അലിഞ്ഞു ചേർന്ന ആത്മാക്കൾ/പന്ത്രണ്ടു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
പന്ത്രണ്ടു്

[ 118 ]

പന്ത്രണ്ടു്


ഞാൻ ചിന്താനിരതനായി ഓഫീസിലിരുന്നപ്പോൾ പ്രേമയുടെ മുറിയിൽനിന്നും ഒരു പാട്ടുകേട്ടു. മധുരമായ ഒരു ഗാനം. ആരെയും എന്തിൽനിന്നും തട്ടിയുണൎത്തുവാൻ കഴിവുള്ള ഒരു ഗാനം. ഞാനെഴുന്നേറ്റു അവളുടെ മുറിയിലേക്കു നടന്നു. അടുത്തു ചെല്ലുന്തോറും അതിന്റെ മാധുര്യം കൂടിക്കൂടി വരുന്നതുപോലെ എനിക്കു തോന്നി.

എന്തൊരു ഭാഗ്യദോഷം! ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പാട്ടുയിർത്തി. ഇനിയവൾക്കു രസിക്കണം. ഫലിതം പൊട്ടിക്കണം.

“പാട്ടെന്താ നിർത്തിയത്?” ഞാൻ അസുഖഭാവത്തിൽ ചോദിച്ചു.

“നിർത്തിയതല്ല. നിന്നതു്!” ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ കൊഞ്ചുകയാണ്.

“നല്ല പാട്ടു്” ഞാനഭിപ്രായം രേഖപ്പെടുത്തി.

“വണക്കം”

“ഇതെന്തൊരു നാശമൊ? നേരുപറഞ്ഞുകൂടായോ?”

“അതൊക്കെയിരിക്കട്ടെ. എറണാകുളത്തിനെന്നാ പോകുന്നെ?”

15
[ 119 ]

“നാളെ”

“എനിക്കൊരു വാനിറ്റി ബാഗു മേടിച്ചോണ്ടുപോരാമോ?”

“ആകട്ടെ, ശ്രമിക്കാം”

“ഉള്ളതുപറ. വയ്യെങ്കിൽ ഞാനച്ഛനോടു പറഞ്ഞു മേടിപ്പിച്ചോളാം

“കൊണ്ടുവരാമേ?”

“ഉം.....?”

“ഉം”

അവൾ അകത്തേക്കു പോയി കാപ്പികൊണ്ടുവരുവാനാണന്നെനിക്കറിയാം. ഞാൻ അല്പനേരത്തേക്കു നിശ്ശബ്ദനായിരുന്നു.

“സാധ്യമല്ല” പെട്ടെന്നൊരു ഗൎജ്ജനം കേട്ടു. ശങ്കരൻ മുതലാളിയുടേതാണു്. ഞാൻ ശ്രദ്ധിച്ചു.

“അമ്മാവാ ഞാൻ മര്യാദ ചോദിക്കുകയാണു്” ഒന്നര ലക്ഷം ഉടൻ തരുകയാണു നല്ലത്.

“ഇവിടെയെങ്ങും രൂപയില്ലെന്നല്ലേ പറഞ്ഞതു്”

“എന്നെക്കൊണ്ടൊന്നും ചെയ്യിക്കരുതു്”

“നീയെന്നാ ചെയ്യും?”

“ഇതു കണ്ടോ?”

മുതലാളി ഭീതികൊണ്ടൊരു ശബ്ദം പുറപ്പെടുവിക്കുന്നതു കേട്ടു. ഞാൻ പുറത്തേക്കു നോക്കി. ദേവിന്റെ കാർ മുറ്റത്തുണ്ടു്. ഒരു പാത്രമുടയുന്ന ശബ്ദം കേട്ടു. പ്രേമയുടെ കയ്യിലിരുന്ന കാപ്പി താഴെ പോയതാണു്. അവളെന്റെ അടുത്തേക്കോടിവന്നു.

