Jump to content

അലിഞ്ഞു ചേർന്ന ആത്മാക്കൾ/പതിനാലു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
പതിനാലു്
[ 138 ]
പതിനാലു്


“പത്രാധിപരോടു സംസാരിക്കുക" ഏതാനും പേജുകൾ മറിച്ചപ്പോൾ അവസാനഭാഗത്തായി ഞാനയച്ചിരുന്ന ചോദ്യവും ഉത്തരവും കണ്ടു.

ചോദ്യം:—— പ്രസിദ്ധ സിനിമാനടിയായ മിസു് ലിസാ എത്ര പടങ്ങളിലഭിനയിച്ചിട്ടുണ്ടു്? ഏതെല്ലാം? മേൽവിലാസം?

ഉത്തരം:—— മൂന്നു പടങ്ങളിൽ, ജയാപിച്ചേഴ്സിന്റെ പുങ്കയിൽ, മോനിപ്രൊഡകഷന്റെ അടഞ്ഞ കോവിൽ, മോഡേൺ തിയേറ്റേഴ്സിന്റെ ഓണക്കിളി. പക്ഷെ ചില സാങ്കേതിക തടസ്സങ്ങളാൽ ഓണക്കിളി ഷൂട്ടിംഗ് തീർന്നെങ്കിലും പ്രദർശനം നടത്താതിരിക്കുകയാണ്.

വിലാസം: മിസ് ലിസാ ഫിലിംസ്റ്റാർ, കൊച്ചിൻ——1

എനിക്കവാച്യമായ ആനന്ദം തോന്നി. എങ്ങിനെയും ലിസായെ കണ്ടുപിടിക്കണമെന്നെനിക്കു വാശിയായി. ഞാനുടനെ മാനേജരോടു് എറണാകുളത്തിനു പോകുന്നു എന്നുള്ള വ്യാജേന അനുമതിയും വാങ്ങി ബസു്സ്റ്റാൻഡിലെത്തി. ഒരു സാധാരണക്കാരനെപ്പോലെ ചെന്നാൽ കാണുവാൻ

[ 139 ]

സാദ്ധ്യമല്ലെന്നുറച്ചു് ഞാൻ അനിൽ സ്റ്റുഡിയോവിൽ നിന്നും ഒരു ക്യാമറായും വാങ്ങി മാനേജരുടെ ഫയലും വായ്പയെടുത്തു. ഏറ്റവും നല്ലതും ആഷൎണീയവുമായ വസ്ത്രങ്ങളും ധരിച്ചാണു് പോയതു്.

ഒരു നീണ്ട ബസ്സുയാത്രക്കു ശേഷം ഞാൻ ഉദ്ദിഷ്ടസ്ഥാനത്തെത്തി. പ്രതീക്ഷകളുടെ ഒരു നിറകുടം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു. എന്റെ ആത്മാവിനോടു് അജ്ഞാതമായ എന്തോ പറ്റിച്ചേൎന്നപോലെത്തെ അനുഭവം.

എന്റെ ലിസാ! എനിക്കവളെക്കാണാം. പ്രേമപൂർവ്വം കെട്ടിപ്പുണരാം. ഹൃദയവേദനയോടെ പ്രേമസാമ്രാജ്യത്തിലെ പേടിസ്വപ്നങ്ങൾ കണ്ടു് കാലം കടത്തിവിട്ടു അവൾക്കു ജീവിതത്തിനും സഫലതയാൎന്നതാകുന്നു.

വാഹനങ്ങൾ തിക്കും തിരക്കും സൂക്ഷിച്ചുകൊണ്ട് നീങ്ങുന്ന ഒരു പട്ടണമാണിതു്. ഇതിന്റെ പ്രാന്തദേശത്താണു ലീസാ താമസിക്കുന്നതെന്നെനിക്കറിയാം. പക്ഷെ...! “ഏയ് റിക്ഷാ” ഞാൻ അകലെക്കൂടി കടന്നു പോയ ഒരു റിക്ഷാക്കാരനെ കൈകൊട്ടിവിളിച്ചു.

അയാൾ ഒരു മങ്ങിയ പുഞ്ചിരി തൂകിക്കൊണ്ട് റിക്ഷായുമായിവന്നു.

“കയറു സാറെ” അയാളഭ്യർത്ഥിച്ചു.

“നില്ക്കണം. ഒന്നു ചോദിക്കട്ടെ” ഞാൻ പറഞ്ഞു.

