Jump to content

ജി. പി./"സ്റ്റാൻഡാർഡ്" മാനനഷ്ടക്കേസ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
"സ്റ്റാൻഡാർഡ്" മാനനഷ്ടക്കേസ്
[ 75 ]

ജി.പി. യുടെ വിദഗ്ദ്ധനേതൃത്വത്തിൽ “മദ്രാസ് സ്റ്റാൻഡാർഡ്” ജനസമ്മതിയിലും അന്തസ്സിലും ദിനം പ്രതി വളർന്നുവന്നു. പക്ഷേ മുഖം നോക്കാതെയുള്ള അദ്ദേഹത്തിന്റെ വിമർശനരീതിയും നിർദ്ദാക്ഷിണ്യമായ അഭിപ്രായപ്രകടങ്ങളും ചില ശത്രുക്കളേയും സമ്പാദിക്കാതിരുന്നില്ല. മദിരാശിയിൽ ചില ഉയർന്ന സ്ഥാനങ്ങളിലിരുന്ന ഏതാനും വ്യക്തികൾ ജി. പി. യെ ക്രമാതീതമായി വെറുത്തു. അവരുടെ സ്വഭാവ വൈകല്യങ്ങൾ ജി.പി.യുടെ വിമർശനത്തിന് നിരന്തരലക്ഷ്യങ്ങളായിരുന്നു. അക്കൂട്ടത്തിൽ പ്രമുഖനായിരുന്ന അന്ന് ഇൻഡ്യയിലെ അഭിഭാഷകന്മാരുടെ മുന്നണിയിൽ നിന്നിരുന്ന സർ. വി. ഭാഷ്യം അയ്യങ്കാർ. ജി.പി. യും അദ്ദേഹത്തിന്റെ വിരോധികളും തമ്മിലുള്ള സമരത്തിന് ഒരു രൂപം കൊടുത്തതു് സർ. ഭാഷ്യമാണു്. “സറ്റാൻഡാർഡി” ലെ ഒരു മുഖപ്രസംഗത്തിൽ സർ ഭാഷ്യം “അപലപനീയമായ രീതിയിൽ പക്ഷപാതം കാണിക്കുന്ന ആളാ”ണെന്നു് എഴുതിയിരുന്നു. അക്കാരണത്താലും ചില വ്യക്തികളുടെ പ്രേരണയാലും പത്രാധിപരുടെ പേരിൽ സർ ഭാഷ്യം ഒരു മാനനഷ്ടക്കേസ് കൊടുത്തു.

കേസ് സമാധാനത്തിൽ തീർക്കുവാൻ ചില സുഹൃത്തുകൾ ഒരു ശ്രമം നടത്തുകയും അവരുടെ പ്രേരണയ്ക്കു ജി. പി. വഴിപ്പെടുകയും ചെയ്തു. ആരോടുംതന്നെ

[ 76 ]

ജി. പി. ക്കു് രൂഡമൂലമായ വിരോധമൊന്നുമില്ലായിരുന്നതിനാൽ സർ. ഭാഷ്യത്തെപറ്റിയുണ്ടായിരുന്ന അപമാനകരമായ പരാമർശം പിൻവലിച്ചു് അദ്ദേഹം ഒരു ക്ഷമാപണം പ്രസിദ്ധപ്പെടുത്തി. ഇതോടുകൂടി ഈ കേസ് അവസാനിക്കുമെന്നു പലരും പ്രതീക്ഷിച്ചു.

“ഇതുപോലെയുള്ള വീഴ്ച്ചകൾ ഏതൊരു പത്രാധിപർക്കും വരാവുന്നതാണ്. തീർച്ചയായും നിങ്ങളുടെ ക്ഷമാപണത്തിനുശേഷം കേസ് പിൻവലിക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. സുഹൃത്തുകൾ ശ്രമിച്ചാൽ ഈ കാര്യം അങ്ങിനെ അവസാനിപ്പിക്കുവാനും കേസു തുടർന്നുപോകകയാണെങ്കിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ കൂടാതെ കഴിക്കാനും സാധിക്കും,” എന്ന് അന്ന് ആനന്ദമോഹനബോസ് ജി. പി.ക്ക് എഴുതുകയുണ്ടായി. പക്ഷേ ഒരു രാജിക്കുവേണ്ടിയുള്ള സകല ശ്രമങ്ങളേയും അവഗണിച്ച് സർ ഭാഷ്യം കേസു് നടത്തുകയും ജി.പി. പരാജിതനാവുകയും പിഴയൊടുക്കേണ്ടിവരികയും ചെയ്തു. കോടതിയിൽ പരാജിതനായെങ്കിലും പൊതുജനദൃഷ്ടിയിൽ ജി.പി. യുടെ നില ഉയരുകയാണ് ചെയ്തതു്. കലക്കട്ടായിലെ “പവ്വർ ആൻഡ് ഗാർഡിയൻ” പത്രം ആ ശിക്ഷയെപറ്റി ഇങ്ങനെ ഒരു കുറിപ്പെഴുതി:

“കേസ് മി: ഭാഷ്യം അയ്യങ്കാർക്ക് അനുകൂലമായി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ ആ ക്ഷമാപണത്തിനു ശേഷമുണ്ടായിരുന്നതിൽ നിന്നു് അദ്ദേഹത്തെ

[ 77 ]

പ്പറ്റി പൊതുജനങ്ങളുടെ ഇറ്റയിലുള്ള മതിപ്പു് തെല്ലെങ്കിലും കൂടിയിട്ടുണ്ടോ എന്നു് അദ്ദേഹത്തോടു് ചോദിക്കേണ്ടിയിരിക്കുന്നു. കേസ് പ്രതികൂലമായി വിധിച്ചതുകൊണ്ടു് ആ പത്രാധിപർക്കു ജനസാമാന്യത്തിന്റെ ഇടയിലുള്ള പ്രശസ്തി ലവലേശമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? തന്നെയുമല്ല, ഒരു പൊതുപ്രവർത്തകനെന്നഭിമാനിക്കുന്ന മി: അയ്യങ്കാർ പരസ്യമായുള്ള വിമർശനങ്ങളെ അഭിമുഖീകരിക്കുവാൻ തയാറാവുകയില്ലേ എന്നു് അറിയാൻ ഞങ്ങൾക്കു് ആഗ്രഹമുണ്ടു്. ഞങ്ങളുടെ സഹജീവി നൽകിയ ക്ഷമാപണം അദ്ദേഹത്തിന്റെ സ്വഭാവത്തിനു് ഒരു നിർദ്ദേശപത്രമായിരുന്നു. അതു് ഉത്തമവിശ്വാസത്തോടുകൂടി സ്വീകരിക്കുകയായിരുന്നു മി: അയ്യങ്കാർ ചെയ്യേണ്ടതു്. തന്റെ നില സുരക്ഷിതമാക്കുവാൻ അദ്ദേഹം അവലംബിച്ച മാർഗ്ഗത്തേക്കാൾ അതു് എത്രയോ അഭിമാനകരമായിരിക്കുമാരുന്നു്! ഞങ്ങളുടെ സഹജീവി അദ്ദേഹത്തിന്റെ പേരിൽ കൊണ്ടുവന്ന ആരോപണങ്ങൾ അവലംബിച്ച നടപടിയെ അർഹിക്കത്തക്ക വണ്ണം ഗൗരവാഹങ്ങളല്ല. കഴിഞ്ഞ ആറു കൊല്ലക്കാലമായി ആ പത്രത്തിന്റെ വിമർശനങ്ങൾ അദ്ദേഹത്തിന്റെ നിലയ്ക്കു കോട്ടം വരുത്തിയിട്ടില്ലെങ്കിൽ ഈ കേസിനുകാരാണമായ ലേഖനവും അദ്ദേഹത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായത്തെ ബാധിക്കുകയില്ല. നമ്മുടെ പൊതു പ്രവർത്തകരുടെയിടയ്ക്കു് ഒരു പിളർപ്പുണ്ടായി കാണ്മാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നാം ഒരു വിഷമഘട്ടം തരണം ചെയ്യുകയാണു്. ഈ അവസരത്തിൽ

[ 78 ]

നമ്മുടെ അണിയിൽ പിളൎപ്പുണ്ടാകുന്ന പ്രതികാരേഛ നമ്മുടെ ഇടയിൽ കടന്നുകൂടുകയാണെങ്കിൽ അത് കണ്ടു കണ്ണുചിമ്മുവാൻ നമുക്കു സാധ്യമല്ല. ഞങ്ങളുടെ സഹജീവിയുടെ ക്ഷമാപണം സ്വീകരിക്കുകയും അങ്ങിനെ ആ സംഗതി അവസാനിപ്പിക്കുയും ചെയ്യുക എന്ന ബുദ്ധിപൂർവ്വവും അഭിമാനകരവുമായ മാർഗ്ഗമാണ് മി.ഭാഷ്യം അവലംബിച്ചിരുന്നതെങ്കിൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു.”

മറ്റു ചില പത്രങ്ങളുടെ അഭിപ്രായങ്ങളും ശ്രദ്ധേയങ്ങളാണു്:

“‘മദ്രാസ് സ്റ്റാൻഡാർഡി’നെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഞങ്ങളുടെ ആ സഹജീവി ആ പ്രവിശ്യയിലെ ഒരു പ്രമുഖവ്യക്തിയെപ്പറ്റി ദുരുദ്ദേശപരമായി എന്തെങ്കിലും എഴുതിയെന്ന് ഞങ്ങൾക്കു വിശ്വസിക്കുവാൻ നിവൃത്തിയില്ല. അതുകൊണ്ട് അതിന്റെ പത്രാധിപരുടെമേൽ പിഴചുമത്തി വിധിയുണ്ടായതിൽ ഞങ്ങൾക്ക് ഖേദമുണ്ടു്.”