“വേണു അച്ഛന്റെ നേരെ കഠാരിയെടുത്തു.”—അവൾ ഭീതിയോടുകൂടി പറഞ്ഞു. ഞനോടി, മുകളിലത്തെ നിലയിലേക്കു്.

[ 120 ]

“ഞാൻ കഷണിച്ചുകളയും”

“എടാ ദുഷ്ടാ നിന്റെ....

“കെളവാ ചാകണ്ടെങ്കിൽ പണം തരൂ...”

ഞാൻ മുതലാളിയുടെ മുറിയുടെ വാതിക്കൽ എത്തി. വേണു അദ്ദേഹത്തിന്റെ ഉരസിനെതിരെ കഠാരിയുയർത്തിപ്പിടിച്ചിരിക്കുകയാണ്. പാവം മുതലാളി നിന്നു വിറയ്ക്കുന്നുണ്ടു.

“അവസാനത്തെ ചോദ്യമാണ്. പണമോ, ജീവനോ?” വേണു ഗൎജ്ജിച്ചു. മുതലാളി നടുങ്ങിപ്പോയി.

പൊട്ടിക്കരഞ്ഞുകൊണ്ടു് പ്രേമ എന്നോടു ചേൎന്നുനിന്നു.

“ദുഷ്ടേ നീയാദ്യം” എന്നലറിക്കൊണ്ട് അയാൾ കഠാരി അവളുടെ നേരെയുയർത്തിയതും ഞാനയാളുടെ കയ്യിൽ ‘വരട്ടെ’ എന്നു പറഞ്ഞുകൊണ്ട് കടന്നു പിടിച്ചതും ഒരു പോലെ കഴിഞ്ഞു. ഒരു മൽപിടുത്തം നടന്നു. മേശകളും കസേരകളും മറിഞ്ഞുവീണു. വളരെയേറെ കടലാസുകൾ പറന്നുയർന്നു. കഠാരി എന്റെ കയ്യിൽ ഒരു മണിക്കൂർ നേരത്തെ അഗ്നിപരീക്ഷണത്തിനു ശേഷം കിട്ടി. ഞാനാ ദുഷ്ടന്റെ വിരിമാറിനു നേരെ അതുയർത്തി.

“വേണ്ട വേണ്ട... അവനെ കുത്തരുത് രാജു” മുതലാളി എന്റെ കൈയ്ക്കു കടന്നുപിടിച്ചുകൊണ്ടപേക്ഷിച്ചു.

കിട്ടിയ ജീവനും കൊണ്ടയാൾ താഴോട്ടോടി. “എല്ലാത്തിനേം ഞാൻ തകൎക്കും” എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് കാറുവിട്ടു പോയി....

“എന്താണാച്ഛാ?” ഭീതികൊണ്ടു ചൂളിപ്പോയ അവൾ മുതലാളിയുടെ അടുത്തുചെന്നുനിന്നുകൊണ്ട് ചോദിച്ചു.

[ 121 ]

അദ്ദേഹമൊന്നും ശബ്ദിച്ചില്ല.

“ആ ദുഷ്ടനെ വെറുതെ വിടണ്ടായിരുന്നു” ഞാൻ അഭിപ്രായപ്പെട്ട.

"അവനെന്റെ അനന്തിരവനല്ലേ? എനിക്കതു ചെയ്യിക്കാമോ?”

“അങ്ങ് ശുദ്ധഗതിക്കാരൻ. തന്റെ അമ്മാവനല്ലേ എന്നയാൾക്കുമൊന്നു ചിന്തിച്ചുകൂടെ?”

ഞാൻ ന്യായമുന്നയിച്ചു.

“ഇനിയാദുഷ്ടനെന്തു നാശമാണോ വരുത്തിവയ്ക്കുന്നതു്?” പ്രേമ ആരോടെന്നില്ലാതെ പറഞ്ഞു.

“ഇനിയവനിങ്ങു വരികേല.” മുതലാളി ധൈര്യമായി പറഞ്ഞു.

“ആട്ടെ, നിങ്ങൾ പോകൂ” അദ്ദേഹം തുടൎന്നു ഞങ്ങളോടറിയിച്ചു.

