Jump to content

അലിഞ്ഞു ചേർന്ന ആത്മാക്കൾ/പതിനഞ്ചു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
പതിനഞ്ചു്
[ 148 ]
പതിനഞ്ചു്


ഏകദേശം ഏഴ് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ തിയേറ്ററിൽ എത്തി. കോരിത്തരിപ്പിക്കുന്ന റിക്കാർഡു ഗാനങ്ങൾ ഇടവിടാതെ ഉയരുന്നുണ്ട്. ധാരാളം ആളുകൾ ആ പരിസരത്തുതന്നെയുണ്ട്. എനിക്ക് അവാച്യമായ ഒരാനന്ദമാണുണ്ടായത് ഞാനുൾപ്പെടെ ഞങ്ങളുടെ നാടകക്കമ്പിനിക്കാർ ഇവിടെ കാട്ടികൂട്ടുന്ന പ്രവൃത്തികൾ ഹൃദ്യമോ, അരസികത്വം നിറഞ്ഞതോ ആകട്ടെ. എങ്കിലും വന്നുകൂടിയല്ലൊ എന്നോർത്തപ്പോൾ എനിക്കേറെ അഭിമാനം തോന്നി.

എന്റെ ഓരോ രംഗങ്ങളും ഏററം അനുമോദനാർഹമാക്കിത്തീർക്കുവാൻ വേണ്ട ആലോചന ഞാൻ ഇന്നലെ തുടങ്ങിയതാണു്. എന്റെ ഓരോ രംഗങ്ങളും വിജയിക്കണം. എല്ലാവരും എന്നെ അനുമോദിക്കണം എന്നുതന്നെ ഞാനുറച്ചു.....

വീണ്ടും മഹത്തായ ഒരു മണിക്കൂർ കൂടി കടന്നുപോയി. അത്താഴത്തിനുശേഷം ഞങ്ങൾ മേക്കപ്പുറൂമിൽക്കയറി. മേക്കപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ മാനേജർ ഞങ്ങളോടോരുത്തരോടും ആശയസംപുഷ്ടമായ ഉപദേശങ്ങൾ നൽകി.

[ 149 ]

‘നിങ്ങൾ ഒരനുഗൃഹീത കലാകാരനാണ്’ എന്നദ്ദേഹം എന്നെ സൂചിപ്പിച്ചു.....

റിക്കാർഡുഗാനങ്ങൾ തിരത്തള്ളലോടെ അങ്ങു ദിഗന്തത്തേയും ഭേദിക്കുമാറ് മാറ്റൊലികൊള്ളുകയാണു്.

നടികളുടേയും, നടന്മാരുടേയും മേക്കപ്പുറൂമുകൾ രണ്ടാണു്. പെട്ടെന്നു് സ്ത്രീകളുടെ മേക്കപ്പുമുറിയിൽ ഒരു പിറുപിറുപ്പ് കേട്ടു. ‘നായിക വന്നതാണു’ പാലയ്ക്കാക്കുഴി എന്റെ ചെവിയിൽ മന്ത്രിച്ചു. എന്റെ മനസ്സുതരിച്ചെങ്കിലും, ഹൃദയം തുടിച്ചെങ്കിലും ഞാൻ നിശ്ചേഷ്ടനായി നിന്നു. യാതൊരു ഭാവഭേദവും മുഖത്തു വ്യക്തമാകാതിരിക്കുവാൻ ഞാൻ കൂടുതൽ നിഷ്ക്കർഷ കാണിച്ചു.

ആദ്യരംഗത്തിൽ തന്നെ പ്രവേശിക്കേണ്ടിയിരുന്ന സി. ആറിന്റേയും, പാലയ്ക്കാക്കുഴിയുടേയും മേക്കപ്പാണ് ആദ്യം നടത്തിയത്.

അനന്തരം പ്രേംരാജിന്റെയും അലക്സിന്റെയും മുഖത്തു പൗഡറിട്ടു. ഈ സമയമെല്ലാം ഞാനേതോ സ്വപ്നത്തിൽ മുഴുകിയവനെപ്പോലെ നിന്നുപോയി.

