അലിഞ്ഞു ചേർന്ന ആത്മാക്കൾ/പതിമൂന്നു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
പതിമൂന്നു്
[ 128 ]
പതിമൂന്നു്


എട്ടുമണി കഴിഞ്ഞിരിക്കണം എന്റെ കാരാഗ്രഹകവാടം തുറക്കപ്പെട്ടു. ഇൻസ്പക്ടർ ജയിലറയിലേക്കു കടന്നുവന്നു. പരമാൎത്ഥത്തിൽ എന്റെ ഉള്ളിലൂടെ ഒരായിരം മിന്നൽപിണരുകൾ പാഞ്ഞു.

“മിസ്റ്റർ രാജു നിങ്ങൾക്കു പോകാം” അദ്ദേഹം പറഞ്ഞു.

“മുതലാളിക്ക് ബോധം വീണോ?” ഞാനേറെ വിനയത്തോടു ചോദിച്ചു.

“അദ്ദേഹത്തേയും ആരോ കുത്തി അവശനിലയിലാക്കി...... പ്രൊഡ്യൂസർ വേണുവാണെന്നാണദ്ദേഹം പറയുന്നത്. എല്ലാമെനിക്കു മനസിലായി..... 7-30നു അദ്ദേഹം മരിച്ചു.

ഞാനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ഓൎത്തോർത്തു കരഞ്ഞുകൊണ്ട് സ്റ്റേഷൻ പരിസരം വിട്ടു റോഡിലിറങ്ങി. ഇനിയുമെങ്ങോട്ടാണ് തിരിയേണ്ടതെനിക്കറിഞ്ഞുകൂടാ.

ഇനിയും സുലേഖ എസ്റ്റേറ്റിന്റെ പടി കയറുവാൻ എന്റെ മനസു സമ്മതിച്ചില്ല.

[ 129 ]

ഇന്നലത്തെ യാത്രയുടെ ബാക്കി ഇരുന്നൂറു രൂപയോളം എന്റെ പോക്കറ്റിലുണ്ടു്. ഇനിയും കുറെ നാളത്തേക്കു ആഹാരക്ഷാമമുണ്ടാകുകയില്ല എന്നെനിക്കുറപ്പുണ്ടു.

ഞാൻ നടന്നു. ജീവിതത്തിന്റെ പരുക്കൻ വശങ്ങളുമായി ഞാനിനിയും തോളുരുമ്മണം. ഇനിയും ഞാനെന്തുമാത്രം കരയണം

വളരെ ദൂരം ബസ്സുയാത്ര ചെയ്തശേഷം ഞാന് ടൗണിൽ 11 മണിക്കു വന്നുചേൎന്നു. അടുത്തൊരു ഹോട്ടലിൽനിന്നും കാപ്പിയും കുടിച്ച് ബീഡിക്കടയുടെ ബഞ്ചിലിരുന്നു. തീൎത്തും അപരിചിതമായ ഒരു പ്രദേശം. കച്ചവടപ്പിടികകളും സ്ഥാപനങ്ങളുമുണ്ടു്. ഞാൻ നാലു ചുറ്റുമൊന്നു വീക്ഷിച്ചു. ‘അനിൽ സ്റ്റുഡിയോ അതിനടുത്തൊരു ജവുളിക്കട. തൊട്ടടുത്തൊരു സ്വൎണ്ണക്കട, അല്പം അകലെ ഒരു ബാർബർ ഷോപ്പ്. അതിനടുത്തുള്ള കെട്ടിടത്തിനു രണ്ടു നിലകളാണുള്ളത്. മുകളിലത്തെ നിലയിൽ വലിയബോർഡു തൂക്കിയിട്ടുണ്ട്. “ജയകേരളാ തിയേറ്റേഴ്സ് ഓഫീസു്” എന്നാണതിൽ എഴുതിയിരിക്കുന്നതു്.

എനിക്കല്പം കൗതുകം തോന്നി. ഞാൻ നേരെ ജയകേരളാ തിയേറ്റേഴ്സ് ഓഫീസിലേക്കു നടന്നു. രണ്ടാംനിലയിലേക്കുള്ള പടി കയറിയപ്പോൾ അപരിചിതനായ ഒരാൾ ചോദിച്ചു. “എവിടാ സാറിന്റെ വീട്”? എന്നു്.