ഞങ്ങൾ മുറിവിട്ടിറങ്ങി. നേരെ എൻറെ മുറിയിലെത്തി.

“ഒരു പെണ്ണുകാരണം മുതലാളിപെടുന്ന പാടു്” കസേരയിലിരുന്നുകൊണ്ടു ഞാൻപറഞ്ഞു.

“ഓ, പാടാണേ ഞാൻ പോയേക്കാം” അവൾ സവ്യസനം പുറത്തേക്കു നടന്നു. പ്രേമേ ഞാൻ വെറുതെ പറഞ്ഞതാണു്. എന്നോടു ക്ഷമിക്കൂ. എനിക്കിപ്പോഴാണു് എന്റെ വാക്കുകളുടെ അർത്ഥവ്യാപ്തി മനസ്സിലായതു്.

“ഇനിയങ്ങിനെ പറയുകയില്ലെന്നു സത്യംചെയ്യൂ” അവൾ കൈ നീട്ടിക്കൊണ്ടാവശ്യപ്പെട്ടു.

“നിശ്ചയമായും പറയുകയില്ല” കൈയ്യടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

[ 122 ]

അവൾ തിരിയെ വന്നു എന്റെയടുത്തൊരു കസേരയിലിരുന്നു. ഞാനൊരു സിഗററ്റെടുത്തു ചുണ്ടിൽ വച്ചു തീപ്പെട്ടിയുരച്ചു. അവളതൂതിക്കെടുത്തിയതും തീപ്പെട്ടി തട്ടിയെടുത്തതും ഒരുമിച്ചു കഴിഞ്ഞു. ഞാൻ നിശ്ശബ്ദനായിത്തന്നെയിരുന്നു. അവൾ എന്റെ സിഗററ്റിനു തീ പിടിപ്പിച്ചുതന്നു.

"ഞാനച്ഛനോടു പറഞ്ഞു” അവർ കുറേക്കൂടി അടുത്തിരുന്നുകൊണ്ടു തുടങ്ങി.

“എന്താ ഞാനന്വേഷിച്ചു.

“അച്ഛനും സമ്മതമാണു”

“കാര്യമെന്താ”

“അടുത്ത മാസത്തിൽതന്നെയാകട്ടെന്നു പറഞ്ഞു”

“മനസ്സിലായില്ല ശ്രീമതി”

“മനസ്സിലായില്ലെങ്കിൽ വേണ്ട”

“എങ്കിലും...”

“നമ്മുടെ....”

“നമ്മുടെ?”

“കല്യാണം”

ഞാനൊന്നു ഞെട്ടിപ്പോയി. എന്റെ ഉള്ളിലൊരായിരം തീനാമ്പുകൾ പറന്നുവന്നപോലെ എനിക്കു തോന്നി. പക്ഷെ ഞാനൊരു ഭാവപ്രകടനമോ എതിരഭിപ്രായമോ രേഖപ്പെടുത്തിയില്ല.

ഭിത്തിയിലിരുന്ന നാഴിമണി പന്ത്രണ്ടുപ്രാവശ്യം ശബ്ദിച്ചു.

“വരൂ, ഊണു കഴിക്കാം” അവൾ എന്നെ എന്തിൽനിന്നൊക്കെയോ തട്ടിയുണൎത്തിക്കൊണ്ടു പറഞ്ഞു.

ഞങ്ങൾ ഊണുമുറിയിലേക്കു നടന്നു...... ആ ദിവസം കടന്നു പോയി.

[ 123 ]

പലതും പോലെ ഇന്നലത്തെ രാത്രി ഞാനുറങ്ങാത്ത ഒരു രാത്രിയായിരുന്നു. പേടിസ്വപ്നങ്ങൾ കണ്ടില്ലെങ്കിലും എന്റെ ഹൃദയത്തിൽ ഒട്ടനവധി ചോദ്യങ്ങൾ തലയുയൎത്തി. ലീസായും, ശാന്തയും, പ്രേമയും—ഒരേ സ്വഭാവക്കാർ. മൂന്നു മാടപ്രാവുകൾ. സ്നേഹിക്കുന്ന മൂന്നു ഹൃദയങ്ങൾ.