എന്റെ മുഖത്തു പൗഡറിടുവാനുള്ള സമയമായി. മേക്കപ്പുക്കാരൻ അല്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടി എന്റെ മുഖത്തടിച്ചു. അനന്തരം അയാൾ ഇളം ചുവപ്പു നിറമുള്ള പൗഡറും അടിച്ചു പതിപ്പിച്ചു. കുറെ മീശയും വച്ചുപിടിപ്പിച്ചു. അല്പം മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും എന്നെ ധരിപ്പിച്ചു. മുടിയെല്ലാം പാറിപ്പർത്തിയിട്ടു.......

ഞാൻ നാടകത്തിലെ സുകുവായി

ഇനിയും കേവലം മിനിറ്റുകൾ മാത്രം.

[ 150 ]

കാഴ്ചക്കാരുടെയിടയിൽനിന്നും ചൂളം അടികളും, കൈയ്യടികളും തുടർന്ന് ഒരു കൂവലും കേട്ടു...

ഹാർമോണിയത്തിന്റെ മധുരമായ ശബ്ദം താഴ്ന്ന സ്വരത്തിൽ കേട്ടുതുടങ്ങി. വീണ്ടും അതിന്റെ മാധുര്യവും, ശബ്ദവും വർദ്ധിച്ചു. മൃദംഗത്തിൻമേൽ കൈപതിക്കുന്ന ശബ്ദവും എന്തോ ഇടിച്ചിരുത്തുന്നപോലെയും കേട്ടു.

അദ്ദേഹം പാടിത്തുടങ്ങി. കർട്ടനുയന്നു. ഒരു ദേശീയഗാനം. അവിടെ കൂടിയിരുന്ന സകലരെയും കോരിത്തരിപ്പിക്കത്തക്ക രാഗമാധുരിയും കലാവൈഭവവും മിന്നിത്തിളങ്ങിയ ഒരു ഗാനം!

കർട്ടൻ വീണ്ടും താണു. ഒന്നാം രംഗത്തിനുള്ളവർ സ്റ്റേജിനടുത്തേക്കാനയിക്കപ്പെട്ടു. തുടങ്ങി. “എടാ മാതുവേ..... എന്തെടാ നാശമേ നിന്നെയെങ്ങോട്ടു കെട്ടിയെടുത്തിരിക്വാ!' സി. ആറിന്റെ ശബ്ദം കേട്ടു.

എന്റെ തലയ്ക്കൊരുന്മത്തത. ആദ്യമേ പാടേണ്ട ആ ഹൃദയസ്പൃക്കായ ശോകഗാനം മനസ്സു പലപ്രാവശ്യം പാടിനോക്കി. അതിന്റെ വൎണ്ണവും ആസ്വാദ്യതയും പോലിരിക്കും നാടകത്തിന്റെ ആദ്യന്തം...

രംഗം ഒന്നു തീർന്നു. യാതൊരപശബ്ദവും കാഴ്ചക്കാരുടെ യിടയിൽനിന്നും കേട്ടിട്ടില്ല. രണ്ടാം രംഗത്തിനുള്ള അലക്സും പ്രേംരാജും സ്റ്റേജിനടുത്തേക്ക് നീങ്ങി..... ഇനിയും അടുത്തതു്.....എനിക്ക് ഭയമില്ല..... ഞാനിതുപോലെ എത്ര നാടകമഭിനയിച്ചിട്ടുണ്ടു്. പക്ഷെ പൂൎവ്വേതരമായ ഒരു പ്രത്യേകത!

‘ഒന്നാം രംഗം ജയിച്ചു. പുഞ്ചിരിച്ചുകൊണ്ട് വൃദ്ധൻ ഭാഗനയിക്കുന്ന സി. ആറു പറഞ്ഞു.

ആളുകൾ ധാരാളമുണ്ടോ??” ഞാൻ തിരക്കി.

“എമ്പടി” പാലയ്ക്കാക്കുഴി പറഞ്ഞു.

ഇനിയും അധികം വൃഥാ സംസാരിക്കുവാൻ എനിക്കു വയ്യാ.. എന്റെ ഉള്ളിലൊരിടിപ്പു്. ഒരു കൂട്ടംകയ്യടി കേട്ടു. ആ രംഗവും വിജയിച്ചു.... വിസിൽ കേട്ടു. കർട്ടൻ വീണു...

