Jump to content

അലിഞ്ഞു ചേർന്ന ആത്മാക്കൾ/പതിനൊന്നു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
പതിനൊന്നു്

[ 108 ]

പതിനൊന്നു്


ദിവസങ്ങൾ പിന്നേയും കുറെ അകന്നുപോയി. എനിക്കു സുഭിക്ഷിതയുടെ ഒരു ലോകം തുറന്നു കിട്ടി. ജീവിതത്തിലെ എല്ലാ ഗതി വിശേഷതകളും ഞാൻ പഠിക്കുകയാണ്.

ഇന്നു ഞാൻ സുലോ എസ്റ്റേററിലെ മാനേജരാണ്. ഒരു കൎഷകത്തൊഴിലാളിയായി പുലയരോടൊത്തു തേവിക്കിടാത്തി പാകം ചെയ്തുതന്ന ആഹാരം ഭക്ഷിച്ചു്, കുഞ്ഞാടും കുട്ടനോടും മൈലനോടുമൊത്തു പകലന്തിയോളം പണിയെടുത്തു രാത്രിയിൽ മധുരസ്വപ്നങ്ങളുംകണ്ടു് കാവൽമാടത്തിൽ കഴിഞ്ഞിരുന്ന ഞാൻ ഇന്ന് അനുഭൂതിയുടെ കലവറയിലാണ്. സ്നേഹിക്കുന്ന ഒരു മണിദീപത്തിന്റെ പരിവേഷത്തികത്താണു ഞാൻ.

ഓഫീസിലെ കണക്കുകൾ ശരിപ്പെടുത്തുന്നതിനു ക്ലാൎക്കന്മാരോടും പറയുവാനും, കൂലിക്കാൎക്കു കൂലി കൊടുക്കുവാനും എനിക്കാദ്യം വൈഷമ്യം തോന്നിയിരുന്നു. എങ്കിലും ഇന്നതെല്ലാം കൎത്തവ്യബോധത്തോടുകൂടിയാണു നിർവ്വഹിക്കുന്നതു്.

കാലചക്രം ആൎക്കുംവേണ്ടി കാത്തിരിക്കാതെ കറങ്ങി. ചില മാസങ്ങൾ കഴിഞ്ഞുപോയി.

[ 109 ]

തോട്ടത്തിൽനിന്നും ഓഫീസിലേക്കു പോയപ്പോൾ പ്രേമ അവളുടെ മുറിയിലിരിയ്ക്കുന്നതുകണ്ടു.

“ഏത് സാറെ ഇതുവഴി ഒന്നു വന്നു പോ”

അവൾ തമാശയായി വിളിച്ചറിയിച്ചു.

ഞാനുടനെ അവളുടെ മുറിയിലേക്കു കയറി, അവളിരുന്ന ബഡ്ഡിന്റെ ഒരറ്റത്തുതന്നെയിരുന്നു. അവളൊരു സിനിമാ മാസിക വായിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അതു മടക്കിവെച്ചു.

“എന്താണു ശ്രീമതി വിളിച്ചതു്' ഞാൻ ചോദിച്ചു.

“ഒന്നു കാണാൻ” ലവലേശം ശങ്കകൂടാതെ അവൾ പറഞ്ഞു.

“എന്താ കൊച്ചുകുഞ്ഞാണോ?”

“അച്ഛനുമാത്രം....”

“നിങ്ങൾക്കങ്ങിനെ രസിച്ചിരുന്നാൽമതി.”

“എന്റെ പൊന്നെ, തീരെ രസമില്ലാത്ത ബുദ്ധിമുട്ടരുതെ. പ്രത്യേകിച്ചും ഞങ്ങൾക്കു വേണ്ടി”.

“ഉം...വല്ലോരുടെയും ചോറുണ്ണുമ്പോൾ അവർ പറയുന്നതുപോലെ കേൾക്കണ്ടേ?”

“പിന്നെ വേണ്ടേ? എല്ലാം കേൾക്കുമല്ലോ?”

“അല്ലാതെ”

“ശരി. സമ്മതിച്ചോ?”

