Jump to content

അലിഞ്ഞു ചേർന്ന ആത്മാക്കൾ/എട്ടു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
എട്ടു്
[ 72 ]
എട്ടു്


കതിർകറ്റകൾ കളത്തിൽ അട്ടിയായിവച്ചിരിക്കുകയാണു്. ധാരാളമാളുകൾ ‘കറ്റമെതിയിൽ’ വ്യാപൃതരായിട്ടുണ്ടു്. അല്പം അകലെയുള്ള കാവൽ മാടത്തിൽ വേണുവും നടുത്തുകാരനും ഓരോരുത്തരുടേയും ജോലിചെയ്യാനുള്ള ഉത്സാഹത്തെപ്പറ്റി സംസാരിക്കുകയാണു്. ഇടക്കു തേവിയെ ചൂണ്ടി അയാൾ നടത്തുകാരനോടെന്തോ ചോദിക്കുന്നതും അയാൾ ഇളകിക്കുഴഞ്ഞു് മറുപടി പറയുന്നതും ഞാൻ കണ്ടു. അവർ പരസ്പരം ചെവികളിൽ എന്തോ പിറുപിറുത്തു.

“കുഞ്ഞാ, കുഞ്ഞനിങ്ങു വന്നേ” വേണുവിന്റെ നിർദ്ദേശപ്രകാരം നടത്തുകാരൻ വിളിച്ചു.

കുഞ്ഞൻ ആദരവോടുകൂടി വായ്പൊത്തി, തമ്പുരാന്റെ അടുത്തേക്കു ചെന്നു.

“നീയാകുട്ടയിൽ കുറെ നെല്ലിങ്ങെടുത്തേ. ഈ ആണ്ടത്തെ വെളവു എങ്ങിനെയിരിക്കുന്നു എന്നു നോക്കട്ടെ.” വേണു ആജ്ഞാപിച്ചു.

“എന്തു കുഞ്ചുകുറുപ്പേ, ഈ പ്രദേശത്തുള്ളതിൽ നല്ല നെല്ലു നമ്മടേതാ ഏ—” അയാൾ തിരിഞ്ഞു, നടത്തുകാരനോടഭിപ്രായമാരാഞ്ഞു.

[ 73 ]

“പിന്നെ അതു ചോദിക്കാനൊണ്ടോ?” നടത്തുകാരൻ കുഞ്ചുകുറുപ്പ് കൈമണി അടിച്ചു.

“ചാഴി കൊറെ മുറിച്ചുകളഞ്ഞു....”

“പിന്നെ ആ നമ്പൂരിടെ കണ്ടത്തിലൊരൊറ്റ നെല്ലില്ല. മുഴുവനും തിന്നില്ലെ ചാഴികള്. കുഞ്ഞവരാ മാപ്പളേടെ കണ്ടം നിറയെ ചാഴികാട്ടമല്ലേ?” കുഞ്ചുക്കുറുപ്പു് ന്യായമുന്നയിച്ചു.

“അപ്പോ നാംതന്നെ സമൎത്ഥർ. ഈ ചാഴീടെ വല്യ വേലയൊന്നുമെന്റെടുത്തു നടപ്പില്ലെ...” ഒന്നു നിവൎന്നിരുന്നു ആ മീശ പിരിച്ചുകൊണ്ടു് വേണു അടിച്ചുവിട്ടു.

“പിന്നെ അല്ലായിരുന്നേ, ഒറ്റ പതിരു കാണുമായിരുന്നോ”

കുഞ്ഞൻ നെല്ലുമായി വന്നു.

“അവ്ടെ വെച്ചേച്ചു് നീ പോയി മതി” കുഞ്ചുക്കുറപ്പറിയിച്ചു. വിജയഭാവത്തിൽ അയാൾ കണ്ണൊന്നു വെട്ടിച്ചു കാണിച്ചു. വേണുവും ഒരു കഴുതച്ചിരി ചിരിച്ചു.

ഒരു സിഗരറ്റെടുത്തു ചുണ്ടിൽവച്ചിട്ട് തീ കൊളുത്തി പുകച്ചുരുളുകൾ കലാഭംഗിയോടെ മേലോട്ടുയർത്തിക്കൊണ്ടു് വേണു ആനച്ചന്തത്തിലിരുന്നു.

