താൾ:33A11412.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണ്ടർട്ടിന് ഏറ്റവും പ്രയോജനപ്പെട്ടത് വരാപ്പുഴ മിഷണറിമാർ
പതിനെട്ടാം നൂറ്റാണ്ടിൽ തയ്യാറാക്കിയ രണ്ടു കൈയെഴുത്തു
നിഘണ്ടുക്കളാണ്. V1, V2 എന്നീ ചുരുക്കെഴുത്തുകൾ കൊണ്ട്
ഗുണ്ടർട്ടുനിഘണ്ടുവിൽ പരാമർശിക്കപ്പെടുന്ന ഈ കൃതികൾ ജനകീയ
ഭാഷയോടുള്ള അടുപ്പം കൊണ്ടായിരിക്കണം ശ്രദ്ധേയമായിത്തീർന്നത്.
സാഹിത്യ കൃതികളിൽ കാണാത്ത പദങ്ങളും പ്രയോഗവിശേഷങ്ങളും
ഗുണ്ടർട്ട് ഇവയിൽ നിന്നു ശേഖരിച്ചു.

മലയാളം — പോർത്തുഗീസ് നിഘണ്ടുവാണ് V1. പതിനാറാം
നൂറ്റാണ്ടു മുതൽ കേരള തീരത്ത് ആധിപത്യമുറപ്പിക്കാൻ ശ്രമിച്ച
പോർത്തുഗീസുകാരുടെ തണലിൽ മിഷണറി പ്രവർത്തനം നടത്തിയ
പാശ്ചാത്യ കത്തോലിക്ക മിഷണറിമാരുടെ സംഭാവനയാണ് ഈ ദ്വിഭാഷാ
നിഘണ്ടു. ഗുണ്ടർട്ടിനു ബോംബെയിൽ വച്ചാണ് ഇതിന്റെ പകർപ്പു ലഭിച്ചത്.
ഇക്കാര്യങ്ങൾ ഗുണ്ടർട്ടിന്റെ ജീവചരിത്രത്തിൽ (ഡിസിബുക്സ്, 1991)
വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മൂന്നു വാല്യമായി 890 പേജുള്ള
നിഘണ്ടുവാണിത്. ഓരോ പേജിലും ശരാശരി മുപ്പതു വാക്കു വീതം
കാണുന്നു. ഇതിൽ അപൂർണമായ ഇംഗ്ലീഷ് തർജമയും ചേർത്തിട്ടുണ്ട്.

പോർത്തുഗീസ് — മലയാളം നിഘണ്ടുവാണ് V2. മൊത്തം
ഇരുനൂറ്റിത്തൊണ്ണൂറു പേജ്. ഒരു പേജിൽ ഏറിയാൽ മുപ്പതു വാക്ക്.
മലയാളം — പോർത്തുഗീസ് നിഘണ്ടുവിനോടു താരതമ്യപ്പെടുത്തുമ്പോൾ ,
ചെറുതാണ്V2. മലയാളത്തിൽ,ഒറ്റവാക്കിൽ മാത്രമല്ല അർഥം പറയുന്നത്.
ചിലപ്പോൾ വാക്യശകലങ്ങളും ശൈലികളും ഉപയോഗിക്കുന്നു. ഇവയെല്ലാം
ഭാഷാ ചരിത്രവിദ്യാർഥിക്കു വിലപ്പെട്ട ഉപാദാനങ്ങളാണല്ലോ. സാഹിത്യ
ഗ്രന്ഥങ്ങളിലില്ലാത്ത അനേകം പദങ്ങളും ശൈലികളും, വരാപ്പുഴ
നിഘണ്ടുക്കളിൽ കാണാം. മധ്യകേരളത്തിലെ വ്യവഹാര ഭാഷയുടെ തനിമ
പ്രദർശിപ്പിക്കുന്ന അനേകം വാക്കുകൾ വരാപ്പുഴ നിഘണ്ടുക്കളിൽ നിന്നു
ഗുണ്ടർട്ട് സ്വീകരിച്ചു. ഇങ്ങനെ കടംകൊണ്ട വാക്കുകൾV1,V2 എന്നിങ്ങനെ
വേർതിരിച്ച് അടയാളപ്പെടുത്തി യിരിക്കുന്നു.

ബഞ്ചമിൻ ബയിലിയുടെ മലയാളം — ഇംഗ്ലീഷ് നിഘണ്ടു (1846) വും
ഇംഗ്ലീഷ് — മലയാളം നിഘണ്ടു (1849)വും ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരത്തി
ലുണ്ടായിരുന്നു. അവയിൽ ഇംഗ്ലീഷ് —മലയാളം നിഘണ്ടു അദ്ദേഹം
ഉപയോഗിച്ചിരുന്നതായി തോന്നുന്നില്ല. മലയാളം — ഇംഗ്ലീഷ് നിഘണ്ടുവിന്റെ
പകർപ്പിൽ പല സ്ഥലത്തും തിരുത്തലുകളും കുറിപ്പുകളും കാണാം.
കോട്ടയത്തും പരിസരത്തും പ്രചാരത്തിലിരുന്ന ദേശ്യപദങ്ങൾ ബയിലിയുടെ
നിഘണ്ടുവിൽ നിന്നാണ് ഗുണ്ടർട്ട് ശേഖരിച്ചത്. ബയിലി വേണ്ടതിലേറെ
സംസ്കൃത പദങ്ങൾക്കു നിഘണ്ടുവിൽ സ്ഥാനം നൽകി എന്നാണു
പൊതുവെയുള്ള പരാതി. മലയാളികൾക്ക് ആദ്യം അച്ചടിച്ചു കിട്ടിയ
നിഘണ്ടുവാണ് ഇതെന്ന കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ. മലയാളികൾക്കു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/30&oldid=197906" എന്ന താളിൽനിന്ന് ശേഖരിച്ചത്