താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 105 —


“വിശേഷമെന്താണെന്നാദ്യം പറയൂ, പിന്നീടു വായിക്കാം.”

“എന്റെ ഭർത്താവാകുവാൻ നാണമില്ലാതെ നടക്കുന്ന ആളെയറിയാമോ?”

“ആരു് അങ്ങിനെയൊരാൾ നടക്കുന്നുണ്ടോ?”

“പ്രൊഡ്യൂസർ വേണു പ്രകാശ് ... ഉം?”

“ഓ”

അവൾ മാസികയുടെ പേജുകൾ കുറെ മറിച്ചു എന്റെ നേരെ നീട്ടി. ഞാൻ സശ്രദ്ധം വായിച്ചു. അതിൽ ഇങ്ങിനെ കുറിച്ചിരുന്നു.

പ്രൊഡ്യൂസർ ആസ്പത്രിയിൽ
(സ്വ. ലേ.) ആലപ്പുഴ


സുപ്രസിദ്ധ ഫിലം ഡയരക്ടരായ വേണുപ്രകാശിനെ അദ്ദേഹം ഇപ്പോൾ നിമ്മിച്ചുകൊണ്ടിരിക്കുന്ന “ഓണക്കിളി” എന്ന പടത്തിലെ നായികയായ ‘കുമാരി ലിസാ’ കുത്തി മുറിവേല്പിച്ചതിനാൽ അദ്ദേഹം അവശനിലയിൽ ആസ്പത്രിയിൽ പ്രവേശിച്ചിരിക്കുന്നു. തന്നെ ബലാൽസംഗം ചെയ്യുവാൻ പ്രൊഡ്യൂസർ തുനിഞ്ഞതാണു കഠാരിയെടുക്കുവാൻ പ്രേരിപ്പിച്ചതെന്നു് ലിസാ പോലീസിനു മൊഴികൊടുക്കുകയുണ്ടായി. മുറിവു ഗുരുതരമെന്നു പറഞ്ഞുകൂടാ.”

“ലിസാ! എന്റെ ലിസയാണോ നീ.....” ഞാൻ പിറുപിറുത്തു.

“എന്താ രാജൂ. ആരാണി ലിസ” സംശയഭാവത്തോടെ അവൾ അന്വേഷിച്ചു. പരിസരത്തെമറന്നു ഞാൻ പറഞ്ഞു പോയതാണ്. എങ്കിലും മുഖഭാവം പാടെ മാറ്റിക്കൊണ്ടു ഞാൻ പറഞ്ഞു. “ആങ്.... അവളെന്റെ സഹോദരിയാണ്. ഈ ലിസയാണോ എന്നറിയില്ല. അവളുടെ പേരും കേട്ടപ്പോൾ ഞാനവളെ സ്മരിച്ചു”. ഒരു വലിയ നുണ ഞാൻ വളച്ചുകെട്ടി പറഞ്ഞു.

14