“പതിരതികമില്ല. നിശ്ചയം” കൊട്ട ഒരു തരത്തിൽ ഉയൎത്തിക്കൊണ്ടു് കുഞ്ചുക്കുറുപ്പു് അഭിപ്രായപ്പെട്ടു.

“നമ്മുടെ വള്ളമാണോ കറുപ്പേ ആ വരുന്നതു്” കൊട്ട ഉയർത്തിയതു കാണാത്ത ഭാവത്തിൽ അകലെയുള്ള പുഴയിലേക്കു നോക്കിക്കൊണ്ടു് വേണു ചോദിച്ചു.

“യേ, അല്ല” നടത്തുകാരൻതറച്ചു പറഞ്ഞു.

[ 74 ]

എങ്ങിനെയെന്നറിഞ്ഞുകൂടാ, വേണുവിന്റെ കൈതട്ടി നെല്ലു നിറച്ച കുട്ട താഴെ വീണു. നെല്ലു നാലുചുറ്റും ചിതറി വീണു. കുഞ്ഞനോടിവന്നു.

“ഏൻ മാരട്ടെ തമ്പ്രാ” അവൻ ചോദിച്ചു.

“വേണ്ടാ” എന്നു നടത്തുകാരൻ കണ്ണുകാണിച്ചു.

“ഇന്നെന്താ കുഞ്ചുക്കുറുപ്പേ ഉച്ചയായിട്ടും ഇവരാരും പ്രാതലിന്നു പോകാത്തെ” ഒരന്വേഷണംപോലെ വേണു നടത്തുകാരനോടു ചോദിച്ചു.

“നേരായോ തമ്പ്‌റാ” പലരും ചോദിച്ചു.

“പരമാൎത്ഥത്തിൽ പതിനൊന്നുമണി കഴിഞ്ഞിട്ടില്ല. ഇതിലെന്തോ കൃത്രിമമുണ്ടെന്നു എനിക്കു തോന്നി. ഇത്തരത്തിൽ കനിവോടുകൂടി ഒരക്ഷരം ആ വായിൽനിന്നും ആരും കേട്ടിട്ടില്ല... ഞാൻ വേഗം നടന്നു. ആരും കാണാതെ മാടത്തിന്റെ പിറകിൽ എത്തി. ഓരോരുത്തരും തങ്ങളുടെ മാടങ്ങളിലേക്കു നീങ്ങിത്തുടങ്ങി.

“തേവിങ്ങു വന്നേ” കുഞ്ഞൻ വിളിച്ചു.

തേവിയൊഴികെ എല്ലാവരും കളത്തിനു വെളിയിലായി. അവൾ തിരികെ മാടത്തിനടുത്തേക്കു വന്നു.

“ക്ടാത്തി യീ നെല്ലു തടുത്തു വാരാൻ തമ്പ്റാൻ പറഞ്ഞു.”

“യ്യോ എനക്കു നേരല്ല തമ്പ്രാ. അവങ്ക് കഞ്ഞീം പുളുക്കം കൊടുക്കാനാരൂല്ല അറേൽ”.

“ഇതിനെന്നാ നേരം വേണം” വേണു അഭിപ്രായപ്പെട്ടു.

[ 75 ]

ഓലയുടെ കിഴുത്തയിലൂടെ ഞാന രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു. വേണു കണ്ണുകാണിച്ചു. കുഞ്ചുകുറുപ്പു കിഴക്കോട്ടുനടന്നു.

“ഏൻ മന്നിട്ടു ചെയ്യാ തമ്പ്റാ.”

“ഞാനല്ലേ തേവി പറഞ്ഞതു്?” വേണു ചോദിച്ചു. അകലെ ചെന്നിട്ടു് നടത്തുകാരൻ എന്തോ ആവശ്യത്തിനെന്നപോലെ കുഞ്ഞനെ വിളിച്ചുകൊണ്ടു നടന്നു.

