ന്നെങ്കിലും ഈ സംഭവങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസത്തേയും ഇളക്കിത്തുടങ്ങി. ഇംഗ്ലണ്ടിൽനിന്നു വന്നതിനുശേഷം മദിരാശിയിൽവച്ചുചെയ്ത സുസ്മരണീയമായ ഒരു പ്രസംഗത്തിൽ ആ മനംമാററത്തിന്റെ ലക്ഷണങ്ങൾ സുവ്യക്തങ്ങളായിരുന്നു:
“ലണ്ടനിലെ ജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളുവാനുള്ള മഹാഭാഗ്യം എനിക്കു ലഭിച്ചു എന്നു് നിങ്ങൾക്കറിയാം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന സൈനികർ, അവരുടെ മഹാരാജ്ഞി തന്റെ രാജ്യഭരണത്തിന്റെ അറുപതാമതു വാർഷികമാഘോഷിക്കുന്ന മംഗളവേളയിൽ, ആ മഹതിയെ അഭിമാനത്തോടുകൂടി അകമ്പടി സേവിച്ചപ്പോൾ ഞാൻ ലണ്ടനിലുണ്ടായിരുന്നു. പോർട്ട്സ്‌മത്തു് തുറമുഖത്തു് ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ നടത്തിയ ഇരുപതുമൈൽ നീളമുള്ള ആ ഗംഭീരപ്രദർശനവും ഞാൻ കണ്ടു. ആ നാവികസൈന്യം ലോകത്തിലെ മറേറതുനാവികസൈന്യത്തേയും അതിശയിക്കുന്നതാണു്. ഞാൻ ഫ്രാൻസും ഇററലിയും സന്ദർശിച്ചു. ചില കാൎയ്യങ്ങളിൽ ഫ്രഞ്ചുകാരും ഇററാലിയരും ബ്രിട്ടീഷ്‌കാരെക്കാൾ മികച്ചവരാണു്. പക്ഷെ പ്രവർത്തന കുശലതയിലും അച്ചടക്കത്തിലും സൈനികപരിശീലനത്തിലും ഭരണസാമർത്ഥ്യത്തിലും കൃത്യനിർവ്വഹണത്തിലുള്ള ക്രമപരിപാലനത്തിലും ഉദ്ദേശസിദ്ധിയിലുള്ള സ്ഥിരവ്രതത്തിലും ആ ദ്വീപവാസികളെ ജയിക്കുവാൻ അവർക്കു് സാദ്ധ്യമല്ല.