ജി. പി./ജി.പി. വീണ്ടും ഇംഗ്ലണ്ടിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
ജി.പി. വീണ്ടും ഇംഗ്ലണ്ടിൽ
[ 81 ]
൮. ജി.പി. വീണ്ടും ഇംഗ്ലണ്ടിൽ


ജി.പി. ഇംഗ്ലണ്ടിൽ കഴിച്ചുകൂട്ടിയ മൂന്നു സംവത്സരം പ്രവർത്തനബഹുലമായ ഒരു കാലഘട്ടമായിരുന്നു. ഇംഗ്ലണ്ടിലെത്തിയപ്പോൾ അദ്ദേഹത്തിനു് സ്വന്തമായി പറയത്തക്ക സ്വത്തൊന്നുമില്ലായിരുന്നു എന്നു മാത്രമല്ല ഇൻഡ്യയിൽനിന്നും സാമ്പത്തികമായ എന്തെങ്കിലും സഹായം ലഭിക്കുമെന്നു് നേരിയ ഒരു പ്രതീക്ഷപോലുമുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ലണ്ടൻ ജീവിതം നയിച്ചതു മുഖ്യമായി പത്രങ്ങൾക്കു കൊടുത്തിരുന്ന ലേഖനങ്ങളിൽ നിന്നുള്ള ആദായം കൊണ്ടായിരുന്നു. ലണ്ടനിൽ എത്തി അധികം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം “യൂണിവേഴ്‌സൽമാഗസീനി”ൽ ‘ലണ്ടനിൽ ഇരുപത്തൊന്നുദിവസവും ബോട്ടിൽ ഒരു ദിവസവും’ എന്ന ശീർഷകത്തിൽ ഒരു ലേഖനപരമ്പര എഴുതിത്തുടങ്ങി. “പഞ്ചി”ന്റെ ഹാസ്യചിത്രകാരനായിരുന്ന ഡഡ്‌ലീ ഹാർഡി വരച്ച ചിത്രങ്ങൾ ആ ലേഖനങ്ങളെ അലങ്കരിച്ചിരുന്നു. ഇക്കാലത്തു “ഇം‌പീരിയൽ ആൻഡു് കൊളോണിയൽ മാഗസിൻ”, “ഏഷ്യാററിക്കു് ക്വാർട്ടർലിറിവ്യൂ”, “ദി വീക്കു്എൻഡ്“, “ദി റിവ്യൂ ആഫ് ദി വീക്കു”, “ദി സ്‌ഫിയർ”, “ദി ന്യൂ ഏജ്”, “ദി മോർണിംഗു്സ്റ്റാർ” തുടങ്ങിയ പത്രങ്ങളിലും അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു. ഈ ലേഖനങ്ങളെപ്പററിയുള്ള അഭിനന്ദനങ്ങൾ പല ബ്രിട്ടീഷ് [ 82 ] പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ “ലണ്ടനിൽ ഇരുപത്തൊന്നു ദിവസം” എന്ന ലേഖനപരമ്പര തുടർച്ചയായി “യൂണിവേഴ്‌സൽ മാഗസീനി”ൽ പ്രസിദ്ധീകൃതമായപ്പോൾ മററു പല പത്രങ്ങളും അതു പകർത്തിത്തുടങ്ങി. ഇംഗ്ലണ്ടിലെ വിചിത്രമായ ശീതോഷ്ണാവസ്ഥയെപ്പററിയുള്ള ഒരു ഭാഗം “മാഞ്ചസ്റ്റർ സിററിന്യൂസ്” എന്ന പത്രത്തിൽ ഉദ്ധരിച്ചിരുന്നതിങ്ങനെയാണു്:

“വിചിത്രമായ ഇംഗ്ലീഷ് കാലാവസ്ഥയെപ്പററി രസകരങ്ങളായ ചില വിവരണങ്ങൾ “യൂണിവേഴ്‌സൽ മാഗസീനി”ൽ പ്രസിദ്ധപ്പെടുത്തിക്കാണുന്നു. ഒരു വിദേശിയുടെ അനുഭവങ്ങൾ മി. ജി.പി.പിള്ള ഫലിതമയമായി വിവരിച്ചിരിക്കുകയാണു്:

‘ഇപ്പോൾ ശീതകാലമാണു്. അധികം താമസിയാതെ വേനലാകും. ഇപ്പോൾ ഉണർന്നെഴുനേല്ക്കുമ്പോഴേക്കു് ഇരുട്ടിത്തുടങ്ങുകയായി. കുറച്ചു കഴിഞ്ഞാൽ ഉറങ്ങാൻ തുടങ്ങുമ്പോൾ നേരം വെളുത്തുതുടങ്ങും. ഇപ്പോൾ സൂര്യോദയത്തിനു മുമ്പുതന്നെ ദിവസം ആരംഭിച്ചുകഴിയും; കുറച്ചു കഴിഞ്ഞാൽ ഇരുട്ടുന്നതിനുമുമ്പു രാത്രിയും. ശീതകാലത്തു് രാവിലെ എട്ടുമണിക്കുമുമ്പു് പ്രകാശം പരക്കുകയില്ല; വൈകുന്നേരം നാലുമണിക്കുമുമ്പുതന്നെ ഇരുട്ടു് വ്യാപിക്കുകയും ചെയ്യും. വേനലായാൽ നേരം പുലരുന്നതു് രണ്ടുമണിക്കും ഇരുട്ടുന്നതു് രാത്രി ഒമ്പതുമണിക്കുമാണു്. ഇപ്പോൾ ശീതകാലമാണു്. ഇപ്പോൾ തൊഴി [ 83 ] ലാളിയും വ്യാപാരിയും ഗുമസ്തനും മററും തങ്ങളുടെ ഭാൎ‌യ്യമാരെ പകൽ കാണുന്നതു് ഞായറാഴ്ച മാത്രമാണു്. അവരുടെ കുട്ടികളെ ഉറക്കറയിൽ‌വച്ചു മാത്രമേ കാണാറുള്ളു. ലണ്ടൻ നഗരം അന്ധകാരത്തിൽ ആണ്ടിരിക്കുകയാണു്. സൂൎ‌യ്യൻ പോലും ഇളവെടുത്തു വിശ്രമിക്കുകയാണോ എന്നു തോന്നും. വളരെ വിരളമായി സൂൎ‌യ്യബിംബം ഒളിഞ്ഞുനോക്കാറുണ്ടു്. ഇൻഡ്യയിലാണെങ്കിൽ ഒരുവേള അസുഖകരമായിരിക്കാവുന്ന സൂൎ‌യ്യദൎശനം ഇവിടെ എത്ര പ്രിയകരമാണെന്നു് ഇപ്പോഴാണു് മനസ്സിലാവുക. പക്ഷേ മരംകോച്ചുന്ന ഈ തണുപ്പിൽ സൂൎ‌യ്യൻ കേവലം നിഷ്‌പ്രഭനായിപ്പോകുന്നു. ഒരു ഇംഗ്ലീഷ്‌കാരന്റെ വേഷവിധാനത്തിന്റെ ആവശ്യം നമുക്കു് ഇവിടെ ശരിയായി മനസ്സിലാകും; അയാൾ ഷൎട്ടും ഓവൎകോട്ടും ഇടുന്നതും കയ്യും കാലും കൂടി മൂടിപ്പൊതിയുന്നതും എന്തിനെന്നു് നമുക്കു് അറിയാറാകും. ഇതെല്ലാമുണ്ടെങ്കിലും തണുപ്പിൽനിന്നു് രക്ഷപ്രാപിക്കുവാൻ പിന്നെയും എന്തെങ്കിലും കൂടി ധരിച്ചാൽ കൊള്ളാമെന്നു് നമുക്കു തോന്നിപ്പോകും. പക്ഷേ അതുകൊണ്ടും തണുപ്പിനു് കുറവുണ്ടാകുകയില്ല. കുറെ ദൂരം അതിവേഗത്തിൽ നടന്നാൽ തണുപ്പിനു് അല്പം ശമനമുണ്ടായേക്കുമെന്നു തോന്നും. പക്ഷേ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ല. കാൽ‌വിരലുകളിൽ ഒരു പ്രത്യേകത അനുഭവപ്പെട്ടു തുടങ്ങും. ഒടുവിൽ നമ്മുടെ കാൽ‌വിരലുകൾ മുഴുവൻ നഷ്ടപ്പെട്ടുപോയോ എന്നു പോലും സംശയമുണ്ടാകും. അടുപ്പിനരികത്തു ചെല്ലു [ 84 ] മ്പോൾ മാത്രമേ ആ തോന്നൽ മാറുകയുള്ളു. കൈവിരലുകൾ വേദനിച്ചു തുടങ്ങും. ശരിയായി ഹസ്താവരണങ്ങളണിഞ്ഞിട്ടുണ്ടെങ്കിലും ആ വേദന വൎദ്ധിച്ചുവരും. കൈകൊണ്ടു് കുടപോലും പിടിക്കുവാൻ സാധിക്കാതെയാകും. ചെവികൾ ആദ്യം വിളൎത്തും ക്രമേണ ചുവന്നു് രക്തനിറമായും മാറും. ഇതെല്ലാം നാം ഗൗരവത്തോടെ സഹിക്കുന്നു. അതാ, നിങ്ങളുടെ അടുത്തു ചേൎന്നു നടക്കുന്ന ആ യുവതിയെ നോക്കു! അവൾ മുന്നോട്ടു് കുതിച്ചു് ഓടിത്തുടങ്ങി! അവളുടെ കാൽ‌വിരലുകളിൽ ആ അസുഖകരമായ അനുഭവം അവൾക്കുണ്ടായതാണു് കാരണം. അതാ ആ കാബ്‌വണ്ടിക്കാരൻ തന്നത്താൻ മാറത്തലയ്ക്കുന്നതു കണ്ടില്ലേ? അയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയല്ല; അയാളുടെ വിരലുകളുടെ മരപ്പു് കളയാനുള്ള പ്രയത്നമാണതു്.“