ഞാനെന്താ ചെയ്ക? ആരുടേയും സ്നേഹം കാപട്യസംപൂൎണ്ണമല്ല, ആത്മാൎത്ഥതയുടെ അങ്ങേയറ്റമാണു്.

എനിക്കുവേണ്ടി അഗ്നിപരീക്ഷണങ്ങൾക്കുതന്നെയും വിധേയയായി കഴിയുന്ന ആ സ്നേഹസമ്പന്നയെ എന്റെ ഹൃദയത്തിനു മറക്കുവാൻ വയ്യ. മരണക്കിടക്കയിൽനിന്നും എന്നെ രക്ഷിച്ച് എനിക്കു പരിചരണം നൽകിയ ശാന്തയെ ഞാനെങ്ങിനെ വിസ്മരിക്കും? കപടത ലേശവും തീണ്ടാത്ത ഒരു പരിശുദ്ധ ഹൃദയവുമായി സദാ മുട്ടി വിളിക്കുന്ന പുഴയുടെ സാന്നിദ്ധ്യം എന്നുമെനിക്കഭികാമ്യമാണു്.

എറണാകുളത്തേക്കു പോകുവാൻ ഡ്രൈവർ ഷെഡ്ഡിൽ നിന്നും കാർ കൊണ്ടുവന്നിട്ടുണ്ട്. എറണാകുളത്തുള്ള ഒരു മൊത്ത വ്യാപാരി ശങ്കരൻ മുതലാളിക്ക് 2 ലക്ഷം രൂപ കൊടുക്കാനുണ്ടു്. അതു വാങ്ങുവാനാണ് പോകുന്നതു്.

പ്രേമയോടു യാത്രപറഞ്ഞു് ഞങ്ങൾ രണ്ടാളും കാറിൽ കയറി. കാർ നീങ്ങി. വളവുകളും തിരിഞ്ഞു കാർ പൊതുനിരത്തിൽ പ്രവേശിച്ചു. കച്ചവടത്തിന്റെ നഷ്ടങ്ങളെക്കുറിച്ചും തനിക്കു പലരിൽ നിന്നും പിരിഞ്ഞുകിട്ടുവാനുള്ള പണത്തേക്കുറിച്ചും അദ്ദേഹം എന്നോടു വളരെ നേരം സംസാരിച്ചു.

ഉദ്ദേശം രണ്ടു മണിയായപ്പോൾ ഞങ്ങൾ ഉദ്ദിഷ്ടസ്ഥാനത്തെത്തി. ഒരു വലിയ കച്ചവടപ്പീടികയാണതു്.... മുത

[ 124 ]

ലാളി കടക്കാരനുമായി സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ വാനിറ്റി ബാഗു മേടിക്കാൻ കടത്തിരക്കിനടന്നു......... ഒന്നു രണ്ടു കടയിലന്വേഷിച്ചു. അവസാനം സ്വർണ്ണനിറമുള്ള ഒരെണ്ണം വാങ്ങി.

ചില സാങ്കേതിക തടസ്സങ്ങളാൽ ഞങ്ങൾക്കും ആ കടയിൽ 5 മണിവരെ താമസിക്കേണ്ടിവന്നു. അടുത്തൊരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു ഞങ്ങൾ മടക്കയാത്രയാരംഭിച്ചു.

“രൂപാ മുഴുവനും കിട്ടിയോ?” ഞാൻ ചോദിച്ചു.

“ഇല്ല ഇനിയും 50000 രൂപാ കൂടിയുണ്ട്.”

“ഞാനൊരു വാനിറ്റിബാഗു വാങ്ങി” ബാഗെടുത്തു മുതലാളിയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. അദ്ദേഹം അതു സശ്രദ്ധം നിരീക്ഷിച്ചതിനുശേഷം തിരിയെ എന്നെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: “മാസമൊന്നു വീതം മേടിക്കണം.”