“അമൃതബസാർ പത്രിക”


“‘മദ്രാസ് സ്റ്റാൻഡാർഡ്’ മാനനഷ്ടക്കേസിന്റെ തീരുമാനത്തിൽ ആരെയാണ് അനുമോദിക്കേണ്ടത്? ഞങ്ങൾക്കു കാണാൻ കഴിയുന്നിടത്തോളം ആ അനുമോദനത്തിന് അർഹർ തങ്ങളുടെ വീതംകിട്ടിയ അഭിഭാഷകന്മാരും പിഴ ഈടാക്കിയ ഗവർമ്മെന്റുമാണ്. പ്രതി തൻറെ തെറ്റു സമ്മതിച്ചു് ക്ഷമായാചനം ചെ

[ 79 ]

യ്തിരുന്ന സ്ഥിതിക്ക് ഒരു വിധി സമ്പാദിച്ചു എന്ന ഒരു സമാധാനത്തിൽ കവിഞ്ഞു് ഒന്നും വാദിക്ക് ഇതുകൊണ്ടുസിദ്ധിച്ചി‌ട്ടില്ല. അങ്ങിനെ ഒരു സമാധാനത്തിനു് വാദി ഒരു വലിയവലിയാണു കൊടുക്കേണ്ടിവന്നതും. പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ മഹാമനസ്തതയെപ്പറ്റിയുള്ള മതിപ്പു് വളരെയധികം കുറഞ്ഞുപോയി. ഒരുവൻ സ്വയംഏൾപ്പിക്കുന്ന ഒരു ശിക്ഷയാണ് ക്ഷമാപണം. അതുകൊണ്ട് പരാതിക്കാരന്റെ സ്വഭാവത്തെപ്പറ്റിയുള്ള സംശയങ്ങൾ അകലുകയും അതിൻറെ സ്വീകരണകൊണ്ട് ആ സ്വഭാവം ഔന്നത്യത്തിൽ നിന്ന് ഔന്നത്യത്തിലേക്ക് പുരോഗമിക്കുകയുമാണു ചെയ്യുന്നതു്. ഭാവി തലമുറയുടെ മാനസികസുസ്ഥിതി നമ്മുടെ നേതാക്കന്മാരുടെ സവിശേഷമായ ശ്രദ്ധയെ അർഹിക്കുന്നുണ്ട്. ഉറക്കം വരുത്തുന്ന ഒരു സായാഹ്നത്തിലെ ചൂടിൽ ഇരുന്നുകൊണ്ട് കുത്തിക്കുറിച്ച ചില വാക്കുകൾക്ക് നൽകിയ വ്യാഖ്യാനം ഒരു പത്രാധിപരെ നിയമത്തിന്റെ പിടിക്കുള്ളിൽ പെടുത്തിയതുകൊണ്ടു മാത്രം ‘സ്റ്റാൻഡാൎഡി’ന്റെ നിസ്തുല്യസേവനത്തെ അഭിനന്ദിക്കുന്ന യുവലോകത്തിൻറെ ഗണനയിൽ ആ പത്രത്തിന് യാതൊരു വിധത്തിലുമുള്ള അധഃപതനം സംഭവിക്കുമെന്നു ഞങ്ങൾക്കു ഭയമില്ല.”

(ഇൻഡ്യൻ സോഷ്യൽറിഫോർമർ, ബാംബെ.)


മാനനഷ്ടക്കേസിൽ തനിക്കു പ്രതികൂലമായുണ്ടായ തീരുമാനം ജി.പി.യെ കണക്കിലധികം വേദനി‌‌


[ 80 ]

പ്പിച്ചു. തന്റെ പ്രതിയോഗികളെ അവരുടെ അടവിൽ തന്നെ മടക്കണമെന്നു് അദ്ദേഹം തീർച്ചപ്പെടുത്തുകയും അതിനുവേണ്ടി നിയമം പഠിച്ചു് ഒരു അഭിഭാഷകനാകവാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. “എന്റെ വിഷമതകളെപ്പററി ചിന്തിക്കേണ്ട ഞാൻ ഇവയെല്ലാം അതിജീവിച്ചു് വിജയം നേടുക തന്നെ ചെയ്യും,” എന്നായിരുന്നു സഹതാപം പ്രകടിപ്പിച്ച ഒരു സുഹൃത്തിനു് ആ സമരപ്രിയൻ കൊടുത്ത മറുപടി. ഇങ്ങനെയുള്ള ഒരു അചഞ്ചല മനസ്ഥിതിയോടുകുടിയാണു് ഏതാനും മാസങ്ങൾക്കുശേഷം നിയമപഠനത്തിനായി അദ്ദേഹം ഇംഗ്ഗണ്ടിലേക്കു് കപ്പൽ കയറിയതു്.