സിന്റെ പ്രാന്തപ്രദേശത്തുള്ള ചെസ്റ്ററിൽ സ്നേഹമയികളായ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്കു് ഈ 'കറുത്തമനുഷ്യനെ' ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടു്. പക്ഷേ ഇംഗ്ലണ്ടിലോ സ്കോട്ട്‌ലണ്ടിലോ അയർലണ്ടിലോ വെയിത്സിലോ എന്നെപ്പററി നിർദ്ദയമായി ഒരു വാക്കുപോലും ആരും എന്നോടുപറഞ്ഞിട്ടില്ല. അവിടങ്ങളിലെ ജനങ്ങൾ എന്നോടു് അത്യന്തം മര്യാദയോടുകൂടിയാണു് പെരുമാറിയതു്; എന്നുമാത്രമല്ല, അവർ എന്നെ പ്രീതിപ്പെടുത്തുവാൻ ഉത്സുകരുമായിരുന്നു.........

"ഏററവും ചുരുങ്ങിയ എന്റെ ഇംഗ്ലണ്ടു് സന്ദർശനക്കാലത്തു് രാജകുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവുമായി ഒരു അഭിമുഖസംഭാഷനത്തിനു ശ്രമിക്കുന്നതിനെന്നല്ല, ഒരു പ്രഭുവിനെ നേരിട്ടു കാണുന്നതിനു പോലും ഉത്സാഹിക്കാതിരുന്ന ഞാൻ മാന്യമായി കാലയാപനം ചെയ്യുന്ന ഇടത്തരക്കാരായ സ്ത്രീ പുരുഷന്മാരുമായിട്ടാണു് കൂടിക്കഴിഞ്ഞതു്. അവിടത്തെ ജനങ്ങളുടെ ജീവിതരീതികളുടെ ഉള്ളുകള്ളികൾ എനിക്കു [ 66 ] ഏറെക്കുറെ മനസ്സിലാക്കുവാൻ സാധിച്ചുവെന്നു് സാമാന്യമായിപ്പറയാം. അവരുടെ ഇടയിൽ ത്യാജ്യങ്ങളായ പല ആചാരങ്ങളും ഉണ്ടെങ്കിലും ഭാരതീയരായ നമുക്കു് അവരിൽനിന്നു് പകർത്തുവാനും പഠിക്കുവാനും പലതുമുണ്ടെന്നു സമ്മതിക്കണം. ആകപ്പാടെ ഹൈന്ദവങ്ങളായ പല ഗാർഹികാചാരങ്ങളിലുമുള്ള എന്റെ വിശ്വാസം പാശ്ചാത്യപരിഷ്കാരവുമായുള്ള ഏററുമുട്ടലിൽ തെല്ലെങ്കിലും ഉലയാതെ ഒരു തികഞ്ഞ ഭാരതീയനായിട്ടുതന്നെയാണു് ഞാൻ എന്റെ മാതൃഭൂമിയിൽ തിരിച്ചെത്തിയിട്ടുള്ളതു്. എന്നുവരികിലും ബ്രിട്ടീഷ്ജനതയെപ്പററിയുള്ള എന്റെ മതിപ്പു് പതിന്മടങ്ങു് വർദ്ധിച്ചിട്ടുണ്ടു്.”

ഭാരതം സംഭവബഹുലമായ ഒരു ഘട്ടത്തെ തരണം ചെയ്യുകയായിരുന്നു. സാമാന്യജനങ്ങൾക്കു ബ്രിട്ടന്റെ ന്യായദീക്ഷയേയും സന്മനോഭാവത്തേയുംപ്പററി ഉണ്ടായിരുന്ന വിശ്വാസം അടിയോടെ തകർക്കുന്ന പല സംഭവങ്ങളും ഇവിടെ നടന്നു. ബാലഗംഗാധര തിലകനെ അറസ്‌ററുചെയ്തു. “നാട്ടു” സഹോദരന്മാരെ തടങ്കലിലാക്കി. അനന്തരകാലത്തു് വമ്പിച്ച ദേശീയസമരങ്ങൾക്കു് വഴിതെളിച്ച ചില സംഭവങ്ങളായിരുന്നു ഇവ. ഭാരതീയ നേതാക്കന്മാർ ബ്രിട്ടനോടു് ഒരു സമരമനോഭാവം സ്വീകരിക്കുവാൻ ഈ സംഭവങ്ങൾ ഇടയാക്കി. ജി.പി. ബ്രിട്ടീഷ് ജനതയേയും അവരുടെ ന്യായദീക്ഷയേയും വിലമതിച്ചിരുന്ന ഒരാളായിരു [ 67 ] ന്നെങ്കിലും ഈ സംഭവങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസത്തേയും ഇളക്കിത്തുടങ്ങി. ഇംഗ്ലണ്ടിൽനിന്നു വന്നതിനുശേഷം മദിരാശിയിൽ‌വച്ചുചെയ്ത സുസ്മരണീയമായ ഒരു പ്രസംഗത്തിൽ ആ മനം‌മാററത്തിന്റെ ലക്ഷണങ്ങൾ സുവ്യക്തങ്ങളായിരുന്നു:

“ലണ്ടനിലെ ജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളുവാനുള്ള മഹാഭാഗ്യം എനിക്കു ലഭിച്ചു എന്നു് നിങ്ങൾക്കറിയാം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന സൈനികർ, അവരുടെ മഹാരാജ്ഞി തന്റെ രാജ്യഭരണത്തിന്റെ അറുപതാമതു വാർഷികമാഘോഷിക്കുന്ന മംഗളവേളയിൽ, ആ മഹതിയെ അഭിമാനത്തോടുകൂടി അകമ്പടി സേവിച്ചപ്പോൾ ഞാൻ ലണ്ടനിലുണ്ടായിരുന്നു. പോർട്ട്സ്‌മത്തു് തുറമുഖത്തു് ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ നടത്തിയ ഇരുപതുമൈൽ നീളമുള്ള ആ ഗംഭീരപ്രദർശനവും ഞാൻ കണ്ടു. ആ നാവികസൈന്യം ലോകത്തിലെ മറേറതുനാവികസൈന്യത്തേയും അതിശയിക്കുന്നതാണു്. ഞാൻ ഫ്രാൻസും ഇററലിയും സന്ദർശിച്ചു. ചില കാൎയ്യങ്ങളിൽ ഫ്രഞ്ചുകാരും ഇററാലിയരും ബ്രിട്ടീഷ്‌കാരെക്കാൾ മികച്ചവരാണു്. പക്ഷെ പ്രവർത്തന കുശലതയിലും അച്ചടക്കത്തിലും സൈനികപരിശീലനത്തിലും ഭരണസാമർത്ഥ്യത്തിലും കൃത്യനിർവ്വഹണത്തിലുള്ള ക്രമപരിപാലനത്തിലും ഉദ്ദേശസിദ്ധിയിലുള്ള സ്ഥിരവ്രതത്തിലും ആ ദ്വീപവാസികളെ ജയിക്കുവാൻ അവർക്കു് സാദ്ധ്യമല്ല. [ 68 ] ഇംഗ്ലണ്ടിൽ ഞാൻ ചുരുങ്ങിയകാലം മാത്രമേ കഴിച്ചുള്ളൂ എങ്കിലും അവിടുത്തെ ജനസാമാന്യത്തിന്റെ സ്വഭാവവിശേഷങ്ങൾ ശരിയായി മനസ്സിലാക്കുവാനുള്ള സന്ദർഭങ്ങൾ എനിക്കു് ധാരാളം ലഭിച്ചു. തൽ‌ഫലമായി ഞാൻ ഇൻഡ്യയിലേക്കു മടങ്ങിയതു് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മഹത്വത്തേയും പ്രതാപത്തേയും പററിയുള്ള ബഹുമാനത്തോടുകൂടിമാത്രമല്ല, ബ്രിട്ടീഷ് ജനതയുടെ സ്വഭാവശുദ്ധിയേയും ന്യായദീക്ഷയേയും പററിയുള്ള നിഷ്കളങ്കമായ മതിപ്പോടുകൂടിയുമാണു് . ഇൻഡ്യയിൽനിന്നു് ഇംഗ്ലണ്ടിലേക്കു ഞാൻ പുറപ്പെടുന്നതിനു് മുമ്പും ബ്രിട്ടീഷ് സിംഹാസനത്തോടു് അചഞ്ചലമായ ഭക്തിയാണു് എനിക്കുണ്ടായിരുന്നതു്. ആ ഭക്തിയും ബന്ധവും കഴിവുള്ളടത്തോളം ആ സന്ദർശനംകൊണ്ടു് കൂടുതൽ ദൃഢമാകുകയും ചെയ്തു. പക്ഷേ ഞാൻ ഇംഗ്ലണ്ടിലേക്കു് പോകുന്നതിനുമുമ്പ് ആരെങ്കിലും എന്നോടു പറഞ്ഞിരുന്നെങ്കിൽ എനിക്കു വിശ്വസിക്കുവാൻ സാധിക്കാതിരുന്ന പലതും അതിനുശേഷം ഇവിടെ നടന്നിട്ടുണ്ടു്. ‘വിപ്ലവം’[1] എന്നവാക്കിനു് ഒരു ഇംഗ്ലീഷ് ന്യായാധിപൻ കൊടുത്ത വിചിത്രമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഒരു പത്രപ്രവർത്തകന്റെ മേൽ രാജദ്രോഹക്കുററം ചുമത്തി അദ്ദേഹത്തെ തടവിലാക്കി. ഒരു മുന്നറിയിപ്പിന്റെ ഛായയെങ്കിലും നൾകാതെ, അദ്ദേഹത്തിന്റെ പേരിൽ ആരോപിതമായിരിക്കുന്ന കുററത്തിന്റെ ഒരു അവ്യക്തരൂപമെങ്കിലും കൊടുക്കാതെ ഒരു മാന്യപൌരനെ, തടവിലാക്കു [ 69 ] കയും അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നു. ഇതൊന്നും അന്നു ഞാൻ വിശ്വസിക്കുമായിരുന്നില്ല. പക്ഷേ ഇന്നു് എനിക്കങ്ങിനെ പറയാൻ സാദ്ധ്യമല്ല. ഇൻഡ്യാഗവർമ്മെൻ‌റു് അവരുടെ തെററു് മനസ്സിലാകുകയും അവരുടെ കഴിവില്ലായ്‌മയുടെ ഗർഹണീയമായ ഈ പ്രകടനം കൊണ്ടുണ്ടായിട്ടുള്ള സംഭവവികാസങ്ങളിൽനിന്നു് ഒരു പാഠം പഠിക്കുകയും ചെയ്തില്ലെങ്കിൽ ഏതവസരത്തിലും ആരെവേണമെങ്കിലും ഒരു വിചാരണപോലും കൂടാതെ തുറുങ്കിലടയ്ക്കാവുന്ന ഒരു സ്ഥിതിയാണു് ഉണ്ടാവുക. നാം ചെയ്തിരിക്കാവുന്ന തെററു് എന്തായിരിക്കാമെന്നു് കണ്ടുപിടിക്കുവാൻ നിഷ്ഫലമായ ശ്രമം നടത്തി നാം തുറുങ്കിൽ കഴിയേണ്ടിവരും. മി:തിലകന്റെ സ്ഥിതിയിൽ ഞാൻ സഹതപിക്കുന്നു. പക്ഷേ അതിനേക്കാൾ എന്നെ അമ്പരപ്പിക്കുന്നതു് ‘നാട്ടു’ സഹോദരന്മാരുടെ തടങ്കലാണു്. ‘റാൻഡ്’ കൊലക്കേസിൽ ആ സഹോദരന്മാർ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു് ഗവമ്മെൻ‌റു സംശയിക്കുന്നുണ്ടെങ്കിൽ അവരെ വിസ്തരിച്ചു തൂക്കിലിടട്ടെ; ഗവർമ്മെൻ‌റിനെതിരായി വല്ല ഗൂഢാലോചനയും നടത്തുകയോ ഇൻഡ്യയിലെ ബ്രിട്ടീഷ് അധികാരത്തെ തകിടം‌മറിക്കുവാനുള്ള ഏതെങ്കിലും ശ്രമത്തിൽ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെമേൽ ആ കുററം ചുമത്തി ആൻഡമാനിലേക്കു നാടുകടത്തിക്കൊള്ളട്ടെ; അവരുടെ പേരിൽ മറേറതെ [ 70 ] ങ്കിലും പരാതിയുണ്ടെങ്കിൽ അതെന്താണെന്നു വ്യക്തമായിപ്രഖ്യാപിച്ചു് വേണ്ട നടപടികൾ – അവ എത്ര കർശനമായിരുന്നാലും - എടുക്കട്ടെ. നമുക്കു് അതു് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ അവരെ അകാരണമായി അറസ്റ്റുചെയ്യുക, കേവലം സംശയത്തെ ആസ്പദമാക്കി തുറുങ്കിലടയ്ക്കുക, യാതൊരു മുന്നറിവും കൊടുക്കാതെ വീട്ടിൽനിന്നും നാട്ടിൽനിന്നും അകററുക, അവരുടെ മേൽ ആരോപിതമായിരിക്കുന്ന കുററമെന്താണെന്നു് അറിയാനും അവരുടെ ഭാഗം പറയുവാനും അവർക്കു സൌകൎയ്യം നൽകാതിരിക്കുക, മുതലായവയെല്ലാം ബ്രിട്ടീഷ്ജനതയുടെതന്നെ സൽ‌പ്പേരിനു് തീരാക്കളങ്കം ചേർക്കുന്ന പ്രവൃത്തികളാണു്. ‘മാഗ്‌നാ കാർട്ടാ’യിലും ‘ഹേബിയസ് കോർപ്പസ് ആക്ടിലും’ പടുത്തുകെട്ടി പൊതുജനങ്ങളുടെ പിന്തുണയിൽ അടിയുറച്ചുനിൽക്കുന്ന മഹത്തായ ഒരു സാമ്രാജ്യത്തിന്റെ പാരമ്പൎയ്യത്തിനു് ഒരിക്കലും യോജിക്കാത്ത ചെയ്തികളാണു് ഇവയെല്ലാം.”