“ഉം”

“ഇതൊന്നു വായിക്കൂ” സിനിമാമാസിക എടുത്തു് നിട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ഇതിലെന്താ” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ധൃതിയടിക്കാതെ സാറെ. ഞാൻ കാണിച്ചുതരാം.”

[ 110 ]

“വിശേഷമെന്താണെന്നാദ്യം പറയൂ, പിന്നീടു വായിക്കാം.”

“എന്റെ ഭർത്താവാകുവാൻ നാണമില്ലാതെ നടക്കുന്ന ആളെയറിയാമോ?”

“ആരു് അങ്ങിനെയൊരാൾ നടക്കുന്നുണ്ടോ?”

“പ്രൊഡ്യൂസർ വേണു പ്രകാശ് ... ഉം?”

“ഓ”

അവൾ മാസികയുടെ പേജുകൾ കുറെ മറിച്ചു എന്റെ നേരെ നീട്ടി. ഞാൻ സശ്രദ്ധം വായിച്ചു. അതിൽ ഇങ്ങിനെ കുറിച്ചിരുന്നു.

പ്രൊഡ്യൂസർ ആസ്പത്രിയിൽ
(സ്വ. ലേ.) ആലപ്പുഴ


സുപ്രസിദ്ധ ഫിലം ഡയരക്ടരായ വേണുപ്രകാശിനെ അദ്ദേഹം ഇപ്പോൾ നിമ്മിച്ചുകൊണ്ടിരിക്കുന്ന “ഓണക്കിളി” എന്ന പടത്തിലെ നായികയായ ‘കുമാരി ലിസാ’ കുത്തി മുറിവേല്പിച്ചതിനാൽ അദ്ദേഹം അവശനിലയിൽ ആസ്പത്രിയിൽ പ്രവേശിച്ചിരിക്കുന്നു. തന്നെ ബലാൽസംഗം ചെയ്യുവാൻ പ്രൊഡ്യൂസർ തുനിഞ്ഞതാണു കഠാരിയെടുക്കുവാൻ പ്രേരിപ്പിച്ചതെന്നു് ലിസാ പോലീസിനു മൊഴികൊടുക്കുകയുണ്ടായി. മുറിവു ഗുരുതരമെന്നു പറഞ്ഞുകൂടാ.”

“ലിസാ! എന്റെ ലിസയാണോ നീ.....” ഞാൻ പിറുപിറുത്തു.

“എന്താ രാജൂ. ആരാണി ലിസ” സംശയഭാവത്തോടെ അവൾ അന്വേഷിച്ചു. പരിസരത്തെമറന്നു ഞാൻ പറഞ്ഞു പോയതാണ്. എങ്കിലും മുഖഭാവം പാടെ മാറ്റിക്കൊണ്ടു ഞാൻ പറഞ്ഞു. “ആങ്.... അവളെന്റെ സഹോദരിയാണ്. ഈ ലിസയാണോ എന്നറിയില്ല. അവളുടെ പേരും കേട്ടപ്പോൾ ഞാനവളെ സ്മരിച്ചു”. ഒരു വലിയ നുണ ഞാൻ വളച്ചുകെട്ടി പറഞ്ഞു.

14
[ 111 ]

“അതോ__” അർദ്ധോക്തിയിൽ അവൾ ചോദിച്ചു.

“അമ്പടി കൊച്ചുകള്ളീ__”

“ആട്ടെ. വേണുവിനെക്കുറിച്ചെന്തു പറയുന്നു?”

“തീരെ നല്ല അഭിപ്രായമാണ്.”

“എനിക്കു__”

“പറ്റിയതല്ലെന്നു പറഞ്ഞുകൂടാ”

“വേറൊരു കാര്യമറിഞ്ഞോ?”

“അതെങ്ങിനെ? പറയാതെങ്ങിനെ അറിയും.”

“ഇന്നിവിടെ വരുമെന്ന് അച്ഛനെഴുത്തുണ്ടു്.”

“ആരാ?”

“വേണുപ്രകാശ് അവർകൾ തിരുമനസ്സുകൊണ്ടു്.”

