ഞാൻ നേരെ ഓഫീസിലെത്തി. ശ്രദ്ധ പൂൎണ്ണമായും അടുത്ത മുറിയിൽ കേന്ദ്രീകരിച്ചുകൊണ്ടു ഞാൻ നിന്നു. വേണു, അമ്മാവനോടു സംസാരിക്കുകയാണ്.
“അമ്മാവാ ഇനിയുമെന്തിനു ഞങ്ങളുടെ വിവാഹം നീട്ടുന്നു. കഴിയുന്നതും വേഗം നടത്തണം.” വേണു അറിയിച്ചു.
“എടാ ആക്കാര്യം ഞാനവൾടെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിക്വാ. അവൾക്കിഷ്ടമുള്ളവരെ കെട്ടട്ടെ. നന്നായാലും ചീത്തയായാലുമെല്ലാമവർക്കു്”
“ഇക്കാര്യത്തിൽ അമ്മാവൻ അവളുടെ താളത്തിനൊത്തുതുള്ളുകയാണോ?”
“ഉം?”
“അവളു വല്ല ഇരപ്പാളിയേയും വേണമെന്നു പറഞ്ഞാൽ”
“അവൾ പറഞ്ഞാൽ ഞാനും സമ്മതിക്കും.”
“തീർച്ച”
“വേണു. എനിക്കു നീയവളെ കല്യാണം കഴിക്കുന്നതിനു വിരോധമില്ല. പക്ഷെ അവൾക്കിഷ്ടമല്ലെങ്കിൽ?”
“എങ്കിലെന്താ അമ്മാവാ ഇടിത്തീ വീഴുമോ?”
“എടാ നീ കല്യാണം എന്നു പറഞ്ഞാൽ അതു ഒന്നുരണ്ടു ദിവസത്തേക്കോ, ഒന്നുരണ്ടു കൊല്ലത്തേക്കോ മാത്രമുള്ള കൂൎത്തുകളിയല്ല. ശേഷിക്കുന്ന ജീവിതത്തിനു മുഴുവനും വേണ്ടിയുള്ളതാണു്.”
“അതിനു്”
“പരസ്പരം ഐക്യതയില്ലെങ്കിൽ അതു ഭംഗിയാവുകേല.”
“അമ്മാവാ എനിക്കൊന്നേ പറയുവാനുള്ളു.”
“ഉം”
“പെണ്ണിന്റെ താളത്തിനൊത്തു തുള്ളി നമ്മുടെ കീഴ്നടപ്പുണ്ടല്ലോ, അതിനെ ധിക്കരിക്കരുതു്.