‘നിങ്ങൾ ഒരനുഗൃഹീത കലാകാരനാണ്’ എന്നദ്ദേഹം എന്നെ സൂചിപ്പിച്ചു.....
റിക്കാർഡുഗാനങ്ങൾ തിരത്തള്ളലോടെ അങ്ങു ദിഗന്തത്തേയും ഭേദിക്കുമാറ് മാറ്റൊലികൊള്ളുകയാണു്.
നടികളുടേയും, നടന്മാരുടേയും മേക്കപ്പുറൂമുകൾ രണ്ടാണു്. പെട്ടെന്നു് സ്ത്രീകളുടെ മേക്കപ്പുമുറിയിൽ ഒരു പിറുപിറുപ്പ് കേട്ടു. ‘നായിക വന്നതാണു’ പാലയ്ക്കാക്കുഴി എന്റെ ചെവിയിൽ മന്ത്രിച്ചു. എന്റെ മനസ്സുതരിച്ചെങ്കിലും, ഹൃദയം തുടിച്ചെങ്കിലും ഞാൻ നിശ്ചേഷ്ടനായി നിന്നു. യാതൊരു ഭാവഭേദവും മുഖത്തു വ്യക്തമാകാതിരിക്കുവാൻ ഞാൻ കൂടുതൽ നിഷ്ക്കർഷ കാണിച്ചു.
ആദ്യരംഗത്തിൽ തന്നെ പ്രവേശിക്കേണ്ടിയിരുന്ന സി. ആറിന്റേയും, പാലയ്ക്കാക്കുഴിയുടേയും മേക്കപ്പാണ് ആദ്യം നടത്തിയത്.
അനന്തരം പ്രേംരാജിന്റെയും അലക്സിന്റെയും മുഖത്തു പൗഡറിട്ടു. ഈ സമയമെല്ലാം ഞാനേതോ സ്വപ്നത്തിൽ മുഴുകിയവനെപ്പോലെ നിന്നുപോയി.
എന്റെ മുഖത്തു പൗഡറിടുവാനുള്ള സമയമായി. മേക്കപ്പുക്കാരൻ അല്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടി എന്റെ മുഖത്തടിച്ചു. അനന്തരം അയാൾ ഇളം ചുവപ്പു നിറമുള്ള പൗഡറും അടിച്ചു പതിപ്പിച്ചു. കുറെ മീശയും വച്ചുപിടിപ്പിച്ചു. അല്പം മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും എന്നെ ധരിപ്പിച്ചു. മുടിയെല്ലാം പാറിപ്പർത്തിയിട്ടു.......
ഞാൻ നാടകത്തിലെ സുകുവായി
ഇനിയും കേവലം മിനിറ്റുകൾ മാത്രം.