തേവിയുടെ മുഖത്തു ഭയാശങ്കനിഴലിച്ചു. അവൾ എന്തൊക്കെയോ ഓൎത്തു കുറെ നേരം നിന്നു. ‘എന്തു വരട്ടെ‘ എന്നുറച്ചുകൊണ്ടവൾ ചൂലെടുത്തു് നെല്ലു് അടിച്ചുകൂട്ടി തുടങ്ങി.

“അതാരാ തേവി ഇന്നലെ മാടത്തിലിരിക്കുന്നതു കണ്ടതു്?”

വേണു ശൃംഗാരഭാവത്തോടെ വശീകരണത്തിന്റെ അമ്പയക്കുകയാണു്.

“അതു... അതു... എന്റെ......

“കൊച്ചുകള്ളീ, നീയാളു കൊള്ളാമല്ലൊ?”

അവളൊന്നും മിണ്ടിയില്ല.

“ആട്ടെ തേവിക്കെന്നോടു സ്നേഹമുണ്ടോ?”

ഈ കുഴഞ്ഞാട്ടത്തിന്റെ ഉള്ളറിയാമായിരുന്നതുകൊണ്ടായിരിക്കണം അവൾ മൗനവലംബിച്ചു. കഴിയുന്നതും വേഗം ജോലിതീൎത്തു പോകാൻ അവളാഗ്രഹിച്ചു.

“ഇത്ര ധിറുതിയെന്നാ” വേണുവീണ്ടും ചോദിച്ചു. അവൾ നിശ്ശബ്ദത പാലിച്ചു.

“ഇന്നാ നെനക്കു്” കീശയിൽനിന്നും ഒരു പത്തിന്റെ നോട്ടെടുത്തു അവളുടെ നേരെ നീട്ടിക്കൊണ്ടയാൾ പറഞ്ഞു.

[ 76 ]

അവൾ എല്ലാ ഭാവവ്യത്യാസങ്ങളും അമർത്തുന്നതെനിക്കു മനസ്സിലായി.

“വേലക്കൊള്ള കൂലിമതി തമ്പ്‌റാ” അവൾ തീർത്തു പറഞ്ഞു. ഒരു പടയാളിയുടെ ഗൗരവമുണ്ടായിരുന്നു ആ മുഖത്തപ്പോൾ.

“പോടീ കള്ളി..... നിന്നെ എനിക്കുവേണം.”

അയാൾ അവളെ കടന്നു പിടിച്ചു. എന്റെ കൈകൾ തരിച്ചു. മുന്നോട്ടു കടന്നുചെന്നാ ദുഷ്ടന്റെ ഇരുചെകിട്ടിലും അടിക്കുവാൻ എനിക്കു തോന്നി....

“തമ്പ്‌റാ മിടുവാ നല്ലതെ” അവളറിയിച്ചു.

“ഇപ്പം വിടാ. പക്ഷെ രാത്രി ഞാൻ വരും. അപ്പോൾ ഈ സ്വഭാവം മാറ്റണം. ഏ—”

അവൾ കുതറിച്ചുകൊണ്ടോടി... വാരിവെച്ച നെല്ലുകൂടി ചിതറി. പൈലൻ അപ്പോഴങ്ങോട്ടു വന്നു. വേണുവിനു നിൽക്കക്കള്ളിയില്ലാതായി.

“നീ പോയേച്ചു.... പിന്നെ ഇതു വാരിയിടണം കേട്ടോ” അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.

“തമ്പ്‌റാനെ....” പരിഹാസ്യമായി മൈലൻ ഒന്നു വിളിച്ചു. ഒരു കഠാരിക്കുത്തുപോലെ അയാൾക്കതു് അനുഭവപ്പെട്ടു കാണണം. പക്ഷെ കണ്ടാമൃഗത്തിനുണ്ടോ കത്തിക്കുത്തേൽക്കുന്നു?

“കേട്ടോ, മൈലാ അവളൊരു ചള്ളുകിടാത്തിയാ—നാണംകെട്ട വൎഗ്ഗം. അവക്കു് ഞാനിപ്പം അഞ്ചു രൂപാ കൊടുക്കണമെന്നു്. എന്തുമാവട്ടെ. കൊടുത്തേക്കാമെന്നോൎത്തെടുത്തപ്പോൾ നീയിങ്ങു വന്നു. അവളോടുകയും ചെയ്തു.”