“ആസ്പത്രിയിൽനിന്നും ഡിസ്ചാർജുചെയ്തോ?”

“രണ്ടാഴ്ചയായല്ലോ?”

“എന്നായിന്നു് സുഖമാണല്ലെ?”

“പരമസുഖം. കള്ളു നാറിയിട്ടടുത്തുകൂടായിരിക്കും”

“കള്ളില്ലായിരുന്നെങ്കിലടുത്താൽ കൊള്ളാമെന്നുണ്ട്—ങേ”

“പിന്നെ ഞാനൊന്നും പറയുന്നില്ല.”

“എന്തിനു പറയുന്നില്ല, ചുണയുണ്ടെങ്കിൽ പറയൂ”

പിന്നെയും ഞങ്ങളെന്തൊക്കെയൂകൂടി പറഞ്ഞു. ഒരിക്കലും തീരാത്തമട്ടിലാണവൾ സംസാരിക്കുന്നതു്.

പെട്ടെന്നൊരു കാർ ഗേറ്റു കടന്നു വന്നു. ഞാൻ തല നീട്ടി നോക്കി. വേണുവാണ്, അന്നു തേവിയടിച്ച പാടു് പ്പോഴും നെറ്റിയിലുണ്ട്.

“പ്രേമേ ഞാനാഫീസിലേക്കു പോകട്ടെ” ഞാനവളോടനുവാദം ചോദിച്ചു.

നില്‌ക്കൂ. ഇപ്പോളൊരു രസം കാണിച്ചുതരാം.”

[ 112 ]

"ഉം?”

വേണു ഇങ്ങോട്ടുവരും, നാണമില്ലാതെ”

പരമാൎത്ഥത്തിൽ എന്റെ ഉള്ളിലൊരിടിപ്പുണ്ടായി. അയാളെന്റെ ചരിത്രം മുഴുവനിവിടെ പ്രഖ്യാപിക്കും. അതു സാരമില്ല. എന്റെ നേരെ മുഷ്ടിചുരുട്ടിയേക്കും. എന്റെ ശരീരത്തിൽ അണുമാത്രമെങ്കിലും ജീവൻ അവശേഷിക്കുന്നിടത്തോളംകാലം.

അയാൾ ഡോർതുറന്ന് കാറിൽനിന്നും പുറത്തേക്കിറങ്ങി. ‘അമ്മാവാ’ എന്ന് അഭിനയഭാവത്തിൽ വിളിച്ചു കൊണ്ടു് വരാന്തയിൽ കയറി. അടുത്തുനിന്ന വേലക്കാരൻ പഞ്ചാക്ഷരനോടു ചോദിച്ചു. അമ്മാവൻ മുകളിലൊണ്ടോടാ എന്നു്. “ഒണ്ടേ” താഴ്മയോടെ പഞ്ചാക്ഷരൻ പറഞ്ഞു. “പ്രേമയെന്ത്യേ?” അല്പം താഴ്ന്ന സ്വരത്തിൽ അയാൾ വീണ്ടും ചോദിച്ചു.

“കൊച്ചമ്മ അകത്തൊണ്ടേ” പഞ്ചാക്ഷരൻ വീണ്ടും മറുപടി കൊടുത്തു.

ഞങ്ങളിരുന്ന മുറിയിലേക്കു ഒരു മിന്നൽപോലെ അയാൾ കടന്നുവന്നു. അവളോ ഞാനോ എഴുന്നേറ്റില്ല. മറ്റു യാതോരുപചാരങ്ങളും പ്രകടിപ്പിച്ചില്ല. കോപത്താൽ ചുവന്ന കടക്കണ്ണുകളോടുകൂടി എന്നെത്തന്നെ നോക്കുന്നതു ഞാൻ കണ്ടു.

“പ്രേമേ” അധികാരസ്വരത്തിൽ അയാൾ വിളിച്ചു. “ഉം? എന്തായിവിടെ?” നിസ്സാരമെന്നോണം അവളാരാഞ്ഞു.