തീരെ പരിചയമില്ലാത്ത ഒരാൾ ഇങ്ങനെ വലിയ പരിചയക്കാരനെപ്പോലെ സംസാരിക്കുന്നതു കണ്ടപ്പോൾ എനിക്കേറെ അത്ഭുതം തോന്നി.

“കുറേ തെക്കാണു്” ഞാൻ പറഞ്ഞു.

“പേരോ? അയാൾ വീണ്ടും ചോദിച്ചു.”

[ 130 ]

“രാജു” ഞാൻ മറുപടികൊടുത്തു.

“സാറിനു തന്നെ കിട്ടും” അയാൾ പറഞ്ഞു.

എനിക്കൊരെത്തും പിടിയും കിട്ടാത്ത ഒരഭിപ്രായമായിരുന്നു അത്. എന്തോ സംഗതിയുണ്ടെന്നെനിക്കും തോന്നി.

“അവിടെ എന്താ?” ഞാൻ താഴ്ന്ന സ്വരത്തിൽ അയാളോടു ചോദിച്ചു.

അയാളുടെ കയ്യിലിരുന്ന ഒരു മാസിക എടുത്തു പേജുകൾ മറിച്ചു എന്നെ ഒരു പരസ്യം കാണിച്ചു. അതിലിങ്ങനെ കുറിച്ചിരുന്നു.

ആവശ്യമുണ്ടു്


ഞങ്ങൾ ഉടനെ ആരംഭിക്കുന്ന “മനുഷ്യൻ സ്നേഹമാണു്” എന്ന നാടകത്തിന്റെ നായകനായി അഭിയിക്കുവാൻ കഴിവും യോഗ്യതയും ഉള്ള ഒരു നടനെ ആവശ്യമുണ്ടു്. 150 രൂപാ ഡിപ്പോസിറ്റ് വയ്ക്കുവാൻ തയാറുള്ളവർ നേരിൽ കാണുക.

എനിക്കേതാണ്ടൊരാശ്വാസം തോന്നി. ഒരു സഫലത. ഇനിയും ജീവിക്കുവാനൊരു അനുഭൂതി അലതല്ലുന്ന കവാടം തുറക്കപ്പെടുകയാണ്.

“വളരെ നന്ദി.” ഞാനയാളോട് നന്ദി പറഞ്ഞുകൊണ്ടു നേരെ ഓഫീസിലേക്കു കയറിചെന്നു. രണ്ടുപേർ അവിടെയിരുപ്പുണ്ട്. മനുഷ്യത്വമുള്ളവരാണെന്ന് എനിക്കൊറ്റ നോട്ടത്തിൽ തോന്നി.

“നമസ്കാരം” ചെന്നപാടെ കൈ തൊഴുതുകൊണ്ടു ഞാൻ പറഞ്ഞു.

“നമസ്കാരം” അവരും പറഞ്ഞു.

“ഇരിക്കൂ” പേരെന്താണു്”

അടുത്തൊരു കസേര ചൂണ്ടിക്കൊണ്ടൊരാൾ പറഞ്ഞു.

[ 131 ]

“രാജു എന്നാണു്. ഞാൻ പ്രത്യുത്തരം കൊടുത്തു.

“മി. എം. കെ. രാജു താങ്കളാണോ?” അത്ഭുതം നിറഞ്ഞ മുഖത്തോടുകൂടി ഒരാൾ ചോദിച്ചു.

“താങ്കൾക്കു സമ്മതമാണെങ്കിൽ ഡിപ്പോസിറ്റൊന്നും വേണമെന്നില്ല. കഴിവുറ്റ ഒരു നടനെ കിട്ടുവാനാണു് ഞങ്ങളാ പരസ്യം ചെയ്തതു് മറ്റെയാൾ പറഞ്ഞു.

“നിങ്ങളെ മനസിലായില്ലല്ലോ.”

“ഞാനാണു മാനേജർ” അടുത്തയാളിനെ ചൂണ്ടിക്കൊണ്ടദ്ദേഹം തുടന്നു. ഇദ്ദേഹമാണ് മി. പ്രേംരാജ്?”

“പ്രേമ്രാജ്! ഞാൻ കേട്ടിട്ടുണ്ട്. താങ്കളിതിലഭിനയിക്കുന്നുണ്ടോ?”

