താൾ:33A11412.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണ്ടർട്ടിന്റെ തിരുത്തലുകളും ചേർപ്പുകളും കാണാം. പത്തൊമ്പതാം
നൂറ്റാണ്ടിൽ കേരളത്തിൽ അച്ചടിച്ച ഗ്രന്ഥങ്ങളെല്ലാം ട്യൂബിങ്ങനിലുണ്ട്
എന്നു സാമാന്യമായി പറയാം. അവയിൽ ഫുൽമോനിയുടെ കഥയും മറ്റും
അവിടെയല്ലാതെ മറെറാരിടത്തും ഉള്ളതായി അറിവില്ല. സ്വിറ്റ്സർലണ്ടിലെ
ബാസൽ മിഷൻ രേഖാലയത്തിലാണ് മറ്റുചില മലയാളഗ്രന്ഥങ്ങളുള്ളത്.
അവിടത്തെ ഗ്രന്ഥങ്ങളിൽ സിംഹഭാഗവും പഴയ സ്കൂൾ
പാഠപുസ്തകങ്ങളാണ്. പഴയ മലയാള പാഠപുസ്തകങ്ങളുടെ ഇത്ര വലിയ
ഒരു ശേഖരം കേരളത്തിൽ എവിടെയെങ്കിലും ഉള്ളതായി അറിവില്ല.

ഗുണ്ടർട്ടിനു വളരെയേറെ പ്രയോജനപ്പെട്ട തലശ്ശേരി രേഖകളെ (TR)
ക്കുറിച്ചു അല്പം വിശദമായ പരാമർശം ആവശ്യമാണ്. ഗുണ്ടർട്ടിന്റെ
കാഴ്ചപ്പാടിൽ ഉത്തമമലയാള ഗദ്യ (The best Malayalam Prose)
മാതൃകകളാണ് തലശ്ശേരി രേഖകൾ. മലയാള ഭാഷയിലെ മലബാർ തനിമ
കണ്ടെത്താൻ ഈ രേഖകൾ അദ്ദേഹത്തിന് ഉപകരിച്ചു. സാമൂഹിക
രാഷ്ട്രീയ ജീവിതം, സംസ്കാര പാരമ്പര്യങ്ങൾ, നാടോടിപ്പഴമകൾ
എന്നിങ്ങനെ മലബാറിനെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ
നിഘണ്ടുവിലേക്കു കടന്നുവന്നത് ഈ കൈയെഴുത്തുകളിലൂടെയാണ്.

ഇന്നത്തെ നിലയിൽ നോക്കിയാൽ മറ്റു പല കാരണങ്ങളാലും ഈ
രേഖാസമുച്ചയം പ്രാധാന്യമർഹിക്കുന്നു. ബ്രിട്ടീഷുകാർ ഉത്തരമലബാറിൽ
പിടിമുറുക്കിയ കാലത്തെ (1796–1800) സാമൂഹിക രാഷ്ട്രീയ
ബലപരീക്ഷകൾ കത്തിടപാടുകളുടെ രൂപത്തിൽ ഇവിടെ ലഭിക്കുന്നുണ്ട്.
ഉദാഹരണത്തിനു പഴശ്ശി സമരത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ഇതു
രത്നഖനിയാണ്. ഭരണഭാഷ എന്ന നിലയിൽ മലയാളത്തിന് അക്കാലത്തു
മലബാറിലുണ്ടായിരുന്ന പ്രാപ്തി തലശ്ശേരി രേഖകൾ പ്രതിഫലിപ്പിക്കുന്നു.
അയ്യായിരത്തോളം പേജിൽ പന്ത്രണ്ടു വാല്യമായി ഗുണ്ടർട്ട് ശേഖരിച്ചു
സൂക്ഷിച്ച ഈ കത്തിടപാടുകൾ നിഘണ്ടുവിന്റെ ആധികാരികത്വം
വർധിപ്പിക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക്
മലയാള സാഹിത്യവും ക്രിസ്ത്യാനികളും ഡിസിബി, പതിപ്പ് 1989:398–401
നോക്കുക)

പയ്യന്നൂർപ്പാട്ടാണ് ട്യൂബിങ്ങനിലുള്ള മറെറാരു വിശിഷ്ട ഗ്രന്ഥം.
സർവകലാശാലയ്ക്കു ഗുണ്ടർട്ടു സംഭാവന ചെയ്ത ഒരു ഓലക്കെട്ടിൽ 104
പാട്ടുകൾ കാണുന്നു. മലയാളികൾക്ക് എന്നെന്നേക്കുമായി
നഷ്ടപ്പെട്ടുപോയി എന്നു കരുതിയിരുന്ന അമൂല്യഗ്രന്ഥം ഇപ്പോൾ
ട്യൂബിങ്ങൻ സർവകലാശാല കാട്ടിത്തരുന്നു. മാപ്പിളപ്പാട്ടുകൾ,
ഓണപ്പാട്ടുകൾ, തച്ചൊളിപ്പാട്ടുകൾ എന്നിങ്ങനെ ഗുണ്ടർട്ട് ഉപയോഗിച്ച
നാടോടി സാഹിത്യം മുഴുവൻ ട്യൂബിങ്ങനിൽ കണ്ടെത്താൻ കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/28&oldid=197904" എന്ന താളിൽനിന്ന് ശേഖരിച്ചത്