ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ആമുഖപഠനം
←മുഖവുര | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ആമുഖപഠനം |
Preface→ |
constructed table of contents |
[ 23 ] ആമുഖ പഠനം
ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷയ്ക്കു നൽകിയ ഏറ്റവും വിലപ്പെട്ട
സംഭാവന എന്താണ്? A Malayalam and English Dictionary
എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. ഒഴിവാക്കാനാവാത്ത ഭാഷാ
പഠനസഹായി എന്ന പദവിയിൽ ഒന്നൊന്നര നൂറ്റാണ്ടായി ഈ കൃതി,
വിരാജിക്കുന്നു. മലയാളം ലക്സ്സിക്കൺ (കേരള സർവകലാശാല)
പൂർത്തിയാകും വരെയെങ്കിലും മലയാള ഭാഷയെക്കുറിച്ചുള്ള ആധികാരിക
പരാമർശങ്ങൾക്കെല്ലാം അവലംബം ഗുണ്ടർട്ട് നിഘണ്ടുവായിരിക്കും.
മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രചിച്ച മഹാൻ എന്ന്
ഗുണ്ടർട്ടിനെ പലരും വിശേഷിപ്പിച്ചു കാണാറുണ്ട്. അനർഹമായ ഈ
ബഹുമതി അദ്ദേഹത്തിന് ആവശ്യമില്ല. മലയാള ഭാഷയുടെ ആദ്യത്തെ
അച്ചടിച്ച നിഘണ്ടു ബഞ്ചമിൻ ബയിലിയുടേതാണ്. 1846 —ൽ കോട്ടയത്ത്
അച്ചടിച്ചു പ്രസിദ്ധീകരിച്ച A Dictionary of High and Colloquial Malay
alim and English. 1849-ൽ മറെറാരു ദ്വിഭാഷാ നിഘണ്ടു കൂടി ബയിലി
പ്രസിദ്ധീകരിച്ചു. Dictionary, English and Malayalim. 1867-ൽ റിച്ചാർഡ്
കൊളിൻസ് സായ്പിന്റെ ശുദ്ധ മലയാള നിഘണ്ടു പ്രകാശിതമായി—
മലയാണ്മ നിഘണ്ടു. 1856-ൽ കോട്ടയത്തു മറെറാരു ദ്വിഭാഷാ നിഘണ്ടു
അച്ചടിച്ചു. ഗ്രന്ഥകർത്താവ് കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ചർച്ച് ഒഫ്
സ്കോട്ലണ്ട് മിഷണറി ഇ. ലാസറോണാണ്. ആദ്യത്തെ 138 പുറങ്ങളിൽ
മലയാളം — ഇംഗ്ലീഷ് നിഘണ്ടു; പിന്നെ 104 പുറങ്ങളിൽ ഇംഗ്ലീഷ് — മലയാളം
നിഘണ്ടു. അവസാനത്തെ ഒമ്പതു പുറങ്ങളിൽ ക്രിയാവിവരണം. ഒന്നോ
രണ്ടോ വാക്കുകളിൽ വ്യക്തമായി അർഥം പറയുന്ന നിഘണ്ടു എന്ന
നിലയിൽ ഇതു വിദ്യാർഥികൾക്കു പ്രയോജനപ്പെട്ടിരിക്കും. 1870 — ൽ
മംഗലാപുരത്തുനിന്നു ബാസൽ മിഷൻ രണ്ടു സ്കൂൾ നിഘണ്ടുക്കൾ
പ്രസിദ്ധീകരിച്ചു —മലയാളം ഇംഗ്ലീഷ ഭാഷകളുടെ അകാരാദി (373 പുറം).
ഇംഗ്ലീഷ മലയാള ഭാഷകളുടെ അകാരാദി (365 പുറം) ഇത്രയേറെ അച്ചടിച്ച
നിഘണ്ടുക്കൾ ഉണ്ടായശേഷമാണ് ഗുണ്ടർട്ട് നിഘണ്ടുവിന്റെ ആഗമനം.
അച്ചടിച്ച നിഘണ്ടുക്കളുടെ കാര്യംമാത്രമാണ് ഇതുവരെ
എഴുതിയത്. കൈയെഴുത്തിൽ മാത്രം നിലനിന്നിരുന്ന കൃതിയാണ്
അർണോസ് പാതിരിയുടെ മലയാളം പോർത്തുഗീസ് നിഘണ്ടു. ഏതാനും
വർഷങ്ങൾക്കു മുമ്പ് കേരള സാഹിത്യ അക്കാദമി ഇംഗ്ലീഷ്
പരിഭാഷയോടുകൂടി ഈ കൃതി അച്ചടിപ്പിച്ചു. ഇതിന്റെ ഇരട്ടിയോളം
വലിപ്പമുള്ള ഒരു മലയാളം — പോർത്തുഗീസ് നിഘണ്ടു 1745-ൽ
പൂർത്തിയാക്കി വരാപ്പുഴയിൽ സൂക്ഷിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനു
മുമ്പു കത്തോലിക്ക മിഷണറിമാർ തയ്യാറാക്കിയ മറ്റു ചില നിഘണ്ടുക്കൾ
കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥശേഖരങ്ങളിൽ [ 24 ] കണ്ടെത്തിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് മലയാള സാഹിത്യവും
ക്രിസ്ത്യാനികളും, ഡിസിബി. പതിപ്പ്, 1989 : 386 – 402 നോക്കുക).
സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ രേഖാലയത്തിൽ 1184 പേജുകളുള്ള
ഒരു മലയാളം — ഇംഗ്ലീഷ് നിഘണ്ടു കൈയെഴുത്തായി സൂക്ഷിച്ചിട്ടുണ്ട്. 1862 —
ൽ പൂർത്തിയാക്കിയ ഈ ബൃഹത്നിഘണ്ടുവിന്റെ പുറംചട്ടയിൽ ഒരിടത്തു
ഗുണ്ടർട്ടിന്റെ സഹകാരിയായിരുന്ന ഇറിയോൺ എന്ന മിഷണറിയുടെ
പേരു കാണുന്നു. ഗ്രന്ഥകർത്താവിനെക്കുറിച്ചു കൃത്യമായ
വിവരങ്ങളൊന്നും ലഭ്യമല്ല. മേല്പറഞ്ഞ നിഘണ്ടുകൾക്കൊന്നും
അവകാശപ്പെടാനാവാത്ത സ്ഥാനം മലയാള ഭാഷയുടെ ചരിത്രത്തിൽ
ഗുണ്ടർട്ട് നിഘണ്ടു നേടിയെടുത്തു. നിഘണ്ടുവിന്റെ കാര്യത്തിൽ ശാസ്ത്ര
ഭദ്രമായ പ്രതിപാദനം കൊണ്ട് മലയാള ഭാഷയെ ഹനൂമാൻ ചാട്ടത്താൽ
ഭാരതീയ ഭാഷകളിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ ഗുണ്ടർട്ടിനു കഴിഞ്ഞു.
മലയാള ഭാഷാ ഗവേഷണത്തിൽ താല്പര്യം വർധിക്കുംതോറും
ഗുണ്ടർട്ട് നിഘണ്ടുവിന്റെ പ്രസക്തി ഏറിവരുന്നു. 1872-ലെ മംഗലാപുരം
പതിപ്പിനുശേഷം 90 വർഷം കഴിഞ്ഞ് എൻ.ബി.എസ്. പതിപ്പ് അച്ചടിച്ചു.
1972-ൽ കോട്ടയത്തു നിന്നു മറെറാരു പതിപ്പുണ്ടായി. 1982- ൽ
തിരുവനന്തപുരത്തു പുതിയൊരു പതിപ്പ് അച്ചടിച്ചു. ഡൽഹിയിൽ നിന്ന്
ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുണ്ടർട്ട് നിഘണ്ടു ഫോട്ടോ
പകർപ്പായി വിതരണം ചെയ്യുന്നു. ഇതിനിടയിൽ 1970 — ൽ ജർമനിയിലെ
ഓസ്നാംബ്രുക്കിൽ (ഇതാണ് അർണോസ് പാതിരിയുടെ ജന്മദേശം)
രണ്ടു വാല്യമായി ഒരു പതിപ്പ് അച്ചടിച്ചു. അച്ചടിയുടെ സാങ്കേതിക
മേന്മകൊണ്ട് ശ്രദ്ധേയമാണ് ജർമൻ പതിപ്പ്. ഇത് മംഗലാപുരം പതിപ്പിന്റെ
പകർപ്പു തന്നെ. സാങ്കേതിക മേന്മയുള്ള ജർമൻ പതിപ്പിന്റെ പകർപ്പാണ്
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയുടെ ഭാഗമായി ഡി.സി.ബുക്സ്
പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ പ്രസിദ്ധീകരിച്ച ചില പതിപ്പുകളിൽ
രസകരമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒരു പ്രസാധകൻ
നിഘണ്ടുവിനു ശാസ്ത്രീയതയും ആധികാരികത്വവും നൽകുന്ന
ഉദ്ധരണികളെല്ലാം ഉപേക്ഷിച്ചു ഗുണ്ടർട്ട് നിഘണ്ടുവിനെ മൂന്നാംകിട
സ്കൂൾ നിഘണ്ടുവാക്കി അവതരിപ്പിച്ചു!
ഡി സി ബി പതിപ്പിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1872-ൽ
പ്രസിദ്ധീകരിച്ച രൂപത്തിൽത്തന്നെ നിഘണ്ടുനിങ്ങളുടെ കയ്യിൽ എത്തുന്നു.
ഇതൊരു മേന്മയായിട്ടൊന്നും എടുത്തു പറയുകയല്ല. ഗ്രന്ഥാവസാനത്തിൽ
നൽകിയിരിക്കുന്ന 33 പേജുള്ള അനുബന്ധമെങ്കിലും യഥാസ്ഥാനം
ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ഇതിനു തുനിഞ്ഞിറങ്ങിയാൽ
സംഭവിക്കാവുന്ന പ്രമാദങ്ങൾ ഭയപ്പെട്ടിട്ടാണ് ഫോട്ടോ പകർപ്പായി അച്ചടി
നടത്തുന്നത്. അച്ചടിയുടെ പ്രശ്നങ്ങൾ നിശ്ചയമുള്ളവർക്ക് ഗ്രന്ഥത്തിലെ
ലിപിവിന്യാസത്തിലേക്കു കണ്ണു തിരിക്കുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം [ 25 ] മനസ്സിലാകും.വാക്കുകളുടെ ലിപ്യന്തരണം, ചിഹ്നം, ചുരുക്കെഴുത്തുകൾ,
പ്രാചീന ലിപികൾ എന്നിങ്ങനെ പേടിപ്പെടുത്തുന്ന പ്രശ്നങ്ങൾ പലതാണ്.
ഇതെല്ലാം കാണുമ്പോൾ നൂറ്റിരുപതോളം വർഷം മുമ്പ് അതിമനോഹര
മായി നിഘണ്ടു അച്ചടിച്ച മംഗലാപുരം ബാസൽമിഷൻ പ്രസ്സുകാരെ
അത്ഭുതാദരപൂർവം നമിക്കേണ്ടിയിരിക്കുന്നു. ഹെർമൻ ഗുണ്ടർട്ടിനു പുറമേ
റവ. ഡീസും സ്റ്റോൾസും ഇക്കാര്യത്തിൽ മലയാളികളുടെ
കൃതജ്ഞതാദരങ്ങൾ അർഹിക്കുന്നുണ്ട്.