“രണ്ടുവീതം മേടിച്ചാലെന്താ? അധികം പേർക്കു മേടിക്കണ്ടല്ലോ?” ഞാനറിയിച്ചു.

അദ്ദേഹമതു തലയാട്ടി സമ്മതിച്ചു.

ഗിയർ മാറ്റുവാൻ ഡ്രൈവർ ഏറെ പണിപ്പെടുന്നതു കണ്ടു. പക്ഷെ അതു മാറുന്നില്ല. പെട്ടെന്നാൽ കാറു നിർത്തി പരിശോധന തുടങ്ങി.

മണി രാത്രി എട്ടായിട്ടും കാറിന്റെ കേടുപാടു നീങ്ങിയില്ല. ടാക്സി വിളിക്കാം എന്നു മുതലാളി പലപ്രാവശ്യം പറഞ്ഞു. പക്ഷേ ‘ഇപ്പംതീരും’ എന്നുള്ള ഡ്രൈവറുടെ അഭിപ്രായം മൂലം ഞങ്ങൾ കാത്തുനിന്നു. പാവം ഡ്രൈവർ കണ്ടമാനം ശ്രമിക്കുന്നുണ്ടു്.

[ 125 ]

മണി ഒമ്പതായി. ഇനിയും കാത്തുനിന്നിട്ടു് ഫലമില്ല എന്നോൎത്ത് അദ്ദേഹം ടാക്സി കാർ പിടിച്ചുകൊണ്ടുവരുവാൻ ഡ്രൈവറോടു പറഞ്ഞു.

9.45 കഴിഞ്ഞപ്പോൾ കാറുമായി അയാൾ തിരിച്ചുവന്നു. നാളെ ഫിറ്റററെ വിളിച്ചുകൊണ്ടുവന്നു നന്നാക്കിയിട്ട് കാറു കൊണ്ടുവന്നാൽ മതിയെന്നു് മുതലാളി ഡ്രൈവറോടു പറഞ്ഞു.

“രാജൂ, ഇനി നമുക്കു് ഊണു കഴിച്ചിട്ടു പോയാൽ പോരെ?” അദ്ദേഹം ചോദിച്ചു.

“എങ്കിൽ പ്രേമയെ ശല്യപ്പെടുത്തേണ്ട” ഞാൻ പറഞ്ഞു.

“ശരി. കാർ നല്ല ഹോട്ടലിലേക്കു വിടു” അദ്ദേഹമാജ്ഞാപിച്ചു.

ഊണു കഴിഞ്ഞു കാറിൽ കയറിയപ്പോൾ 10-15 ആയിട്ടുണ്ട്. ശങ്കരൻ മുതലാളി ബാക്ക് സീറ്റിലിരുന്നുറങ്ങിപ്പോയി. വീട്ടുപടിക്കൽ കാറെത്തിക്കഴിഞ്ഞു ഞാനദ്ദേഹത്തെ തട്ടിയുണൎത്തി. അദ്ദേഹത്തിന്റെ അനുമതിയോടുകൂടി കാറുകൂലിയുംകൊടുത്തു ഞാൻ അയാളെ അയച്ചു.

“പ്രേമേ” അദ്ദേഹം വിളിച്ചു. ഒരു ശബ്ദവും കേട്ടില്ല. വീണ്ടും ഞങ്ങൾ മാറി മാറി വിളിച്ചു. നിശ്ശബ്ദമായിരുന്നു. രണ്ടാം നിലയിലെ സ്റ്റോക്കിലെ മണി പതിനൊന്നുപ്രാവശ്യം ശബ്ദിച്ചു.

“ഉറക്കമായിരിക്കും നാളെ വിളിക്കാം.” ഞാൻ പറഞ്ഞു.

“അതുപോര, അവൾ ഞാൻ വരാതെ ഉറങ്ങുന്നതല്ല.”

അദ്ദേഹം വീണ്ടും വീണ്ടും വിളിച്ചു. കഷ്ടം ഞാൻ ആ ബാഗെടുക്കുവാൻ മറന്നുപോയി. കാറുകാരനതു തിരിയെത്തരുമോ?