19

[ 151 ]

ആരോ എന്നെയും സ്റ്റേജിനരികെ നിറുത്തി. ഭാഗവതർ പശ്ചാത്തല സംഗീതമാരംഭിച്ചു. തൊണ്ട ശരിയാകുവാൻ ഞാനുമദ്ദേഹത്തോടൊത്തു പാടി. ഒരു തെരുവിന്റെ കർട്ടനിട്ടുകൊണ്ടു് മുൻകർട്ടനുയൎത്തി. ശൂന്യമായ രംഗം.

“ആങ് കയറു്” അടുത്തുനിന്ന ആൾ പറഞ്ഞു.

“എന്നെ രക്ഷിക്കണേ എന്ന അർത്ഥത്തിൽ ഭാഗവതർസാറിനെ ഒന്നു നോക്കി. അദ്ദേഹമൊന്നു മന്ദഹസിച്ചു....

അങ്ങു ദിഗന്തത്തേയും ഭേദിക്കുമാറ് ഉച്ചത്തിൽ പാടി കൊണ്ടു് ഞാൻ രംഗത്തു കയറി. വേദനയുടെ തീക്കട്ടകൾ വായുവിൽ പരത്തിവിടുന്നതുപോലെ ഞാൻ പാടി. മൎമ്മഭേദകമായ ഗാനം. വേർപാടിന്റെ വേദനയെ വിളിച്ചറിയിക്കുന്ന ഹൃദയസ്പൃക്കായ സുന്ദരഗാനം പാടിക്കൊണ്ടു ഞാൻ നീങ്ങി. കാഴ്ചക്കാരെല്ലാം സ്തംഭിച്ചിരിക്കുന്നതു ഞാൻ കണ്ടു.

തെരുവു കർട്ടൻ മാറി ഒരു പുഴയുടെ തീരത്തിന്റെ കർട്ടൻ വീണു. ഞാനാ തീരത്തിലിരുന്നു. അനന്തതയിലേക്കു നോക്കി പാടി. വീണ്ടുമെണീറ്റു കദനഭാരത്തിന്റെ കയ്പു നിറച്ച കുപ്പികൾ നീക്കിവെക്കുന്നതുപോലെ ഞാൻ ഓരോ പാദവും എടുത്തുവച്ചു. പ്രാണസഖിയെ തേടിത്തിരിയുന്ന കാമുകൻ! ഞാനെന്റെ ഭാഗമോർമ്മിച്ചു.... ഗാനപീയുഷം പരിപാകത വിട്ടു നീളുകയാണു്.

ഒരു ഭവനത്തിന്റെ കർട്ടൻ വീണു. കാലുകൾ വേച്ചും, വിയർപ്പുകൾ തുടച്ചുനീക്കിയും നീങ്ങുന്നതായി ഞാനഭിനയിച്ചു..... പെട്ടന്നെന്റെ മുന്നിലൊരു കർട്ടൻ വീണു. ഒരു തെരുവിന്റെ കർട്ടൻ.... ഞാൻ പാടിയ ഈരടികൾതന്നെ അവൾ പാടുന്നു. സുകുവിന്റെ കാമുകിയായ ലളിത പ്രവേശിക്കുന്നു എന്നു പിറകിൽ നിന്നും പ്രോംപ്റ്റർ പറഞ്ഞത് ഞാൻ കേട്ടു..... ഏററം ഹൃദയാവർജ്ജകമായി ഏതു കഠിനചിത്തവും അലിയിപ്പിക്കുന്ന രീതിയിൽ ഏങ്ങലടിച്ചുകൊണ്ടാണവൾ പാടുന്നതു്..... ഞാനും പാടി..... ഞാൻ വീണ്ടും

[ 152 ]

രംഗത്തിനഭിമുഖമായി....... നിമിഷങ്ങൾ ചിലതുകൂടി കടന്നുപോയി.... “കണ്ടുമുട്ടുന്നു പിറകിൽ നിന്നും പിറുപിറുത്തു. വീണ്ടും എഴുന്നേറ്റും ഞാനാവേശത്തോടുകൂടി അനുകമ്പ ആൎക്കുമുണ്ടാകത്തക്കവണ്ണം സ്റ്റേജിന്റെ വടക്കോട്ട് നീങ്ങി. ക്ലാറനറ്റിന്റെ ശബ്ദം പുളകംകൊള്ളിക്കത്തക്ക രീതിയിൽ ശോകാ ത്മകമായി.....അവളും എനിക്കെതിരെ കടന്നുവന്നു...., ഒരു സുന്ദരി..... പരസ്പരം അറിയാതെ അടുത്തു വരുന്നു. പിറകിൽ നിന്നും കേട്ടു..... ഒരേ സമയത്ത് രണ്ടാളും ഒരേ ഗാനം പാടി. നിറഞ്ഞ നയനങ്ങളോടെ ഞാനൊന്നു നോക്കി..... എന്ത്? എന്റെ ലീസാ......അവൾ കണ്ണു ചിമ്മി നോക്കുന്നതു ഞാൻ കണ്ടു കരയുന്ന മുഖത്തൊരു പുഞ്ചിരി....