“ഉപനായകനായി ഇദ്ദേഹമാണഭിനയിക്കുന്നതു” മാനേജർ പറഞ്ഞു.

അദ്ദേഹം കോളിംഗ് ബല്ലടിച്ചു. ഒരു പയ്യൻ മുറിയിലേക്ക് താഴെനിന്നും കയറിവന്നു. മൂന്നു കാപ്പി കൊണ്ടുവരുവാൻ അദ്ദേഹം ഓർഡർ കൊടുത്തു. ഏതാനും സമയത്തിനു ശേഷം കാപ്പികൊണ്ടുവന്നു.

“ശ്രീമതി ലിസയും കൂടെയുണ്ടോ?” മാനേജർ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.

“ഇതെങ്ങിനെ മാനേജരറിഞ്ഞു.”

“മാണി പറഞ്ഞു.” ലിസായെ അറിയുമോ?

“ഇല്ല കേട്ടിട്ടുണ്ട്.

ഞാൻ നടന്നതത്രയും പറഞ്ഞുകൊടുത്തു. എന്റെ വേദനയൂറുന്ന ഭൂതകാലചരിത്രം.

[ 132 ]

ഞങ്ങൾ എന്നൊക്കെയോകൂടി പറഞ്ഞു. ദീർഘകാല പരിചിതരെപ്പോലെ ഞങ്ങളുടെ സംസാരം നീണ്ടുപോയി. അവസാനം ഞാൻ ചോദിച്ചു.

“റിഹേഴ്സൽ തുടങ്ങിയോ?”

“ഇന്നാണാരംഭിക്കുന്നതു്, മി. രാജുവിനു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുതരാം.”

മാനേജർ എന്നെയും കൂട്ടിക്കൊണ്ടു താഴെയുള്ള മുറിയിലെത്തി. എന്തൊക്കെയോ വായിച്ചുകൊണ്ട് ഒരാൾ അവിടെയിരിപ്പുണ്ടു്.

“കേട്ടോ പാലാഴി ഇദ്ദേഹമാണു നായകന്റെ ഭാഗമഭിനയിക്കുന്നത്. രാജു എന്നാണു പേര്. മാനേജരെന്നെ പരിചയപ്പെടുത്തിക്കൊടുത്തു“.

മി. എം. കെ. രാജുവല്ലേ. കേട്ടിട്ടുണ്ടു. അവിടെയിരുന്ന ആൾ പറഞ്ഞു.

“ഇദ്ദേഹമോ?” ഞാൻ അന്വേഷിച്ചു.

മി. പാലയ്ക്കാക്കുഴി. കോമിക്കുനടനാണു്”.

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.

“രാജുവും ഈ മുറിയിൽതന്നെ കഴിയൂ” എന്ന് അവസാനമായി പറഞ്ഞിട്ട് മാനേജർ പോയി. ഞങ്ങൾ പല സംഗതികളെക്കുറിച്ചും പരസ്പരം സംസാരിച്ചു.

“ആകെ എത്ര നടീനടന്മാരുണ്ട്?” ഞാൻ തിരക്കി.

“ഞാന്, രാജു, പ്രേംരാജ്,..... പിന്നെ സി. ആർ, അലക്സ്, വസുമതി, സുലോചന, ഇനിയും ആജ് ബേബിശ്യാം, പിന്നൊരാളുണ്ടു്. അതായത് നായിക അതൊരു സിനിമാനടിയാണു്. ആരെന്നു നിശ്ചയമില്ല. കൈവിരൽ മടക്കി എണ്ണിക്കൊണ്ടു മി. പാലയ്ക്കാക്കുഴി പറഞ്ഞു.”

[ 133 ]

“പാട്ടുസെലക്ഷനൊക്കെ കഴിഞ്ഞോ? ഞാൻ വീണ്ടും സംശയമുന്നയിച്ചു.”

“അതു നേരത്തേ കഴിഞ്ഞു”

“പോൎഷനും കിട്ടിയോ?”

“മിക്കവരുടേം കൊടുത്തു.”

വളരെനേരം സംസാരിച്ചിരുന്നതിനുശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ചില അത്യാവശ്യസാധനങ്ങൾ എനിക്കു വാങ്ങേണ്ടിയിരുന്നു....

