Jump to content

ജി. പി./ലണ്ടൻ സന്ദൎശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
ലണ്ടൻ സന്ദൎശനം

[ 58 ] ൧൮൯൫-ൽ വിക്ടോറിയാ മഹാരാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളുന്നതിനായി ഡാക്ടർ റ്റി.എം. നായരോടുകൂടി ജി.പി. ഇംഗ്ലണ്ട് സന്ദൎശിച്ചു. ഈ യാത്രയിൽ ഡോ:നായർ ജി.പി.യുടെ സുഹൃത്തും ഭിഷക്കും മാൎഗ്ഗദൎശിയും (Friend, physician and guide)മായിരുന്നു. ഇംഗ്ലണ്ടിലേ പൎയ്യടനകാലത്തു് അവിടുത്തെ സാമാന്യജനങ്ങൾക്കു കേവലം അജ്ഞാതമായിരുന്ന പല ഭാരതീയപ്രശ്നങ്ങളെപ്പറ്റിയും നിരവധിയോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയുണ്ടായി.

ഇംഗ്ലണ്ടിലെ താമസക്കാലത്തു് പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ജി.പി. ലണ്ടനിലെ ഒരു അന്തൎഭൗമികറെയിൽവേസ്റ്റേഷനിൽ നിൽക്കുകയായിരുന്നു. അന്നത്തെ പത്രത്തിൽ ബാലഗംഗാധര തിലകന്റെ അറസ്റ്റിനെപ്പറ്റിയുള്ള വാൎത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. അതു വായിച്ച ഒരു മാന്യൻപെട്ടെന്നു് ജി.പി.യുടെ നേരെ തിരിഞ്ഞ് തിലകൻ ഇൻഡ്യയിലെ ഒരു കാട്ടുജാതിക്കാരുടെ തലവനല്ലേ* എന്നു ചോദിച്ചു. ആ ചോദ്യം കേട്ടു ജി.പി. മന്ദഹസിച്ചു കൊണ്ട് :അല്ല, അദ്ദേഹം ഒരു പരിഷ്കൃതവൎഗ്ഗക്കാരുടെ രുഷ്ടനായ പ്രമാണിയാണു്."*എന്ന് മറുപടി പറഞ്ഞു. തുടൎന്നു്, മഹാനായ ആ ഭാരതീയ നേതാവിനു് അതിൎത്തിദേശത്തെ മലവൎഗ്ഗക്കാരു


  • The leader of a wild trible.
  • "No he is the wild leader of a civilized tribe."
[ 59 ] size=550px [ 60 ] മായി യാതൊരു ബന്ധവുമില്ലെന്നും ആ “പരിഷു്കൃതനായ” ധ്വരയെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. ഇംഗ്ലീഷ്‌കാർക്കു് ഇൻഡ്യയെപ്പററിയും ഇൻഡ്യക്കാരെപ്പററിയും അത്ര ഭീമമായ അജ്ഞതയാണുണ്ടായിരുന്നതു്. ജി.പി. തന്റെ ചുരുങ്ങിയകാലത്തെ സന്ദർശനത്തിനിടയ്ക്കു് അനവധി പ്രസംഗങ്ങൾ കൊണ്ടു് ഇംഗ്ലീഷ്ജനതയുടെ ഈ അജ്ഞത നീക്കുവാൻ കഴിവതു് ശ്രമിച്ചു. അക്കാലത്താണു് ഇംഗ്ലീഷുകാരായ പല പ്രമുഖ വ്യക്തികളുമായി പരിചയപ്പെടുന്നതിനും അവരിൽ പലരുടെയും സ്നേഹം ആർജ്ജിക്കുനതിനും അദ്ദേഹത്തിനു് സൌകൎയ്യം ലഭിച്ചതു്. മദ്യവൎജ്ജനപ്രസ്ഥാനത്തിന്റെ ഒരു പ്രസിദ്ധ നേതാവും പാർലമെൻ‌റു് അംഗവുമായിരുന്ന ഡബ്ലിയു. എസ്. കെയിൻ, ജി.പി.യുടെ ബഹുമാനാർത്ഥം നൾകിയ സൽക്കാരത്തിൽ ഇംഗ്ലീഷ്‌കാരും ഇന്ത്യക്കാരുമായ ഒട്ടധികം മാന്യന്മാർ സന്നിഹിതരായിരുന്നു. ഹാവാർഡൻ മന്ദിരത്തിൽ‌വച്ചു് മഹാനായ ഗ്ലാഡ്സ്റ്റനെ സന്ദർശിക്കുവാനും ആ രാജ്യതന്ത്രജ്ഞന്റെ ഒരു സുഹൃത്താകുവാനും ജി.പി.ക്കു സാധിച്ചു. തന്റെ ജീവിതത്തിലെ ഏററവും ആനന്ദകരമായ ഒരു സംഭവമായിരുന്നു ആ സന്ദർശനമെന്നു് ജി.പി. പിന്നീടു് പലപ്പോഴും പറയാറുണ്ടായിരുന്നു.

