“ലിസാ എങ്ങിനെ—” ഞാനതു മുഴുമിച്ചില്ല. അതിനു മുൻപേ അവർ തുടങ്ങിക്കഴിഞ്ഞു.
“പറയട്ടെ. ഞാനുമൊരു നാടക്കാരിയായിരുന്നു. ചെറുപ്പത്തിൽ ഒരു കത്തിക്കുത്തിലിടപെട്ടു്, എന്റെ ഭർത്താവു് പുഷ്പക്കു 4 വയസുള്ളപ്പോൾ മരിച്ചതാണു്. അദ്ദേഹം സമ്പാദിച്ച സ്വത്താണിതെല്ലാം. പുഷ്പയും പോയപ്പോൾ ഞാനേകയായി. തീരാദുഃഖത്തിലായി. ഒരു ദിവസം ഞാൻ കുറച്ചകലെയുള്ള ഒരു ഹോസ്പിറ്റലിൽ പോയി. എന്റെ സ്നേഹിതയാണവിടത്തെ പ്രധാനഡോക്ടർ. ഒരു ട്രയിനപകടം മൂലം ലീസയെ അവിടെ പ്രവേശിപ്പിച്ചിരുന്നു. ഞാൻ ലീസയെ ലേഡിഡോക്ടരുടെ നിൎദ്ദേശപ്രകാരം സന്ദർശച്ചു. അവൾ ഏകാകിയാണെന്നും വിട്ടിൽ അറിയാതെ രാജു എന്നൊരാളമായി ഇറങ്ങിത്തിരിച്ചതാണെന്നും, ഇനി എങ്ങിനെ ജീവിക്കുമെന്നു തനിക്കുറപ്പില്ലെന്നും പറഞ്ഞു. യാദൃശ്ചികമായി അങ്ങിനെ അവളെ ഞാനെന്റെ പുഷ്പയെപ്പോലെ സ്നേഹിച്ചു. അവളിവിടെ താമസിക്കുവാൻ തുടങ്ങിയതിനു ശേഷമാണു് അവളുടെ കലാവാസനയെക്കുറിച്ച് ഞാനറിഞ്ഞുതു്. ആയിടക്ക് പ്രൊഡ്യൂസർ അനിൽരാജിനെ ഞാനവൾക്കു പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങിനെ അവളൊരു സിനിമാനടിയായി. ഏറ്റവും നിഷ്കളങ്കതയും സ്നേഹവുമുള്ള ഒരു പെൺകുട്ടിയാണവൾ. പെറ്റമ്മയേക്കാൾ സ്നേഹത്തോടും ആദരവോടും കൂടിയാണവൾ എന്നോടു പെരുമാറുന്നതു്. നല്ല തങ്കമായ സ്വഭാവം. അവർ പറഞ്ഞുനിർത്തി.
“പിന്നീട് ഈ രാജുവിനേക്കുറിച്ചന്വേഷിച്ചില്ലേ?” ഞാനൊരു സംശയം പ്രകടിപ്പിച്ചു.
“ഉവ്വ്. ധാരാളം പത്രങ്ങളിൽ പരസ്യം ചെയ്തു. പോകുന്നവഴിക്കെല്ലാം അന്വേഷിക്കുന്നുണ്ട്. എന്നെങ്കിലും കാണു മെന്നാണവൾക്കുള്ള ഉറപ്പു്.”