നിഘണ്ടുവിന്റെ ശതാബ്ദിപ്പതിപ്പ് ഗ്രന്ഥകർത്താവു നൽകിയ
തിരുത്തലുകളോടുകൂടി പുനസ്സംവിധാനം ചെയ്യാൻ പരമ്പരയുടെ
എഡിറ്ററന്മാർ നിർബന്ധം കാട്ടാതിരുന്നതിനു മറെറാരു കാരണം കൂടി
ഉണ്ട്. മംഗലാപുരം പതിപ്പ് അച്ചടിച്ചതിനുശേഷവും ഗുണ്ടർട്ടിന്റെ മനസ്സ്
മലയാള നിഘണ്ടുവിൽ നിന്നു മാറിപ്പോയിരുന്നില്ല. കേരളത്തിൽ
പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം ശേഖരിച്ചിരുന്നു. അത്തരം
ഗ്രന്ഥങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സഹപ്രവർത്തകർക്ക് അദ്ദേഹം അയച്ച
കത്തുകൾ ധാരാളമുണ്ട്. അങ്ങനെ ജർമനിയിൽ എത്തിച്ചേർന്ന ഗ്രന്ഥങ്ങൾ
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ കാണാം. കൈയിൽകിട്ടുന്ന
മലയാള പുസ്തകങ്ങൾ ആദ്യവസാനം വായിച്ചുനോക്കി തന്റെ
നിഘണ്ടുവിൽ ഉൾപ്പെടുത്താത്ത പദങ്ങളോ ശൈലികളോ ഉണ്ടെങ്കിൽ
അവയെല്ലാം പ്രത്യേകം കുറിച്ചിടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
1877-ൽ കോഴിക്കോടു വിദ്യാവിലാസം പ്രസ്സിൽ അച്ചടിച്ച കുന്ദലതയുടെ
പകർപ്പിൽ നിന്ന് പാലുത്തരം, പുണ്യപുരം തുടങ്ങിയ പത്തു വാക്കുകൾ
പ്രത്യേകം കുറിച്ചിട്ടിട്ടുണ്ട്. 1890-ൽ കോഴിക്കോടു സ്പെക്ടേട്ടർ
അച്ചുകൂടത്തിൽ അച്ചടിച്ച ഇന്ദുലേഖയുടെ പകർപ്പിൽ പതിനേഴു വാക്കുകൾ
കണ്ടെത്തി. അവ പേജുനമ്പറുകളോടുകൂടി ഒരു പട്ടികയായി
പുസ്തകാരംഭത്തിൽ കുറിച്ചിട്ടിരിക്കുന്നു. ഇതിൽ നിന്നു വെളിവാകുന്നത്
മരിക്കുന്നതിനു രണ്ടോ മൂന്നോ വർഷം മുമ്പു വരെ-അതായതു നിഘണ്ടു
പ്രസിദ്ധീകരിച്ച് പതിനെട്ടു വർഷത്തിനു ശേഷവും - ഗുണ്ടർട്ട് മലയാള
നിഘണ്ടുവിന്റെ പൂർത്തീകരണത്തിനു വേണ്ടി യത്നിക്കയായിരുന്നു
എന്നാണ്. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ ഉപകരിക്കാത്ത
ഇത്തരമൊരു യത്നത്തിൽ ആമരണം വ്യാപൃതനായ ഗുണ്ടർട്ടിനെ
വിദ്യാവ്യസനി എന്നേ വിശേഷിപ്പിക്കാനാവൂ. പരിപൂർണത തേടുന്ന മനസ്സ്
ലാഭചിന്തകളില്ലാതെ കർമങ്ങളിൽ മുഴുകിപ്പോകുന്നു. 1872 മുതൽ ശേഖരിച്ച
പദങ്ങൾ താൻ ഉപയോഗിച്ചിരുന്ന അച്ചടിപ്പകർപ്പിൽ അദ്ദേഹം കുറിച്ചിട്ടു.
അദ്ദേഹത്തെ സന്ദർശിച്ചിരുന്ന പല സുഹൃത്തുക്കളും ഈ
പകർപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗുണ്ടർട്ട് നിഘണ്ടുവിന് ഇനിയൊരു
പതിപ്പുണ്ടാകുന്നെങ്കിൽ ഇവയെല്ലാം കൂട്ടിച്ചേർത്തേ അത് അച്ചടിക്കാവൂ
എന്ന് ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബാസൽമിഷൻ മാസികയിൽ [ 26 ] പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ കാണുന്നു. ബാസൽ മിഷൻകാർ
പ്രസിദ്ധീകരിച്ച ഗുണ്ടർട്ടിന്റെ ജീവചരിത്രത്തിലും ഈ പരാമർശം കാണാം.
മലയാള ഭാഷാ പണ്ഡിതനും ഗുണ്ടർട്ടിന്റെ വിശ്വസ്ത
സുഹൃത്തുമായിരുന്ന ഫ്രോൺമേയർ (Frohnmeyer) ഈ പകർപ്പ്
ഉപയോഗിച്ചതായി തെളിവുകളുണ്ട്. മലയാള ഭാഷാ ഗവേഷണത്തിനു
വമ്പിച്ച മുതൽക്കൂട്ടായിത്തീരാവുന്ന ഈ പകർപ്പു തേടിയാണ് 1986-ൽ
ഞാൻ ട്യൂബിങ്ങൻ സർവകലാശാലയിൽ എത്തിച്ചേർന്നത്. അന്നുമുതൽ
ഇന്നോളം ഡോ.ആൽബ്രഷ്ട് ഫ്രൻസും ട്യൂബിങ്ങൻ സർവകലാശാലാ
ലൈബ്രറിയിലെ ഭാരതീയ പഠന വിഭാഗവും ഈ അന്വേഷണത്തിൽ
സഹകാരികളായിരുന്നു. യൂറോപ്പിലെ അനേകം ലൈബ്രറികളിലും
രേഖാലയങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രന്ഥം
കണ്ടെത്താനായില്ല. ഇതു വല്ലാത്ത അപൂർണതാ ബോധം ഞങ്ങളിൽ
സൃഷ്ടിക്കുന്നു. അന്വേഷണം തുടരുകയാണ്. ലോകത്തിന്റെ ഏതെങ്കിലും
കോണിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ അതു കണ്ടുകിട്ടിയെന്നു വരാം.
അന്നാകട്ടെ നിഘണ്ടുവിന്റെ പുനസ്സംവിധാനം എന്നാണ് ഇപ്പോഴത്തെ
ചിന്ത.
കൗതുകകരമായ ഒരു കാര്യം കൂടി ഇവിടെ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ജർമനിയിലും സ്വിറ്റ്സർലണ്ടിലും
കണ്ടെത്തിയ കേരളീയ രേഖകളുടെ തോതും തരവും പരിഗണിക്കുമ്പോൾ
ഞങ്ങൾ അന്വേഷിക്കുന്ന നിഘണ്ടുവിന്റെ പകർപ്പ് കണ്ടെത്താനാവും
എന്ന വിശ്വാസം വർധിക്കയാണ്. അവിടത്തെ സ്ഥാപനങ്ങളിലും
വ്യക്തികളുടെ സ്വകാര്യ ഗ്രന്ഥശേഖരങ്ങളിലും എത്തിപ്പെടുന്ന രേഖകൾ
നഷ്ടപ്പെടുക സാധാരണമല്ല. വ്യക്തികൾക്ക് സംരക്ഷിക്കാൻ കഴിയാത്തവ
സ്ഥാപനങ്ങൾക്ക് കൈമാറുന്നു. ഉദാഹരണത്തിന് സ്റ്റുട്ഗാർട്ടിന് സമീപം
മാർബഹായിലുള്ള ഷില്ലർ സ്മാരക ജർമൻ സാഹിത്യ മ്യൂസിയത്തിലാണ്
ഗുണ്ടർട്ടിന്റെ കത്തുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. എഴുത്തുകാരുടെ
കൈയെഴുത്തുകളെല്ലാം ഭാവി തലമുറയ്ക്കുവേണ്ടി സംരക്ഷിക്കാനും
ഗവേഷകർക്ക് ലഭ്യമാക്കാനും ഇവിടെ ചെയ്തിരിക്കുന്ന ഏർപ്പാടുകൾ
അനുകരണീയമാണ്. പ്രമുഖ പ്രസിദ്ധീകരണ ശാലകളിൽ നിന്നെല്ലാം
ഇവർക്ക് കൈയെഴുത്തുകൾ ലഭിക്കുന്നു. അവ തരംതിരിച്ചു ശേഖരിക്കാൻ
ശാസ്ത്രീയ സംവിധാനമുണ്ട്. ഇവിടത്തെ രേഖാസമുച്ചയം ഉപയോഗിക്കാൻ
ദിനംപ്രതി നൂറുകണക്കിനു യുവഗവേഷകർ എത്തുന്നു. രണ്ടു
മഹായുദ്ധങ്ങളിൽ നഷ്ടപ്പെട്ട രേഖകളെക്കുറിച്ച് ജർമൻ പണ്ഡിതന്മാർ
അത്യന്ത വ്യസനത്തോടെ സംസാരിച്ചു കേൾക്കാറുണ്ട്. ഹാംബുർഗിലും
സ്റ്റുട്ഗാർട്ടിലും ഗുണ്ടർട്ടിന്റെ പുത്രന്മാർ താമസിച്ചിരുന്ന വീടുകൾ
രണ്ടാം ലോക മഹായുദ്ധകാലത്തു കത്തിപ്പോയി. ആ ഘട്ടത്തിൽ
ഗുണ്ടർട്ടിന്റെ കത്തുകളെല്ലാം മറെറാരു ബന്ധുവിന്റെ വീട്ടിലായിരുന്നു. [ 27 ] ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്നു എന്നു കരുതാവുന്ന മിക്ക രേഖകളും
ട്യൂബിങ്ങൻ, ബാസൽ, കാൽവ്, സ്റ്റുട്ഗാർട്ട് എന്നിവിടങ്ങളിൽ ഇന്ന്
കാണാവുന്നതാണ്. അക്കൂട്ടത്തിൽനിന്ന് മാറിപ്പോയ നിഘണ്ടുവിന്റെ
പകർപ്പും നഷ്ടപ്പെട്ടിരിക്കില്ല!
ഉപാദാനങ്ങൾ
ഗുണ്ടർട്ട് നിഘണ്ടുവിന്റെ ഉപാദാനങ്ങൾ ചുരുക്കെഴുത്തു (Abbrevia-
tions) പട്ടികയിൽ നിന്നു ഗ്രഹിക്കാം. ഇവയെല്ലാം ഇന്നു കണ്ടെത്താൻ
കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യാനന്തര കാലത്തു നമ്മുടെ
സർവകലാശാലകളിലും മററു സാംസ്കാരിക സ്ഥാപനങ്ങളിലും ഭാഷാ
സാഹിത്യഗവേഷണം ഊർജിതമായതോടെ അനേകം രേഖകൾ
വെളിച്ചത്തു വന്നു. കേരള സർവകലാശാലയുടെയും കോഴിക്കോടു
സർവകലാശാലയുടെയും ഹസ്തലിഖിത ഗ്രന്ഥപ്പുരകളിൽ
വിലമതിക്കാനാവാത്ത അനേകം കൈയെഴുത്തു ഗ്രന്ഥങ്ങളുണ്ട്. എന്നാൽ
ഗുണ്ടർട്ട് നിഘണ്ടുവിൽ സുവിശദമായി പരാമർശിക്കപ്പെടുന്ന ചില
ഗ്രന്ഥങ്ങളും രേഖാസമുച്ചയങ്ങളും കേരളക്കരയിൽ ഒരിടത്തും
കണ്ടെത്താനായില്ല. പയ്യന്നൂർപ്പാട്ട്, തലശ്ശേരിരേഖകൾ തുടങ്ങിയവ ഈ
ഗണത്തിൽ ഉൾപ്പെടും.
ഗുണ്ടർട്ട് നിഘണ്ടുവിൽ പരാമർശിക്കപ്പെടുന്ന അച്ചടിച്ച
ഗ്രന്ഥങ്ങളിൽ ബഹുഭൂരിപക്ഷവും കേരളത്തിലെ പഴയ ഗ്രന്ഥപ്പുരകളിൽ
ലഭ്യമാണ്. കെ. എം. ഗോവിയും എ. കെ. പണിക്കരും ചേർന്നു കേരള
സാഹിത്യ അക്കാദമിക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥസൂചി ഇവയുടെ
ലഭ്യതയെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ഗവേഷകർക്കു നൽകുന്നു.
അവിടെ രേഖപ്പെടുത്തിയിട്ടില്ലാത്തതും ഗുണ്ടർട്ട് ഉപയോഗിച്ചതുമായ ചില
ഗ്രന്ഥങ്ങൾ മാത്രമാണ് കണ്ടുകിട്ടാനുണ്ടായിരുന്നത്.