[ 77 ]

ഏറ്റവും യുക്തിപൂർവ്വമായ വിധത്തിൽ വേണു പറഞ്ഞ അഭിപ്രായംകേട്ടു പാവം മൈലൻ മിഴിച്ചുനിന്നുപോയി. ഞാൻ നേരെ തെക്കോട്ടു നടന്നു. കുറെ ദൂരംചെന്നു് പടിഞ്ഞാറോട്ടു തിരിച്ചു് മൈലന്റെ മാടത്തിനടുത്തുള്ള മാവിൻചുവട്ടിൽകയറി, ഇടവഴിയിലൂടെ വടക്കോട്ടുനടന്നു വഴിയിൽവെച്ചു് കുഞ്ഞിനെകണ്ടു.

“ഇതെന്നാ കോവാലാ ഇങ്ങനെ?” കുഞ്ഞൻ അതിശയത്തോടുകൂടി ചോദിച്ചു.

“ഞാനാ മൈലന്റെ വീടുവഴിയിങ്ങുപോന്നു?”

“കേട്ടോ, കോപാലാ, തമ്പ്‌റാൻ തേവിയെ കണ്ണ് വെച്ചിരിക്വാ”

“എനിക്കു മനസ്സിലായി, അതെന്നാ ചെയ്ക....”

ഞാൻ നിസ്സഹായത വ്യക്തമാക്കി.

“ഇന്നു മാടത്തിവരും.”

“ആങ്, ഞാൻ കണ്ടിട്ടോണ്ടു പ്ലാൻ. വൈകുന്നേരം പറയാം കേട്ടോ”

കുഞ്ഞൻ തെക്കോട്ടും ഞാൻ വടക്കോട്ടും നടന്നു.

മാടത്തിൽ ചെന്നു തേവിയെ കണ്ടപ്പോൾ എനിക്കവളോടു അങ്ങേയറ്റത്തെ സ്നേഹം തോന്നി. മറ്റൊന്നുകൊണ്ടുമല്ല ഒരഗ്നി പരീക്ഷണത്തിൽ അവൾ വിജയിച്ചിരിക്കുന്നു. ഒരു പാവപ്പെട്ട പുലയപ്പെണാണെങ്കിലും ചാരിത്ര്യം, അതവൾക്കും നിധിയാണു്. വിലതീരാത്ത നിധി.

പകലോൻ പടിഞ്ഞാറെ ആകാശത്തിലെത്തി. വളരെ ജഗ്രതയോടെയാണു് എല്ലാവരും പണി തുടൎന്നതു്....

“കോവാലാ, തമ്പ്‌റാൻ വിളിക്കണു്” വേണുവിന്റെ അടുത്ത് ചെന്നു് നിന്നുകൊണ്ടു് കുഞ്ഞൻ അറിയിച്ചു.

[ 78 ]

ഞാൻ ആദരവഭിനയിച്ചുകൊണ്ടുതന്നെ കാവൽമാടത്തിലേക്കു ചെന്നു. ഓച്ഛാനിച്ചുനിന്നു.

“കുഞ്ചുക്കുറുപ്പേ, ഗോപാലൻ നല്ലൊരു പണിക്കാരനാണല്ലേ?” വേണു നടത്തുകാരനോടഭിപ്രായമാരാഞ്ഞു.

“പിന്നെ... ഒന്നാംതരം പണിക്കാരനും അനുസരണശീലനും...” അയാൾ പിന്താങ്ങി.

“അനുസരണയുമുണ്ടോ, എന്നാൽ നമ്മളു നല്ല ആളിനെ തന്നെ വിളിച്ചല്ലോ....”

“പിന്നെ ഇവിടൊള്ളതിൽ നല്ലതിനെ”

എനിക്കൊന്നുംമനസ്സിലായില്ല.