[ 126 ]

പെട്ടെന്നൊരു കാർ മുറ്റത്തു വന്നുനിന്നു. മുഴുവൻ പോലീസുകാരാണു്. ഞങ്ങളതിശയിച്ചുപോയി.

പ്രേമേ...പ്രേമേ... അദ്ദേഹം വീണ്ടും വീണ്ടും വിളിച്ചു.

“നിങ്ങളെന്തിനു വന്നു?” അദ്ദേഹം ഇൻസ്പെക്ടറോടു ചോദിച്ചു.

“പ്രേമയെ മാനേജർ രാജ കൊല്ലുന്നു. വേഗം വരണേ” എന്നു ഫോൺ കിട്ടി.... അദ്ദേഹം പറഞ്ഞു.

“എന്തു്? ഇതു സത്യമോ?” ഞാനൊന്നു ഞെട്ടി.

ഇൻസ്പെക്ടർ ബൂട്ട്സിട്ട കാലിനൊരു ചവിട്ടാ കതകിൽ കൊടുത്തു. അത് തുറക്കപ്പെട്ടു. ഞാനാ മുറിയിലെ ആലക്തിക ദീപം പ്രകാശിപ്പിച്ചു.

ഞാൻ ഞെട്ടി പിറകോട്ടാഞ്ഞുപോയി. എന്റെ ധമനികളെല്ലാം തളരുന്നതുപോലെ തോന്നി. പ്രേമ രക്തത്തിലഭിഷേകം ചെയ്തു കിടക്കുന്നു. ശങ്കരൻ മുതലാളി പ്രജ്ഞയറ്റു നിലംപതിച്ചു.

“നിങ്ങളല്ലേ രാജു?” അസ്പെക്ടർ ചോദിച്ചു.

“രാജു ഞാനാ. പക്ഷേ-”

“ഒരു പക്ഷെയുമില്ല. നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു”

ഞാൻ മുതലാളിയുമൊരുമിച്ചാണു വരുന്നത്.”

“എവിടുന്നു?”

“ഞങ്ങളിന്നു രാവിലെ എറണാകുളത്തിനു പോയിരുന്നതാണു്”

“ക്ഷ! റാസ്ക്കൽ വേലയിറക്കുന്നോ. ഇവനെ വിലങ്ങു വയ്ക്കു 1228” അദ്ദേഹമൊരു പോലിസുകാരനോടാജ്ഞാപിച്ചു.

16

[ 127 ]

എന്റെ കയ്യിൽ വിലങ്ങു വീണു. മുതലാളിയൊന്നുണൎന്നിരുന്നെങ്കിൽ എന്നെന്റെ മനസ്സു മന്ത്രിച്ചു. പ്രേമ! ഹോ എനിക്കീ കാഴ്ച ദീർഘിപ്പിക്കുവാൻ വയ്യ. ഒരായിരം വിചാരങ്ങൾ എന്റെ ഹൃദയത്തിൽ മിന്നൽ വേഗത്തിൽ കടന്നുപോയി.

എന്നെയവർ കാറിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു ഇടുങ്ങിയ കാരാഗ്രഹം എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു.

ആ ഇരുമ്പഴിക്കിടയിലൂടെ മിഴികൾ വിദൂരതയിലെറിഞ്ഞുകൊണ്ടു ഞാൻ വേദനിക്കുന്ന ഹൃദയവുമായി വളരെ നേരം നിന്നു.

അതാ! നീലാകാശത്തൂടെ സ്വഛന്ദം പറന്നുപോയ ഒരു വാനംപാടിയുടെ ചിറകിൽ വേടന്റെ അമ്പു തറച്ചു.... അതു നിലംപതിച്ചു.

പ്രേമേ, അനന്തതയിലലിഞ്ഞുചേർന്ന നിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ചൂടുള്ള ബാഷ്പകണങ്ങൾ ഞാൻ അർപ്പിക്കുന്നു.