1986-ൽ ട്യൂബിങ്ങൻ സർവകലാശാലയിൽ ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥശേഖരം കണ്ടെത്തിയതോടെ അദ്ദേഹം ഉപയോഗിച്ച അനേകം
ഗ്രന്ഥങ്ങൾ ഗവേഷകരുടെ ദൃഷ്ടി പഥത്തിലായി. 1991–ൽ കാൽവിലെ
സ്റ്റയിൻ ഹൗസിൽ നിന്നു പതിനാറു താളിയോലക്കെട്ടുകൾ കൂടി ലഭിച്ചു.
ഇതോടെ കൈയെഴുത്തുഗ്രന്ഥങ്ങളുടെ പട്ടിക പൂർത്തിയായി. മഹാഭാരതം,
പഞ്ചതന്ത്രം തുടങ്ങിയവയുടെ ഒന്നിലേറെ പകർപ്പുകൾ ഗുണ്ടർട്ടിന്റെ
കൈവശത്തിലുണ്ടായിരുന്നു. ഓലയിലും കടലാസിലുമായുള്ള
കൈയെഴുത്തു ഗ്രന്ഥങ്ങൾ ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന
അച്ചടിപ്പകർപ്പുകളുമായി താരതമ്യപ്പെടുത്തി പഠിക്കാവുന്നതാണ്.
കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടിക ജീവചരിത്രത്തിൽ (ഡിസിബി. 1991)
ചേർത്തിരിക്കുന്നു. ഗുണ്ടർട്ടുപയോഗിച്ച അച്ചടി ഗ്രന്ഥങ്ങളിൽ
സിംഹഭാഗവും ട്യൂബിങ്ങനിൽ തന്നെയുണ്ട്. അവയിൽ അങ്ങിങ്ങ് [ 28 ] ഗുണ്ടർട്ടിന്റെ തിരുത്തലുകളും ചേർപ്പുകളും കാണാം. പത്തൊമ്പതാം
നൂറ്റാണ്ടിൽ കേരളത്തിൽ അച്ചടിച്ച ഗ്രന്ഥങ്ങളെല്ലാം ട്യൂബിങ്ങനിലുണ്ട്
എന്നു സാമാന്യമായി പറയാം. അവയിൽ ഫുൽമോനിയുടെ കഥയും മറ്റും
അവിടെയല്ലാതെ മറെറാരിടത്തും ഉള്ളതായി അറിവില്ല. സ്വിറ്റ്സർലണ്ടിലെ
ബാസൽ മിഷൻ രേഖാലയത്തിലാണ് മറ്റുചില മലയാളഗ്രന്ഥങ്ങളുള്ളത്.
അവിടത്തെ ഗ്രന്ഥങ്ങളിൽ സിംഹഭാഗവും പഴയ സ്കൂൾ
പാഠപുസ്തകങ്ങളാണ്. പഴയ മലയാള പാഠപുസ്തകങ്ങളുടെ ഇത്ര വലിയ
ഒരു ശേഖരം കേരളത്തിൽ എവിടെയെങ്കിലും ഉള്ളതായി അറിവില്ല.
ഗുണ്ടർട്ടിനു വളരെയേറെ പ്രയോജനപ്പെട്ട തലശ്ശേരി രേഖകളെ (TR)
ക്കുറിച്ചു അല്പം വിശദമായ പരാമർശം ആവശ്യമാണ്. ഗുണ്ടർട്ടിന്റെ
കാഴ്ചപ്പാടിൽ ഉത്തമമലയാള ഗദ്യ (The best Malayalam Prose)
മാതൃകകളാണ് തലശ്ശേരി രേഖകൾ. മലയാള ഭാഷയിലെ മലബാർ തനിമ
കണ്ടെത്താൻ ഈ രേഖകൾ അദ്ദേഹത്തിന് ഉപകരിച്ചു. സാമൂഹിക
രാഷ്ട്രീയ ജീവിതം, സംസ്കാര പാരമ്പര്യങ്ങൾ, നാടോടിപ്പഴമകൾ
എന്നിങ്ങനെ മലബാറിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ
നിഘണ്ടുവിലേക്കു കടന്നുവന്നത് ഈ കൈയെഴുത്തുകളിലൂടെയാണ്.
ഇന്നത്തെ നിലയിൽ നോക്കിയാൽ മറ്റു പല കാരണങ്ങളാലും ഈ
രേഖാസമുച്ചയം പ്രാധാന്യമർഹിക്കുന്നു. ബ്രിട്ടീഷുകാർ ഉത്തരമലബാറിൽ
പിടിമുറുക്കിയ കാലത്തെ (1796–1800) സാമൂഹിക രാഷ്ട്രീയ
ബലപരീക്ഷകൾ കത്തിടപാടുകളുടെ രൂപത്തിൽ ഇവിടെ ലഭിക്കുന്നുണ്ട്.
ഉദാഹരണത്തിനു പഴശ്ശി സമരത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ഇതു
രത്നഖനിയാണ്. ഭരണഭാഷ എന്ന നിലയിൽ മലയാളത്തിന് അക്കാലത്തു
മലബാറിലുണ്ടായിരുന്ന പ്രാപ്തി തലശ്ശേരി രേഖകൾ പ്രതിഫലിപ്പിക്കുന്നു.
അയ്യായിരത്തോളം പേജിൽ പന്ത്രണ്ടു വാല്യമായി ഗുണ്ടർട്ട് ശേഖരിച്ചു
സൂക്ഷിച്ച ഈ കത്തിടപാടുകൾ നിഘണ്ടുവിന്റെ ആധികാരികത്വം
വർധിപ്പിക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക്
മലയാള സാഹിത്യവും ക്രിസ്ത്യാനികളും ഡിസിബി, പതിപ്പ് 1989:398–401
നോക്കുക)
പയ്യന്നൂർപ്പാട്ടാണ് ട്യൂബിങ്ങനിലുള്ള മറെറാരു വിശിഷ്ട ഗ്രന്ഥം.
സർവകലാശാലയ്ക്കു ഗുണ്ടർട്ടു സംഭാവന ചെയ്ത ഒരു ഓലക്കെട്ടിൽ 104
പാട്ടുകൾ കാണുന്നു. മലയാളികൾക്ക് എന്നെന്നേക്കുമായി
നഷ്ടപ്പെട്ടുപോയി എന്നു കരുതിയിരുന്ന അമൂല്യഗ്രന്ഥം ഇപ്പോൾ
ട്യൂബിങ്ങൻ സർവകലാശാല കാട്ടിത്തരുന്നു. മാപ്പിളപ്പാട്ടുകൾ,
ഓണപ്പാട്ടുകൾ, തച്ചൊളിപ്പാട്ടുകൾ എന്നിങ്ങനെ ഗുണ്ടർട്ട് ഉപയോഗിച്ച
നാടോടി സാഹിത്യം മുഴുവൻ ട്യൂബിങ്ങനിൽ കണ്ടെത്താൻ കഴിഞ്ഞു. [ 29 ] കാൽ നൂറ്റാണ്ടിലേറെ
മലബാറിൽ എത്തിയ ഉടൻ ഗുണ്ടർട്ടിന്റെ മനസ്സിൽ ഉദിച്ച
സ്വപ്നങ്ങളിലൊന്നായിരുന്നു മലയാളം—ഇംഗ്ലീഷ് നിഘണ്ടു. മലയാളഭാഷ
പഠിച്ചു തുടങ്ങിയതു മുതൽ വ്യാകരണത്തിനും നിഘണ്ടുവിനും
വേണ്ട ഉപാദാനങ്ങൾ ശേഖരിച്ചു തുടങ്ങി. 1841–ലെ ബാസൽ മിഷൻ റിപ്പോർട്ടിൽ:
'കഴിഞ്ഞ വർഷം ഉൽപത്തി പുസ്തകത്തിന്റെ ആദ്യഭാഗത്തെ
ക്കുറിച്ച ഒരു ലഘുലേഖ മലയാള മിഷൻ പ്രസിദ്ധീകരിച്ചു. പൂർവ
പിതാക്കന്മാരുടെ കാലത്തെക്കുറിച്ചുള്ള ഭാഗം അച്ചടിക്കു തയ്യാറായി
ക്കഴിഞ്ഞു. മലയാള ഭാഷാ വിദ്യാർഥികൾക്ക് കൂടിയേ തീരൂ എന്നുള്ള
മലയാളം ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.'
ഗുണ്ടർട്ടാണ് നിഘണ്ടു തയ്യാറാക്കുന്നത് എന്ന് ഇവിടെ പറയുന്നില്ല.
എങ്കിലും സാഹചര്യങ്ങൾകൊണ്ട് ഗുണ്ടർട്ടാണ് ഈ സംരംഭത്തിന്റെ
പിന്നിലെന്ന് ഊഹിക്കാം. അന്നത്തെ നിലയിൽ മലയാള ഭാഷയുടെ
കാര്യത്തിൽ ഇത്രത്തോളം ശ്രദ്ധവയ്ക്കാൻ മറെറാരു ബാസൽമിഷണറിക്കും
സാധിക്കുമായിരുന്നില്ല. പോരെങ്കിൽ, നിഘണ്ടു നിർമാണ രംഗത്തു
തമിഴ്നാട്ടിൽ അല്പസ്വല്പം പരിചയം നേടിയിട്ടാണ് അദ്ദേഹം
മലയാളക്കരയിൽ എത്തിയത്. ഗുണ്ടർട്ടിന്റെ തമിഴ് കൃതികളിൽ ഗ്രീക്ക്—
തമിഴ് നിഘണ്ടുവും ഹീബ്രു — തമിഴ് നിഘണ്ടുവും ഉൾപ്പെടുന്നു. അവ
അച്ചടിപ്പിക്കാൻ നാഗർകോവിലിൽ ഏല്പിച്ചിട്ടാണ് (1838 ഒക്ടോബർ)
ഗുണ്ടർട്ട് കേരളം വഴി മംഗലാപുരത്തേക്കു പോയത്.
സംസ്കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാരതീയ
ഭാഷകൾ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതതു ഭാഷകളിലെ
ശബ്ദകോശങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടിരുന്നു. മലബാറിൽ
എത്തിയതു മുതൽ അത്തരം ശബ്ദാവലികൾ മിഷനുവേണ്ടി
ശേഖരിക്കുന്നതിലും അദ്ദേഹം ജാഗരൂകനായി. സ്വന്തം നിലയിൽ വലിയ
വിലകൊടുത്തു ശബ്ദകോശങ്ങൾ അദ്ദേഹം വാങ്ങിയിരുന്നു. ട്യൂബിങ്ങൻ
സർവകലാശാലയിലും കാൽവിലെ ഗുണ്ടർട്ട് ഭവനത്തിലും അദ്ദേഹ
ത്തിന്റെ പേരെഴുതിയ പഴയ ശബ്ദകോശങ്ങൾ കാണാം. സ്വന്തം
പകർപ്പുകളിൽ പേനകൊണ്ടു തിരുത്തലുകൾ വരുത്താനും കുറിപ്പുകളെ
ഴുതാനും അദ്ദേഹം മടിച്ചിരുന്നില്ല. ഗുണ്ടർട്ടിന്റെ ഭാഷാ പാണ്ഡിത്യം
മനസ്സിലാക്കാൻ ഇത്തരം ലിഖിതങ്ങൾ ഉപകരിക്കും.
ശബ്ദകോശങ്ങൾ
മലയാള നിഘണ്ടുവിന്റെ രചനയിൽ ഗുണ്ടർട്ട് ഉപയോഗിച്ച
ശബ്ദകോശങ്ങൾ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ അടുത്ത
കാലത്തു കണ്ടെത്തി. അവയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ
കൗതുകകരമായിരിക്കുമല്ലോ. [ 30 ] ഗുണ്ടർട്ടിന് ഏറ്റവും പ്രയോജനപ്പെട്ടത് വരാപ്പുഴ മിഷണറിമാർ
പതിനെട്ടാം നൂറ്റാണ്ടിൽ തയ്യാറാക്കിയ രണ്ടു കൈയെഴുത്തു
നിഘണ്ടുക്കളാണ്. V1, V2 എന്നീ ചുരുക്കെഴുത്തുകൾ കൊണ്ട്
ഗുണ്ടർട്ടുനിഘണ്ടുവിൽ പരാമർശിക്കപ്പെടുന്ന ഈ കൃതികൾ ജനകീയ
ഭാഷയോടുള്ള അടുപ്പം കൊണ്ടായിരിക്കണം ശ്രദ്ധേയമായിത്തീർന്നത്.