ജി.പി. ഇംഗ്ലണ്ടിലായിരുന്നപ്പോൾ “മെസ്സേഴ്‌സ് റൂട്ട്‌ലജ് ആൻഡ് സൺസ്” എന്ന പ്രസിദ്ധീകരണശാലക്കാർ അദ്ദേഹത്തിന്റെ “റപ്രസൻ‌റററീവു് [ 61 ] ഇൻഡ്യൻസ്" എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. മുപ്പത്തിയാറു പ്രമുഖ ഭാരതീയരുടെ ജീവചരിത്രങ്ങളടങ്ങിയ ആ ഗ്രന്ഥത്തിനു് മുഖവുരയെഴുതിയതു് മുമ്പ് ബോംബേ ഗവർണ്ണരായിരുന്ന സർ. റിച്ചാർഡ് ടെമ്പിൾ ആണു്. അതിലടങ്ങിയിരുന്ന പന്ത്രണ്ടു ജീവചരിത്രങ്ങൾ ൧൮൯൬ -ൽ "റപ്രസൻറററീവു് മെൻ ഓഫ് സൗത്തു് ഇൻഡ്യാ" എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയായിരുന്നു. അന്നു് ആ ഗ്രന്ഥത്തിനു് ഇൻഡ്യയിലും ഇംഗ്ലണ്ടിലും നല്ല ഒരു സ്വീകരണമാണു് ലഭിച്ചതു്. "ഇന്ത്യയെപ്പററിയുള്ള ഞങ്ങളുടെ (ബ്രിട്ടീഷ്‌കാരുടെ) വിരളമായ അറിവിനെ വളരെ വിപുലപ്പെടുത്തുവാൻ പര്യാപ്തമായ ഒരു പ്രസിദ്ധീകരണമാണു് ഇതു്," എന്നാണു് ഗ്ലാഡ്സ്റ്റൺ അഭിപ്രായപ്പെട്ടതു്. "ഈ ജോലി സ്വയം ഏറെറടുക്കുകുകയും അതു് വിജയകരമായി നിർവഹിക്കുകയും ചെയ്തതുകൊണ്ടു് നിങ്ങൾ മഹത്തായ ഒരു സേവനമാണു് ചെയ്തതു്" എന്നു് മഹാദേവ ഗോവിന്ദറാനഡേയും, "ഈ ഗ്രന്ഥത്തിൽ മറെറന്തിനേക്കാളും അതിന്റെ സുശക്തവും അനുരൂപവുമായ ഭാഷാരീതിയാണു് എന്നെ ആകർഷിച്ചതു്; ഭാരതീയരായ നമുക്കു് സാധാരണ പററാറുള്ള തെററുകളൊന്നുംതന്നെ ഈ ഗ്രന്ഥത്തിലില്ല," എന്നു് സർ ഫെറോസ്‌ഷാ മേത്തയും അന്നു് ആ ഗ്രന്ഥത്തെപ്പററി അഭിപ്രായപ്പെട്ടിട്ടുണ്ടു്. "റപ്രസൻറററീവു് ഇൻഡ്യൻസി"ന്റെ പ്രസിദ്ധീകരണം ഭാരതീയരുടെ ജീവചരിത്ര സാഹി [ 62 ] ത്യത്തിനു് ഒരു ഗണ്യമായ സംഭാവനയായിരുന്നു. ഡബ്‌ളിയൂ. ഡബ്‌ളിയൂ. ഹണ്ടർ എന്ന ചരിത്രകാരൻ പ്രസ്തുത പ്രസിദ്ധീകരണത്തെ ഹാർദ്ദമായി അനുമോദിച്ചുകൊണ്ടു് "ലണ്ടൻ ടൈംസി"ൽ ഒരു നിരൂപണം എഴുതി. ഡബ്‌ളിയൂ. എസ്. കെയിൻ തന്റെ "അബു്കാരി" എന്ന പത്രത്തിൽ എഴുതിയ ഗ്രന്ഥനിരൂപണത്തിൽ "പ്രതിപാദ്യവസ്തുവിലും പ്രതിപാദനരീതിയിലും ഒരുപോലെ നന്നായിട്ടുള്ള ഒരു ഗ്രന്ഥം" എന്നാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. രമേശചന്ദ്രദത്തു് അഭിപ്രായപ്പെട്ടതു്, "വിദഗ്ദ്ധവും അനുഭാവപൂർവ്വവുമായ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഭാരതത്തിലെ ഒരു മാതൃകാ ഗ്രന്ഥമായിത്തീരും" എന്നാണു്. ജി.പി. ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹത്തെ കണക്കിലേറെ ഉപദ്രവിച്ചിട്ടുള്ള ദിവാൻ വെമ്പാകം രാമയ്യങ്കാരുടെ ജീവചരിത്രം ഈ രണ്ടു ജീവചരിത്രഗ്രന്ഥങ്ങളിലും ചേർത്തിരുന്നു എന്നതു് പ്രത്യേകം പ്രസ്താവ്യമാണു്.

