താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 120 —


മണി ഒമ്പതായി. ഇനിയും കാത്തുനിന്നിട്ടു് ഫലമില്ല എന്നോൎത്ത് അദ്ദേഹം ടാക്സി കാർ പിടിച്ചുകൊണ്ടുവരുവാൻ ഡ്രൈവറോടു പറഞ്ഞു.

9.45 കഴിഞ്ഞപ്പോൾ കാറുമായി അയാൾ തിരിച്ചുവന്നു. നാളെ ഫിറ്റററെ വിളിച്ചുകൊണ്ടുവന്നു നന്നാക്കിയിട്ട് കാറു കൊണ്ടുവന്നാൽ മതിയെന്നു് മുതലാളി ഡ്രൈവറോടു പറഞ്ഞു.

“രാജൂ, ഇനി നമുക്കു് ഊണു കഴിച്ചിട്ടു പോയാൽ പോരെ?” അദ്ദേഹം ചോദിച്ചു.

“എങ്കിൽ പ്രേമയെ ശല്യപ്പെടുത്തേണ്ട” ഞാൻ പറഞ്ഞു.

“ശരി. കാർ നല്ല ഹോട്ടലിലേക്കു വിടു” അദ്ദേഹമാജ്ഞാപിച്ചു.

ഊണു കഴിഞ്ഞു കാറിൽ കയറിയപ്പോൾ 10-15 ആയിട്ടുണ്ട്. ശങ്കരൻ മുതലാളി ബാക്ക് സീറ്റിലിരുന്നുറങ്ങിപ്പോയി. വീട്ടുപടിക്കൽ കാറെത്തിക്കഴിഞ്ഞു ഞാനദ്ദേഹത്തെ തട്ടിയുണൎത്തി. അദ്ദേഹത്തിന്റെ അനുമതിയോടുകൂടി കാറുകൂലിയുംകൊടുത്തു ഞാൻ അയാളെ അയച്ചു.

“പ്രേമേ” അദ്ദേഹം വിളിച്ചു. ഒരു ശബ്ദവും കേട്ടില്ല. വീണ്ടും ഞങ്ങൾ മാറി മാറി വിളിച്ചു. നിശ്ശബ്ദമായിരുന്നു. രണ്ടാം നിലയിലെ സ്റ്റോക്കിലെ മണി പതിനൊന്നുപ്രാവശ്യം ശബ്ദിച്ചു.

“ഉറക്കമായിരിക്കും നാളെ വിളിക്കാം.” ഞാൻ പറഞ്ഞു.

“അതുപോര, അവൾ ഞാൻ വരാതെ ഉറങ്ങുന്നതല്ല.”

അദ്ദേഹം വീണ്ടും വീണ്ടും വിളിച്ചു. കഷ്ടം ഞാൻ ആ ബാഗെടുക്കുവാൻ മറന്നുപോയി. കാറുകാരനതു തിരിയെത്തരുമോ?