“ഉം?”

“സിനിമാനടി മിസു് ലീസായുടെ വീടറിയുമോ?”

“അതാണോ? സാറു കേറിക്കോ-ഇവ്ടടുത്താ.”

ഞാൻ കയറിയിരുന്നു. ഇരുപ്പു. സുഖമാണെങ്കിലും എന്റെ മനസ്സിനൊരു വല്ലായ്മ. ജീവിക്കുവാൻ വേണ്ടി

[ 140 ]

അയാൾ മനുഷ്യനെ ചുമക്കുന്നു! മദ്ധ്യവയസ്ക്കനാണെങ്കിലും പ്രതീക്ഷയും കൊണ്ടു് അയാളും ദിവസങ്ങൾ എണ്ണിനീക്കുകയാണു്. പ്രതീക്ഷകൾ എന്നൊന്നില്ലായിരുന്നെങ്കിൽ എത്ര ജീവിതങ്ങൾ പണ്ടേ തകരുമായിരുന്നു. മനുഷ്യനെ ജീവിപ്പിക്കുന്ന പ്രതീക്ഷകളേ! കരിപുരണ്ട പരിണാമമായലും നീയവനെ കൈവെടിയരുതേ!

കാറുകളും ബസ്സുകളും മുട്ടിയുരുമ്മി പായുന്ന നഗരവീതിയിലൂടെ റിക്ഷയും നിങ്ങി. റോഡരികിൽ ഓരോ കെട്ടിടങ്ങൾ കാണുമ്പോഴും എന്റെ ഉള്ളിൽ ആനന്ദത്തിന്റെ വേലിയേറ്റമാണുണ്ടാകുന്നതു്. പെട്ടന്നയാൾ ഏറ്റവും മനോഹരമായ ഒരു കെട്ടിടത്തിന്റെ ഗേറ്റിനരികെ റിക്ഷാ നിറുത്തി. ‘ഇതുതന്നെ’ അയാൾ പറഞ്ഞു.

അയാൾ ആവശ്യപ്പെട്ട കൂലി കൊടുത്തയച്ചിട്ടു് ഞാനാ പരിസരമാകെ പരിശോധിച്ചു. സുലോ എസ്റ്റേറ്റിലെ ബംഗ്ലാവിനേക്കാൾ വലിയതല്ലെങ്കിലും പരിസരം ഏറ്റം കമനീയമാണു്. മഞ്ഞയും, ചെമപ്പും, നീലയും നിറമുള്ള പുഷ്പങ്ങൾ വഹിക്കുന്ന മലർക്കാവിലുടെ മുട്ടിയുരുമ്മി കുഞ്ഞിക്കാറ്റു് മഞ്ജുളസൗരഭ്യം വിതറിക്കൊണ്ട് കടന്നുപോയപ്പോൾ ഞാനൊന്നു കോരിത്തരിച്ചു. പുറമേനിന്നു തന്നെ ആ പരിസരമാകെ ശ്രദ്ധാപൂൎവ്വമൊന്നു വീക്ഷിക്കുവാൻ ഞാനുറച്ചു.

മുകളിലത്തെ നിലയിറങ്ങി ഒരാൾ നടന്നുവരുന്നതു ഞാൻ കണ്ടു. പാന്റും, കോട്ടും, റ്റൈയ്യും, കൂളിംഗ് ഗ്ലാസും ധരിച്ച അയാൾ പട്ടണപരിഷ്കാരത്തിന്റെ നഗ്നരൂപമാണു്. ഒരു കൈ പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു് അടുത്ത കയ്യിൽ എരിയുന്ന സിഗരറ്റുമായി വരുന്ന ആ മാന്യനെ ഞാൻ താല്പര്യപൂർവ്വം ശ്രദ്ധിച്ചു. അയാൾ അടുത്ത കിടന്ന കാറിൽ കയറിപോയി.

[ 141 ]

“അദ്ദേഹമാരാണു്....?” ഞാൻ ഗേറ്റു് കീപ്പറോടു ചോദിച്ചു.

“അദ്ദേഹമാണു് പ്രൊഡ്യൂസർ അനിൽരാജ്. പുതിയ പടത്തിനു കരാർചെയ്യാൻ വന്നതാണു്” പുഞ്ചിരിച്ചുകൊണ്ടു ഗേറ്റ് കീപ്പർ പറഞ്ഞു.

“അകത്തേക്കു പ്രവേശനമുണ്ടോ?” ഞാൻ തുടൎന്നു ചോദിച്ചു.

