“അല്പം കൂടിക്കഴിഞ്ഞു. ഓടിക്കിതച്ചു് കുഞ്ഞനെത്തി. എല്ലാവരും അത്ഭുതത്തോടുകൂടി അവനെ നോക്കി.
“കുഞ്ഞാ എന്താ” ഞാൻ ചോദിച്ചു.
“സങ്കതിയെല്ലാം കുഴഞ്ഞു”. തമ്പുരാൻ പട്ടാളത്തെ വിളിക്കാൻ പോയിരിക്യാ.
“ഉം?” ഞാനന്വേഷിച്ചു.
“നെല്ലു മുഴുവൻ ഇന്നുതന്നെ കൊണ്ടുപോകും.
എല്ലാവരും സ്തംഭിച്ചുപോയി. ആ പ്രദേശത്തുള്ള എല്ലാ ആളുകളുടേയും ആശയും പ്രതീക്ഷയും ആ നെല്ലാണു്. ആൎക്കും കൂലികൊടുക്കാതെ തമ്പ്‌റാനതു കൊണ്ടുപോയാൽ ആ പ്രദേശം മുഴുവനും ദാരിദ്യത്തിലമൎന്നുപോകും. എല്ലാ കുടുംബങ്ങളും പട്ടിണിയാകും... എന്തൊരു ദുർഘട ഭാവി, ഒരു പെണ്ണു വരുത്തിവച്ച കുഴപ്പം! പക്ഷെ ഒരു സമൂഹത്തിന്റെ മാന്യത അവൾ പരിരക്ഷിച്ചു.
“ഗോപാലായിനിമെന്നാ“
എല്ലാവരും ചോദിച്ചു.
“കളത്തിലാരാണുള്ളതു്” ഞാൻ ചോദിച്ചു.
“നടത്തക്കാരൻ” കുഞ്ഞൻപറഞ്ഞു.
“ശരി നിങ്ങളൊന്നുറക്കെ കൂവു്. എല്ലാവരുമറിയട്ടെ. വരട്ടെ” ഞാനഭ്യൎത്ഥിച്ചു.
അവർ കൂവി. പല പ്രാവശ്യം. ഒട്ടേറെപേർ അടിച്ചുകൂടി, എല്ലാവരേയും വിവരം ധരിപ്പിച്ചു.
പടക്കളത്തിലേക്കു മാർച്ചുചെയ്യുന്ന പടയാളികളെപ്പോലെ ഞങ്ങളും നീങ്ങി. ഓരോരുത്തരും തങ്ങൾക്കവകാശപ്പെട്ടിടത്തോളം കറ്റകൾ എടുത്തു. നടത്തക്കാരൻ അതുവരെ ഒന്നു മയങ്ങുകയായിരുന്നു. അയാൾ ചാടിയെഴുന്നേറ്റു.