ഞാൻ വീണ്ടും ഒരു നടനായി; നാടകക്കാരൻ, വിശക്കുന്ന വയറും, അന്ത്യമില്ലാത്ത സ്വപ്നങ്ങളുമായിക്കഴിയുന്ന കലാകാരൻ കൈപ്പു മുറ്റുന്ന അനുഭവങ്ങളുടെ കറപുരണ്ട് നൂൽപാലത്തിലേക്ക് ഞാൻ വീണ്ടും എന്റെ ഹൃദയസ്പന്ദനത്തെ കടത്തിവിടുവാൻ സാഹസികമായി തുനിയുകയാണു്.

രാത്രി എട്ടു മണിയായപ്പോൾ ക്യാമ്പിൽ നിന്നുതന്നെ ഊണു കഴിച്ചതിനുശേഷം എല്ലാ നടന്മാരും നടികളും റിഹേഴ്സൽ ഹാളിൽ സന്നിഹിതരായി. ഞങ്ങൾ എല്ലാവരും തന്നെ പരസ്പരം അപരിചിതരായിരുന്നു. ഒന്നു പരിചയപ്പെടുവാനുള്ള തിടുക്കം എല്ലാവരിലും തെളിഞ്ഞു കണ്ടു.

പ്രേംരാജിനേയും, പാലായ്ക്കാക്കുഴിയേയും ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്നു.

സി. ആർ. ഒരു ചെറുപ്പക്കാരനാണു്. സൗന്ദര്യവും, സ്തുത്യർഹമായ കലാവൈഭവവും അദ്ദേഹത്തിനൊത്തിണങ്ങിയിട്ടുണ്ടെന്നു തന്നെ സംസാരമദ്ധ്യേ വെളിപ്പെടുത്തിക്കാണിച്ചു. ഗായികയുടെ യാഥാസ്ഥിതികനായ അച്ഛന്റെ ഭാഗമാണദ്ദേഹമഭിനയിക്കുന്നതു്.

[ 134 ]

അലക്സ് ഒരു സുന്ദരവിഡ്ഡിയല്ലെങ്കിലും അദ്ദേഹത്തിന്റെ നോട്ടത്തിലും, നടപ്പിലും, സംസാരത്തിലുമെല്ലാമൊരു പരുക്കൻ മട്ടാണു കണ്ടത്. സദാസമയവും ആ മുഖം ഗൗരവം നിറഞ്ഞുനില്ക്കുന്നതാണു.

വസുമതിയും സുലോചനയും സഹോദരിമാരാണ്. രൂപലാവണ്യവും പ്രഗത്ഭതയും തുല്യനിലയാണവൎക്കു. ഒരച്ചിൽ കടഞ്ഞെടുത്ത രണ്ട്പ്സരസുകൾ. കിളികൂജനം പോലെയാണു് വസമതിയുടെ സംസാരം എങ്കിൽ, കോരിത്തരിപ്പിക്കുന്നതാണ് സുലോചനയുടെ നോട്ടം.

ഏറ്റം ആനന്ദമൂറുന്ന ഒരന്തരീക്ഷമാണു നാടകക്യാമ്പു്. വയറു വിശന്നാലും ഹൃദയം കുളിയോടിരിക്കും. ഒരു പക്ഷെ എന്റെ ബാലിശമായ അഭിപ്രായമായിരിക്കുമത്.

അവർ പാടുകയും ആടുകയും ചെയ്യും. ലേശവും കൂസലില്ലാതെ അടുത്തു വന്നിരിക്കും. താടിയിലും ചീകിയൊതിക്കിയിരിക്കുന്ന മുടിയിലും തലോടും. കുസൃതിച്ചിരിയുമായി വന്നു ഇക്കിളികൂട്ടും. കണ്ണു വെട്ടിച്ചു കൊണ്ട് ഫലിതം പൊട്ടിക്കും. നാണം നടിച്ചുകൊണ്ട് പ്രേമപൂർവ്വം കാലിൽ വിരലമൎത്തി കസൎത്തു നടത്തും. കരഞ്ഞുകൊണ്ടു കള്ളംപറയും.... എന്തൊരു ലോകം! നടനത്തിലെ നാട്യവും ജീവിതത്തിലെ നടനുമാണിവിടെ...