“ലിസാ......”

“രാജു....”

ഞങ്ങൾ കെട്ടിപ്പുണൎന്നു.

“എന്റെ ലിസാ”

“എന്റെ രാജു”

എനിക്കൊന്നും വയ്യ. പിറകിൽ നിന്നും എന്തൊക്കെയോ കേട്ടു. ഞാനവളെ സൂക്ഷിച്ചുനോക്കി.. എന്തൊ ജീവന്റെ ജീവനേ നമ്മുടെ ആത്മാവുകൾ അലിഞ്ഞു ചേൎന്നു.” നിമിഷങ്ങൾ കടന്നുപോയി.

“ദുഷ്ടാ നീയിനിയും ജീവിക്കരുതു്” ക്രുദ്ധമായ ശബ്ദം ഞാൻ കേട്ടു....

ഞാൻ ആനന്ദനിർവൃതിയിൽ നിന്നും കണ്ണു തുറന്നു.....?

ഞാൻ ഞെട്ടിപ്പോയി. വേണു. അവൻ കഠാരി ആഞ്ഞു കുത്തി....“ഹാ...” ഞാൻ പിടഞ്ഞു നിലത്തുവീണു. ലീസയും മിഴിച്ചിരുന്നു.... നാടകമല്ലെന്നവരറിയുന്നില്ലേ. ഇതു കഠാരിയവൻ വലിച്ചൂരുന്നു. ഞാൻ പിടഞ്ഞു...?...?...

“വേണു....” ആരോ വിളിച്ചു പറഞ്ഞു... എല്ലാവരും ഞെട്ടി....

[ 153 ]

മൂന്നു നാലു പോലീസ് കാർ ഓടി സ്റ്റേജിൽ കയറി. കർട്ടൻ വീണു.

ആരോ ഉടനെ മെയിൻസ്വിച്ച് ഓഫ് ചെയ്തു. എല്ലാവരും ഇരുട്ടിൽ തപ്പിത്തടഞ്ഞു. ലിസ് പ്രജ്ഞയറ്റുവീണു പോയതു ഞാനറിഞ്ഞില്ല. എന്റെ കാലിലും ദേഹത്തും ചവുട്ടി പലരും ഓടി.

ആ കാളരാത്രി കഴിഞ്ഞു.

എന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വീണ്ടും ഞാനൊരു മൃതപ്രായനായി. എന്റെ ധമനികളെല്ലാം തളരുന്നു. എന്തൊരു വേദന. ഇതൊരു മരണവേദനയാണു്. രാത്രി മുഴുവൻ ഉറക്കമിളച്ചു കാത്തിരുന്നതുകൊണ്ടായിരിക്കണം ലീസാ തളർന്നുറങ്ങിപ്പോയി.

വാടിത്തളർന്ന ആ ചെന്താമരയിലേക്കു അല്പം ഹൃദയ വേദനയോടെ ഞാൻ നോക്കി. എന്റെ കരളിന്റെ കരളാണവൾ. എന്റെ കലയും, കവിതയും, ജീവിതം തന്നെയും അവളിലാണ്. ലിസാ! സ്വപ്നസാമ്രാജ്യത്തിലെ നൎത്തനവേദിയിലെ അപ്സരസിനെക്കാൾ ആകാരസുഷമയുള്ളവളാണു്. അടഞ്ഞിരിക്കുന്ന ഈ നീല മിഴികൾ പേടിസ്വപ്നം കാണാതിരിക്കുവാൻ ഞാനാത്മാർത്ഥമായി പ്രാൎത്ഥിച്ചു... നിമിഷങ്ങൾ നീളുകയാണ്.