“സാർ ആരാണ്?” സംശയഭാവത്തിൽ അയാൾ ചോദിച്ചു. എന്റെ കയ്യിലിരുന്ന ക്യാമറായും കടലാസുകളും കണ്ടപ്പോൾ അയാൾക്കേറ്റം ആദരവുതോന്നി.

“ഞാനൊരു പത്രപ്രതിനിധിയാണ്” അല്പം ഗൗരവം നടിച്ചുകൊണ്ടു് ഞാനൊരു മുഴുത്ത നുണപറഞ്ഞു.

“എങ്കിൽ വരൂ” എന്നു പറഞ്ഞുകൊണ്ടു അയാൾ നടന്നു. ഞാൻ പുറകേ എത്തി. കോവണിയും കയറി സന്ദർശകമുറിയിൽ എത്തി. ഞാനടുത്തൊരു കസേരയിലിരുന്നു. ലീസാ കടന്നുവന്നാൽ ഞാനവളെ എങ്ങനെ സ്വീകരിക്കും എന്നെനിക്കു നിശ്ചയമില്ല....

“സാറിവിടെ ഇരിക്കൂ, ഇപ്പം ആളുവരും” അയാൾ പറഞ്ഞു.

“ലീസയിവിടെയില്ലേ?”

“അറിഞ്ഞുകൂടാ. പട്ടണത്തിൽ പോയിട്ടു് ഞാനല്പം മുൻപു വന്നതേയുള്ള. ഞാനപ്പുറത്തു പറയാം”

അയാൾ മുറിവിട്ടിറങ്ങി. മൂന്നു നാലു കസേരകളും ഒരു മേശയും അവിടെയുണ്ടു്. മേശമേൽ പുതുപൂക്കൾ വഹിക്കുന്ന ഒരു മലർചഷകം. ധാരാളം മാസികകളും പത്രങ്ങളും ഉണ്ട്. ഞാനൊരു ദിനപത്രം കയ്യിലെടുത്തു. രണ്ടാമത്തെ പേജിൽ ഇങ്ങിനെയൊരു വാൎത്ത കണ്ടു:

“2000 രൂപാ സമ്മാനം

[ 142 ]

സൂലോ എസ്റ്റോറുടമസ്ഥനായ ശങ്കരൻ മുതലാളിയേയും അദ്ദേഹത്തിന്റെ മകൾ പ്രേമയേയും കുത്തികൊലപ്പെടുത്തിയ പ്രൊഡ്യൂസർ വേണുപ്രകാശിനെ പിടിച്ചു പോലീസിലേല്പിക്കുന്നവൎക്കു 2000 രൂപാ സമ്മാനം നൽകുന്നതാണു്.”

എന്റെ വേദനിക്കുന്ന ഓർമ്മകളെ തട്ടിയുണർത്തിയ ആ വാർത്തയെക്കുറിച്ചു വളരെ നേരം ചിന്തിച്ചുകൊണ്ട് ഞാനിരുന്നു.

എങ്കിലും എന്റെ ലിസയെ കാണുവാനുള്ള തിടുക്കം! അതെനിക്കു വിസ്മരിക്കുവാൻ വയ്യ. ഞാൻ പലപ്രാവശ്യം ജിജ്ഞാസയോടെ തല പുറത്തേക്കു നീട്ടിനോക്കി....

“നമസ്ക്കാരം സാർ”

ഒരു സ്ത്രീ മുറിയിലേക്കു കടന്നു വന്നു. ഒരു മദ്ധ്യവയസ്ക്ക കൊഞ്ചിക്കുഴയുന്ന ഒരു കൊച്ചു സുന്ദരിയെ പ്രതീഷിച്ചിരുന്ന എന്റെ മുൻപിൽ കടന്നുവന്നതോ! എന്റെ തലയിൽ നിലാവെളിച്ചം കയറിയതുപോലെ തോന്നി.

“നമസ്ക്കാരം സാർ” വീണ്ടും പുഞ്ചിരിച്ചുകൊണ്ടു് അവർ ഒരു തൊഴുകയ്യോടെ പറഞ്ഞു: “നമസ്ക്കാരം, നമസ്ക്കാരം” ഞാനും ഒരു സുഖനിദ്രയിൽനിന്നും ഉണർന്നവനെപ്പോലെ പറഞ്ഞു.