സാഹിത്യ കൃതികളിൽ കാണാത്ത പദങ്ങളും പ്രയോഗവിശേഷങ്ങളും
ഗുണ്ടർട്ട് ഇവയിൽ നിന്നു ശേഖരിച്ചു.
മലയാളം — പോർത്തുഗീസ് നിഘണ്ടുവാണ് V1. പതിനാറാം
നൂറ്റാണ്ടു മുതൽ കേരള തീരത്ത് ആധിപത്യമുറപ്പിക്കാൻ ശ്രമിച്ച
പോർത്തുഗീസുകാരുടെ തണലിൽ മിഷണറി പ്രവർത്തനം നടത്തിയ
പാശ്ചാത്യ കത്തോലിക്ക മിഷണറിമാരുടെ സംഭാവനയാണ് ഈ ദ്വിഭാഷാ
നിഘണ്ടു. ഗുണ്ടർട്ടിനു ബോംബെയിൽ വച്ചാണ് ഇതിന്റെ പകർപ്പു ലഭിച്ചത്.
ഇക്കാര്യങ്ങൾ ഗുണ്ടർട്ടിന്റെ ജീവചരിത്രത്തിൽ (ഡിസിബുക്സ്, 1991)
വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മൂന്നു വാല്യമായി 890 പേജുള്ള
നിഘണ്ടുവാണിത്. ഓരോ പേജിലും ശരാശരി മുപ്പതു വാക്കു വീതം
കാണുന്നു. ഇതിൽ അപൂർണമായ ഇംഗ്ലീഷ് തർജമയും ചേർത്തിട്ടുണ്ട്.
പോർത്തുഗീസ് — മലയാളം നിഘണ്ടുവാണ് V2. മൊത്തം
ഇരുനൂറ്റിത്തൊണ്ണൂറു പേജ്. ഒരു പേജിൽ ഏറിയാൽ മുപ്പതു വാക്ക്.
മലയാളം — പോർത്തുഗീസ് നിഘണ്ടുവിനോടു താരതമ്യപ്പെടുത്തുമ്പോൾ ,
ചെറുതാണ്V2. മലയാളത്തിൽ,ഒറ്റവാക്കിൽ മാത്രമല്ല അർഥം പറയുന്നത്.
ചിലപ്പോൾ വാക്യശകലങ്ങളും ശൈലികളും ഉപയോഗിക്കുന്നു. ഇവയെല്ലാം
ഭാഷാ ചരിത്രവിദ്യാർഥിക്കു വിലപ്പെട്ട ഉപാദാനങ്ങളാണല്ലോ. സാഹിത്യ
ഗ്രന്ഥങ്ങളിലില്ലാത്ത അനേകം പദങ്ങളും ശൈലികളും, വരാപ്പുഴ
നിഘണ്ടുക്കളിൽ കാണാം. മധ്യകേരളത്തിലെ വ്യവഹാര ഭാഷയുടെ തനിമ
പ്രദർശിപ്പിക്കുന്ന അനേകം വാക്കുകൾ വരാപ്പുഴ നിഘണ്ടുക്കളിൽ നിന്നു
ഗുണ്ടർട്ട് സ്വീകരിച്ചു. ഇങ്ങനെ കടംകൊണ്ട വാക്കുകൾV1,V2 എന്നിങ്ങനെ
വേർതിരിച്ച് അടയാളപ്പെടുത്തി യിരിക്കുന്നു.
ബഞ്ചമിൻ ബയിലിയുടെ മലയാളം — ഇംഗ്ലീഷ് നിഘണ്ടു (1846) വും
ഇംഗ്ലീഷ് — മലയാളം നിഘണ്ടു (1849)വും ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരത്തി
ലുണ്ടായിരുന്നു. അവയിൽ ഇംഗ്ലീഷ് —മലയാളം നിഘണ്ടു അദ്ദേഹം
ഉപയോഗിച്ചിരുന്നതായി തോന്നുന്നില്ല. മലയാളം — ഇംഗ്ലീഷ് നിഘണ്ടുവിന്റെ
പകർപ്പിൽ പല സ്ഥലത്തും തിരുത്തലുകളും കുറിപ്പുകളും കാണാം.
കോട്ടയത്തും പരിസരത്തും പ്രചാരത്തിലിരുന്ന ദേശ്യപദങ്ങൾ ബയിലിയുടെ
നിഘണ്ടുവിൽ നിന്നാണ് ഗുണ്ടർട്ട് ശേഖരിച്ചത്. ബയിലി വേണ്ടതിലേറെ
സംസ്കൃത പദങ്ങൾക്കു നിഘണ്ടുവിൽ സ്ഥാനം നൽകി എന്നാണു
പൊതുവെയുള്ള പരാതി. മലയാളികൾക്ക് ആദ്യം അച്ചടിച്ചു കിട്ടിയ
നിഘണ്ടുവാണ് ഇതെന്ന കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ. മലയാളികൾക്കു [ 31 ] ബയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു [ 32 ] വില്യം റീവിന്റെ കന്നഡ ഇംഗ്ലീഷ് നിഘണ്ടു, 1832; ഗുണ്ടർട്ടിന്റെ കോപ്പി,
Tübingen University Library [ 33 ] ജെ.പി. റോട്‌ലറുടെ തമിഴ്-ഇംഗ്ലീഷ് നിഘണ്ടു, 1834; Tübingen University Library [ 34 ] വിൽസൺന്റെ സംസ്കൃതം-ഇംഗ്ലീഷ് നിഘണ്ടു, 1856; Tübingen University Library [ 35 ] മലയാളം-പോർത്തുഗീസ് നിഘണ്ടു, 1745; ഗുണ്ടർട്ട് ഉപയോഗിച്ച ഇംഗ്ലീഷ്
തർജമയോടുകൂടിയ പകർപ്പ്, Tübingen University Library [ 36 ] മലയാളം-ഇംഗ്ലീഷ് നിഘണ്ടു, 1862; Basel MIssion Archives, Switzerland [ 37 ] കാസ്‌ബെല്ലിന്റെ തെലുങ്ക്-ഇംഗ്ലീഷ് നിഘണ്ടു, 1821; Tübingen University Library [ 38 ] ലാസറോണിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു, 1856; Tübingen University Library [ 39 ] ഗുണ്ടർട്ടിന്റെ കോപ്പി, Tübingen University Library [ 40 ] സുപരിചിതമല്ലാത്തതും സാഹിത്യകൃതികളിലും മറ്റും അങ്ങിങ്ങു കടന്നു
വരാവുന്നതുമായ ചില സംസ്കൃത പദങ്ങൾ ബയിലിയുടെ നിഘണ്ടുവിൽ
കാണാം. അത്തരം വാക്കുകൾക്ക് ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും
അദ്ദേഹം അർഥം നൽകുന്നുണ്ട്. ആദ്യത്തെ മുപ്പത്തിരണ്ടു പേജു
കഴിഞ്ഞിട്ടാണ് ഈ പതിവ് ആരംഭിക്കുന്നത്. മലയാള ഭാഷാ പഠനത്തിൽ
തന്റെ നിഘണ്ടു പരമാവധി പ്രയോജനപ്പെടണം എന്ന
നിർബന്ധബുദ്ധിയായിരിക്കാം നയവ്യതിയാനത്തിനു കാരണം. മലയാളവും
സംസ്കൃതവും തമ്മിലുള്ള ഭേദം ബയിലി വകവയ്ക്കുന്നില്ല എന്നാണ്
ഗുണ്ടർട്ടിന്റെ ആക്ഷേപം, ആഗമിക ബന്ധങ്ങളും പ്രചാരത്തിന്റെ തോതും
പരിഗണിച്ചിട്ടു വേണം ഓരോ പദത്തിനും നിഘണ്ടുവിൽ പ്രവേശനം
അനുവദിക്കാൻ എന്ന് ഗുണ്ടർട്ട് വിശ്വസിച്ചു. ആധുനിക നിഘണ്ടു
നിർമാതാക്കൾ ഗുണ്ടർട്ടിന്റെ അഭിപ്രായത്തോടാവും യോജിക്കുക.
എങ്കിലും പഥപ്രദർശകൻ എന്ന നിലയിൽ ബയിലിക്കുള്ള പ്രാധാന്യം
അനുസ്മരിക്കേണ്ടിയിരിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്: മലയാള
സാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി.ബി. പതിപ്പ് 1989 : 395-396).
സംസ്കൃത പദങ്ങളുടെ അർഥനിർണയനത്തിൽ ബയിലിക്കും
ഗുണ്ടർട്ടിനും മുഖ്യാവലംബമായിരുന്നത് രണ്ടു ശബ്ദകോശങ്ങളാണ്. —
പ്രൊഫസർ എച്ച്.എച്ച് വിൽസൺന്റെ സംസ്കൃതം:ഇംഗ്ലീഷ് നിഘണ്ടുവും
അമരേശവും. എന്നാൽ ഇക്കാര്യത്തിൽ താൻ ബയിലിയെക്കാൾ മുന്നോട്ടു
പോയിരിക്കുന്നു എന്നാണ് ഗുണ്ടർട്ടിന്റെ അവകാശവാദം. വിൽസൺന്റെ
നിഘണ്ടുവിന് 1856–ൽ ലണ്ടനിലെ സംസ്കൃത പ്രൊഫസറായിരുന്ന
തിയോഡോർ ഗോൾഡ് സ്റ്റ്യൂക്കർ വലിയ മാറ്റങ്ങൾ വരുത്തി. ഈ
വിപുലീകരിച്ച പതിപ്പാണ് ഗുണ്ടർട്ട് ഉപയോഗിച്ചത്. അതായിരിക്കണം
അദ്ദേഹം അവകാശപ്പെടുന്ന മേന്മ. മാത്രമല്ല, രണ്ടു ദശകത്തിനിടയിൽ
സംസ്കൃത ഭാഷാ പഠനത്തിൽ യൂറോപ്യൻ സമൂഹത്തിൽ
മൊത്തത്തിലുണ്ടായ പുരോഗതികൂടി ഭാഷാമർമജ്ഞനായ ഗുണ്ടർട്ട്
പ്രയോജനപ്പെടുത്തിയിരിക്കാം.
തമിഴ് പദങ്ങൾക്ക് അർഥം പറയുമ്പോൾ ബയിലിയും ഗുണ്ടർട്ടും
ഉദ്ധരിക്കുന്നത് റവ. ജെ. പി. റോട്ലറെയാണ്. 1834-ൽ റോട്ലർ
പ്രസിദ്ധീകരിച്ചു തുടങ്ങിയ തമിഴ് —ഇംഗ്ലീഷ് നിഘണ്ടു അദ്ദേഹത്തിന്റെ
മരണശേഷമാണ് പൂർണമാക്കിയത്. റോട്ലർക്കു വഴികാട്ടിയായതു
ബെസ്ചിയുടെ ശതുരകാരാദി (1819)യാണ്. ഇതാണ് യൂറോപ്യൻ
മാതൃകയിലുണ്ടായ പ്രഥമ തമിഴ് നിഘണ്ടു. ബെസ്ചിയുടെ ശതുരകാരാദി
ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നു.
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന
വില്യം റീവിന്റെ കന്നഡ — ഇംഗ്ലീഷ് നിഘണ്ടു(1832)വിൽ ഇംഗ്ലീഷിലും
മലയാളത്തിലും ഗുണ്ടർട്ട് എഴുതിയ കുറിപ്പുകൾ കാണാം. ഗുണ്ടർട്ട് [ 41 ] ഉപയോഗിച്ച മറെറാരു നിഘണ്ടുവിലും ഇത്രയേറെ കുറിപ്പുകളില്ല.
പദസംവിധാനത്തിലും മുദ്രണ ശൈലിയിലും റീവിന്റെ കൃതിയോടു
സാമ്യമുണ്ട് ഗുണ്ടർട്ട് നിഘണ്ടുവിന്. 1468 പുറങ്ങളുളള ഈ ബൃഹത്
നിഘണ്ടുവിൽ എന്തൊക്കെയോ പുതുമകൾ ഗുണ്ടർട്ട് ദർശിച്ചിരുന്നു.