“ഇവനേതാടി, നിന്റെയീ—” അയാളു മുഴുമിച്ചില്ല.

“പുതിയ മാനേജർ, രാജു എന്നാണു പേർ” അവൾ പരിചയപ്പെടുത്തികൊടുത്തു.

[ 113 ]

"എടാ നീയെന്താ കുന്തം വിഴുങ്ങിയതു പോലിരിക്കുന്നു. ഒന്നെണീറ്റുകൂടാ, അല്ലേ?”

“അങ്ങാരായിവിടത്തെ? ഞാൻ ഒരജ്ഞനെപ്പോലെ ചോദിച്ചു. പരമാൎത്ഥത്തിൽ എന്റെ മുഖം അയാൾ ശരിക്കിപ്പോഴാണു കണ്ടത്. എന്നെ തിരിച്ചറിയുമെന്നെനിക്കും തോന്നി. ചേറിൽ പൊതിഞ്ഞ ഗോപാലനല്ലാ. മാനേജർ രാജുവാണ്...... “ഒന്നു പറഞ്ഞുകൊടുക്കടി?—അയാൾ അവളോടാജ്ഞാപിച്ചു.

“ദൈവത്തെ ഓർത്തു ശല്യപ്പെടുത്താതെ ഒന്നു മുറിയൊഴിഞ്ഞുതന്നാട്ടെ.”

ഒരു ഇടി വെട്ടുംപോലെയാണതയാൾക്കനുഭവപ്പെട്ടതു്.

“നിന്റെയീ ധിക്കാരം ഇനിയും നിൎത്താറായില്ലെടീ— ഞാൻ വെച്ചിട്ടുണ്ടു്, സൂക്ഷിച്ചോ....” എന്നു പറഞ്ഞിട്ട് എന്നെ ഒന്നും കൂടി നോക്കിയിട്ടു് അയാൾ മുറിവിട്ടിറങ്ങി.

“ഹോ ഒരു നാശം തന്നെ.” അവൾ പറഞ്ഞു.

“ഞാൻ ഓഫീസിലേക്കു പോകട്ടെ. വൈകുന്നേരം വരാം.” ഞാനോൎമ്മിപ്പിച്ചു.

“എന്തായിത്ര തിടുക്കം?”

“നാളെ ഒന്നാംതിയതിയല്ലേ? കുറെ കണക്കുനോക്കാനുണ്ടു്. അവരു ശമ്പളത്തിനു വന്നു കൈ നീട്ടുകയില്ലേ?” ഞാൻ ന്യായമുന്നയിച്ചു.

“വൈകുന്നേരം കളിപ്പിക്കുമോ?”

“ഇല്ലെന്നുറപ്പു പറയുന്നു.”

[ 114 ]

ഞാൻ നേരെ ഓഫീസിലെത്തി. ശ്രദ്ധ പൂൎണ്ണമായും അടുത്ത മുറിയിൽ കേന്ദ്രീകരിച്ചുകൊണ്ടു ഞാൻ നിന്നു. വേണു, അമ്മാവനോടു സംസാരിക്കുകയാണ്.

“അമ്മാവാ ഇനിയുമെന്തിനു ഞങ്ങളുടെ വിവാഹം നീട്ടുന്നു. കഴിയുന്നതും വേഗം നടത്തണം.” വേണു അറിയിച്ചു.

“എടാ ആക്കാര്യം ഞാനവൾടെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിക്വാ. അവൾക്കിഷ്ടമുള്ളവരെ കെട്ടട്ടെ. നന്നായാലും ചീത്തയായാലുമെല്ലാമവർക്കു്”

“ഇക്കാര്യത്തിൽ അമ്മാവൻ അവളുടെ താളത്തിനൊത്തുതുള്ളുകയാണോ?”

“ഉം?”

“അവളു വല്ല ഇരപ്പാളിയേയും വേണമെന്നു പറഞ്ഞാൽ”

“അവൾ പറഞ്ഞാൽ ഞാനും സമ്മതിക്കും.”

