Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 117 —


അവൾ തിരിയെ വന്നു എന്റെയടുത്തൊരു കസേരയിലിരുന്നു. ഞാനൊരു സിഗററ്റെടുത്തു ചുണ്ടിൽ വച്ചു തീപ്പെട്ടിയുരച്ചു. അവളതൂതിക്കെടുത്തിയതും തീപ്പെട്ടി തട്ടിയെടുത്തതും ഒരുമിച്ചു കഴിഞ്ഞു. ഞാൻ നിശ്ശബ്ദനായിത്തന്നെയിരുന്നു. അവൾ എന്റെ സിഗററ്റിനു തീ പിടിപ്പിച്ചുതന്നു.

"ഞാനച്ഛനോടു പറഞ്ഞു” അവർ കുറേക്കൂടി അടുത്തിരുന്നുകൊണ്ടു തുടങ്ങി.

“എന്താ ഞാനന്വേഷിച്ചു.

“അച്ഛനും സമ്മതമാണു”

“കാര്യമെന്താ”

“അടുത്ത മാസത്തിൽതന്നെയാകട്ടെന്നു പറഞ്ഞു”

“മനസ്സിലായില്ല ശ്രീമതി”

“മനസ്സിലായില്ലെങ്കിൽ വേണ്ട”

“എങ്കിലും...”

“നമ്മുടെ....”

“നമ്മുടെ?”

“കല്യാണം”

ഞാനൊന്നു ഞെട്ടിപ്പോയി. എന്റെ ഉള്ളിലൊരായിരം തീനാമ്പുകൾ പറന്നുവന്നപോലെ എനിക്കു തോന്നി. പക്ഷെ ഞാനൊരു ഭാവപ്രകടനമോ എതിരഭിപ്രായമോ രേഖപ്പെടുത്തിയില്ല.

ഭിത്തിയിലിരുന്ന നാഴിമണി പന്ത്രണ്ടുപ്രാവശ്യം ശബ്ദിച്ചു.

“വരൂ, ഊണു കഴിക്കാം” അവൾ എന്നെ എന്തിൽനിന്നൊക്കെയോ തട്ടിയുണൎത്തിക്കൊണ്ടു പറഞ്ഞു.

ഞങ്ങൾ ഊണുമുറിയിലേക്കു നടന്നു...... ആ ദിവസം കടന്നു പോയി.