താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 149 —


നിൎമ്മലതയോടെയും, നിഷ്കളങ്കതയോടെയുമാണവളുടെ ചുവടുവെയ്പുകൾ! ആ മിഴികൾ കലങ്ങിയതല്ല. വെറുപ്പോ വിലാപമോ ആ മുഖത്തില്ല..... നീറുന്ന ഒരു പുഞ്ചിരിമാത്രം.. ... ഞങ്ങൾ ഒന്നുമൊന്നും പറയാതെ വളരെ നേരമിരുന്നു.

“ശാന്തയെങ്ങിനെയിവിടെ വന്നു”——ഞാൻ ചോദിച്ചു.

“എനിക്കിങ്ങോട്ടു മാറ്റംകിട്ടി. ഇന്നലെ നാടകത്തിന്നു ഞാനും വന്നിട്ടുണ്ടായിരുന്നു.” അവൾ ഗദ്ഗദത്തോടെ പറഞ്ഞു.

“ഞാൻ പറഞ്ഞ ലീസയാണിതു്” സുഖനിദ്രയിലാണ്ടിരുന്ന ലീസായെ ഞാനവൾക്കു പരിചയപ്പെടുത്തി. ‘മനസ്സിലായി’ അവൾ ഉള്ളിലൊതുക്കിയിരുന്ന വേദനയുടെ വേലിക്കെട്ടു തകൎക്കാതെതന്നെ പറഞ്ഞു.

അപ്പോഴേക്കും ഡോക്ടർ ഞങ്ങളുടെ അടുത്തെത്തി. ശാന്ത ചാടിഎഴുന്നേറ്റു.

“രാജുവിനെ ശാന്തയറിയുമോ? പുഞ്ചിരിച്ചുകൊണ്ടദ്ദേഹമവളോടു ചോദിച്ചു.”

“ഉവ്വ്” അവൾ പറഞ്ഞു.

അദ്ദേഹം എന്റെ മുറിവു പരിശോധിച്ചു. ആ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഓരോ ഭാവഭേദവും ഞാൻ സശ്രദ്ധം വീക്ഷിച്ചു.

“അധികം സംസാരിക്കരുതു്” അടുത്ത മുറിയിലേക്കു നടന്നുകൊണ്ടു് അദ്ദേഹം എന്നെ അനുസ്മരിപ്പിച്ചു. ശാന്തയും അദ്ദേഹത്തിന്റെ പിന്നാലെ പോയി.

നിമിഷങ്ങൾ മുന്നേറുകയാണു്.

ലീസാ കണ്ണു തുറന്നപ്പോൾ ഞാൻ മിഴികൾ പൂട്ടി ചിന്തയിലാണ്ടിരിക്കുകയായിരുന്നു. അവളെന്നെ മുട്ടിവിളിച്ചു... “ലീസാ” ഞാൻ പ്രേമപൂർവം വിളിച്ചു. “രാജു”——വേദനയാൽ വിങ്ങിപ്പൊട്ടുന്ന മുഖത്തിലൊരു പുഞ്ചിരിതൂകി കൊണ്ട് അവളം വിളിച്ചു.