താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 135 —


അയാൾ മനുഷ്യനെ ചുമക്കുന്നു! മദ്ധ്യവയസ്ക്കനാണെങ്കിലും പ്രതീക്ഷയും കൊണ്ടു് അയാളും ദിവസങ്ങൾ എണ്ണിനീക്കുകയാണു്. പ്രതീക്ഷകൾ എന്നൊന്നില്ലായിരുന്നെങ്കിൽ എത്ര ജീവിതങ്ങൾ പണ്ടേ തകരുമായിരുന്നു. മനുഷ്യനെ ജീവിപ്പിക്കുന്ന പ്രതീക്ഷകളേ! കരിപുരണ്ട പരിണാമമായലും നീയവനെ കൈവെടിയരുതേ!

കാറുകളും ബസ്സുകളും മുട്ടിയുരുമ്മി പായുന്ന നഗരവീതിയിലൂടെ റിക്ഷയും നിങ്ങി. റോഡരികിൽ ഓരോ കെട്ടിടങ്ങൾ കാണുമ്പോഴും എന്റെ ഉള്ളിൽ ആനന്ദത്തിന്റെ വേലിയേറ്റമാണുണ്ടാകുന്നതു്. പെട്ടന്നയാൾ ഏറ്റവും മനോഹരമായ ഒരു കെട്ടിടത്തിന്റെ ഗേറ്റിനരികെ റിക്ഷാ നിറുത്തി. ‘ഇതുതന്നെ’ അയാൾ പറഞ്ഞു.

അയാൾ ആവശ്യപ്പെട്ട കൂലി കൊടുത്തയച്ചിട്ടു് ഞാനാ പരിസരമാകെ പരിശോധിച്ചു. സുലോ എസ്റ്റേറ്റിലെ ബംഗ്ലാവിനേക്കാൾ വലിയതല്ലെങ്കിലും പരിസരം ഏറ്റം കമനീയമാണു്. മഞ്ഞയും, ചെമപ്പും, നീലയും നിറമുള്ള പുഷ്പങ്ങൾ വഹിക്കുന്ന മലർക്കാവിലുടെ മുട്ടിയുരുമ്മി കുഞ്ഞിക്കാറ്റു് മഞ്ജുളസൗരഭ്യം വിതറിക്കൊണ്ട് കടന്നുപോയപ്പോൾ ഞാനൊന്നു കോരിത്തരിച്ചു. പുറമേനിന്നു തന്നെ ആ പരിസരമാകെ ശ്രദ്ധാപൂൎവ്വമൊന്നു വീക്ഷിക്കുവാൻ ഞാനുറച്ചു.

മുകളിലത്തെ നിലയിറങ്ങി ഒരാൾ നടന്നുവരുന്നതു ഞാൻ കണ്ടു. പാന്റും, കോട്ടും, റ്റൈയ്യും, കൂളിംഗ് ഗ്ലാസും ധരിച്ച അയാൾ പട്ടണപരിഷ്കാരത്തിന്റെ നഗ്നരൂപമാണു്. ഒരു കൈ പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു് അടുത്ത കയ്യിൽ എരിയുന്ന സിഗരറ്റുമായി വരുന്ന ആ മാന്യനെ ഞാൻ താല്പര്യപൂർവ്വം ശ്രദ്ധിച്ചു. അയാൾ അടുത്ത കിടന്ന കാറിൽ കയറിപോയി.