ഇംഗ്ലണ്ടു് സന്ദർശനാവസരത്തിൽ തന്റെ ശ്രദ്ധയെ ആകർഷിച്ച സകലതിന്റെയും സജീവചിത്രങ്ങൾ അദ്ദേഹം "മദ്രാസ് സ്റ്റാൻഡാർഡി"ൽ എഴുതിക്കൊണ്ടിരുന്നു. അവയെല്ലാം ശേഖരിച്ചു് "ലണ്ടനും പാരീസും: ഒരു ഭാരതീയന്റെ കണ്ണടയിൽകൂടി" എന്ന പേരിൽ ഒരു ലഘുഗ്രന്ഥം പിന്നീടു് പ്രസിദ്ധപ്പെടുത്തി. ആ ഗ്രന്ഥത്തിലെ പരാമർശങ്ങളെപ്പററി ഒരു ആംഗല സാഹിത്യകാരിയായ മിസ്. ബെല്ലിങ്ങ്ടൺ, ജി.പി. ക്കു് എഴുതിയിരുന്നതിങ്ങനെയാണു്: [ 63 ] "അസാമാന്യ പാടവത്തോടു കൂടി എഴുതപ്പെട്ട അവയുടെ ഭാഷാരീതി ഇംഗ്ലീഷുകാരായ എഴുത്തുകാർക്കു പോലും അസൂയ ഉളവാക്കത്തക്കതാണു്. ഞങ്ങളിൽ പലർക്കും സ്വന്തം അറിവിന്റെ പരിമിതിയെപ്പററി ലജ്ജ തോന്നത്തക്കവണ്ണം അത്രയധികം പരാമർശങ്ങൾ അവയിലുണ്ടു്. അവയിൽ തെളിഞ്ഞുകാണുന്ന സൂക്ഷ്മവും നിശിതവുമായ നിരീക്ഷണപാടവം നിങ്ങളുടെ സമയം നിങ്ങൾ എത്രഭംഗിയായി പ്രയോജനപ്പെടുത്തി എന്നതിനു് സജീവോദാഹരണമാണു്. ഇത്ര ചുരുങ്ങിയ ഒരു സന്ദർശനത്തിനിടയ്ക്കു് ഞങ്ങളെപ്പററിയും ഞങ്ങളുടെ ജീവിതത്തെപ്പററിയും ഞങ്ങളുടെ ചിന്താഗതിയെപ്പററിയും ഇത്ര സൂക്ഷ്മമായും സമ്പൂർണ്ണമായും മനസ്സിലാക്കുവാൻ നിങ്ങൾക്കു് സാധിക്കുമെന്നു് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ തീർച്ചയായും അനുഗൃഹീതനായ ഒരു നിരീക്ഷണപടുവാണു്"

____________

"https://ml.wikisource.org/w/index.php?title=ജി._പി./ലണ്ടൻ_സന്ദൎശനം&oldid=146680" എന്ന താളിൽനിന്ന് ശേഖരിച്ചത്