കണ്ണെഴുതുമ്പോൾ കഥ പറയും, പാട്ടു പാടിക്കൊണ്ടു് പൗഡർ പൂശും, സ്നേഹമുണ്ടെങ്കിൽ മുടി ചീകിത്തരും.....

ഇപ്പോൾ എല്ലാവരും നാലു ചുററും ഓടിനടന്നു പരിയപ്പെടുകയാണു്. അലക്സ് മാത്രം ആരെയും പരിചയപ്പെടുവാൻ തുനിഞ്ഞില്ല. തന്നെ സമീപിക്കുന്നവരോടു ഗൗരവം വിടാതെ മറുപടി കൊടുക്കും...... അങ്ങിനെ അതും കഴിഞ്ഞു.

17

[ 135 ]

8-30 കഴിഞ്ഞപ്പോൾ മാനേജരും ട്യൂട്ടറും ഹാളിൽ പ്രവേശിച്ചു. സർവ്വത്ര നിശബ്ദത കളിയാടി. എല്ലാവരും ഓരോ സ്ഥലത്തു ഒതുങ്ങിയിരുന്നു.

“ഞാൻ ചില സംഗതികൾ നിങ്ങളോടു പറയാൻ ആഗ്രഹിക്കുകയാണ്.” മാനേജർ പറഞ്ഞു. എല്ലാവരും ശബ്ദമടക്കി അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു.

“കഴിഞ്ഞ നാടകമൊരു പരാജയമായിരുന്നു. അതിനു പലകാരണങ്ങളുമുണ്ട്. ഇതുമങ്ങിനെയാവാൻ പാടില്ല. നിങ്ങൾ തഴക്കവും പഴക്കമുള്ളവരായതുകൊണ്ടു് ഒന്നും പ്രത്യേകിച്ചെടുത്തു പറയേണ്ടതില്ല. ക്യാമ്പിലെ നിയമപാലനത്തെക്കുറിച്ചൊന്നും അധികമായി സൂചിപ്പിക്കണമെന്നുദ്ദേശമില്ല.

“15 ദിവസത്തെ റിഹേഴ്സലാണുള്ളതു്. വളരെയധികം ബുക്കിങ്ങ് കിട്ടുവാൻ സാദ്ധ്യതയുണ്ടു്. ശനിയും ഞായറും ഒഴിച്ച് എല്ലാ ദിവസവും രണ്ടുപ്രാവശ്യം വീതം റിഹേഴ്സലുണ്ടു്. പിന്നൊരു കാര്യം പറയുവാനുണ്ടു്, അതായതു് നമ്മുടെ നായികയായിട്ടൊരു സുപ്രസിദ്ധ താരത്തെയാണു കണ്ടുവച്ചിരിക്കുന്നത്. ചില സാങ്കേതിക തടസ്സങ്ങളാൽ അവർ റിഹേഴ്സലിനു വരികയില്ല. ആ വിടവു് നിങ്ങൾ ആത്മാൎത്ഥതയോടെ ശ്രമിച്ചു നികത്തണം”.

ആരാണു സുപ്രസിദ്ധ നടിയെന്നറിയുവാൻ വസുമതിയും സുലോചനും വ്യഗ്രത കാട്ടി. മാനേജരൊന്നും പറഞ്ഞില്ല.

“ഇന്നു നാമിങ്ങനെ കണ്ടുപിരിയാം, നാളെ വ്യാഴാഴ്ചയല്ലേ. നല്ല ദിവസമാണു്. അന്നുതന്നെ തടങ്ങാം. രാജുവിന്റെ

[ 136 ]

യൊഴികെ എല്ലാവരുടേയും പോൎഷൻ കിട്ടിയിട്ടുണ്ടല്ലോ? മാനേജർ പറഞ്ഞു നിൎത്തി.

ട്യൂട്ടർ എനിക്കുള്ള ഭാഗം തന്നു. ഞാനും പാലയ്ക്കാക്കുഴിയും കൂടി ഞങ്ങളുടെ മുറിയിലേക്കു പോയി.

ഒറ്റ നോട്ടത്തിൽ തന്നെ അതു മുഴുവൻ വായിക്കുവാനുള്ള വ്യഗ്രത എനിക്കുണ്ടു്. ഞാൻ വായിച്ചു തുടങ്ങി. എന്റെ ആദ്യരംഗം മൂന്നാമത്തേതാണു്.

