“രാജു” ഞാൻ മറുപടികൊടുത്തു.
“സാറിനു തന്നെ കിട്ടും” അയാൾ പറഞ്ഞു.
എനിക്കൊരെത്തും പിടിയും കിട്ടാത്ത ഒരഭിപ്രായമായിരുന്നു അത്. എന്തോ സംഗതിയുണ്ടെന്നെനിക്കും തോന്നി.
“അവിടെ എന്താ?” ഞാൻ താഴ്ന്ന സ്വരത്തിൽ അയാളോടു ചോദിച്ചു.
അയാളുടെ കയ്യിലിരുന്ന ഒരു മാസിക എടുത്തു പേജുകൾ മറിച്ചു എന്നെ ഒരു പരസ്യം കാണിച്ചു. അതിലിങ്ങനെ കുറിച്ചിരുന്നു.
ഞങ്ങൾ ഉടനെ ആരംഭിക്കുന്ന “മനുഷ്യൻ സ്നേഹമാണു്” എന്ന നാടകത്തിന്റെ നായകനായി അഭിയിക്കുവാൻ കഴിവും യോഗ്യതയും ഉള്ള ഒരു നടനെ ആവശ്യമുണ്ടു്. 150 രൂപാ ഡിപ്പോസിറ്റ് വയ്ക്കുവാൻ തയാറുള്ളവർ നേരിൽ കാണുക.
എനിക്കേതാണ്ടൊരാശ്വാസം തോന്നി. ഒരു സഫലത. ഇനിയും ജീവിക്കുവാനൊരു അനുഭൂതി അലതല്ലുന്ന കവാടം തുറക്കപ്പെടുകയാണ്.
“വളരെ നന്ദി.” ഞാനയാളോട് നന്ദി പറഞ്ഞുകൊണ്ടു നേരെ ഓഫീസിലേക്കു കയറിചെന്നു. രണ്ടുപേർ അവിടെയിരുപ്പുണ്ട്. മനുഷ്യത്വമുള്ളവരാണെന്ന് എനിക്കൊറ്റ നോട്ടത്തിൽ തോന്നി.
“നമസ്കാരം” ചെന്നപാടെ കൈ തൊഴുതുകൊണ്ടു ഞാൻ പറഞ്ഞു.
“നമസ്കാരം” അവരും പറഞ്ഞു.
“ഇരിക്കൂ” പേരെന്താണു്”
അടുത്തൊരു കസേര ചൂണ്ടിക്കൊണ്ടൊരാൾ പറഞ്ഞു.