ജി.പി. ഇംഗ്ലണ്ടിൽ നിയമപരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരുന്നപ്പോൾതന്നെ തന്റെ മാതൃഭൂമിക്കു് വലിയ ഒരു സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കോൺഗ്രസ്‌കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഒരു പ്രസംഗപൎ‌യ്യടനം നടത്തി ബ്രിട്ടീഷ്ജനതയ്ക്കു് ഇന്ത്യയേയും ഇന്ത്യയുടെ അടിയന്തിരാവശ്യങ്ങളേയും പററി ഒരു സാമാന്യജ്ഞാനം ഉണ്ടാക്കുവാൻ അദ്ദേഹം ശ്രമിച്ചു. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ പ്രവൎത്തനങ്ങളെപ്പററി കൽക്കത്തായിലെ “ബംഗാളി” പത്രം എഴുതിയ കുറിപ്പു് ഇങ്ങനെയാണു്: [ 85 ] “മി.പിള്ളയുടെ നാവു് അദ്ദേഹത്തിന്റെ തൂലികപോലെതന്നെ കുററവാളികളുടെയും മൎദ്ദകരുടെയും നേരെ സുശക്തമായി പ്രയോഗിക്കാൻ പൎയ്യാപ്തമായ ഒരായുധമാണെന്നു് ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലും വച്ചു് തെളിയിക്കപ്പെട്ടുകഴിഞ്ഞു. മി: കെയിനുമൊന്നിച്ചു കോൺ‌വാൾപ്രദേശത്തു് വിപുലവും വിജയകരവുമായ ഒരു പൎയ്യടനം അദ്ദേഹം നടത്തി. ലങ്കാഷയറിലെ ഒരു നീണ്ട പൎയ്യടനത്തിനുശേഷം അദ്ദേഹം മടങ്ങിയെത്തിയതേയുള്ളു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ഹൃദയംഗമമായ സ്വീകരണമാണു് ലഭിച്ചതു്. ഭാരതീയരും തങ്ങളെപ്പോലെതന്നെ രക്തവും മാംസവും കൊണ്ടുണ്ടാക്കപ്പെട്ടവരാണെന്നും പരിഷ്കാരത്തിന്റെ മിഥ്യാഭ്രമം പുലൎത്തുന്ന തങ്ങളെപ്പോലെതന്നെ ഭാരതീയരും വികാരങ്ങൾക്കും വിചാരങ്ങൾക്കും അധീനരാണെന്നുമുള്ള ബോധം ബ്രിട്ടീഷ്‌കാരുടെ ഉള്ളിൽ കടത്തുകയെന്ന ഒരു മഹൽ‌കൃത്യമാണു് ജി.പി. ചെയ്തതു്.”

