“ഒറ്റക്കറ്റയെടുക്കരുതു്” ഒരു ചക്രവൎത്തിയുടെ ഗാംഭീര്യത്തോടെ അയാൾ ആജ്ഞാപിച്ചു.
“താ കണ്ടോ?” എന്നു മനസ്സിൽ മന്ത്രിച്ചുകൊണ്ടു് എല്ലാവരും അരിവാളുയൎത്തി. പാവം ചൂളിപ്പോയി.
“ഓടെടോ” ഞാൻ പറഞ്ഞു.
“ഉം പോ തമ്പറാ” പരിഹാസ്യമായി എല്ലാവരും ആവൎത്തിച്ചു. അയാൾ നടു വരുമ്പുവഴി ഓടി. പുഴയുടെ തീരത്തു ചെന്നിരുപ്പായി. സ്വതേ ഒരു ചട്ടമ്പിയെപ്പോലെ ദീർഘകായനും, ധീരനുമായ കുട്ടൻ എല്ലാവരേയും ഒന്നു ചിരിപ്പിക്കുവാൻ വേണ്ടി ഓടി കുഞ്ചുക്കുറുപ്പിന്റെ അടുത്തെത്തി. പെൻസിൽമാൎക്കായ നടത്തുകാരനെ ആട്ടിൻകുഞ്ഞിനെ എടുക്കുന്നപോലെ അവൻ എടുത്തു തോട്ടിലേക്കെറിഞ്ഞു... അയാൾ ഒരു തരത്തിൽ മറുകരയെത്തി കൂനിക്കൂടിയിരുന്നു. എല്ലാവരും ഊറി ഊറി ചിരിച്ചു.
അവസാനം കറ്റയുമായി കളത്തിൽനിന്നും പുറത്തിറങ്ങിയ മല്ലൻ അവിടെ തൂക്കിയിട്ടിരുന്ന റാന്തൽ വിളക്കെടുത്ത് ആറ്റിലെറിഞ്ഞു. രണ്ടു കെട്ടു കറ്റയുമായി ഞാനും തേവിയും പടിഞ്ഞാറോട്ടു നടന്നു....
ഏതു ഭീകര പ്രവൎത്തനത്തിനും ലേശവും കൂസലില്ലാതെ പോലീസുകാർ ഒരു പക്ഷെ ഈ പാവങ്ങളുടെ കൂരകൾക്കു തീവെച്ചുവെന്നു വരാം. തേർവാഴ്ചനടത്തിയെന്നും വരാം.... പാവപ്പെട്ട പുലയപ്പെണ്ണുങ്ങളെയെല്ലാം മാനഭംഗപ്പെടുത്തുവാൻ മുതിൎന്നെന്നുവരാം. പണത്തിന്റെ പരിധിക്കുള്ളിൽ നടക്കുന്ന പിത്തലാട്ടങ്ങൾ എത്രകണ്ടു വൈചിത്രൃം നിറഞ്ഞതു്... എല്ലാവരും വല്ലാതെ ഭയന്നായിരിക്കണം ഇരിക്കുന്നതു്... എന്റെ ഉള്ളു കിടുകിടാവിറച്ചു.