“അല്പം താമസിച്ചുപോയി. ക്ഷമിക്കണം” അവർ ഒരു ഹൃദയമുള്ള മാതാവിന്റെ വാത്സല്യത്തോടെ പറഞ്ഞു.

“സാരമില്ല. മിസു് ലിസാ—”

“ഞാനല്ല”

“പിന്നെ”

“എന്റെ വളർത്തുമകളാണു”

ഞാൻ നിശ്ശബ്ദനായിരുന്നു.

18

[ 143 ]

“നിങ്ങൾ? മനസ്സിലായില്ല.”

“ഞാൻ ഒരു പത്രപ്രതിനിധിയാണു്”

“നിർഭാഗ്യമെന്നു പറയട്ടെ. അവൾ കുറച്ചകലെ ഒരു സ്ഥലത്തു മഹിളാസമാജം ഉൽഘാടനത്തിനു പോയിരിക്കുകയാണു്. ഒരു രണ്ടാഴ്ചയായി ദിവസവും ആളുവന്നു മടുത്തു. ‘എതായാലുംപോ!’ എന്നു ഞാനും പറഞ്ഞു.

“താമസിച്ചാൽ കാണാമോ?”

“ഹയ്യോ! എപ്പോൾ വരുമെന്നെനിക്കറിഞ്ഞുകൂടാ”

ഞാൻ അല്പ നേരത്തേക്കു നിശ്ശബ്ദനായിരുന്നു.

“പേരു?” തുടൎന്നു ഞാൻ ചോദിച്ചു.

“എൻ്റെ പേരു ദേവകി” പുഞ്ചിരിച്ചുകൊണ്ടവർ പറഞ്ഞു.

“അതെന്താ വളൎത്തുമകളെന്നു പറഞ്ഞതു്?” ഞാനന്വേഷിച്ചു.

“പത്രത്തിലെങ്ങാനെഴുതിയേക്കല്ലേ?”

“ഇല്ല”

“പുഷ്പകമാരിയേക്കുറിച്ചു കേട്ടിട്ടുണ്ടോ?”

“ഉവ്വു.കാറപകടം മൂലം മരിച്ച പുഷ്പകുമാരിയല്ലേ”

“അതെ. അവളാണെന്റെ സ്വന്തം മകൾ. ഇന്നു കാര്യമോൎക്കുമ്പോൾ ഞാൻ കരഞ്ഞുപോകും. അന്നൊരു ദിവസം സ്റ്റുഡിയോയിലേക്ക് പോകയായിരുന്നു. ഇന്നു പോകണ്ട ഞാൻ വിലക്കിയതാണു്. പക്ഷെ വരാനിരിക്കുന്നതു വഴിയിൽ തങ്ങുമോ! മോഹനൻ കുഞ്ഞിനെപ്പോലെ തന്നെയിരിക്കും”

“ആരാണീ മോഹനൻ?”—ഇടയ്ക്കു ഞാൻ ചോദിച്ചു.

“പുഷ്പയുടെ ഭൎത്താവു്” അവർ പറഞ്ഞു.

[ 144 ]

“ലിസാ എങ്ങിനെ—” ഞാനതു മുഴുമിച്ചില്ല. അതിനു മുൻപേ അവർ തുടങ്ങിക്കഴിഞ്ഞു.