തെലുങ്കു ഭാഷയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ഗുണ്ടർട്ടിന് അവലംബം
കാമ്പ്ബെല്ലിന്റെ തെലുങ്ക് — ഇംഗ്ലീഷ് നിഘണ്ടു (1821)വായിരിക്കണം.
(ഗുണ്ടർട്ടുപയോഗിച്ച തെലുങ്കു നിഘണ്ടു ഇതെഴുതുന്നയാൾ കണ്ടിട്ടില്ല).
ഗുണ്ടർട്ടു നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതി മൂന്നുവാല്യമായി
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മംഗലാപുരത്ത് അച്ചടിക്കുപയോഗിച്ചത് ഈ പകർപ്പുകളാണോ എന്നു
നിശ്ചയമില്ല.
മൂന്നു വാല്യങ്ങളിലായി 2214 (768 + 674 + 772) പുറങ്ങളുള്ള
കൈയെഴുത്തു ഗ്രന്ഥത്തിൽ പുതിയ പുതിയ പദങ്ങൾ
എഴുതിച്ചേർക്കുന്നതും ധാത്വർഥങ്ങൾ ക്രമമായി പരിഷ്കരിക്കുന്നതും
കാണാം.
ഡീസും ഗുണ്ടർട്ടും
നിഘണ്ടു പൂർത്തിയാക്കി ഇന്ത്യയിലേക്ക് അയച്ചെങ്കിലും വീണ്ടും
മിനുക്കുപണികൾ നടന്നതായി ഊഹിക്കാം. 1870 നവംബർ 27-ന്, അന്ന്
പാലക്കാട്ടു 'മിഷണറിയായി പ്രവർത്തിച്ചിരുന്ന ഏണസ്റ്റ് ഡീസ്
ഗുണ്ടർട്ടിനയച്ച കത്ത് ട്യൂബിങ്ങനിൽ കാണാം. കൈയെഴുത്തു ഗ്രന്ഥം
പരിശോധിച്ച ഡീസിന്റെ നിർദേശങ്ങളാണ് കത്തിലെ ഉള്ളടക്കം. അനേകം
പുതിയ പദങ്ങളും പ്രയോഗ വിശേഷങ്ങളും അർഥങ്ങളും ഉദ്ധരണികളും
ഡീസിന്റെ കുറിപ്പിൽ കാണുന്നു. ഇവ മിക്കവയും അച്ചടിച്ച ഗുണ്ടർട്ടു
നിഘണ്ടുവിൽ സ്ഥാനം നേടി.
ബാസൽ മിഷൻ പ്രവർത്തകരായി വന്ന് കൈരളിക്കു നിസ്തുല
സേവനം അനുഷ്ഠിച്ചവരിൽ ഗുണ്ടർട്ടിനോടൊപ്പം അനുസ്മരിക്കേണ്ട
വ്യക്തിയാണ് ഏണസ്റ്റ് ഡീസ്. ഗുണ്ടർട്ടിന്റെ മലയാള ഭാഷാ
വ്യാകരണവും നിഘണ്ടുവും ഇന്നു നാം കാണുന്ന നിലയിൽ
അച്ചടിപ്പിച്ചെടുത്ത ഡീസിനെ മാതൃകാ എഡിറ്റർ എന്നു വിശേഷിപ്പിക്കാം.
മലയാള ഭാഷാ പഠനത്തിൽ ഗുണ്ടർട്ടിന്റെ ശിഷ്യനാകാനുള്ള ഭാഗ്യം
അദ്ദേഹത്തിനു ലഭിച്ചു. 1826 ഡിസംബർ 24 - ന് ജർമനിയിലെ
ഹൈൽബോണിൽ ജനിച്ച ഡീസ് ചെറുപ്പത്തിൽ ജർമൻ സാഹിത്യത്തിൽ
സജീവ താല്പര്യം കാണിച്ചിരുന്നു. 1851 - ൽ ബാസൽ മിഷനിലെ അംഗമായി
അദ്ദേഹം കണ്ണൂരിലെത്തി. അവിടെ പ്രശസ്തരായ രണ്ടു മിഷണറിമാർ
അദ്ദേഹത്തിനു മാർഗദർശനം നൽകി —
റവ. ഹേബിക്കും റവ. ഗുണ്ടർട്ടും.
പുണ്യപുരുഷനായിരുന്ന ഹേബിക്കിന്റെ ആജ്ഞാശക്തിയും [ 42 ] ഗുണ്ടർട്ടിന് ഡീസ് അയച്ച തിരുത്തലുകൾ, 27-10-1870, Tübingen University Library [ 43 ] കർക്കശമായ ചിട്ടുകളും യുവാവായ ഡീസിക്കിനെ പരിഭ്രാന്തനാക്കി.
'കണ്ണൂരിലെ പ്രവാചകൻ' സൃഷ്ടിച്ചിരുന്ന ഇടിമുഴക്കത്തിലും മിന്നലിലും
താൻ അഭയം തേടി ഓടിയെത്തിയിരുന്നത് പണ്ഡിതനും ദയാലുവുമായ
ഗുണ്ടർട്ടിന്റെ നിഴലിലായിരുന്നു എന്നു വാർധക്യത്തിൽ ഡീസ്
രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുണ്ടർട്ടുകുടുംബത്തിൽ ഒരംഗത്തെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന
എലിസബത്ത് ബ്ലാൻസ്ഫോർഡിനെ 1856-ൽ ഡീസ് വിവാഹം കഴിച്ചു.
അനുഗൃഹീതമായ ആ ദാമ്പത്യബന്ധം ഗുണ്ടർട്ടുമായുള്ള അടുപ്പം ദൃഢതര
മാക്കി. പാലക്കാട്ടാണ് ഡീസ് ദീർഘകാലം (1862–1876) സേവനമനുഷ്ഠി
ച്ചത്. നിഘണ്ടുവിന്റെയും വ്യാകരണത്തിന്റെയും ജോലികൾ അദ്ദേഹം
ഏറെറടുത്തു നടത്തിയത് അവിടെവച്ചാണ്. പിന്നീട് പത്തു വർഷത്തോളം
(1880-1890) മംഗലാപുരം സെമിനാരിയിൽ അധ്യാപകനായി ജോലി ചെയ്തു.
ഗുണ്ടർട്ട്, അബ്രഹാം മൂളിയിൽ എന്നിവരിൽ നിന്നു മലയാളം പഠിച്ച
ഡീസ് പ്രാചീന സാഹിത്യകൃതികളിലും ശാസ്ത്രഗ്രന്ഥങ്ങളിലും
അവഗാഹം നേടി. മലയാളത്തനിമയുള്ള വാക്കുകൾ തേടിപ്പിടിച്ചു
പയോഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പലർക്കും അരോചകമായിരുന്നു.
പാലക്കാട്ടു മിഷണറിയായി ജോലി ചെയ്യുമ്പോഴാണ് ഗുണ്ടർട്ടിന്റെ
വ്യാകരണം ഗ്രന്ഥകർത്താവു നൽകിയ കുറിപ്പുകൾ ഉപയോഗിച്ച് അദ്ദേഹം
പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ ഗുരുവിനു ശിഷ്യനെക്കുറിച്ചുണ്ടാ
യിരുന്ന മതിപ്പും ഗുണ്ടർട്ട് വ്യാകരണം എങ്ങനെയും പൂർത്തിയാക്കി അച്ചടി
പ്പിക്കുന്നതിൽ ശിഷ്യനുണ്ടായിരുന്ന ഉത്സാഹവും വെളിവാകുന്നു.
1851-ൽ പ്രസിദ്ധീകരിച്ചുഗുണ്ടർട്ട് വ്യാകരണത്തിന്റെ അപൂർണമായ പതിപ്പ്
മലയാളത്തിലായിരുന്നല്ലോ. മംഗലാപുരം പതിപ്പിലാണ് ഇന്നു കാണുന്ന
ഇംഗ്ലീഷ് ശീർഷകങ്ങൾ കടന്നു വരുന്നത്. അവ എഴുതിച്ചേർക്കണമെന്ന്
ഡീസ് നിർദേശിച്ചു. ആ ജോലി ഏറെറടുത്തു നടത്തിയതും അദ്ദേഹം
തന്നെ.
1891 മുതൽ കേരളത്തിൽ നിന്നു മടങ്ങിപ്പോകുന്നതുവരെ
കാസർഗോഡായിരുന്നുകർമമണ്ഡലം, നാല്പത്തെട്ടുവർഷം ഇന്ത്യയിൽ
ജോലി ചെയ്തശേഷം. 1899 ഏപ്രിലിൽ ജന്മദേശത്തേക്കു മടങ്ങിപ്പോയി
സ്റ്റുട്ഗാർട്ടിനടുത്ത് കാൻസറ്റാറ്റിൽ താമസമുറപ്പിച്ച ഡീസ് ആ വർഷം
ഒക്ടോബർ 22-ന് ക്യാൻസർ ബാധിച്ചു മരണമടഞ്ഞു. ബാസൽ മിഷൻ
റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ചരമക്കുറിപ്പിൽ അദ്ദേഹത്തിന്റെ ഭാഷാ
പരിശ്രമങ്ങളെക്കുറിച്ചു പ്രത്യേക പരാമർശം കാണുന്നുണ്ട്. മലയാളത്തിനു
പുറമേ തമിഴും ഹിന്ദിയും കന്നഡവും അദ്ദേഹത്തിനു വശമായിരുന്നു.
മലയാള ഭാഷാ പാണ്ഡിത്യം പരിഗണിച്ചാൽ ബാസൽ മിഷണറിമാരിൽ
ഗുണ്ടർട്ടു മാത്രമായിരുന്നു അദ്ദേഹത്തെ അതിശയിച്ചിരുന്നത് എന്നു
ചരമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [ 44 ] അച്ചടി
നിഘണ്ടുവിന്റെ അച്ചടി താരതമ്യേന ദുഷ്കരമായ കാര്യമാണ്.
മംഗലാപുരത്തെ അച്ചടിശാലക്കാരുമായി ഇതെക്കുറിച്ചു ഗുണ്ടർട്ട് പലവട്ടം
ചർച്ച നടത്തി. ജോർജ് പ്ലബ്സ്റ്റ് എന്ന മിഷണറിയായിരുന്നു
ഇക്കാര്യത്തിൽ അദ്ദേഹത്തിനു വിദഗ്ദ്ധോപദേശം നൽകിയിരുന്നത്. നല്ല
സാങ്കേതിക വിദഗ്ദ്ധനായിരുന്നു പ്ലബ്സ്റ്റ്. ഇദ്ദേഹമാണ് മംഗലാപുരത്ത്
ആദ്യം ഓടുഫാക്ടറി നിർമിച്ചത്. ഗുണ്ടർട്ടിന്റെ ഇളയ സഹോദരി
എമ്മായായിരുന്നു പ്ലബ്സ്റ്റിന്റെ ധർമ പത്നി. 1863 നവംബർ 7– ന്
ഗുണ്ടർട്ട് കാൽവിൽ നിന്ന് പ്ലബ്സ്റ്റിനയച്ച കത്ത്.
നിഘണ്ടു 4° സൈസിൽ അച്ചടിക്കണം. ഒക്ടാവ് സൈസിൽ
സാധ്യമാകയില്ല. ഗാർത്തവെയിറ്റ് നിർദേശിച്ചതുപോലെ ഓരോ വാക്കും
മലയാള ലിപിയിൽ ചേർത്തു കഴിഞ്ഞ് റോമൻ ലിപി ഉപയോഗിക്കുന്നതിന്
എനിക്ക് എതിരില്ല. അതു ചെയ്യുന്നതു ശ്രദ്ധാപൂർവം വേണമെന്നു മാത്രം.
ഏതായാലും മുഖ്യപദത്തിനു മാത്രം മതി ലിപ്യന്തരണം. പിന്നീടുള്ള
വ്യുൽപന്നപദങ്ങൾ മലയാള ലിപിയിൽ മതി. ഉദാഹരണത്തിന് അഗ്രം
(Agram); എന്നാൽ അഗ്രജൻ മലയാള ലിപിയിലേ വേണ്ടു. അതിനുംകൂടി
റോമൻലിപി ഉപയോഗിച്ചാൽ ഏറെ സ്ഥലം വേണ്ടിവരും.