“ഗോപാലാ നീ ആ പീടികയിൽചെന്നു് ഒരു രണ്ടുപായ്ക്കറ്റു സിഗററ്റു് വാങ്ങിക്കൊണ്ടുവാ... ഇന്നാ ബാക്കി നീയെടുത്തോ”

എന്റെ കയ്യിലേക്കു ഒരു ഒറ്റ നോട്ടു തന്നുകൊണ്ടയാൾ പറഞ്ഞു. ഞാൻ ചിന്താക്കുഴപ്പത്തിലായില്ല. പണം കയ്യിൽ വാങ്ങി. “പതുക്കെപോയാമതി”. ഒരു മുന്നറിയിപ്പും തന്നു.

ഞാൻ നേരെ മാടത്തിലേക്കു നടന്നു. കുളിക്കടവിലെത്തി കുറെനേരം എന്തൊക്കെയോചിന്തിച്ചു് അവിടെയിരുന്നു. അപ്പോഴേക്കും മൈലനും, കുഞ്ഞനും, കുട്ടനുംകൂടി അങ്ങോട്ടുവന്നു. ഒത്തിരി കാര്യങ്ങൾ ഞങ്ങൾ ചർച്ചചെയ്തു.

“നിങ്ങളിവിടെ കാണണം യേ—” ഞാൻ അവസാനം തീരുമാനമെടുത്തു. അവരെല്ലാം സമ്മതം മൂളി, കുളി കഴിഞ്ഞു ഞങ്ങൾ മാടങ്ങളിലേക്കു നടന്നു.

10
[ 79 ]

പകലോൻ പടിഞ്ഞാറു് പള്ളികൊണ്ടു. നല്ലയിരുട്ടാണു ചുറ്റുപാടും. പുഴത്തീരത്തുകൂടി ഒരു ടോർച്ചിന്റെ പ്രകാശം നീണ്ടുവരുന്നതു ഞാൻ കണ്ടു. ഞാൻ വേഗം മാടത്തിൽനിന്നും പുറത്തിറങ്ങി, തൊട്ടടുത്തുള്ള ഇല്ലിക്കൂട്ടിൽ ശ്വാസം അടക്കിയിരുന്നു. പ്രകാശമടുത്തുവന്നു. വേണുവും കുഞ്ചുക്കുറുപ്പുംതന്നെ.

“അവള് വല്ലാത്ത പെണ്ണാ, അല്ലേ കുഞ്ചുക്കുറുപ്പേ?” വേണുഅഭിപ്രായമാരാഞ്ഞു.

വെളുത്ത നിറം കൂടെ ആയിരുന്നെങ്കിൽ നമ്മുടെ പ്രേമക്കുഞ്ഞുകൂടെ തൊഴുതിട്ടു മാറിനിൽക്കുമായിരുന്നല്ലോ?” നടത്തുകാരൻ “യെസ്” പറഞ്ഞു.

“ആ പെഴച്ചവൾ ചത്തില്ലായിരുന്നെങ്കിൽ”. “എങ്കിലൊരു പ്രയാസമില്ലാർന്നു.”

“ആട്ടെ കുറുപ്പിവിടെനിന്നോ. ആ കാലമാടൻ എങ്ങാം വന്നാൽ ഒന്നു തടഞ്ഞുനിർത്തണം”

“എന്നാ കുഞ്ഞിനു പേടിയാണോ?”

“ഹോ, പേടി. ആ കൂറയേയോ?”

“പിന്നെ ഞാൻ ചുമ്മാ പറഞ്ഞതല്യോ.

ആ നാശം, നടത്തുകാരൻ എന്റെ തൊട്ടടുത്തുനിന്നു. വേണു മാടത്തെ ലക്ഷ്യമാക്കി നീങ്ങി....

“തേവീ... അയാൾ വിളിക്കുന്നതു ഞാൻ കേട്ടു. കൊടുമ്പിരിക്കൊണ്ടമാംസദാഹത്താൽ അയാളുടെ ഓരോ ധമനിയും പിടയുകയാണു്.

ഈ ഇല്ലിക്കൂട്ടിൽ നിന്നും രക്ഷപ്പെട്ടു് ഏതു വിധേയനയും മാടത്തിന്റെയടുത്തു ചെല്ലുവാൻ ഞാൻ പല വഴികളുമാലോചിച്ചു. അവസാനം എനിക്കു മാർഗ്ഗം കിട്ടി....

