താൾ:33A11412.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ കാണുന്നു. ബാസൽ മിഷൻകാർ
പ്രസിദ്ധീകരിച്ച ഗുണ്ടർട്ടിന്റെ ജീവചരിത്രത്തിലും ഈ പരാമർശം കാണാം.
മലയാള ഭാഷാ പണ്ഡിതനും ഗുണ്ടർട്ടിന്റെ വിശ്വസ്ത
സുഹൃത്തുമായിരുന്ന ഫ്രോൺമേയർ (Frohnmeyer) ഈ പകർപ്പ്
ഉപയോഗിച്ചതായി തെളിവുകളുണ്ട്. മലയാള ഭാഷാ ഗവേഷണത്തിനു
വമ്പിച്ച മുതൽക്കൂട്ടായിത്തീരാവുന്ന ഈ പകർപ്പു തേടിയാണ് 1986-ൽ
ഞാൻ ട്യൂബിങ്ങൻ സർവകലാശാലയിൽ എത്തിച്ചേർന്നത്. അന്നുമുതൽ
ഇന്നോളം ഡോ.ആൽബ്രഷ്ട് ഫ്രൻസും ട്യൂബിങ്ങൻ സർവകലാശാലാ
ലൈബ്രറിയിലെ ഭാരതീയ പഠന വിഭാഗവും ഈ അന്വേഷണത്തിൽ
സഹകാരികളായിരുന്നു. യൂറോപ്പിലെ അനേകം ലൈബ്രറികളിലും
രേഖാലയങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രന്ഥം
കണ്ടെത്താനായില്ല. ഇതു വല്ലാത്ത അപൂർണതാ ബോധം ഞങ്ങളിൽ
സൃഷ്ടിക്കുന്നു. അന്വേഷണം തുടരുകയാണ്. ലോകത്തിന്റെ ഏതെങ്കിലും
കോണിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ അതു കണ്ടുകിട്ടിയെന്നു വരാം.
അന്നാകട്ടെ നിഘണ്ടുവിന്റെ പുനസ്സംവിധാനം എന്നാണ് ഇപ്പോഴത്തെ
ചിന്ത.

കൗതുകകരമായ ഒരു കാര്യം കൂടി ഇവിടെ
രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ജർമനിയിലും സ്വിറ്റ്സർലണ്ടിലും
കണ്ടെത്തിയ കേരളീയ രേഖകളുടെ തോതും തരവും പരിഗണിക്കുമ്പോൾ
ഞങ്ങൾ അന്വേഷിക്കുന്ന നിഘണ്ടുവിന്റെ പകർപ്പ് കണ്ടെത്താനാവും
എന്ന വിശ്വാസം വർധിക്കയാണ്. അവിടത്തെ സ്ഥാപനങ്ങളിലും
വ്യക്തികളുടെ സ്വകാര്യ ഗ്രന്ഥശേഖരങ്ങളിലും എത്തിപ്പെടുന്ന രേഖകൾ
നഷ്ടപ്പെടുക സാധാരണമല്ല. വ്യക്തികൾക്ക് സംരക്ഷിക്കാൻ കഴിയാത്തവ
സ്ഥാപനങ്ങൾക്ക് കൈമാറുന്നു. ഉദാഹരണത്തിന് സ്റ്റുട്ഗാർട്ടിന് സമീപം
മാർബഹായിലുള്ള ഷില്ലർ സ്മാരക ജർമൻ സാഹിത്യ മ്യൂസിയത്തിലാണ്
ഗുണ്ടർട്ടിന്റെ കത്തുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. എഴുത്തുകാരുടെ
കൈയെഴുത്തുകളെല്ലാം ഭാവി തലമുറയ്ക്കുവേണ്ടി സംരക്ഷിക്കാനും
ഗവേഷകർക്ക് ലഭ്യമാക്കാനും ഇവിടെ ചെയ്തിരിക്കുന്ന ഏർപ്പാടുകൾ
അനുകരണീയമാണ്. പ്രമുഖ പ്രസിദ്ധീകരണ ശാലകളിൽ നിന്നെല്ലാം
ഇവർക്ക് കൈയെഴുത്തുകൾ ലഭിക്കുന്നു. അവ തരംതിരിച്ചു ശേഖരിക്കാൻ
ശാസ്ത്രീയ സംവിധാനമുണ്ട്. ഇവിടത്തെ രേഖാസമുച്ചയം ഉപയോഗിക്കാൻ
ദിനംപ്രതി നൂറുകണക്കിനു യുവഗവേഷകർ എത്തുന്നു. രണ്ടു
മഹായുദ്ധങ്ങളിൽ നഷ്ടപ്പെട്ട രേഖകളെക്കുറിച്ച് ജർമൻ പണ്ഡിതന്മാർ
അത്യന്ത വ്യസനത്തോടെ സംസാരിച്ചു കേൾക്കാറുണ്ട്. ഹാംബുർഗിലും
സ്റ്റുട്ഗാർട്ടിലും ഗുണ്ടർട്ടിന്റെ പുത്രന്മാർ താമസിച്ചിരുന്ന വീടുകൾ
രണ്ടാം ലോക മഹായുദ്ധകാലത്തു കത്തിപ്പോയി. ആ ഘട്ടത്തിൽ
ഗുണ്ടർട്ടിന്റെ കത്തുകളെല്ലാം മറെറാരു ബന്ധുവിന്റെ വീട്ടിലായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/26&oldid=197902" എന്ന താളിൽനിന്ന് ശേഖരിച്ചത്