Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 71 —


അവൾ എല്ലാ ഭാവവ്യത്യാസങ്ങളും അമർത്തുന്നതെനിക്കു മനസ്സിലായി.

“വേലക്കൊള്ള കൂലിമതി തമ്പ്‌റാ” അവൾ തീർത്തു പറഞ്ഞു. ഒരു പടയാളിയുടെ ഗൗരവമുണ്ടായിരുന്നു ആ മുഖത്തപ്പോൾ.

“പോടീ കള്ളി..... നിന്നെ എനിക്കുവേണം.”

അയാൾ അവളെ കടന്നു പിടിച്ചു. എന്റെ കൈകൾ തരിച്ചു. മുന്നോട്ടു കടന്നുചെന്നാ ദുഷ്ടന്റെ ഇരുചെകിട്ടിലും അടിക്കുവാൻ എനിക്കു തോന്നി....

“തമ്പ്‌റാ മിടുവാ നല്ലതെ” അവളറിയിച്ചു.

“ഇപ്പം വിടാ. പക്ഷെ രാത്രി ഞാൻ വരും. അപ്പോൾ ഈ സ്വഭാവം മാറ്റണം. ഏ—”

അവൾ കുതറിച്ചുകൊണ്ടോടി... വാരിവെച്ച നെല്ലുകൂടി ചിതറി. പൈലൻ അപ്പോഴങ്ങോട്ടു വന്നു. വേണുവിനു നിൽക്കക്കള്ളിയില്ലാതായി.

“നീ പോയേച്ചു.... പിന്നെ ഇതു വാരിയിടണം കേട്ടോ” അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.

“തമ്പ്‌റാനെ....” പരിഹാസ്യമായി മൈലൻ ഒന്നു വിളിച്ചു. ഒരു കഠാരിക്കുത്തുപോലെ അയാൾക്കതു് അനുഭവപ്പെട്ടു കാണണം. പക്ഷെ കണ്ടാമൃഗത്തിനുണ്ടോ കത്തിക്കുത്തേൽക്കുന്നു?

“കേട്ടോ, മൈലാ അവളൊരു ചള്ളുകിടാത്തിയാ—നാണംകെട്ട വൎഗ്ഗം. അവക്കു് ഞാനിപ്പം അഞ്ചു രൂപാ കൊടുക്കണമെന്നു്. എന്തുമാവട്ടെ. കൊടുത്തേക്കാമെന്നോൎത്തെടുത്തപ്പോൾ നീയിങ്ങു വന്നു. അവളോടുകയും ചെയ്തു.”