[ 80 ]

ഞാൻ സാവധാനം രണ്ടു ചെറിയ മുളകമ്പുകളെടുത്തു. അയാളുടെ ദേഹത്തു രണ്ടുംകൂടി ഇറുക്കിപ്പിടിച്ചു.... പാപം വെരണ്ടോടി. ഞാൻ വേഗം മാടത്തിന്റെയടുത്തു ചെന്നുനില്പായി.

വേണു അകത്തുകടന്നു. അയാൾ ടോർച്ചു മുണ്ടിനടിയിൽ പിടിച്ചു ചുറ്റും പ്രകാശിപ്പിച്ചു... അയാൾ തേവിയെക്കണ്ടു. ‘തേവി’ അയാൾ മുട്ടിവിളിച്ചു. അവൾ പേടിസ്വപ്നം കണ്ടതുപോലെ ചാടി എഴുന്നേറ്റു. “തേവി ഇന്നാ” അയാൾ പത്തിന്റെ നോട്ടെടുത്തുവെച്ചു നീട്ടി.

“തമ്പ്‌റാ മരിയാതക്കു പോ അതാ നല്ലേ” അവൾ മുന്നറിയിപ്പുകൊടുത്തു.

“കൊച്ചു കള്ളി നീയെന്നെമെരട്ടുന്നോ” അയാൾ അവളെ കടന്നു പിടിച്ചു. അവൾ ശബ്ദമുണ്ടാക്കി. ചോതിമൂപ്പൻ ചാടിഎണീറ്റു....

“ആരാതു്, തേവിക്കിടാത്തി” അയാൾ ചോദിച്ചു. “തമ്പ്‌റാൻ” അവൾ ശബ്ദിച്ചു. അമ്പിളിക്കല തെളിഞ്ഞുവന്നു. അപ്പോഴുമയാൾ അവളെ ബലമായി പിടിച്ചിരിക്കുകയാണു്. വൃദ്ധനാണെങ്കിലും അയാളുറ്റെ രക്തം ത്രസിച്ചു. ആ ഞരമ്പുകളും പിടച്ചു. ചുരുട്ടിയ മുഷ്ടിയുമായി അയാൾ വേണുവിനോടടുത്തു. ആ ദുഷ്ടന്റെ ഊക്കേറിയ കരങ്ങൾ അയാളുടെ ശുഷ്കിച്ച ദേഹത്തു പെരുമാറി...

“കോവാലാ” അയാൾ ഉറക്കെ വിളിച്ചു. ഞാൻ ഓടിയടുത്തു.

“കോപാലഞ്ചേട്ടാ” തേവിയും ദിഗന്തം ഭേദിക്കുമാറുച്ചത്തിൽ വിളിച്ചു.

[ 81 ]

“അവനെ ഞാൻ പട്ടണത്തിൽ വിട്ടെടി” വിജയസ്വരത്തിൽ വേണു പറഞ്ഞു.

“ഇല്ലെടാ അവനെങ്ങും പോയിട്ടില്ല” ഞാനാ ദുഷ്ടന്റെ നേരെചുരുട്ടിയ മുഷ്ടിയുമായി പാഞ്ഞുചെന്നു. ഒരു മൽപിടുത്തം തന്നെ നടന്നു. തേവി അവിടെക്കിടന്ന ഒരു പാരയെടുത്തു അയാളുടെ നെറ്റിക്കൊരടി കൊടുത്തു. രക്തം പാഞ്ഞൊഴുകി.

അവരെല്ലാമെത്തി. ഒരു ബഹളം തന്നെ നടന്നു. ആ പണിയെടുത്തു തഴമ്പിച്ച കൈകളെല്ലാം പെരുമാറി.

“കൊല്ലല്ലേ കോപാലൻ ചേട്ടാ” തേവി യാചിച്ചു.

“ശരി പൊയ്‌ക്കോ” ഞങ്ങളനുവദിച്ചു.