‘രാജു’—മാധുര്യമൂറുന്ന ആ ശബ്ദം ഞാൻ കേട്ടു. തെല്ലമ്പരപ്പോടെ ഞാൻ തിരിഞ്ഞുനോക്കി. ശാന്ത! അതെ എന്റെ ശാന്ത. എന്റെ പ്രിയപ്പെട്ട സഹോദരിയാണവൾ. “ശാന്തേ” ഞാനവളെ സ്വീകരിച്ചു.

വിഷാദം നിറഞ്ഞ മുഖത്തോടെ അവളെന്റെ അടുത്തേക്കു വന്നു. ലീസായെ അവൾ കണ്ടു. ആ മുഖത്തൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല. പരിശുദ്ധമായ ഒരു പുഞ്ചിരി. ആ ചുണ്ടിൽ ഉതിൎന്നു. ‘എല്ലാം ഞാനറിഞ്ഞു രാജു’—വേദന നിറഞ്ഞ ഹൃദയത്തോടെ അവൾ പറഞ്ഞു. ആ മുഖത്തെങ്ങു നിന്നോ മൎമ്മഭേദകമായ ഒരു ശോകാത്മകത്വം പറന്നെത്തി.

അവൾ എന്റെ കിടക്കയിൽ വന്നിരുന്നു. എന്റെ ശരീരമാക ഒരു കോരിത്തരിപ്പനുഭവപ്പെട്ടു. എത്രകണ്ടു

[ 154 ]

നിൎമ്മലതയോടെയും, നിഷ്കളങ്കതയോടെയുമാണവളുടെ ചുവടുവെയ്പുകൾ! ആ മിഴികൾ കലങ്ങിയതല്ല. വെറുപ്പോ വിലാപമോ ആ മുഖത്തില്ല..... നീറുന്ന ഒരു പുഞ്ചിരിമാത്രം.. ... ഞങ്ങൾ ഒന്നുമൊന്നും പറയാതെ വളരെ നേരമിരുന്നു.

“ശാന്തയെങ്ങിനെയിവിടെ വന്നു”——ഞാൻ ചോദിച്ചു.

“എനിക്കിങ്ങോട്ടു മാറ്റംകിട്ടി. ഇന്നലെ നാടകത്തിന്നു ഞാനും വന്നിട്ടുണ്ടായിരുന്നു.” അവൾ ഗദ്ഗദത്തോടെ പറഞ്ഞു.

“ഞാൻ പറഞ്ഞ ലീസയാണിതു്” സുഖനിദ്രയിലാണ്ടിരുന്ന ലീസായെ ഞാനവൾക്കു പരിചയപ്പെടുത്തി. ‘മനസ്സിലായി’ അവൾ ഉള്ളിലൊതുക്കിയിരുന്ന വേദനയുടെ വേലിക്കെട്ടു തകൎക്കാതെതന്നെ പറഞ്ഞു.

അപ്പോഴേക്കും ഡോക്ടർ ഞങ്ങളുടെ അടുത്തെത്തി. ശാന്ത ചാടിഎഴുന്നേറ്റു.

“രാജുവിനെ ശാന്തയറിയുമോ? പുഞ്ചിരിച്ചുകൊണ്ടദ്ദേഹമവളോടു ചോദിച്ചു.”

“ഉവ്വ്” അവൾ പറഞ്ഞു.

അദ്ദേഹം എന്റെ മുറിവു പരിശോധിച്ചു. ആ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഓരോ ഭാവഭേദവും ഞാൻ സശ്രദ്ധം വീക്ഷിച്ചു.

“അധികം സംസാരിക്കരുതു്” അടുത്ത മുറിയിലേക്കു നടന്നുകൊണ്ടു് അദ്ദേഹം എന്നെ അനുസ്മരിപ്പിച്ചു. ശാന്തയും അദ്ദേഹത്തിന്റെ പിന്നാലെ പോയി.

നിമിഷങ്ങൾ മുന്നേറുകയാണു്.

ലീസാ കണ്ണു തുറന്നപ്പോൾ ഞാൻ മിഴികൾ പൂട്ടി ചിന്തയിലാണ്ടിരിക്കുകയായിരുന്നു. അവളെന്നെ മുട്ടിവിളിച്ചു... “ലീസാ” ഞാൻ പ്രേമപൂർവം വിളിച്ചു. “രാജു”——വേദനയാൽ വിങ്ങിപ്പൊട്ടുന്ന മുഖത്തിലൊരു പുഞ്ചിരിതൂകി കൊണ്ട് അവളം വിളിച്ചു.