൧൮൯൯ – ൽ “ഇൻഡ്യൻ കോൺഗ്രസ്സ്‌മെൻ” എന്ന മറെറാരു ഗ്രന്ഥവും ജി.പി. പ്രസിദ്ധപ്പെടുത്തി. അന്നത്തെ പ്രമുഖ കോൺഗ്രസ്സ് നേതാക്കന്മാരുടെ തൂലികാചിത്രങ്ങളുടെ ഒരു സമാഹാരമായിരുന്നു അതു്. ആദ്യം അവ ഓരോന്നായി “മദ്രാസ്‌സ്റ്റാൻഡാർഡി”ൽ ആവിർഭവിച്ചിരുന്നു. രണ്ടു ദശാബ്ദത്തോളം ബോംബേയിലെ അനഭിഷിക്തചക്രവർത്തിയായിരുന്ന സർ [ 71 ] ഫെറോസ്‌ഷാ മേത്തായുടെ തൂലികാചിത്രം പ്രകാശിതമായപ്പോൾ ആ പ്രമുഖനേതാവു് ജി.പി.ക്കു് അയച്ച കത്താണിതു്:

കൽക്കട്ടാ,


‘൯൯, മാർച്ച് ൧൫


എന്റെ പ്രിയപ്പെട്ട മി. പിള്ളേ,

കേവലം സാധാരണക്കാരായ മനുഷ്യരെ തന്റെ വിദഗ്ദ്ധമായ തൂലികാചലനത്താൽ അപൂർവ്വഗുണഗണങ്ങളിണങ്ങിയ ശോഭനമൂർത്തികളാക്കുന്ന ആ അസാധാരണ കലാകാരൻ ആരാണെന്നു് ഞാൻ ഇപ്പോൾ അറിഞ്ഞു. നിങ്ങൾ രചിച്ചിരിക്കുന്ന എന്റെ ചിത്രം ഒരു കലാസൃഷ്ടി മാത്രമല്ല, ഒരു യഥാർത്ഥ ചിത്രീകരണം കൂടി ആയിരുന്നാൽ നന്നായിരുന്നേനെ എന്നു് ഞാൻ ആശിക്കുന്നു. പക്ഷേ പ്രകൃതി കുറേക്കൂടി കാരുണ്യവതിയായി തന്റെ കർമ്മത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും രമ്യമായ ഒരു സൃഷ്ടി ചെയ്‌വാൻ അവൾക്കു സാധിക്കുമായിരുന്നു എന്നു വിശ്വസിച്ചുപോകുന്നതു് മനുഷ്യന്റെ സഹജമായ ഒരു ബലഹീനതയാണു്. കലാകാരന്റെ സൃഷ്ടി യാഥാർത്ഥ്യത്തിന്റെ പകർപ്പാണെന്നു വിശ്വസിക്കുവാൻ മാത്രം വിഡ്‌ഢിത്തം എനിക്കില്ല. പക്ഷേ ആ ചിത്രീകരണത്തിൽ കുററങ്ങളുടെ നേരെ കണ്ണടയ്ക്കുവാനും ഗുണങ്ങളെ പർവ്വതീകരിക്കുവാനും പ്രേരിപ്പിച്ച സൗമനസ്യം എന്റെ ഹൃദയതന്ത്രികളെ സ്പർശിച്ചു. അതുകൊണ്ടു് നിങ്ങൾ എല്ലായ്പോഴും എന്നോടു കാണിച്ചി [ 72 ] [ 73 ] ട്ടുള്ള ആ സൗഹൃദത്തിനു് ഹൃദയംഗമമായി കൃതജ്ഞത പ്രകാശിപ്പിച്ചുകൊള്ളട്ടെ. വലിയ ആൎഭാടങ്ങളൊന്നും കൂടാതെ ആ സ്നേഹം ഞാൻ അങ്ങോട്ടും കാണിച്ചിട്ടുണ്ടെന്നാണു് എന്റെ വിശ്വാസം.

