താൾ:33A11412.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൽ നൂറ്റാണ്ടിലേറെ

മലബാറിൽ എത്തിയ ഉടൻ ഗുണ്ടർട്ടിന്റെ മനസ്സിൽ ഉദിച്ച
സ്വപ്നങ്ങളിലൊന്നായിരുന്നു മലയാളം—ഇംഗ്ലീഷ് നിഘണ്ടു. മലയാളഭാഷ
പഠിച്ചു തുടങ്ങിയതു മുതൽ വ്യാകരണത്തിനും നിഘണ്ടുവിനും
വേണ്ട ഉപാദാനങ്ങൾ ശേഖരിച്ചു തുടങ്ങി. 1841–ലെ ബാസൽ മിഷൻ റിപ്പോർട്ടിൽ:

'കഴിഞ്ഞ വർഷം ഉൽപത്തി പുസ്തകത്തിന്റെ ആദ്യഭാഗത്തെ
ക്കുറിച്ച ഒരു ലഘുലേഖ മലയാള മിഷൻ പ്രസിദ്ധീകരിച്ചു. പൂർവ
പിതാക്കന്മാരുടെ കാലത്തെക്കുറിച്ചുള്ള ഭാഗം അച്ചടിക്കു തയ്യാറായി
ക്കഴിഞ്ഞു. മലയാള ഭാഷാ വിദ്യാർഥികൾക്ക് കൂടിയേ തീരൂ എന്നുള്ള
മലയാളം ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.'

ഗുണ്ടർട്ടാണ് നിഘണ്ടു തയ്യാറാക്കുന്നത് എന്ന് ഇവിടെ പറയുന്നില്ല.
എങ്കിലും സാഹചര്യങ്ങൾകൊണ്ട് ഗുണ്ടർട്ടാണ് ഈ സംരംഭത്തിന്റെ
പിന്നിലെന്ന് ഊഹിക്കാം. അന്നത്തെ നിലയിൽ മലയാള ഭാഷയുടെ
കാര്യത്തിൽ ഇത്രത്തോളം ശ്രദ്ധവയ്ക്കാൻ മറെറാരു ബാസൽമിഷണറിക്കും
സാധിക്കുമായിരുന്നില്ല. പോരെങ്കിൽ, നിഘണ്ടു നിർമാണ രംഗത്തു
തമിഴ്നാട്ടിൽ അല്പസ്വല്പം പരിചയം നേടിയിട്ടാണ് അദ്ദേഹം
മലയാളക്കരയിൽ എത്തിയത്. ഗുണ്ടർട്ടിന്റെ തമിഴ് കൃതികളിൽ ഗ്രീക്ക്—
തമിഴ് നിഘണ്ടുവും ഹീബ്രു — തമിഴ് നിഘണ്ടുവും ഉൾപ്പെടുന്നു. അവ
അച്ചടിപ്പിക്കാൻ നാഗർകോവിലിൽ ഏല്പിച്ചിട്ടാണ് (1838 ഒക്ടോബർ)
ഗുണ്ടർട്ട് കേരളം വഴി മംഗലാപുരത്തേക്കു പോയത്.

സംസ്കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാരതീയ
ഭാഷകൾ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതതു ഭാഷകളിലെ
ശബ്ദകോശങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടിരുന്നു. മലബാറിൽ
എത്തിയതു മുതൽ അത്തരം ശബ്ദാവലികൾ മിഷനുവേണ്ടി
ശേഖരിക്കുന്നതിലും അദ്ദേഹം ജാഗരൂകനായി. സ്വന്തം നിലയിൽ വലിയ
വിലകൊടുത്തു ശബ്ദകോശങ്ങൾ അദ്ദേഹം വാങ്ങിയിരുന്നു. ട്യൂബിങ്ങൻ
സർവകലാശാലയിലും കാൽവിലെ ഗുണ്ടർട്ട് ഭവനത്തിലും അദ്ദേഹ
ത്തിന്റെ പേരെഴുതിയ പഴയ ശബ്ദകോശങ്ങൾ കാണാം. സ്വന്തം
പകർപ്പുകളിൽ പേനകൊണ്ടു തിരുത്തലുകൾ വരുത്താനും കുറിപ്പുകളെ
ഴുതാനും അദ്ദേഹം മടിച്ചിരുന്നില്ല. ഗുണ്ടർട്ടിന്റെ ഭാഷാ പാണ്ഡിത്യം
മനസ്സിലാക്കാൻ ഇത്തരം ലിഖിതങ്ങൾ ഉപകരിക്കും.

ശബ്ദകോശങ്ങൾ

മലയാള നിഘണ്ടുവിന്റെ രചനയിൽ ഗുണ്ടർട്ട് ഉപയോഗിച്ച
ശബ്ദകോശങ്ങൾ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽ അടുത്ത
കാലത്തു കണ്ടെത്തി. അവയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ
കൗതുകകരമായിരിക്കുമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/29&oldid=197905" എന്ന താളിൽനിന്ന് ശേഖരിച്ചത്