“പറയട്ടെ. ഞാനുമൊരു നാടക്കാരിയായിരുന്നു. ചെറുപ്പത്തിൽ ഒരു കത്തിക്കുത്തിലിടപെട്ടു്, എന്റെ ഭർത്താവു് പുഷ്പക്കു 4 വയസുള്ളപ്പോൾ മരിച്ചതാണു്. അദ്ദേഹം സമ്പാദിച്ച സ്വത്താണിതെല്ലാം. പുഷ്പയും പോയപ്പോൾ ഞാനേകയായി. തീരാദുഃഖത്തിലായി. ഒരു ദിവസം ഞാൻ കുറച്ചകലെയുള്ള ഒരു ഹോസ്പിറ്റലിൽ പോയി. എന്റെ സ്നേഹിതയാണവിടത്തെ പ്രധാനഡോക്ടർ. ഒരു ട്രയിനപകടം മൂലം ലീസയെ അവിടെ പ്രവേശിപ്പിച്ചിരുന്നു. ഞാൻ ലീസയെ ലേഡിഡോക്ടരുടെ നിൎദ്ദേശപ്രകാരം സന്ദർശച്ചു. അവൾ ഏകാകിയാണെന്നും വിട്ടിൽ അറിയാതെ രാജു എന്നൊരാളമായി ഇറങ്ങിത്തിരിച്ചതാണെന്നും, ഇനി എങ്ങിനെ ജീവിക്കുമെന്നു തനിക്കുറപ്പില്ലെന്നും പറഞ്ഞു. യാദൃശ്ചികമായി അങ്ങിനെ അവളെ ഞാനെന്റെ പുഷ്പയെപ്പോലെ സ്നേഹിച്ചു. അവളിവിടെ താമസിക്കുവാൻ തുടങ്ങിയതിനു ശേഷമാണു് അവളുടെ കലാവാസനയെക്കുറിച്ച് ഞാനറിഞ്ഞുതു്. ആയിടക്ക് പ്രൊഡ്യൂസർ അനിൽരാജിനെ ഞാനവൾക്കു പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങിനെ അവളൊരു സിനിമാനടിയായി. ഏറ്റവും നിഷ്കളങ്കതയും സ്നേഹവുമുള്ള ഒരു പെൺകുട്ടിയാണവൾ. പെറ്റമ്മയേക്കാൾ സ്നേഹത്തോടും ആദരവോടും കൂടിയാണവൾ എന്നോടു പെരുമാറുന്നതു്. നല്ല തങ്കമായ സ്വഭാവം. അവർ പറഞ്ഞുനിർത്തി.

“പിന്നീട് ഈ രാജുവിനേക്കുറിച്ചന്വേഷിച്ചില്ലേ?” ഞാനൊരു സംശയം പ്രകടിപ്പിച്ചു.

“ഉവ്വ്. ധാരാളം പത്രങ്ങളിൽ പരസ്യം ചെയ്തു. പോകുന്നവഴിക്കെല്ലാം അന്വേഷിക്കുന്നുണ്ട്. എന്നെങ്കിലും കാണു മെന്നാണവൾക്കുള്ള ഉറപ്പു്.”

[ 145 ]

ഞാൻ ചിന്തയിലാണ്ടു കുറേനേരമിരുന്നു പോയി.

“ഇപ്പോഴും രാജു, രാജു എന്നാണു് അവൾ ജപിക്കുന്നതു്”

“അതിന്റെ കഥ കേൾക്കണോ? പ്രൊഡ്യൂസർ അനിൽ രാജ് തന്നെ ഒരവിവാഹിതൻ. അയാൾ അവളെ വളരെ നിൎബ്ബന്ധിച്ചു. അവൾ അശേഷം വഴങ്ങുന്നില്ല

“നിർബന്ധിച്ചില്ലേ?”

“ഞാനോ? അവൾക്കിഷ്ടമില്ലാത്തതിനു ഞാനെന്തിനു നിർബന്ധിക്കുന്നു. ഞാനുമൊരു സ്ത്രീയല്ലേ?” നിമിഷങ്ങൾ കടന്നുപോയി.

“എനിക്കപ്പുറത്തേയ്ക്കൊന്നു പോകണം. ഏതായാലും ഇന്നിങ്ങനെയായി. കുഞ്ഞു നാളെ വരൂ, വരാതിരിക്കല്ലെ.”

“അങ്ങിനെയാകട്ടെ. ഞാൻ സമ്മതിച്ചു. എത്ര ഹൃദയമുള്ള സ്ത്രീ! എന്തു സ്നേഹം”

ഞങ്ങൾ പുറത്തേക്കിറങ്ങി. കാപ്പികുടിക്കുവാൻ അവർ നിൎബ്ബന്ധിച്ചെങ്കിലും സ്നേഹവും പിൻവാങ്ങിക്കൊണ്ട് ഞാൻ ഗേറ്റു കടന്നു. ബസ്സു് സ്റ്റാൻഡിലേയ്ക്കാണ് തുടൎന്നു നടന്നതു്....

ആനന്ദതുന്ദിലമായ ഹൃദയത്തോടുകൂടിയാണു ക്യാമ്പിൽ തിരിച്ചെത്തിയത്.

ചില സാങ്കേതിക തടസ്സങ്ങളാൽ ഇന്നു രാത്രിയിലെ റിഹേഴ്സൽ നാളെ പകലേയ്ക്കു മാറ്റി വച്ചിരിയ്ക്കുന്നതായി പാലയ്ക്കാക്കുഴിപറഞ്ഞു ഞാനറിഞ്ഞു.