ലെപ്സിയൂസിന്റെ ലിപിമാല — ഭാരതീയ
ഭാഷകൾക്കു പൊതുലിപി
മലയാളം വാക്കുകൾ റോമൻലിപിയിൽ രേഖപ്പെടുത്തുന്നതിനെക്കുറിച്ച്
ഗുണ്ടർട്ട് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഭാരതീയ ഭാഷകൾ
ഉപയോഗിക്കുന്ന വ്യത്യസ്ത ലിപിമാലകൾ ഭാഷകളുടെ വികാസത്തിനും
വിജ്ഞാന സംക്രമണത്തിനും തടസ്സം നിൽക്കുന്നു എന്ന ധാരണ അന്നും
ഇന്നും പലർക്കുമുണ്ടല്ലോ. ഭാരതീയ ഭാഷകൾക്ക് പൊതുലിപി ഉണ്ടാകണം
എന്നു ശക്തമായി വാദിച്ചിരുന്നവരിൽ പ്രമുഖനാണ് ബർലിനിലെ കാൾ
റിച്ചാർഡ് ലെപ്സിയൂസ് (1810-1884) എന്ന പൗരസ്ത്യ വിജ്ഞാനി.
മിഷണറിമാർ മനസ്സു വച്ചാൽ റോമൻ ലിപി ഭാരതീയ ഭാഷകൾക്കുള്ള
പൊതുലിപിയാക്കി മാറ്റാം എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.
Standard Alphabet for Reducing Unwritten language and foreign Graphic
Systems to Uniform orthography in European Letters (London, 1863)
എന്ന പ്രസിദ്ധ കൃതിയിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾ കാണാം.
ജോർജ് പ്ലബ്സ്റ്റിനയച്ച കത്തിൽ ഗുണ്ടർട്ട് എഴുതുന്നു.
Standard Alphabet -ന്റെ പരിഷ്കരിച്ച പതിപ്പിനെക്കുറിച്ചാലോ
ചിക്കാൻ ലെപ്സിയൂസ് വന്നിരുന്നു. എനിക്ക് ഇക്കാര്യത്തിൽ പല അഭിപ്രായ
വ്യത്യാസങ്ങളുമുണ്ട്. ഇവ ഞാൻ എഴുതി അറിയിക്കേണ്ടിവന്നു. ആ
പുസ്തകം പുതിയ അനുബന്ധം കൂടി ചേർത്തു വീണ്ടും [ 45 ] അച്ചടിപ്പിച്ചിരിക്കുന്നു. അതിനും ഞാൻ തിരുത്തലുകൾ നൽകിയിട്ടുണ്ട്.
എല്ലാം എങ്ങനെ കലാശിക്കും എന്നു തീർച്ചയില്ല. ദന്ത്യവർത്സ്യനകാരങ്ങൾ
വേർതിരിച്ചു കാണിക്കാൻ ലെപ്സിയൂസിന്റെ പട്ടികയിൽ
ലിപികളുണ്ടായിരുന്നില്ല. അത്തരം പരിമിതികൾ ഗുണ്ടർട്ട് ചൂണ്ടിക്കാട്ടി.
മാത്രമല്ല, യഥേഷ്ടം തള്ളാനും കൊള്ളാനും കഴിയുന്ന തരത്തിലല്ലഭാഷയും
ലിപിയും തമ്മിലുള്ള ബന്ധം എന്നു ഗുണ്ടർട്ട് വിശ്വസിച്ചിരുന്നു.
കേരളത്തിലെ പ്രാചീനലിപികളെക്കുറിച്ചു സമഗ്രപഠനം നടത്തിയ അദ്ദേഹം
ഭാഷയുടെ തനിമയുമായി ലിപിമാലയ്ക്കുള്ള ബന്ധം കണ്ടെത്തി.
നിഘണ്ടുവിലെ ശീർഷകപദങ്ങൾ ആദ്യം മലയാളലിപിയിൽ തന്നെ വേണം
എന്ന നിർബന്ധത്തിന്റെ പ്രസക്തി ഇത്രയും വിവരിച്ചതിൽ നിന്നു
വെളിവാകുന്നുണ്ടല്ലോ. പാശ്ചാത്യ മിഷണറിമാർക്കുവേണ്ടി ഇംഗ്ലീഷിൽ
രചിച്ച വ്യാകരണത്തിൽ പോലും മലയാള ലിപിയിലാണ് അദ്ദേഹം
ഉദാഹരണങ്ങൾ എഴുതി ചേർത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ജർമൻ
മിഷണറിമാരെല്ലാം ഏറെക്കുറെ സമാനാഭിപ്രായക്കാരായിരുന്നിരിക്കണം.
കേരളത്തിൽ വച്ചു സംസ്കൃതം പഠിച്ച പൗലിനോസും മലയാള
ലിപിയിലാണ് സംസ്കൃതം എഴുതുന്നത്. പൗലിനോസിന്റെ (1748 –1806)
പണ്ഡിതോചിതങ്ങളായ അനേകം പ്രബന്ധങ്ങളിൽ മലയാള ലിപികളുടെ
കഞ്ചുകമണിഞ്ഞ് സംസ്കൃതം പ്രത്യക്ഷപ്പെടുന്നു. മറ്റ്
ഇൻഡോളജിസ്റ്റുകളുടെ ദൃഷ്ടിയിൽ മഹാനായ പൗലിനോസ് രണ്ടാം
തരക്കാരനായിപ്പോയത് ലിപിപരമായ ഈ പരിമിതികൊണ്ടു കൂടിയാണ്.
ഗുണ്ടർട്ടു നിഘണ്ടുവിൽ റോമൻ ലിപിയിൽ ശീർഷകപദങ്ങൾ
രേഖപ്പെടുത്തിയിരിക്കുന്നിടത്തെല്ലാം ലെപ്സിയൂസിന്റെ നിർദേശങ്ങളാണ്
അനുസരിച്ചിരിക്കുന്നത്. Transliteration എന്ന ശീർഷകത്തിൽ ഈ കടപ്പാട്
രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികൾക്കു കൂടി ഗുണ്ടർട്ടുനിഘണ്ടു
പ്രയോജനപ്പെടാൻ ലിപ്യന്തരണം ഉപകരിച്ചു.
അച്ചടിയുടെ എല്ലാ വിശദാംശങ്ങളിലേക്കും ഗുണ്ടർട്ടിന്റെ ശ്രദ്ധ
പതിഞ്ഞിരുന്നു. പ്ലബ്സ്റ്റിന് അയച്ച ഒരു കത്തിൽ കടലാസിന്റെ
ഗുണനിലവാരം, ഓരോ പേജിലും ഉൾക്കൊള്ളിക്കാവുന്ന കോളങ്ങൾ, പല
വലിപ്പത്തിലുള്ള ലിപികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത
എന്നിവയെല്ലാം അദ്ദേഹം ചർച്ച ചെയ്യുന്നു. GM 20.9.91
പ്രസാധനം
നിഘണ്ടുവിന്റെ പ്രസ് കോപ്പി തയ്യാറാക്കിയപ്പോൾ യ കാരത്തിലാണ്
തുടങ്ങിയത്. ഇത് ഇന്ത്യയിലയച്ച് അച്ചടിപ്പിച്ചു നോക്കിയിട്ട് മുദ്രണ ശൈലി
തീരുമാനിച്ചു. ഗുണ്ടർട്ട് എഴുതുന്നു:
മാതൃകാ അച്ചടിക്കു ഞാൻ യ കാരത്തിൽ തുടങ്ങുന്ന ഭാഗം
തിരഞ്ഞെടുത്തു. ആദ്യക്ഷരമായ അകാരത്തിൽ തുടങ്ങുന്ന അനേകം [ 46 ] സംസ്കൃതവാക്കുകളുള്ളതിനാൽ ആ ഗണത്തിൽ വളരെയേറെ
വാക്കുകളുണ്ടാകും.
1871—ൽ നിഘണ്ടുവിന്റെ മാതൃകാ പേജുകൾ ഉൾപ്പെടുത്തി
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. പ്രീ—പബ്ലിക്കേഷൻ പരസ്യത്തിനു
പുറമേ ആമുഖ പഠനവും ഈ ലഘുലേഖയിലുണ്ട്. സ്വരാദിയായ
പദങ്ങളെല്ലാം ഉൾപ്പെടുന്ന ഒന്നാംഭാഗം ആ വർഷം തന്നെ പ്രസിദ്ധീകരിച്ചു.
ബാക്കിയുള്ളത് നാലു ഭാഗമായി അച്ചടിച്ചു വായനക്കാർക്ക് എത്തിച്ചു
കൊടുത്തു. വലിയ പുസ്തകങ്ങൾ പല വാല്യങ്ങളായി അച്ചടിച്ചു
കൊടുക്കുന്ന ഏർപ്പാട് ജർമനിയിൽ സാധാരണമാണ്. പുസ്തകം ബയന്റ്
ചെയ്തെടുക്കാനുള്ള പുറംചട്ടകൂടി അവസാന വാല്യത്തോടൊപ്പം
നൽകുന്നു. 1872—ൽ നിഘണ്ടുവിന്റെ അവസാന വാല്യത്തോടൊപ്പം
പഴയ ആമുഖഭാഗം റദ്ദാക്കി പുതിയ ആമുഖം ചേർക്കുന്നതായി അറിയിച്ചു.
ഇപ്പോൾ നിഘണ്ടുവിൽ കാണുന്ന ആദ്യത്തെ പതിനെട്ടു പേജ് 1872-
ലാണ് ചേർത്തത്. 1871-ൽ ചേർത്തിരുന്ന Introductory Remarks
മാറ്റമൊന്നും വരുത്താതെ Preface എന്ന ശീർഷകത്തിലാക്കി.
പ്രസാധകക്കുറിപ്പിലും മാറ്റമൊന്നും കാണുന്നില്ല. Transliteration എന്ന
ഭാഗമാകട്ടെ ഇന്നു കാണുന്ന തരത്തിൽ വിശദമായി ചേർത്തത് 1872—ലാണ്.
Abbreviations—ന്റെ എണ്ണം ഒരു വർഷത്തിനിടയിൽ ഇരുപത്തഞ്ചു
ശതമാനം വർധിച്ചു. നിഘണ്ടു അച്ചടിക്കുന്നതിനിടയിൽ ഗുണ്ടർട്ടിന്റെ
മനസ്സ് എത്രത്തോളം ആ കൃതിയിൽ സർഗാത്മകമായി വ്യാപരിച്ചിരുന്നു
എന്നു കാണിക്കാനാണ് ഇക്കാര്യം വിസ്തരിച്ചത്. നിഘണ്ടു
പൂർത്തിയായിക്കഴിഞ്ഞപ്പോൾ മുപ്പത്തിനാലു പേജുള്ള അനുബന്ധം കൂടി
ചേർക്കേണ്ടിവന്നു. ഇതു വെറും ശുദ്ധിപത്രമല്ല. അച്ചടി നടക്കുന്നകാലത്ത്
ഗ്രന്ഥകർത്താവിനു ലഭിച്ച പുതിയ അറിവുകളാണ് അനുബന്ധത്തിന്റെ
സിംഹഭാഗം! പരിപൂർണത അസാധ്യമായ ലക്ഷ്യമാണെന്ന്
അറിഞ്ഞുകൊണ്ടുതന്നെ അതിനുവേണ്ടി യത്നിക്കുന്ന സാഹസികത
ഇവിടെ പ്രകടമാകുന്നു. ആമുഖത്തിലെ പന്ത്രണ്ടാം ഖണ്ഡിക ശ്രദ്ധിക്കുക.
താൻ ചെയ്യുന്ന ജോലി പരിപൂർണതയിലെത്തും എന്ന വിശ്വാസം
അദ്ദേഹത്തിനില്ല. എങ്കിലും ചെയ്യുന്നതു കഴിയുന്നത്ര ഭംഗിയായി ചെയ്യുക,
ബാക്കിയെല്ലാം വരുംതലമുറകൾ ഏറെറടുത്തു നടത്തട്ടെ എന്ന
ആരോഗ്യകരമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്. നിഘണ്ടുവിന്റെ
കൈയെഴുത്തു പകർപ്പുകളിലൂടെ കടന്നുപോകുമ്പോൾ അനുഭവവേദ്യ
മാകുന്ന ഈ സത്യം ഇവിടെ നിർബന്ധപൂർവം രേഖപ്പെടുത്തുകയാണ്.
