ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പതിനഞ്ചു്
ഏകദേശം ഏഴ് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ തിയേറ്ററിൽ എത്തി. കോരിത്തരിപ്പിക്കുന്ന റിക്കാർഡു ഗാനങ്ങൾ ഇടവിടാതെ ഉയരുന്നുണ്ട്. ധാരാളം ആളുകൾ ആ പരിസരത്തുതന്നെയുണ്ട്. എനിക്ക് അവാച്യമായ ഒരാനന്ദമാണുണ്ടായത് ഞാനുൾപ്പെടെ ഞങ്ങളുടെ നാടകക്കമ്പിനിക്കാർ ഇവിടെ കാട്ടികൂട്ടുന്ന പ്രവൃത്തികൾ ഹൃദ്യമോ, അരസികത്വം നിറഞ്ഞതോ ആകട്ടെ. എങ്കിലും വന്നുകൂടിയല്ലൊ എന്നോർത്തപ്പോൾ എനിക്കേറെ അഭിമാനം തോന്നി.
എന്റെ ഓരോ രംഗങ്ങളും ഏററം അനുമോദനാർഹമാക്കിത്തീർക്കുവാൻ വേണ്ട ആലോചന ഞാൻ ഇന്നലെ തുടങ്ങിയതാണു്. എന്റെ ഓരോ രംഗങ്ങളും വിജയിക്കണം. എല്ലാവരും എന്നെ അനുമോദിക്കണം എന്നുതന്നെ ഞാനുറച്ചു.....
വീണ്ടും മഹത്തായ ഒരു മണിക്കൂർ കൂടി കടന്നുപോയി. അത്താഴത്തിനുശേഷം ഞങ്ങൾ മേക്കപ്പുറൂമിൽക്കയറി. മേക്കപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ മാനേജർ ഞങ്ങളോടോരുത്തരോടും ആശയസംപുഷ്ടമായ ഉപദേശങ്ങൾ നൽകി.