“ഇപ്പപഠിച്ചോ”? ഞാനുറക്കെചോദിച്ചു. അയാളോടിജീവനുകൊണ്ടു്. അങ്ങകലെ ഒരാൾ ഓടിമറയുന്നതു കണ്ടു. കുഞ്ചുക്കുറുപ്പു്. തെന്നിയും തെറിച്ചും അയാൾ ഓടുന്നതു കണ്ടു എല്ലാവരും ഊറിഊറി ചിരിച്ചു....

“അച്ചൻ” തേവികരഞ്ഞു.

പാവം വൃദ്ധൻ അവശനിലയിലായിരിക്കുന്നു. അല്‌പം കൂടി മുൻകരുതൽ ചെയ്തിരുന്നെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു, എന്നെനിക്കു തോന്നി...

തേവി പാട്ടവിളക്കുകൊളത്തി വേണുവിന്റെ നെറ്റിത്തടത്തിൽനിന്നും ചിതറിയ രക്തത്തുള്ളികൾ അവളുടെ ദേഹത്തവിടവിടെ പറ്റിയിരുന്നതവൾ കണ്ടു.

നീണ്ട ഒരു മണിക്കൂറുകൂടി കഴിഞ്ഞു.

പുഴയിലൂടെ ബോട്ടു് അതിവേഗത്തിൽ പാഞ്ഞുപോകുന്നതുകണ്ടു. പതിവുപോലെ ഉള്ളിലെ ദീപമിന്നും പ്രകശിച്ചിട്ടില്ല. ഏറ്റവും വേഗതയിലാണതുനീങ്ങുന്നതു്...

[ 82 ]

“അല്പം കൂടിക്കഴിഞ്ഞു. ഓടിക്കിതച്ചു് കുഞ്ഞനെത്തി. എല്ലാവരും അത്ഭുതത്തോടുകൂടി അവനെ നോക്കി.

“കുഞ്ഞാ എന്താ” ഞാൻ ചോദിച്ചു.

“സങ്കതിയെല്ലാം കുഴഞ്ഞു”. തമ്പുരാൻ പട്ടാളത്തെ വിളിക്കാൻ പോയിരിക്യാ.

“ഉം?” ഞാനന്വേഷിച്ചു.

“നെല്ലു മുഴുവൻ ഇന്നുതന്നെ കൊണ്ടുപോകും.

എല്ലാവരും സ്തംഭിച്ചുപോയി. ആ പ്രദേശത്തുള്ള എല്ലാ ആളുകളുടേയും ആശയും പ്രതീക്ഷയും ആ നെല്ലാണു്. ആൎക്കും കൂലികൊടുക്കാതെ തമ്പ്‌റാനതു കൊണ്ടുപോയാൽ ആ പ്രദേശം മുഴുവനും ദാരിദ്യത്തിലമൎന്നുപോകും. എല്ലാ കുടുംബങ്ങളും പട്ടിണിയാകും... എന്തൊരു ദുർഘട ഭാവി, ഒരു പെണ്ണു വരുത്തിവച്ച കുഴപ്പം! പക്ഷെ ഒരു സമൂഹത്തിന്റെ മാന്യത അവൾ പരിരക്ഷിച്ചു.

“ഗോപാലായിനിമെന്നാ“

എല്ലാവരും ചോദിച്ചു.

“കളത്തിലാരാണുള്ളതു്” ഞാൻ ചോദിച്ചു.

“നടത്തക്കാരൻ” കുഞ്ഞൻപറഞ്ഞു.

“ശരി നിങ്ങളൊന്നുറക്കെ കൂവു്. എല്ലാവരുമറിയട്ടെ. വരട്ടെ” ഞാനഭ്യൎത്ഥിച്ചു.

അവർ കൂവി. പല പ്രാവശ്യം. ഒട്ടേറെപേർ അടിച്ചുകൂടി, എല്ലാവരേയും വിവരം ധരിപ്പിച്ചു.

പടക്കളത്തിലേക്കു മാർച്ചുചെയ്യുന്ന പടയാളികളെപ്പോലെ ഞങ്ങളും നീങ്ങി. ഓരോരുത്തരും തങ്ങൾക്കവകാശപ്പെട്ടിടത്തോളം കറ്റകൾ എടുത്തു. നടത്തക്കാരൻ അതുവരെ ഒന്നു മയങ്ങുകയായിരുന്നു. അയാൾ ചാടിയെഴുന്നേറ്റു.

