താൾ:33A11412.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുപരിചിതമല്ലാത്തതും സാഹിത്യകൃതികളിലും മറ്റും അങ്ങിങ്ങു കടന്നു
വരാവുന്നതുമായ ചില സംസ്കൃത പദങ്ങൾ ബയിലിയുടെ നിഘണ്ടുവിൽ
കാണാം. അത്തരം വാക്കുകൾക്ക് ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും
അദ്ദേഹം അർഥം നൽകുന്നുണ്ട്. ആദ്യത്തെ മുപ്പത്തിരണ്ടു പേജു
കഴിഞ്ഞിട്ടാണ് ഈ പതിവ് ആരംഭിക്കുന്നത്. മലയാള ഭാഷാ പഠനത്തിൽ
തന്റെ നിഘണ്ടു പരമാവധി പ്രയോജനപ്പെടണം എന്ന
നിർബന്ധബുദ്ധിയായിരിക്കാം നയവ്യതിയാനത്തിനു കാരണം. മലയാളവും
സംസ്കൃതവും തമ്മിലുള്ള ഭേദം ബയിലി വകവയ്ക്കുന്നില്ല എന്നാണ്
ഗുണ്ടർട്ടിന്റെ ആക്ഷേപം, ആഗമിക ബന്ധങ്ങളും പ്രചാരത്തിന്റെ തോതും
പരിഗണിച്ചിട്ടു വേണം ഓരോ പദത്തിനും നിഘണ്ടുവിൽ പ്രവേശനം
അനുവദിക്കാൻ എന്ന് ഗുണ്ടർട്ട് വിശ്വസിച്ചു. ആധുനിക നിഘണ്ടു
നിർമാതാക്കൾ ഗുണ്ടർട്ടിന്റെ അഭിപ്രായത്തോടാവും യോജിക്കുക.
എങ്കിലും പഥപ്രദർശകൻ എന്ന നിലയിൽ ബയിലിക്കുള്ള പ്രാധാന്യം
അനുസ്മരിക്കേണ്ടിയിരിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്: മലയാള
സാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി.ബി. പതിപ്പ് 1989 : 395-396).

സംസ്കൃത പദങ്ങളുടെ അർഥനിർണയനത്തിൽ ബയിലിക്കും
ഗുണ്ടർട്ടിനും മുഖ്യാവലംബമായിരുന്നത് രണ്ടു ശബ്ദകോശങ്ങളാണ്. —
പ്രൊഫസർ എച്ച്.എച്ച് വിൽസൺന്റെ സംസ്കൃതം:ഇംഗ്ലീഷ് നിഘണ്ടുവും
അമരേശവും. എന്നാൽ ഇക്കാര്യത്തിൽ താൻ ബയിലിയെക്കാൾ മുന്നോട്ടു
പോയിരിക്കുന്നു എന്നാണ് ഗുണ്ടർട്ടിന്റെ അവകാശവാദം. വിൽസൺന്റെ
നിഘണ്ടുവിന് 1856–ൽ ലണ്ടനിലെ സംസ്കൃത പ്രൊഫസറായിരുന്ന
തിയോഡോർ ഗോൾഡ് സ്റ്റ്യൂക്കർ വലിയ മാറ്റങ്ങൾ വരുത്തി. ഈ
വിപുലീകരിച്ച പതിപ്പാണ് ഗുണ്ടർട്ട് ഉപയോഗിച്ചത്. അതായിരിക്കണം
അദ്ദേഹം അവകാശപ്പെടുന്ന മേന്മ. മാത്രമല്ല, രണ്ടു ദശകത്തിനിടയിൽ
സംസ്കൃത ഭാഷാ പഠനത്തിൽ യൂറോപ്യൻ സമൂഹത്തിൽ
മൊത്തത്തിലുണ്ടായ പുരോഗതികൂടി ഭാഷാമർമജ്ഞനായ ഗുണ്ടർട്ട്
പ്രയോജനപ്പെടുത്തിയിരിക്കാം.

തമിഴ് പദങ്ങൾക്ക് അർഥം പറയുമ്പോൾ ബയിലിയും ഗുണ്ടർട്ടും
ഉദ്ധരിക്കുന്നത് റവ. ജെ. പി. റോട്ലറെയാണ്. 1834-ൽ റോട്ലർ
പ്രസിദ്ധീകരിച്ചു തുടങ്ങിയ തമിഴ് —ഇംഗ്ലീഷ് നിഘണ്ടു അദ്ദേഹത്തിന്റെ
മരണശേഷമാണ് പൂർണമാക്കിയത്. റോട്ലർക്കു വഴികാട്ടിയായതു
ബെസ്ചിയുടെ ശതുരകാരാദി (1819)യാണ്. ഇതാണ് യൂറോപ്യൻ
മാതൃകയിലുണ്ടായ പ്രഥമ തമിഴ് നിഘണ്ടു. ബെസ്ചിയുടെ ശതുരകാരാദി
ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നു.

ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന
വില്യം റീവിന്റെ കന്നഡ — ഇംഗ്ലീഷ് നിഘണ്ടു(1832)വിൽ ഇംഗ്ലീഷിലും
മലയാളത്തിലും ഗുണ്ടർട്ട് എഴുതിയ കുറിപ്പുകൾ കാണാം. ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/40&oldid=197916" എന്ന താളിൽനിന്ന് ശേഖരിച്ചത്