പരിപൂർണത തേടുന്ന മനസ്സ്—അതാണ് ഗുണ്ടർട്ടിന്റെ അസാധാരണ
മഹിമ. നിഘണ്ടുവിന്റെ കാര്യത്തിൽ ഉപാദാനശേഖരണം മുതൽ പ്രൂഫ്
പരിശോധന വരെയുള്ള ഘട്ടങ്ങളിൽ ഈ വ്യഗ്രത പ്രകടമായിരുന്നു.
ഗുണ്ടർട്ട് നിഘണ്ടുവിന്റെ മുദ്രണം ദക്ഷിണേന്ത്യയിലെ ഏറ്റവും
മികച്ച അച്ചടിശാല എന്ന പ്രശസ്തി മംഗലാപുരം പ്രസ്സിന് [ 47 ] ഉറപ്പിച്ചുകൊടുത്തു. ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ
ബലമായി അടപ്പിച്ചു മുദ്രവയ്ക്കുന്നതുവരെ ഈ പദവി നിലനിൽക്കുകയും
ചെയ്തു. ഉള്ളടക്കം കൊണ്ടുമാത്രമല്ല, അച്ചടിയുടെ ഭംഗികൊണ്ടും
മലയാളഭാഷയെ അന്തർദേശീയ നിലവാരത്തിലെത്തിക്കാൻ ഗുണ്ടർട്ട്
നിഘണ്ടുവിനു കഴിഞ്ഞു.
പിറവിക്കു മുമ്പുതന്നെ കീർത്തിപെട്ടവൻ
ഗുണ്ടർട്ടുനിഘണ്ടു, പ്രസിദ്ധീകരണത്തിനു മുമ്പു തന്നെ
പ്രശസ്തിയാർജിച്ചിരുന്നു. 1870—ൽ മംഗലാപുരത്തു നിന്നു ബാസൽമിഷൻ
പ്രസിദ്ധീകരിച്ച A Malayalam and English School Dictionary:
മലയാളം ഇങ്ക്ലിഷ ഭാഷകളുടെ അകാരാദിയിൽ മുഖവുരയായി ഇങ്ങനെ
പറയുന്നു.
മലയാളം ഇങ്ക്ലിഷ ഭാഷകളുടെ അകാരാദി എന്നത്രെ എന്റെ പേർ.
എന്നാൽ എന്നെപ്പോലെ ഒരു ചെറുക്കനിൽ ഈ ഭാഷകളുടെ സകല
പദങ്ങളും കാണും എന്നു ബുദ്ധിമാന്മാർ ആരും വിചാരിക്കുന്നില്ലല്ലോ;
എങ്കിലും ബാല്യക്കാർക്കു വേണ്ടുന്നത് മിക്കതും ഉണ്ടു എന്നു ഞാൻ
വിചാരിക്കുന്നു. എന്റെ മൂത്ത ജ്യേഷ്ഠൻ എന്ന ഒരു ഒരുവൻ, ഉണ്ടു. മഹാ
കേമനും വിദ്വാനും ബഹുസമർഥനും, പിറവിക്കു മുമ്പെ തന്നെ
കീർത്തിപെട്ടവൻ ആയവൻ എത്തിയാൽ, മലയാള ഭാഷയിലുള്ള മിക്ക
പദങ്ങളുടെ ധാതുക്കളെ ചൊല്ലി വിവരിച്ചു ജ്ഞാനികൾക്കും വിദ്വാന്മാർക്കും
സ്നേഹിതനായി വാഴും ഇവിടെ പരാമർശിക്കപ്പെടുന്ന ജ്യേഷ്ഠൻ
ആരെന്നു വ്യക്തമല്ലേ? 'പിറവിക്കു മുമ്പെ കീർത്തിപ്പെട്ടവനും'
‘ജ്ഞാനികൾക്കും വിദ്വാന്മാർക്കും സ്നേഹിതനായി വാഴും' എന്നു
പ്രവചിക്കപ്പെട്ടവനുമായ കൃതി ഗുണ്ടർട്ട് നിഘണ്ടുവാണ്.
നിഘണ്ടുവിന്റെ അച്ചടി തുടങ്ങിയപ്പോൾ പ്രീ-പബ്ലിക്കേഷൻ
പരസ്യങ്ങൾ ഇന്ത്യയിലും യൂറോപ്പിലും ഉണ്ടായി. പ്രോസ്പെക്ടസ് എന്ന
ശീർഷകത്തിൽ നിഘണ്ടുവിന്റെ ആമുഖവും ഏതാനും പേജുകളും
പരസ്യത്തോടൊപ്പം അയച്ചുകൊടുത്തു. ബാസലിൽ നിന്നു പ്രസിദ്ധീകരിച്ച
ജർമൻ ഭാഷയിലുള്ള പരസ്യത്തിന്റെ തർജമ.
ബാസൽ,
ഡിസംബർ, 1871
കല്പനയനുസരിച്ച്
കിഴക്കെ ഇന്ത്യ (Ostindien)യിൽ മംഗലാപുരത്തു ഞങ്ങളുടെ പ്രസ്സിൽ റവ.
ഹെ. ഗുണ്ടർട്ട് പിഎച്ച്.. .ഡി രചിച്ച മലയാളം—ഇംഗ്ലീഷ് നിഘണ്ടുവിന്റെ
ഒന്നാം വാല്യം അച്ചടിച്ചിരിക്കുന്ന വാർത്ത അറിയിക്കാൻ സന്തോഷമുണ്ട്.
ഈ വാല്യത്തിൽ സ്വരങ്ങളാണുള്ളത്. ശേഷിക്കുന്ന മൂന്നോ നാലോ
വാല്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ക്രമമായി പ്രസിദ്ധീകരി [ 48 ] ക്കുന്നതാണ്. 1872 അവസാനത്തിനകം പൂർത്തിയാകുന്ന നിഘണ്ടുവിന്
ഉദ്ദേശം 1100 പുറങ്ങൾ ഉണ്ടായിരിക്കും. വലിപ്പം റോയൽ 8°.
ഇന്ത്യയിലെ ജീവൽഭാഷകളിൽ യൂറോപ്യൻ ശാസ്ത്രകാരന്മാർക്കു
വർധിച്ചു വരുന്ന താല്പര്യം പരിഗണിക്കുമ്പോൾ ഒരു ദ്രാവിഡ
ഭാഷാഭേദത്തിന്റെ സമ്പൂർണ പദശേഖരം ഉൾക്കൊള്ളുന്ന ഈ കൃതിക്കു
നല്ല സ്വീകരണം ലഭിക്കും എന്നു ഞങ്ങൾ കരുതുന്നു. ഓരോ
വാല്യത്തിന്റെയും വില, വരിക്കാർക്ക്: സ്വിറ്റ്സർലണ്ടിൽ 10 സ്വിസ്ഫ്രാങ്ക്,
തെക്കൻ ജർമനിയിൽ 5 ഗുൽഡൻ, വടക്കൻ ജർമനിയിൽ 3 റൈക്സ് താലർ.
സമ്പൂർണ കൃതിക്ക് യഥാക്രമം 50-60 ഫ്രാങ്ക്. 25-30 ഗുൽഡൻ, 15-18 റൈ
ക്സ് താലർ, പ്രസിദ്ധീകരണം പൂർത്തിയാകുമ്പോൾ വില വർധിക്കും.
ഓരോ വാല്യവും വെവ്വേറെ വിൽക്കുന്നതല്ല.
പ്രോസ്പെക്ടസും മാതൃകാ പേജുകളും കൊണ്ട്
തൃപ്തിവരാത്തവർക്ക് ഒന്നാം വാല്യം പരിശോധനയ്ക്ക് അയച്ചു തരുന്നതാണ്.
നിങ്ങളുടെ ഓർഡർ പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്ടസ്
അയയ്ക്കുന്നു. വരിയോല ഒപ്പിട്ട് അയയ്ക്കുമല്ലോ.
ആദരപൂർവം
മിഷ്യൻ ഓഫീസ്
ഇന്ത്യയിലെ പരസ്യം മംഗലാപുരത്തുനിന്ന് ഇംഗ്ലീഷിലായിരുന്നു.
അതിന്റെ പകർപ്പ് ഇവിടെ ചേർക്കുന്നു
Notice.
A Dictionary of the Malayalam Language by Dr. H. Gundert
is in course of printing.
The work, which will be issued in parts, will consist of about
1000 pp. Royal 8°. The nature of the work is described in the
annexed Remarks by the Author.
Part I, comprising the vowels, is now ready. A specimen of the
print is herewith submitted for inspection.
It is calculated that the work will be complete in five parts, and
be finished by the end of 1872.
Price to subscribers, registering their names for the entire work—
Rs. 12. 8.0, or per each part Rs. 2.8.0. Single parts will not be sold.
A higher rate will be charged to non-subscribers.
Thirteen copies will be given to parties subscribing for twelve.
Subscriptions will be registered by the Publisher at Mangalore
and at the Stations of the Basel German Mission in Malabar, viz:
Cannanore, Tellicherry, Chombala, Calicut, Codacal, Palghaut.
Mangalore, C. Stolz,
March 1871, Publisher [ 49 ] ഭാരതീയ ഭാഷകളിലെ നിഘണ്ടു നിർമാണ ശൈലി മാറ്റിമറിച്ച
കൃതിയാണ് ഗുണ്ടർട്ടു നിഘണ്ടു. ഇക്കാര്യത്തെക്കുറിച്ച് ജീവചരിത്രത്തിൽ
ചില പരാമർശങ്ങൾ ചേർത്തിട്ടുള്ളതു ശ്രദ്ധിക്കുമല്ലോ. സഗോത്ര
ഭാഷകളിൽ നിന്നുള്ള സമാന്തരപദങ്ങൾ, ധാതുനിർണയനം,
പദനിഷ്പത്തിവിചാരം, ശബ്ദദപരിണാമ നയങ്ങളെക്കുറിച്ചുള്ള സൂചന
എന്നിങ്ങനെ എടുത്തു പറയാവുന്ന പല പുതുമകളും ഗുണ്ടർട്ടു നിഘണ്ടു
പ്രചാരത്തിലാക്കി. നിഘണ്ടു പ്രസിദ്ധീകരിക്കപ്പെട്ട കാലത്തു തന്നെ
ചിലരെല്ലാം ഈ കൃതിയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി. 18974—ലെ
The Indian Evangelical Review (383–385) യാദൃച്ഛികമായി
കണ്ടെത്തിയ പുസ്തകനിരൂപണം ശ്രദ്ധേയമായിത്തോന്നി. ഗുണ്ടർട്ടു
നിഘണ്ടുവിനെക്കുറിച്ച് ഇത്രത്തോളം മർമസ്പർശിയായ മറ്റൊരു നിരൂപണം
അക്കാലത്തോ പിന്നീടോ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
അതുകൊണ്ട് ആ പഠനം ഇവിടെ പൂർണമായി ഉദ്ധരിക്കുന്നു. ലേഖന
കർത്താവിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. ആരായിരിക്കാം ഈ
നിരൂപകൻ എന്നു ലേഖനത്തിലൂടെ കടന്നുപോകുമ്പോൾ വായനക്കാർ
സ്വയം ചോദിക്കുന്നതു രസകരമായിരിക്കും.
ART X—BOOK NOTICES
A Malayalam—English Dictionary; by the Rev. Dr. H. Gundert. Manga
lore; Basel Mission Press, 1872. pp. xviii, 1116, royal 8vo.
It is always pleasant to see real acquisitions to our scanty stock of
philological knowledge, and especially of the Indian dialects, respecting
which so much has been written that is but a repetition of old erros and
vain speculation on an uncertain basis of facts. In the case of Dr.