ഉറങ്ങുവാൻ കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. ആനന്ദനിൎഭരമായ ഒരു സ്വപ്നലോകം എന്റെ മുമ്പിൽ തെളി

[ 146 ]

ഞ്ഞുവന്നു. എന്റെ ജീവന്റെ ജീവനായ ലീസാ! നീയിതെല്ലാം, വെറും മായികസ്വപ്നങ്ങളല്ല, കറപുരണ്ട കെട്ടുകഥയുമല്ല കനവിന്റെ കയ്യാങ്കളിയുമല്ല എന്നു തെളിയിക്കുന്നു. എന്തിനിനി വൈകുന്നു...

എന്റെ തുടിക്കുന്ന അന്തരാത്മാവിലേയ്ക്കു സ്നേഹസായൂജ്യമാർന്ന പരിശുദ്ധ ഹൃദയവുമായി കള്ളച്ചിരിയോടെ പറന്നുവരുവാൻ, നീലമുകിലുകളെ കെട്ടിപ്പുണരുന്ന വെള്ളി നക്ഷത്രമേ, എന്തിനു വൈകുന്നു? കരഞ്ഞു കരഞ്ഞു കനത്ത നിൻ കണ്ണുകളിൽ കിക്കിളിയുതിരുന്ന കാവ്യനൎത്തനമാടി കാണുവാൻ ഇനിയും ഞാൻ കാത്തിരിക്കണം. എന്റെ കഥയും കവിതയും എല്ലാം നിയാണ്. എന്റെ ആത്മതന്ത്രിയുടെ അലംഭാവമില്ലാത്ത കവിതയും, ചുണ്ടിൽ ചലനവും തീൎത്തുക്കൊണ്ടു പാടിപ്പറന്നുവരൂ ലീസാ......

മധുരസ്വപ്നങ്ങളുടെ മണിമഞ്ചത്തിൽ ആത്മാവും ഹൃദയവും ഒരുപോലർപ്പിച്ചുകൊണ്ട്, പുളകമണിഞ്ഞു, പുഞ്ചിരിതൂകി, നിളയുടെ നാട്യവുമായി, നീങ്ങിയ ആ രാത്രി കടന്നുപോയി.

ഞാനുൾപ്പെടെ എല്ലാവരും റിഹേഴ്സൽ ക്യാമ്പിലെത്തി. പതിവില്ലാതെ മാനേജർ എന്തോ പറയുവാനുള്ള പുറപ്പാടിലാണു കാണപ്പെട്ടത്. ഒരു കടലാസ് തുണ്ട് നിവർത്തിക്കൊണ്ടു പറഞ്ഞു തുടങ്ങി. “നമ്മുടെ റിഹേഴ്സൽ കംപ്ലീറ്റുചെയ്യുന്നതിനു മുമ്പുതന്നെ ഇതാ ബുക്കിംഗ് കിട്ടിയിരിക്കുന്നു. ഇനിയും മൂന്നു ദിവസംകൂടിയേഉള്ളൂ....

വച്ചു് ബുധനാഴ്ച രാത്രിയിൽ. ഞാൻ വാക്കുകൊടുത്തുകഴിഞ്ഞു. ഇനി അല്പം കൂടി കാര്യഗൗരവത്തോടെ ശ്രദ്ധിക്കണം”

[ 147 ]

അദ്ദേഹം പറഞ്ഞുനിൎത്തി. എല്ലാവർക്കും ഒരു അഭിനവ ആനന്ദമുണ്ടായി. തങ്ങളുടെ ഭാഗങ്ങൾ പഠിക്കുവാനും, കഴിവിന്റെ പരമാവധി ഉപയോഗിച്ചു അതു ഭംഗിയാക്കുവാനും, എല്ലാവരും നിഷ്ക്കർഷകാണിച്ചു.

ഞായർ, തിങ്കൾ, ചൊവ്വാ..... കഴിഞ്ഞു നീണ്ട മൂന്നു ദിവസങ്ങൾ. ഇനിയും ഒരു രാത്രിമാത്രം. എന്റെ ജീവിതത്തിന്റെ ഭാവിയെ ആകമാനം കുറിയ്ക്കുന്ന ആ മണിക്കൂറുകൾ!

“നാളെ നാടകമാണ്” “നാളെ നാടകമാണ്” ആ വാക്കുകൾ വീണ്ടും വീണ്ടും എന്റെ കാതുകളിൽ വന്നു തറയ്ക്കുന്നതുപോലെ തോന്നി.