“തീർച്ച”

“വേണു. എനിക്കു നീയവളെ കല്യാണം കഴിക്കുന്നതിനു വിരോധമില്ല. പക്ഷെ അവൾക്കിഷ്ടമല്ലെങ്കിൽ?”

“എങ്കിലെന്താ അമ്മാവാ ഇടിത്തീ വീഴുമോ?”

“എടാ നീ കല്യാണം എന്നു പറഞ്ഞാൽ അതു ഒന്നുരണ്ടു ദിവസത്തേക്കോ, ഒന്നുരണ്ടു കൊല്ലത്തേക്കോ മാത്രമുള്ള കൂൎത്തുകളിയല്ല. ശേഷിക്കുന്ന ജീവിതത്തിനു മുഴുവനും വേണ്ടിയുള്ളതാണു്.”

“അതിനു്”

“പരസ്പരം ഐക്യതയില്ലെങ്കിൽ അതു ഭംഗിയാവുകേല.”

“അമ്മാവാ എനിക്കൊന്നേ പറയുവാനുള്ളു.”

“ഉം”

“പെണ്ണിന്റെ താളത്തിനൊത്തു തുള്ളി നമ്മുടെ കീഴ്നടപ്പുണ്ടല്ലോ, അതിനെ ധിക്കരിക്കരുതു്.

[ 115 ]

“എന്താടാ”

“ആങ്. അമ്മാവന്റെ മകൾ അനന്തിരവന്റെ മുറപ്പെണ്ണാണെന്നു മനസ്സിലായില്ലേ?”

“അതൊക്കെ പണ്ടായിരുന്നടാ. ആ കാലൊക്കെ കഴിഞ്ഞുപോയി. ഇപ്പം മൊറേകുറേമൊന്നുമില്ല....”

“ഉം” അയാളൊന്നിരുത്തി മൂളി.

“ആട്ടെ വേണൂ, നിന്റെ ആ കുത്തുകേസെങ്ങിനെയായി.” മുതലാളി വിഷയം മാറ്റുവാൻ ശ്രമിച്ചു.

“വടിപോലെയായി. പിന്നെല്ലാണ്ടന്നാ പറയേണ്ടതു്. ഒരു പുന്നാരമോടെ കിഴവൻ തന്ത...”

“എന്താടാ”

“അയ്യോ താനെന്റെ അമ്മാവനായല്ലോ?”

“പക്ഷെ ഇതത്ര നല്ലതിനല്ല.”

അയാൾ അടക്കുവാനാവാത്ത കോപത്തോടുകൂടി ശക്തിയായി ചവുട്ടി ഓരോ നടയുമിറങ്ങി.

പ്രേമയുടെ മുറിയുടെ വാതിൽക്കൽ ചെന്നപ്പോൾ അയാൾ പരിഹാസ്യമായി പറഞ്ഞു. “കേട്ടോടി, സാവിത്രി നിനക്കെല്ലാമടുത്തിട്ടുണ്ടു്. സൂക്ഷിച്ചോളൂ.”

അയാൾ കാറുവിട്ടു പോകുന്നതു കണ്ടു. അപ്പോഴാണെന്റെ മനസ്സൊന്നു തണുത്തതു്.

ലിസാ! പ്രൊഡ്യൂസറെ കുത്തിയ ലിസാ, എൻ്റെ ലിസാതന്നെയാണോ? എങ്കിലവൾ ചാരിത്രവതി. ഞാൻ പലതും ചിന്തിച്ചു.

അവിടെ കിടന്ന പല മാസികകളും ഞാൻ മറിച്ചു നോക്കി. പല സിനിമാപരസ്യങ്ങളിലും അവളുടെ പേരുകണ്ടു. “ഓണക്കിളി” എന്ന പരസ്യത്തിൽ അവളുടെ ഒരു

[ 116 ]

ഫോട്ടോ ഞാൻ കണ്ടെടുത്തു. എനിക്കെന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. അവളെവിടെയാണെന്നറിഞ്ഞാൽ ഞാനീസമയമങ്ങോട്ടു തിരിച്ചേനെ.