[ 155 ]

ഇനിയെന്താണു് ഞങ്ങൾ പറയുക. ഓരോ നീണ്ട ചരിത്രങ്ങൾ ഞങ്ങൾക്ക് പരസ്പരം പറയുവാനുണ്ടു്. അന്നത്തെ തീവണ്ടിയപകടത്തിനാലുണ്ടായ വേർപാടിനു ശേഷം നടന്ന കണ്ണൂനീരും വേദനയും നിറഞ്ഞ കഥകൾ എത്ര എണ്ണം എനിക്കവളോടു പറയുവാനുണ്ടു. പക്ഷെ ഇനിയെന്നും പറയാം. അന്ത്യംവരെ പറയാം..

മധുരിക്കുന്ന ഒരു മൂകതയാണു് ഇവിടെ തളം കെട്ടി നിൽക്കുന്നതു്. ഞങ്ങൾ പരസ്പരം വളരെ നേരം പുഞ്ചിരിച്ചുകൊണ്ടു് ഇരുന്നു. എന്താണു പറയേണ്ടതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ...... ഒറ്റ വാക്കുകൊണ്ടു ആയിരം വസ്തുതകൾ കൈമാറുവാൻ ഉള്ള തിടുക്കമുണ്ടു്...

ഞാൻ പത്രപ്രതിനിധിയായി ദേവകിയമ്മയെ കണ്ടതും വിവരം ധരിച്ചതും പ്രേമയുടേയും ശാന്തയുടേയും കൂടെ ജീവിച്ചതും അവളെ ധരിപ്പിച്ചു. ശാന്തയുടെ നിഷ്കളങ്കമായ സ്നേഹവും ആത്മാൎത്ഥതനിറഞ്ഞ പരിചരണവും അവൾക്കു ഞാൻ പറഞ്ഞുകൊടുത്തു. ശാന്തയെ കാണുവാനും സംസാരിക്കുവാനും ലീസായ്ക്കു തിടുക്കം തോന്നി. അവൾ ദേവകിയമ്മയുടെകൂടെ താമസമാക്കിയതും സിനിമാനടിയായതും വേണു വിനെ കുത്തിയതും സവിസ്തരം എനിക്കു പറഞ്ഞുതന്നു...

ഇപ്പോഴെന്റെ വേദനയുമെനിക്കാനന്ദമൂറുന്നതാണു്. അന്ധകാരത്തിൽ തപ്പിത്തടയേണ്ടിവന്നാലും എന്റെ ജീവന്റെ ജീവനായ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യംമൂലം കല്ലും മുള്ളും ചവുട്ടാതെ എനിക്കെന്റെ ലക്ഷ്യത്തിലെത്തിച്ചേരാം.

“അച്ചായനു വല്യ സങ്കടമായിപ്പോയി കേട്ടോ” അവൾ പറഞ്ഞു.

അതെന്താ” ഞാനന്വേഷിച്ചു.

“നാമൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ എതിൎത്തൊരക്ഷരം പറയുകയില്ലായിരുന്നെന്നു പറഞ്ഞു.”

“നിങ്ങൾ തമ്മിൽ സ്നേഹമാണോ?”

[ 156 ]

“വലിയ കാര്യമാണു്; ഈ രാജ്യം മുഴുവൻ ഇച്ചായൻ രാജുവിനെ തിരക്കി നടന്നു.”

“എന്നോടു വെറുപ്പുണ്ടോ?”

“ഒരിക്കലുമില്ല”

ഞങ്ങൾ നിശ്ശബ്ദരായി ഏതാനും സമയം കൂടി കഴിച്ചുകൂട്ടി.

