താൾ:33A11412.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖ പഠനം

ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷയ്ക്കു നൽകിയ ഏറ്റവും വിലപ്പെട്ട
സംഭാവന എന്താണ്? A Malayalam and English Dictionary
എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. ഒഴിവാക്കാനാവാത്ത ഭാഷാ
പഠനസഹായി എന്ന പദവിയിൽ ഒന്നൊന്നര നൂറ്റാണ്ടായി ഈ കൃതി,
വിരാജിക്കുന്നു. മലയാളം ലക്സ്സിക്കൺ (കേരള സർവകലാശാല)
പൂർത്തിയാകും വരെയെങ്കിലും മലയാള ഭാഷയെക്കുറിച്ചുള്ള ആധികാരിക
പരാമർശങ്ങൾക്കെല്ലാം അവലംബം ഗുണ്ടർട്ട് നിഘണ്ടുവായിരിക്കും.

മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രചിച്ച മഹാൻ എന്ന്
ഗുണ്ടർട്ടിനെ പലരും വിശേഷിപ്പിച്ചു കാണാറുണ്ട്. അനർഹമായ ഈ
ബഹുമതി അദ്ദേഹത്തിന് ആവശ്യമില്ല. മലയാള ഭാഷയുടെ ആദ്യത്തെ
അച്ചടിച്ച നിഘണ്ടു ബഞ്ചമിൻ ബയിലിയുടേതാണ്. 1846 —ൽ കോട്ടയത്ത്
അച്ചടിച്ചു പ്രസിദ്ധീകരിച്ച A Dictionary of High and Colloquial Malay
alim and English. 1849-ൽ മറെറാരു ദ്വിഭാഷാ നിഘണ്ടു കൂടി ബയിലി
പ്രസിദ്ധീകരിച്ചു. Dictionary, English and Malayalim. 1867-ൽ റിച്ചാർഡ്
കൊളിൻസ് സായ്പിന്റെ ശുദ്ധ മലയാള നിഘണ്ടു പ്രകാശിതമായി‌—
മലയാണ്മ നിഘണ്ടു. 1856-ൽ കോട്ടയത്തു മറെറാരു ദ്വിഭാഷാ നിഘണ്ടു
അച്ചടിച്ചു. ഗ്രന്ഥകർത്താവ് കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ചർച്ച് ഒഫ്
സ്കോട്ലണ്ട് മിഷണറി ഇ. ലാസറോണാണ്. ആദ്യത്തെ 138 പുറങ്ങളിൽ
മലയാളം — ഇംഗ്ലീഷ് നിഘണ്ടു; പിന്നെ 104 പുറങ്ങളിൽ ഇംഗ്ലീഷ് — മലയാളം
നിഘണ്ടു. അവസാനത്തെ ഒമ്പതു പുറങ്ങളിൽ ക്രിയാവിവരണം. ഒന്നോ
രണ്ടോ വാക്കുകളിൽ വ്യക്തമായി അർഥം പറയുന്ന നിഘണ്ടു എന്ന
നിലയിൽ ഇതു വിദ്യാർഥികൾക്കു പ്രയോജനപ്പെട്ടിരിക്കും. 1870 — ൽ
മംഗലാപുരത്തുനിന്നു ബാസൽ മിഷൻ രണ്ടു സ്കൂൾ നിഘണ്ടുക്കൾ
പ്രസിദ്ധീകരിച്ചു —മലയാളം ഇംഗ്ലീഷ ഭാഷകളുടെ അകാരാദി (373 പുറം).
ഇംഗ്ലീഷ മലയാള ഭാഷകളുടെ അകാരാദി (365 പുറം) ഇത്രയേറെ അച്ചടിച്ച
നിഘണ്ടുക്കൾ ഉണ്ടായശേഷമാണ് ഗുണ്ടർട്ട് നിഘണ്ടുവിന്റെ ആഗമനം.

അച്ചടിച്ച നിഘണ്ടുക്കളുടെ കാര്യംമാത്രമാണ് ഇതുവരെ
എഴുതിയത്. കൈയെഴുത്തിൽ മാത്രം നിലനിന്നിരുന്ന കൃതിയാണ്
അർണോസ് പാതിരിയുടെ മലയാളം പോർത്തുഗീസ് നിഘണ്ടു. ഏതാനും
വർഷങ്ങൾക്കു മുമ്പ് കേരള സാഹിത്യ അക്കാദമി ഇംഗ്ലീഷ്
പരിഭാഷയോടുകൂടി ഈ കൃതി അച്ചടിപ്പിച്ചു. ഇതിന്റെ ഇരട്ടിയോളം
വലിപ്പമുള്ള ഒരു മലയാളം — പോർത്തുഗീസ് നിഘണ്ടു 1745-ൽ
പൂർത്തിയാക്കി വരാപ്പുഴയിൽ സൂക്ഷിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനു
മുമ്പു കത്തോലിക്ക മിഷണറിമാർ തയ്യാറാക്കിയ മറ്റു ചില നിഘണ്ടുക്കൾ
കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥശേഖരങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/23&oldid=197899" എന്ന താളിൽനിന്ന് ശേഖരിച്ചത്