"ഉം?”
വേണു ഇങ്ങോട്ടുവരും, നാണമില്ലാതെ”
പരമാൎത്ഥത്തിൽ എന്റെ ഉള്ളിലൊരിടിപ്പുണ്ടായി. അയാളെന്റെ ചരിത്രം മുഴുവനിവിടെ പ്രഖ്യാപിക്കും. അതു സാരമില്ല. എന്റെ നേരെ മുഷ്ടിചുരുട്ടിയേക്കും. എന്റെ ശരീരത്തിൽ അണുമാത്രമെങ്കിലും ജീവൻ അവശേഷിക്കുന്നിടത്തോളംകാലം.
അയാൾ ഡോർതുറന്ന് കാറിൽനിന്നും പുറത്തേക്കിറങ്ങി. ‘അമ്മാവാ’ എന്ന് അഭിനയഭാവത്തിൽ വിളിച്ചു കൊണ്ടു് വരാന്തയിൽ കയറി. അടുത്തുനിന്ന വേലക്കാരൻ പഞ്ചാക്ഷരനോടു ചോദിച്ചു. അമ്മാവൻ മുകളിലൊണ്ടോടാ എന്നു്. “ഒണ്ടേ” താഴ്മയോടെ പഞ്ചാക്ഷരൻ പറഞ്ഞു. “പ്രേമയെന്ത്യേ?” അല്പം താഴ്ന്ന സ്വരത്തിൽ അയാൾ വീണ്ടും ചോദിച്ചു.
“കൊച്ചമ്മ അകത്തൊണ്ടേ” പഞ്ചാക്ഷരൻ വീണ്ടും മറുപടി കൊടുത്തു.
ഞങ്ങളിരുന്ന മുറിയിലേക്കു ഒരു മിന്നൽപോലെ അയാൾ കടന്നുവന്നു. അവളോ ഞാനോ എഴുന്നേറ്റില്ല. മറ്റു യാതോരുപചാരങ്ങളും പ്രകടിപ്പിച്ചില്ല. കോപത്താൽ ചുവന്ന കടക്കണ്ണുകളോടുകൂടി എന്നെത്തന്നെ നോക്കുന്നതു ഞാൻ കണ്ടു.
“പ്രേമേ” അധികാരസ്വരത്തിൽ അയാൾ വിളിച്ചു. “ഉം? എന്തായിവിടെ?” നിസ്സാരമെന്നോണം അവളാരാഞ്ഞു.
“ഇവനേതാടി, നിന്റെയീ—” അയാളു മുഴുമിച്ചില്ല.
“പുതിയ മാനേജർ, രാജു എന്നാണു പേർ” അവൾ പരിചയപ്പെടുത്തികൊടുത്തു.