താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 115 —


“ഞാൻ കഷണിച്ചുകളയും”

“എടാ ദുഷ്ടാ നിന്റെ....

“കെളവാ ചാകണ്ടെങ്കിൽ പണം തരൂ...”

ഞാൻ മുതലാളിയുടെ മുറിയുടെ വാതിക്കൽ എത്തി. വേണു അദ്ദേഹത്തിന്റെ ഉരസിനെതിരെ കഠാരിയുയർത്തിപ്പിടിച്ചിരിക്കുകയാണ്. പാവം മുതലാളി നിന്നു വിറയ്ക്കുന്നുണ്ടു.

“അവസാനത്തെ ചോദ്യമാണ്. പണമോ, ജീവനോ?” വേണു ഗൎജ്ജിച്ചു. മുതലാളി നടുങ്ങിപ്പോയി.

പൊട്ടിക്കരഞ്ഞുകൊണ്ടു് പ്രേമ എന്നോടു ചേൎന്നുനിന്നു.

“ദുഷ്ടേ നീയാദ്യം” എന്നലറിക്കൊണ്ട് അയാൾ കഠാരി അവളുടെ നേരെയുയർത്തിയതും ഞാനയാളുടെ കയ്യിൽ ‘വരട്ടെ’ എന്നു പറഞ്ഞുകൊണ്ട് കടന്നു പിടിച്ചതും ഒരു പോലെ കഴിഞ്ഞു. ഒരു മൽപിടുത്തം നടന്നു. മേശകളും കസേരകളും മറിഞ്ഞുവീണു. വളരെയേറെ കടലാസുകൾ പറന്നുയർന്നു. കഠാരി എന്റെ കയ്യിൽ ഒരു മണിക്കൂർ നേരത്തെ അഗ്നിപരീക്ഷണത്തിനു ശേഷം കിട്ടി. ഞാനാ ദുഷ്ടന്റെ വിരിമാറിനു നേരെ അതുയർത്തി.

“വേണ്ട വേണ്ട... അവനെ കുത്തരുത് രാജു” മുതലാളി എന്റെ കൈയ്ക്കു കടന്നുപിടിച്ചുകൊണ്ടപേക്ഷിച്ചു.

കിട്ടിയ ജീവനും കൊണ്ടയാൾ താഴോട്ടോടി. “എല്ലാത്തിനേം ഞാൻ തകൎക്കും” എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് കാറുവിട്ടു പോയി....

“എന്താണാച്ഛാ?” ഭീതികൊണ്ടു ചൂളിപ്പോയ അവൾ മുതലാളിയുടെ അടുത്തുചെന്നുനിന്നുകൊണ്ട് ചോദിച്ചു.