“ഇൻഡ്യൻ‌മിറർ” പത്രത്തിന്റെ ലണ്ടൻ ലേഖകൻ ജി.പി.യുടെ ലങ്കാഷയർ പൎയ്യടനത്തെപ്പററി തന്റെ പത്രത്തിലെഴുതിയതിങ്ങനെയായിരുന്നു:

“ഈ പൎയ്യടനം പത്തൊൻപതുദിവസം നീണ്ടു നിന്നു. അതിനിടയ്ക്കു് അദ്ദേഹം പതിനഞ്ചുയോഗങ്ങളിൽ പ്രസംഗിച്ചു. തന്റെ അസൌകൎയ്യങ്ങളെ വിഗണിച്ചു് മി.പിള്ള തന്റെ മാതൃഭൂമിക്കു് വലിയ ഒരു [ 86 ] സേവനമാണു് അനുഷ്ഠിക്കുന്നതു്. കഴിഞ്ഞ പത്തുദിവസങ്ങളായി ഇവിടെ മിയ്ക്കവാറും ധ്രുവപ്രദേശത്തെ കാലാവസ്ഥയാണു്. തണുത്ത കിഴക്കൻ കാററു് ഈ നാട്ടുകാരെപ്പോലും വിഷമിപ്പിക്കുന്നു. ഒരു സ്ഥലത്തു് മി: പിള്ള തീവണ്ടി ആഫീസിൽനിന്നു യോഗസ്ഥലത്തേക്കു് മൂന്നുമൈലും തിരികെ യോഗസ്ഥലത്തുനിന്നു് മൂന്നു മൈലും യാതൊരു വാഹനത്തിന്റെയുംസഹായം കൂടാതെ ഹിമപാതമേററുകൊണ്ടു് നടന്നുപോയി. മി:പിള്ളയെപ്പോലെ പ്രവൎത്തിക്കുന്ന അര ഡസൻ ആളുകളുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരിക്കും. പാൎലമെൻ‌റിന്റെ അടുത്ത പൊതുതിരഞ്ഞെടുപ്പിൽതന്നെ ഈ സേവനത്തിന്റെ ഫലം തീൎച്ചയായും കാണാവുന്നതാണു്.”

അന്നു് ബ്രിട്ടീഷ് കാൺഗ്രസ്സു് കമ്മിററിയുടെ ചുമതല വഹിച്ചിരുന്ന രമേശചന്ദ്രദത്ത്, ജി.പി.യുടെ പ്രസംഗപൎയ്യടനത്തിനുശേഷം അദ്ദേഹത്തിനു് ഇപ്രകാരമെഴുതി:

“ഇക്കഴിഞ്ഞ പ്രസംഗപൎയ്യടനത്തിന്റെ മഹനീയമായ വിജയത്തിൽ നിങ്ങളെ അനുമോദിക്കുന്നു. ആ പൎയ്യടനത്തെപ്പററി ‘ഇൻഡ്യ’യിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വിവരണങ്ങൾ നമ്മുടെ നാട്ടുകാൎക്കു് പ്രചോദനം നൽകുമെന്നും അങ്ങിനെ പ്രയോജനകരമായ ഈ പ്രവൎത്തനം തുടൎന്നുകൊണ്ടുപോകാൻ സാധിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.” [ 87 ] [ 88 ] ഈ പ്രസംഗപൎയ്യടനത്തിനിടയ്ക്കു് “തെക്കേ ആഫ്രിക്കയിലെ ഇൻഡ്യാക്കാരുടെ അവശതകളെ”പ്പററി ജി.പി. ആവൎത്തിച്ചാവൎത്തിച്ചു് പരാമൎശിച്ചു. അവസരം കിട്ടിയപ്പോഴെല്ലാം അവിടുത്തെ അവശസഹോദരങ്ങളുടെ നേൎക്കു് കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറണമെന്നു് ബ്രിട്ടീഷ്ജനതയോടു് അദ്ദേഹം അഭ്യൎത്ഥിച്ചു. ജി.പി.യുടെ ആത്മാൎത്ഥതയിലും പ്രവൎത്തനസന്നദ്ധതയിലും ഗാന്ധിജിക്കു് വിശ്വാസം വൎദ്ധിച്ചു. പ്രമുഖരായ ഭാരതീയനേതാക്കന്മാരടങ്ങിയ ഒരു നിവേദകസംഘം അന്നു് പുത്രികാരാജ്യങ്ങളുടെ സിക്രട്ടറിയായിരുന്ന ജോസഫ് ചേംബൎലെയിനേയും തെക്കേ ആഫ്രിക്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണരായിരുന്ന സർ ആൽഫ്രഡ് മിൽ‌നറേയും സന്ദൎശിക്കണമെന്നുള്ള നിൎദ്ദേശത്തെപ്പററി ഗാന്ധിജി ജി.പി.ക്കു് ഡൎബനിൽ‌നിന്നെഴുതിയ കത്താണിതു്:

൧൪, മെൎക്കുറിലെയിൻ,ഡൎബൻ,


൧൯൦൧, മേയ്, ൧൮.


പ്രിയപ്പെട്ട മി: പിള്ളേ,

തെക്കേ ആഫ്രിക്കയിലെ അവശരായ ഭാരതീയരുടെ കാൎയ്യത്തിൽ നിങ്ങൾ കാണിക്കുന്ന ആത്മാൎത്ഥവും സജീവവുമായ താല്പൎയ്യം ഞങ്ങൾ സന്തോഷത്തോടും കൃതജ്ഞതയോടും കൂടിയാണു് വീക്ഷിക്കുന്നതു്. ഒരു നിവേദക സംഘം സർ ആൽഫ്രഡ് മിൽ‌നറേയും, സാധിക്കുമെങ്കിൽ മി: ചേംബൎലെയിനേയും സന്ദർ [ 89 ] ശിച്ചു് തെക്കേ ആഫ്രിക്കയിലെ ഇൻഡ്യക്കാരുടെ അവശതകൾ അവരുടെ മുമ്പാകെ സമൎപ്പിക്കണമെന്ന നിൎദ്ദേശമടങ്ങിയ കത്തുകൾ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിററിക്കും ഈസ്റ്റ് ഇൻഡ്യാ അസോസ്യേഷനും അയക്കുന്നു. ഈ നിവേദകസംഘത്തിന്റെ കാൎയ്യത്തിൽ എല്ലാവൎക്കും അനുഭാവമുണ്ടെങ്കിലും അതിന്റെ പ്രവൎത്തനങ്ങളെ സഹായിക്കത്തക്കവണ്ണം സമയവും ശ്രദ്ധയും ചിലവഴിക്കാൻ കഴിവുള്ളതു് നിങ്ങൾക്കാണെന്നാണു് എന്റെ വിശ്വാസം. ഈ പ്രശ്നത്തിന്റെ സകല വശങ്ങളും നിങ്ങൾക്കു് നല്ലവണ്ണം അറിയുകയും ചെയ്യാം. ഈ സുവൎണ്ണാവസരം നഷ്ടപ്പെടാൻ നാം ഇടയാക്കരുതു്. എന്റെ ആശയങ്ങളോടു് യോജിക്കുന്ന പക്ഷം നിങ്ങൾ ഈ കാൎയ്യത്തിൽ താല്പൎയ്യത്തോടുകൂടി പ്രവൎത്തിക്കുമെന്നു് ഞാൻ ആശിക്കുന്നു.

ഞാൻ മി: രമേശ് സി. ദത്തിനും എഴുതുന്നുണ്ടു്.

എന്നു് നിങ്ങളുടെ വിശ്വസ്തൻ,


എം.കെ. ഗാന്ധി.