[ 83 ]

“ഒറ്റക്കറ്റയെടുക്കരുതു്” ഒരു ചക്രവൎത്തിയുടെ ഗാംഭീര്യത്തോടെ അയാൾ ആജ്ഞാപിച്ചു.

“താ കണ്ടോ?” എന്നു മനസ്സിൽ മന്ത്രിച്ചുകൊണ്ടു് എല്ലാവരും അരിവാളുയൎത്തി. പാവം ചൂളിപ്പോയി.

“ഓടെടോ” ഞാൻ പറഞ്ഞു.

“ഉം പോ തമ്പറാ” പരിഹാസ്യമായി എല്ലാവരും ആവൎത്തിച്ചു. അയാൾ നടു വരുമ്പുവഴി ഓടി. പുഴയുടെ തീരത്തു ചെന്നിരുപ്പായി. സ്വതേ ഒരു ചട്ടമ്പിയെപ്പോലെ ദീർഘകായനും, ധീരനുമായ കുട്ടൻ എല്ലാവരേയും ഒന്നു ചിരിപ്പിക്കുവാൻ വേണ്ടി ഓടി കുഞ്ചുക്കുറുപ്പിന്റെ അടുത്തെത്തി. പെൻസിൽമാൎക്കായ നടത്തുകാരനെ ആട്ടിൻകുഞ്ഞിനെ എടുക്കുന്നപോലെ അവൻ എടുത്തു തോട്ടിലേക്കെറിഞ്ഞു... അയാൾ ഒരു തരത്തിൽ മറുകരയെത്തി കൂനിക്കൂടിയിരുന്നു. എല്ലാവരും ഊറി ഊറി ചിരിച്ചു.

അവസാനം കറ്റയുമായി കളത്തിൽനിന്നും പുറത്തിറങ്ങിയ മല്ലൻ അവിടെ തൂക്കിയിട്ടിരുന്ന റാന്തൽ വിളക്കെടുത്ത് ആറ്റിലെറിഞ്ഞു. രണ്ടു കെട്ടു കറ്റയുമായി ഞാനും തേവിയും പടിഞ്ഞാറോട്ടു നടന്നു....

ഏതു ഭീകര പ്രവൎത്തനത്തിനും ലേശവും കൂസലില്ലാതെ പോലീസുകാർ ഒരു പക്ഷെ ഈ പാവങ്ങളുടെ കൂരകൾക്കു തീവെച്ചുവെന്നു വരാം. തേർവാഴ്ചനടത്തിയെന്നും വരാം.... പാവപ്പെട്ട പുലയപ്പെണ്ണുങ്ങളെയെല്ലാം മാനഭംഗപ്പെടുത്തുവാൻ മുതിൎന്നെന്നുവരാം. പണത്തിന്റെ പരിധിക്കുള്ളിൽ നടക്കുന്ന പിത്തലാട്ടങ്ങൾ എത്രകണ്ടു വൈചിത്രൃം നിറഞ്ഞതു്... എല്ലാവരും വല്ലാതെ ഭയന്നായിരിക്കണം ഇരിക്കുന്നതു്... എന്റെ ഉള്ളു കിടുകിടാവിറച്ചു.

[ 84 ]

രാത്രിയുടെ അവസാനയാമം ആരംഭിച്ചപ്പോഴേക്കും രണ്ടു ബോട്ടുകൾ കിഴക്കോട്ടു പായുന്നതു കണ്ടു. എന്റെ ഉള്ളിൽ ഒമ്പതാം ഉത്സവമാണു്....

ഞാൻ കിഴക്കോട്ടു നോക്കിത്തന്നെയിരുന്നു..... ഒറ്റ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബോട്ടുകൾ മടങ്ങിപ്പോയി... എന്റെ ഉള്ളിലൊരു തണുപ്പു വീശി. ഞാൻ ദീർഘമായൊന്നു നിശ്വസിച്ചു.

അങ്ങകലെ വെള്ളവീശുവാൻ ഇനിയും അധികം മണിക്കൂറുകളില്ല.... ഞാനൊന്നു മയങ്ങി.