ഞാനെത്രനാൾ കഴിഞ്ഞു ചെന്നാലും അവൾ എനിക്കായിതന്നെ കാത്തിരിപ്പുണ്ടായിരിക്കും. അവൾ ദുഃഖിതയായിരിക്കുമോ ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിനാൽ? ഞാൻ പല വഴിയുമാലോചിച്ചു. വരട്ടെ. ഇനിയും കാലതാമസംവേണം.

എനിക്കൊരു ബുദ്ധിതോന്നി. ഞാനൊരു കടലാസെടുത്തു് ആ മാസികാപത്രാധിപൎക്കൊരു ചോദ്യമെഴുതി.

“സേർ,
പ്രസിദ്ധ സിനിമാനടിയായ മിസ്സ് ലീസ് എത്ര പടങ്ങളിലഭിനയിച്ചിട്ടുണ്ടു്? ഏതെല്ലാം. അവരുടെ മേൽവിലാസമെന്തു്?”

ഇതൊരു കവറിലാക്കി സ്റ്റാമ്പൊട്ടിച്ച് തപാൽപെട്ടിയിൽ ഇടുവാനായി പഞ്ചാക്ഷരന്റെ കയ്യിൽ കൊടുത്തയച്ചു.

പ്രേമയുടെ പാട്ടും ഫലിതം പറച്ചിലും കൊണ്ടു് ദിവസങ്ങൾ കടന്നുപോകുന്നതു ഞാനറിഞ്ഞില്ല. ലിസായേക്കാൾ ആത്മാൎത്ഥതയോടെയാണവൾ എന്നോടു പെരുമാറിയതെന്നെനിക്കു തോന്നിപ്പോയി. മനുഷ്യസ്നേഹമാണ്. നിഷ്കളങ്കമായ സ്നേഹത്തിന്റെ കലവറയാണു സ്ത്രീ.

സ്ത്രീക്കു മഹത്തരമായ കഴിവുണ്ട്. സ്ത്രീത്വത്തിനു സീമയില്ലാത്ത ഒരു മാനദണ്ഡമുണ്ടു്.

അവൾ പുരുഷരക്തമൂറ്റിക്കുടിക്കുന്ന നിശാചര്യകന്യകയാണെന്നു ചിലർ കൊട്ടിഘോഷിക്കുന്നു.

ഭള്ളുകളുടെ പിള്ളത്തൊട്ടിലാണവളെന്നു് അനേകർ.

[ 117 ]

അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് കഴുത്തരിയുന്ന കുടിലതയുടെ ആകെത്തുകയാണെന്നു ഒത്തിരി ആളുകളെഴുതിതള്ളുന്നു.

പക്ഷെ അവളനന്തമില്ലാത്ത സ്നേഹമാണ്. പൌഡറും ലിപ്ററിക്കുമില്ലെങ്കിലും അവളുടെ മിഴികൾക്കൊരഴകുണ്ടു്.

പോർക്കളത്തിലേക്കു പടവാളുമായി പാഞ്ഞുപോകുന്ന പടയാളിയുടെ പൗരുഷം നിന്റെ വെള്ളിരിപല്ലുകൾ കാട്ടിയുള്ള പുഞ്ചിരിയിൽ കെട്ടടങ്ങും.

രാജാധിരാജനായി രത്നസിംഹാസനത്തിലിരുന്നു മദിച്ചുല്ലസിക്കുന്ന ചക്രവൎത്തിമാരുടെ സ്വണ്ണക്കിരീടങ്ങളെ തട്ടിത്തെറിപ്പിക്കുവാൻ നിന്റെ ഒരു നോട്ടത്തിനു കഴിയും.

ദീർഘമായ തപശ്ചൎയ്യയിൽ മുഴുകിയിരിക്കുന്ന യോഗിവര്യന്മാർപോലും നിന്റെ കുഴഞ്ഞാട്ടത്തിൽ മനസ്ഥിരതവിട്ടവരാകും.

സ്ത്രീത്വമേ,

നിന്റെ കഴിവിന്റെ മുന്നിൽ ഞാനിതാ അടിയറപറയുന്നു.