൧൯൧൧, മാൎച്ചു്മാസം ഒന്നാം തീയതി ബ്രിട്ടനിൽ വസിച്ചിരുന്ന ഭാരതീയരുടെ ഒരു സമ്മേളനം “ലണ്ടൻ ഇൻഡ്യൻ സൊസൈററി“യുടെ ആഭിമുഖ്യത്തിൽ “വെസ്റ്റ് മിൻ‌സ്റ്റർ ഹാളി”ൽ വച്ചു കൂടി. അന്നു് ദാദാഭായി നവറോജിയുടെ അഭാവത്തിൽ ജി.പി.യാണു് ആദ്ധ്യക്ഷം വഹിച്ചതു്. ഇൻഡ്യ അന്നു് [ 90 ] ഒരു ഭയങ്കര ക്ഷാമത്തിന്റെ പിടിയിൽ‌പെട്ടു് നട്ടം തിരിയുകയായിരുന്നു. എന്തെങ്കിലും സത്വരനടപടികളെടുക്കണമെന്നുകാണിച്ചു് ഒരപേക്ഷ പ്രധാനമന്ത്രി സാലിസ്‌ബറി പ്രഭുവിനു് സമൎപ്പിക്കാനായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ദേശം. ൧൯൦൧ – ൽ “ലണ്ടൻ ഇൻഡ്യൻ സൊസൈററി“യുടെ മറെറാരു സമ്മേളനത്തിനു വേണ്ട ഏൎപ്പാടുകൾ ചെയ്തപ്പോൾ അതിന്റെ പ്രവൎത്തകസമിതിയിൽ സംബന്ധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ദാദാഭായി നവറോജി ജി.പി.യ്ക്കു് ഇപ്രകാരം എഴുതുകയുണ്ടായി:

വാഷിംഗ്ടൻ ഹൗസ്, ൭൨, ആനൎലീപാൎക്കു്


ലണ്ടൻ എസ്.ഇ. ൧൯൦൧ – ഏപ്രിൽ ൧൫


പ്രിയപ്പെട്ട മി: പിള്ളേ,

ലണ്ടൻ ഇൻഡ്യൻ സൊസൈറ്റി മേയ് ൨൫ -ാം തീയതി ഒരു സമ്മേളനം വിളിച്ചുകൂട്ടുവാൻ നിശ്ചയിച്ചിരിക്കുകയാണു്. വിശദമായ പരിപാടി തീരുമാനിക്കുവാൻ കൎമ്മസമിതി അടുത്ത ശനിയാഴ്ച മൂന്നുമണിക്കു് ബ്രിട്ടീഷ് കമ്മിററി ആഫീസിൽ കൂടുന്നതായിരിക്കും. നിങ്ങൾക്കു ഔപചാരികമായ ഒരു ക്ഷണം ലഭിക്കും. ചൎച്ചകളിൽ സഹായിക്കുവാൻ നിങ്ങൾ കൂടി ഉണ്ടായിരിക്കണമെന്നു് ഞാൻ ആഗ്രഹിക്കുന്നു.

എന്നു്,


നിങ്ങളുടെ വിശ്വസ്തൻ,


ദാദാഭായി നവറോജി.
[ 91 ]

വെസ്റ്റ് മിൻസ്റ്റർ ഹാളിൽവച്ചു നടന്ന ആ സമ്മേളനത്തിൽ “വന്ദ്യവയോധിക”നായിരുന്നു അദ്ധ്യക്ഷൻ. അന്ന് ഒരു പ്രധാന പ്രസംഗകനായിരുന്നു ജി.പി. ഇൻഡ്യയിലെ നിയമസഭകളിലും നഗരസഭകളിലും മറ്റും ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം അനുവദിക്കേണ്ടതിന്റെയും ഇൻഡ്യയിലെ എക്സിക്യൂട്ടീവ് കൗൺസിലുകളിലും ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സെക്രട്ടറിയുടെ കൗൺസിലിലും ഭാരതീയർക്കു് കൂടുതൽ പ്രവേശനം നൽകേണ്ടതിന്റെയും ആവശ്യത്തെപ്പറ്റി ശക്തിയുക്തമായ ഭാഷയിൽ അദ്ദേഹം വാദിക്കുയുണ്ടായി.