വ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന ആ വിഷയനിൎണ്ണയക്കമ്മിററിയോഗം നിങ്ങൾ എത്ര ഭംഗിയായി ഓൎമ്മിക്കുന്നു.

സൌഹൃദപുരസ്സരം,


നിങ്ങളുടെ,


ഫെറോസ്‌ഷാ എം. മേത്താ.


൧൮൯൯ മേയ് ൨൧-ാം തീയതി ആനന്ദമോഹന ബോസ് ഡാൎജിലിങ്ങിൽനിന്നു് ജി.പി.ക്കു് അയച്ച കത്തിലും ആത്മാൎത്ഥതതുളുമ്പുന്ന അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരുന്നു:

“എനിക്കു് അയച്ചുതന്ന ‘ഇൻഡ്യൻ കോൺഗ്രസ്സു്‌മെൻ’ എന്ന പുസ്തകത്തിനു് നന്ദി. ‘ഒരു അപ്രസിദ്ധ കോൺഗ്രസ്സു്‌കാര‘‌[2]ന്റെ അനുഗൃഹീത തൂലികയിൽ നിന്നും ‘മദ്രാസ് സ്റ്റാൻ‌ഡാൎഡി’ൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ തൂലികാചിത്രങ്ങൾ ഞാൻ മുമ്പുതന്നെ വായിച്ചിരുന്നു. പക്ഷേ ആ തൂലികാചിത്രങ്ങൾ ഇങ്ങനെ ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തിയതിൽ ആ ‘ അപ്രസിദ്ധ കോൺഗ്രസ്സു്‌കാരനു’ വേണ്ടിയും മററു സാധാരണ കോൺ [ 74 ] ഗ്രസ്സ്കാൎക്കുവേണ്ടിയും ഇൻഡ്യയിലെ ജനസാമാന്യത്തിനുവേണ്ടിയും അളവററ സന്തോഷം രേഖപ്പെടുത്തിക്കൊള്ളട്ടെ! ഈ ചിത്രങ്ങളിൽ നിങ്ങൾ പ്രദൎശിപ്പിച്ചിരിക്കുന്ന വൎണ്ണനാപാടവവും സൂക്ഷ്മനിരീക്ഷണവും വിജ്ഞാനവും അത്ഭുതാവഹം തന്നെ. ആരോടെങ്കിലും അസൂയതോന്നുന്നതു് ശരിയാണെങ്കിൽ എനിക്കു് നിങ്ങളോടു് അസൂയ തോന്നുവാൻ വേണ്ട പ്രേരണ അതിലുണ്ടു്. പക്ഷേ ആ പ്രേരണയ്ക്കു് ഞാൻ വശംവദനാകാൻ പാടില്ലാ. ഈ രാജ്യത്തിനു് നിങ്ങളുടെ പ്രസംഗപാടവം കൊണ്ടും തൂലികകൊണ്ടും ജീവിതംകൊണ്ടും ത്യാഗം കൊണ്ടും നെടുനാൾ സേവനമനുഷ്ഠിക്കുവാൻ ഇടയാകട്ടെ എന്നു് ഞാൻ ആശംസിക്കുന്നു.”



___________

  1. Disaffection.
  2. ‘ഒരു അപ്രസിദ്ധ കോൺഗ്രസ്സു്‌കാരൻ’ എന്ന ഗുപ്ത നാമധേയത്തിലാണു് ‘ഇൻഡ്യൻ കോൺഗ്രസ്സു്‌മെൻ’ എന്നൊരു തൂലികാചിത്ര പരമ്പര “സ്റ്റാൻ‌ഡാൎഡി’ൽ ജി.പി. പ്രസിദ്ധീകരിച്ചിരുന്നതു്.