രംഗം 3

[നായകനായ സുകു ശോകഗാനം പാടിക്കൊണ്ടു~ പ്രവേശിക്കുന്നു. അയാൾ ഒരത്യാഹിതംമൂലം തന്നിൽ നിന്നും പിരിഞ്ഞുപോയ പ്രാണപ്രേയസിയെ അന്വേഷിച്ചു് ഊണും ഉറക്കവുമില്ലാതെ വെയിലും മഴയും അറിയാതെ ദുഃഖിതനായി കാട്ടുകളും മേടുകളും തരണം ചെയ്ത് നീങ്ങുന്നു.... ഏറെ നിമിഷങ്ങൾ കഴിയുന്നു.... പാട്ടു് ഏററവും ഹൃദയസ്പൃക്കായതും ശബ്ദമേറിയതുമാകുന്നു...... എതിരെ പാട്ടും പാടി ശോകാകുലയായി നായികയായ ലളിത പ്രവേശിക്കുന്നു ........ അവർ പരസ്പരം കണ്ടുമുട്ടുന്നു...... തിരിച്ചറിയുന്നു. ആശ്ലേഷിക്കുന്നു.] ഞാൻ വായന തുടരുവാൻ തന്നെ തുനിഞ്ഞു. പക്ഷെ എന്റെ ഹൃദയത്തിൽ കൊള്ളിയാൻ മിന്നുന്നതു പോലെ തോന്നി. ഒരു നടുക്കം. അല്പനേരം കണ്ണടച്ചെന്തോ ഓർത്തിരുന്നു. വീണ്ടും ഞാൻ വായിക്കുവാൻ കണ്ണു തുറന്നപ്പോൾ ആ പരിസരമാകെ അന്ധകാരത്തിൽ മുഴുകിയിരിക്കുന്നതാണു കണ്ടതു്. അടുത്തുള്ള മുറികളിൽനിന്നും ചില ശബ്ദങ്ങളുയരുന്നതും, സ്വിച്ചമത്തുന്നതും തെരുതെരെ കേട്ടു. ഞാനും സ്വിച്ചു് കണ്ടുപിടിച്ചു... അമൎത്തിനോക്കി. ഒരനുഗ്രഹവുമില്ല. ഞാൻ വെളിയിലേക്കു നോക്കി. തെരുവു വിള

[ 137 ]

ക്കുകൾപോലുമണഞ്ഞിരിക്കുന്നു. കരന്റിന്റെ തകരാറാണു്. അടുത്ത മുറിയിലാരോ പറയുന്നതു കേട്ടു.

ആ രാത്രി ആദ്യന്തം സ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു. ജീവിക്കുവാൻ പ്രേരണ നൽകുന്ന പ്രതീക്ഷകളുടെ നീരുറവനെയ്തെടുത്ത മധുരസ്വപ്നങ്ങൾ!

ഇതിനകം നാല് പ്രാവശ്യം റിഹേഴ്സൽ നടന്നു. എല്ലാവരും കഴിവിന്റെ പേരിലൊരു ധാരണയിലെത്തി. ഏതായാലും നായികയില്ലാതെ റിഹേഴ്സൽ നടത്തേണ്ട നിൎഭാഗ്യാവസ്ഥ വന്നു കൂടിയതിൽ ഞാൻ സഹതപിച്ചു. എങ്കിലും എന്റെ ജീവിതനായികയുമില്ലല്ലോ?.......

ശനിയാഴ്ച രാത്രിയിൽ മാത്രമേ റിഹേഴ്സൽ ഉണ്ടായിരിക്കുകയുള്ളു എന്നു മാനേജർ പറഞ്ഞതിനുസരിച്ചു് ഞാൻ പുറത്തേക്കിറങ്ങി.

അടുത്തുള്ള ബീഡിക്കടയിൽ പുതിയ കുറെ മാസികകൾ സ്ഥാനം പിടിച്ചിരിക്കുന്നതു കണ്ടു. എന്റെ ഉള്ളിലൊരാന്തലുണ്ടായി. സിനിമാ മാസിക! ഞാനൊരെണ്ണം നാലണകൊടുത്തു വാങ്ങി. കണ്ണു ചിമ്മാതെ പേജുകൾ മറിച്ചുതുടങ്ങി....