Gundert's work we have more than this, for besides a most careful record
of new fact, he has contributed new light to Dravidian comparative
philology. His work is probably the best Dictionary of an Indian
Vernacular that we have. Mr. C. P. Brown's Telugu Dictionary was the
first based on not only a collection of words actually used in different
districts, but also on a complete analysis of every written document that
could be found; it however failed in the element of comparative philol
ogy, which its very learned author considered a dream. Mr. Brown's
standard was, however, a very high one and based on the best models,
then existing of Latin and Greek Dictionaries, and by his quotation of
authorities he surpassed even Molesworth. It is greatly to the credit of the
Madras Presidency that it has now produced a second similar, but better
work. It is still more creditable to German perseverance and scholarship [ 50 ] that this large and expensive book has been written and published at the
risk of a small missionary society. We can only hope that the Basel
Mission will not lose heavily, for no pains have been spared to bring out
this book as should be done.
Malayalam is a South Indian or Dravidian language, and is most
closely allied to Tamil, of which, about a thousand years ago, it was, at
best, a dialect. Now its position is very different, for it has (except in the
South Canara and Laccadive dialects) entirely lost all the distinctions of
person and sex which mark the personal terminations of the Dravidian
verbs, and the meanings of words originally the same have become often
entirely distinct in Tamil and Malayalam. Again the literatures possessed
by the two languages are entirely distinct. The Tamil grammar was much
studied about the 10th century by native writers; the first Malayalam
Grammar was written by Europeans. South Western India has always
been, as far back as the time of the Greek traders who came by way of
Egypt, a part of India much visited by foreigners. For more than a
"thousand years there have been flourishing settlements there of Meso—
potamian Persians, Jews and Arabs. Tamil has always been a more or less
conservative language, and till the last three centuries the Tamil country
was but little visited by strangers. Its literature has also preserved it
comparatively free from variation. In Malabar the exclusiveness of the
Brahman, which always was, and still is, greater than in any other part
of India, allowed no Hindu literature till the 17th century, when a low
caste man made the translation of the Sanskrit epics which are so highly
esteemed by the inferior castes. The Mappilas (Mahammadans) and
Syrians formed distinct communities with songs of their own. The
Malayalam language thus forms an instance of great value to philologists,
as showing the influence of the circumstances of the past history of the
race on the development of their language; for instances of this kind are
exceedingly rare out of Europe. Dr. Gundert has seen the importance of
this point, and has carefully collected and marked words which occur in
the dialects of the different classes and in different localities.
Again, this work is also a Comparative Dictionary of all the
Dravidain langauages, and by far the most complete in this respect of all
the Indian Vernacular Dictionaries that we know. Dravidian Compara—
tive Philology originated with the late F.W. Elli a Madras Civilian, and
was continued by Dr. Stevenson (at Bombay); about twenty years ago Dr. [ 51 ] Caldwell brought out his Comparative Grammar, which is chiefly de—
voted to a consideration of the inflections of words. It is no disparagement
to that useful work to say that Dr. Gundert's Dictionary proves that we
want a new and revised edition of it, and we trust that its learned author
will see that great changes are now necessary in it.
The number of names of plants and animals given by Dr. Gundert
is also a new feature in an Indian Dictionary. Owing to the deservedly
high repute of Rheede's Hortus Malabaricus and Buchanan's works,
many of these Malayalam names have contributed terms to European
botanical and Zoological science, but in a very incorrect form. As the
identity of species is always a difficultquestion. Dr. Gundert's Dictionary
will be of value in this way to naturalists.
The transcription of each Malayalam word according to Lepsius'
system is another useful feature. Modern linguistic science requires a
knowledge of the mode of production of sounds and distrusts the more or
less imperfect alphabetic systems in use for writing languages; Lepsius'
system is one of the best for expressing accurately the delicate shades of
quality which are not given by the usual orthography, but which are
indispensable to comparative philologists.
It will then be evident that Dr. Gundert has not only performed a
most laborious task, but also that he has done it in a manner every way
corresponding to the requirements of modern linguistic science, with the
latest results of which he is perfectly at home.
It is difficult to make any suggestions to the author; we will
however venture on one or two. The Puttanpana (i.e. "new song") which
he often quotes is not a Syrian but a Roman Catholic poem; Dr. Gundert
has been misled by the mutilated edition printed at Cottayam. The
original has only been printed quite recently; it was written by a German
Jesuit—Ernest Hanxleden and as the introduction mentions Don An
thony (i.e. Pimental) as Archbishop of Cranganore, it must have been
composed after 1721. Hanxleden died in 1732. Max Müller mentions
him as an excellent Sanskritist, and under the name of Father Arnos he
is the most popular author among the Syrians of Cochin and Travancore.
He and the more famous Father Beschi came out to India at the same time.
Again Dr. Gundert takes the word cangadam, a raft, to be a
Portuguese word, which cannot be the case as it occurs in the Periplus of
the Red Sea (3rd century A.D.) in precisely the same sense, and is used [ 52 ] in speaking of the South West Coast of India.
Lastly, we may be allowed to express a wish that the abbreviations
were fewer and less preplexing. We think an improvement might be made
in this respect without seriously increasing the bulk of the work.
പുസ്തക നിരൂപണം വായിച്ച ഗുണ്ടർട്ടിന്റെ പ്രതികരണം ഒരു
കത്തിൽ (17 മാർച്ച്, 1874) രേഖപ്പെടുത്തിയിരിക്കുന്നു. ഡീസിനു വേണ്ടി
ഞാൻ എഴുതിയ കുറിപ്പ് ഇവിടെ ചേർക്കുകയാണ്.
മലയാളം നിഘണ്ടുവിന്റെ റിവ്യു കാൽഡ്വൽ
എഴുതിയതായിരിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രേരണയിൽ
വന്നതായിരിക്കും.
ഇന്ത്യാ ഒറിയൻറാലീസ് ക്രിസ്റ്റ്യാനയിൽനിന്ന് (ഇതു
മംഗലാപുരത്തു മസ്ക്രീനാസിന്റെ കയ്യിൽ ഉണ്ട്) മിശിഹാടെ പഠന
ഹാങ്സിൽഡൺ രചിച്ചതാണെന്നു ഞാൻ മനസ്സിലാക്കി. അതു
പുത്തൻപാന തന്നെ എന്നു എനിക്കറിഞ്ഞുകൂടായിരുന്നു.
(അങ്ങനെയുള്ളവ അച്ചടിക്കുമ്പോൾ എനിക്ക് അയച്ചുതരണം). ഈ
വിമർശനപരമായ ഭാഗം വായിക്കുമ്പോൾ റിവ്യൂ കാൽഡ്വൽ
എഴുതിയതല്ലെന്നു തോന്നിപ്പോകും. ഈ ഗീതം സുറിയാനിക്കാരുടേതല്ല,
റോമൻ കത്തോലിക്കരുടേതാണ് എന്ന അഭിപ്രായം പണ്ഡിതമ്മന്യതയുടെ
ലക്ഷണമാണ്. ഏതോ ആംഗ്ലിക്കൻ സുറിയാനി പുരോഹിതന്റെ
പ്രസ്താവമാണിത്. എന്തടിസ്ഥാനത്തിലാണ് സുറിയാനിക്കാരുടെയും
സുറിയാനി കത്തോലിക്കരുടെയും ഭാഷാഭേദങ്ങൾ കൃത്യമായി
വേർതിരിക്കുക എന്ന് എനിക്കു മനസ്സിലാകുന്നില്ല.
അത്തരം വിഭാഗീയതകളിൽ കഴിഞ്ഞു കൂടുന്നവർ അവയെല്ലാം
വേർതിരിച്ചു കാണുന്നു. തെക്കൻ ക്രൈസ്തവ പ്രയോഗങ്ങൾ പൊതുവെ
Nasr. എന്നാണ് ഞാൻ രേഖപ്പെടുത്തിയിട്ടുള്ളത്.
ഡീസ്, ഈ കുറിപ്പ് പ്രസാധകനോ നിരൂപകനോ
നിശ്ചയമുണ്ടെങ്കിൽ അയാൾക്കോ അയച്ചു കൊടുക്കട്ടെ, ഏതായാലും
ഇത് അച്ചടിക്കാനല്ല.
കാൽഡ്വലിനെക്കുറിച്ച് ഗുണ്ടർട്ടിനുണ്ടായിരുന്ന മതിപ്പ് ഇവിടെ
പ്രതിഫലിക്കുന്നു. അവർ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു
കൂടുതൽ വിവരങ്ങൾ ജീവചരിത്രത്തിലും മലയാള ഭാഷാ വ്യാകരണ
ത്തിന്റെ ആമുഖ പഠനത്തിലും (ഡി സി ബി 1991) കാണാം.
ഗുണ്ടർട്ട് നിഘണ്ടു ഇന്നും അനുപേക്ഷണീയമായ ഒരു ഭാഷാപഠന
സഹായിയായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അത് അന്യൂനമാണെന്നു
ധരിക്കയില്ലല്ലോ. സാഹിത്യകൃതികളിൽനിന്നു പദങ്ങൾ കണ്ടെത്തി
അർഥനിർണയനം നടത്തുന്നതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.
നാട്ടുകാർക്കു സുപരിചിതങ്ങളായ ചില പാരമ്പര്യങ്ങളും ഉത്സവങ്ങളും [ 53 ] ഗുണ്ടർട്ട് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു. ഓണത്തെക്കുറിച്ചുള്ള
പരാമർശം ഉദാഹരണമാണ്. ഇത്തരം തെററുകൾ ശേഖരിച്ചവതരിപ്പിച്ച
അപ്പൻ തമ്പുരാൻ എഴുതുന്നു. ഭാഷാ നിഘണ്ടുക്കൾ പഴയ വകയും പുതിയ
വകയുമായി ഇപ്പോൾ നടപ്പിലുള്ളവയെ പരിശോധിക്കുന്നതായാൽ
ഗവേഷണക്ലേശം പ്രകാശിപ്പിക്കുന്നതും കേരള ഭാഷയുടെ കരൾ
കണ്ടിട്ടുള്ളതും മലയാണ്മയ്ക്കു മതിക്കുന്നതുമായ ഒരു നിഘണ്ടു
മഹാനുഭാവനായ ഗുണ്ടർട്ടുസായ്പിന്റേതാണെന്നു വിധിക്കുവാൻ ഭാഷാ
പണ്ഡിതന്മാരിൽ ആരും മടിക്കുമെന്നു തോന്നുന്നില്ല.
മഹാകവി ഉള്ളൂരിന്റെ (കേരള സാഹിത്യ ചരിത്രം 1964: 165–166)
അഭിപ്രായം കൂടി ഉദ്ധരിച്ച് ആമുഖപഠനം സമാപിപ്പിക്കാം:
ഭാഷാ ശബ്ദങ്ങൾക്കു സംസ്കൃത ശബ്ദങ്ങളെക്കാൾ പ്രാധാന്യം
നൽകി, ഭാഷയിൽ പ്രചുരപ്രചാരങ്ങളായ സംസ്കൃതശബ്ദങ്ങളെ മാത്രം
ഉൾപ്പെടുത്തി,പ്രാചീനകാലത്തേയും മധ്യകാലത്തേയും ഭാഷാകൃതികളിൽ
നിന്ന് അന്നു നടപ്പിലിരുന്നവയും ഇന്നുപ്രചാരലുപ്തങ്ങളുമായ ശബ്ദങ്ങൾ
കഴിയുന്നിടത്തോളം തിരഞ്ഞെടുത്ത്, നാടോടി ശബ്ദങ്ങൾക്കും വിദേശീയ
ഭാഷകളിൽനിന്നു കടന്നു കൂടിയിട്ടുള്ള ശബ്ദങ്ങൾക്കും പ്രവേശനം
അനുവദിച്ച്, ഓരോ ശബ്ദത്തിന്റെയും ആഗമം നിർദേശിച്ചു, വിവിധ
ഗ്രന്ഥങ്ങളിൽ നിന്നും മറ്റും അവയുടെ അർഥാവബോധത്തിനുതകുന്ന
ഉദാഹരണങ്ങളുദ്ധരിച്ചു, പഴഞ്ചൊല്ലുകളും ശൈലികളും അവസരോചി
തമായി എടുത്തുകാണിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പ്രസ്തുത
നിഘണ്ടുവിന്റെ ഗുണവിശേഷങ്ങൾ വാചാമഗോചരങ്ങളെന്നേ
ചുരുക്കത്തിൽ പറയുവാൻ നിവൃത്തിയുള്ളൂ.
സ്കറിയാ സക്കറിയ [ 55 ] ആദ്യപതിപ്പിന്റെ (1872) ടൈറ്റിൽ പേജ്