ഞാൻ കണ്ണടച്ച് ചിന്തയിൽ മുഴുകിയിരുന്നു. പരിശുദ്ധതയുടെ ശബളാഭമായ പട്ടുനൂലിന്റെ രണ്ടിഴകൾപോലെ തേവിയും പ്രേമയും എന്റെ സ്മരണയിലുദിക്കുകയാണ്. ആ ആത്മാർത്ഥതയുടെ പൂന്തോപ്പിലെ പ്രഭാതപ്പൂക്കളുടെ പുണ്യതാല്യങ്ങളുമേന്തി-പ്രേമത്തിന്റെ പീഠത്തിലെ നിവേദ്യങ്ങളുമായി- പ്രണയ പൂജയ്ക്കു കടന്നുവന്ന രണ്ടു രാക്കിളികൾ സുന്ദരമായ ആ നിലാവു മങ്ങുന്നതിനു മുൻപ ചിറകൊടിഞ്ഞ കിനാവുകളുമായി-കാപട്യത്തിന്റെ കരിനിഴൽ കണികണ്ടിട്ടില്ലാത്ത ത്യാഗ സന്നദ്ധത നിറഞ്ഞു തുളുമ്പിയ ആത്മാവുകളുമായി—എന്നന്നേക്കും അനന്തയിലേക്ക് പറന്നുയൎന്നു. ഹൃദയത്തിൽ പൊള്ളലേല്പിക്കുന്ന വേദനയുടെ തീക്കട്ടകൾ ഓടി അടുക്കുകയാണ്. കലയുടെ കമാന മാല്യങ്ങളുമായി കലങ്ങിതെളിഞ്ഞ മധുരപ്രതിക്ഷകളുടെ കനകശ്രീകോവിലിലേക്കു കഴമ്പുള്ള കണ്ണുനീരിൽ നെയ്തെടുത്ത നുണഞ്ഞു കഥകളുടെ കനത്ത ഭാണ്ഡങ്ങളും പേറി അടിപതറാത്ത ആത്മധൈര്യത്തോടും അലംഭാവമില്ലാത്ത കർമ്മോത്സുകതയോടും കിക്കിളികൊള്ളുന്ന കള്ളച്ചിരികളുടേയും ആത്മന്ത്രിയിൽ മുട്ടിയുരുമ്മി ആമോദത്തിന്റെയും അക്കരകാണാത്ത അതിരുകൾ മായാതെയും, മായ്ക്കാതെയും, മഹോന്നതിയുടെ മണിഗോപുരത്തിന്റെ വിദൂരതയിലേക്കുയരട്ടെ!

കരയിപ്പിക്കുന്ന പേടിസ്വപ്നങ്ങളുടെ മദ്ധ്യത്തിലേക്കു കനകച്ചിലങ്കകളമായി കടന്നു വന്ന കാവ്യനൎത്തകി... എന്റെ ലീസാ. അവളെന്റേതാണു്. എന്നുമെന്നും എന്റേതുമാത്രം. ഞങ്ങളുടെ ആത്മാവുകൾ അലിഞ്ഞുചേൎന്നു. ആയിരക്കഷണ

[ 157 ]

ങ്ങളായി അറുത്തു തള്ളിയാലും അവ ഒത്തുചേരും. പൊട്ടിക്കരയിപ്പിക്കുന്ന ഹൃദയത്തിലേക്കു തീനാമ്പുകൾ കടത്തിവിടുന്ന ഈ മൂകത എന്നെന്നേക്കുമായി അവസാനിക്കട്ടെ!!!

നിമിഷങ്ങൾ കടന്നുപോയതു ഞാനറിഞ്ഞില്ല. പെട്ടെന്നു ലീസായൊന്നു പൊട്ടിച്ചിരിയ്ക്കുന്നതു കേട്ടു. ഞാൻ ഞെട്ടി കണ്ണു തുറന്നു. എന്റെ കട്ടിലിൽ തടിച്ച ഒരു മനുഷ്യനിരിക്കുന്നു..... മാണിച്ചേട്ടൻ! പച്ചച്ചിരിയുമായി കട്ടിലിനരികെ കുറേപ്പേർ തങ്ങിനില്ക്കുന്നു. ദേവകിയമ്മ, മാനേജർ, പാലയ്ക്കാക്കുഴി, സി. ആർ, കുറച്ചകലെ എന്റെ പ്രേമത്തിന്റെ മാപ്പുസാക്ഷി——ശാന്ത, അവളെക്കണ്ടപ്പോൾ എന്റെ ഹൃദയത്തിലൊരു നടുക്കം. ഒരു വേദന അനുഭവപ്പെട്ടു.

ഈ രംഗം ദീർഘിപ്പിക്കാതിരിക്കട്ടെ——ഈ നിശ്ശബ്ദത നീണ്ടും പോകാതിരിക്കട്ടെ എന്നെന്റെ ആത്മാവു് ആയിരം വട്ടം മന്ത്രിച്ചു.