താൾ:33A11412.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്നു എന്നു കരുതാവുന്ന മിക്ക രേഖകളും
ട്യൂബിങ്ങൻ, ബാസൽ, കാൽവ്, സ്റ്റുട്ഗാർട്ട് എന്നിവിടങ്ങളിൽ ഇന്ന്
കാണാവുന്നതാണ്. അക്കൂട്ടത്തിൽനിന്ന് മാറിപ്പോയ നിഘണ്ടുവിന്റെ
പകർപ്പും നഷ്ടപ്പെട്ടിരിക്കില്ല!

ഉപാദാനങ്ങൾ

ഗുണ്ടർട്ട് നിഘണ്ടുവിന്റെ ഉപാദാനങ്ങൾ ചുരുക്കെഴുത്തു (Abbrevia-
tions) പട്ടികയിൽ നിന്നു ഗ്രഹിക്കാം. ഇവയെല്ലാം ഇന്നു കണ്ടെത്താൻ
കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യാനന്തര കാലത്തു നമ്മുടെ
സർവകലാശാലകളിലും മററു സാംസ്കാരിക സ്ഥാപനങ്ങളിലും ഭാഷാ
സാഹിത്യഗവേഷണം ഊർജിതമായതോടെ അനേകം രേഖകൾ
വെളിച്ചത്തു വന്നു. കേരള സർവകലാശാലയുടെയും കോഴിക്കോടു
സർവകലാശാലയുടെയും ഹസ്തലിഖിത ഗ്രന്ഥപ്പുരകളിൽ
വിലമതിക്കാനാവാത്ത അനേകം കൈയെഴുത്തു ഗ്രന്ഥങ്ങളുണ്ട്. എന്നാൽ
ഗുണ്ടർട്ട് നിഘണ്ടുവിൽ സുവിശദമായി പരാമർശിക്കപ്പെടുന്ന ചില
ഗ്രന്ഥങ്ങളും രേഖാസമുച്ചയങ്ങളും കേരളക്കരയിൽ ഒരിടത്തും
കണ്ടെത്താനായില്ല. പയ്യന്നൂർപ്പാട്ട്, തലശ്ശേരിരേഖകൾ തുടങ്ങിയവ ഈ
ഗണത്തിൽ ഉൾപ്പെടും.

ഗുണ്ടർട്ട് നിഘണ്ടുവിൽ പരാമർശിക്കപ്പെടുന്ന അച്ചടിച്ച
ഗ്രന്ഥങ്ങളിൽ ബഹുഭൂരിപക്ഷവും കേരളത്തിലെ പഴയ ഗ്രന്ഥപ്പുരകളിൽ
ലഭ്യമാണ്. കെ. എം. ഗോവിയും എ. കെ. പണിക്കരും ചേർന്നു കേരള
സാഹിത്യ അക്കാദമിക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥസൂചി ഇവയുടെ
ലഭ്യതയെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ഗവേഷകർക്കു നൽകുന്നു.
അവിടെ രേഖപ്പെടുത്തിയിട്ടില്ലാത്തതും ഗുണ്ടർട്ട് ഉപയോഗിച്ചതുമായ ചില
ഗ്രന്ഥങ്ങൾ മാത്രമാണ് കണ്ടുകിട്ടാനുണ്ടായിരുന്നത്.

1986-ൽ ട്യൂബിങ്ങൻ സർവകലാശാലയിൽ ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥശേഖരം കണ്ടെത്തിയതോടെ അദ്ദേഹം ഉപയോഗിച്ച അനേകം
ഗ്രന്ഥങ്ങൾ ഗവേഷകരുടെ ദൃഷ്ടി പഥത്തിലായി. 1991–ൽ കാൽവിലെ
സ്റ്റയിൻ ഹൗസിൽ നിന്നു പതിനാറു താളിയോലക്കെട്ടുകൾ കൂടി ലഭിച്ചു.
ഇതോടെ കൈയെഴുത്തുഗ്രന്ഥങ്ങളുടെ പട്ടിക പൂർത്തിയായി. മഹാഭാരതം,
പഞ്ചതന്ത്രം തുടങ്ങിയവയുടെ ഒന്നിലേറെ പകർപ്പുകൾ ഗുണ്ടർട്ടിന്റെ
കൈവശത്തിലുണ്ടായിരുന്നു. ഓലയിലും കടലാസിലുമായുള്ള
കൈയെഴുത്തു ഗ്രന്ഥങ്ങൾ ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന
അച്ചടിപ്പകർപ്പുകളുമായി താരതമ്യപ്പെടുത്തി പഠിക്കാവുന്നതാണ്.
കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടിക ജീവചരിത്രത്തിൽ (ഡിസിബി. 1991)
ചേർത്തിരിക്കുന്നു. ഗുണ്ടർട്ടുപയോഗിച്ച അച്ചടി ഗ്രന്ഥങ്ങളിൽ
സിംഹഭാഗവും ട്യൂബിങ്ങനിൽ തന്നെയുണ്ട്. അവയിൽ അങ്ങിങ്ങ്

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/27&oldid=197903" എന്ന താളിൽനിന്ന് ശേഖരിച്ചത്