Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 72 —


ഏറ്റവും യുക്തിപൂർവ്വമായ വിധത്തിൽ വേണു പറഞ്ഞ അഭിപ്രായംകേട്ടു പാവം മൈലൻ മിഴിച്ചുനിന്നുപോയി. ഞാൻ നേരെ തെക്കോട്ടു നടന്നു. കുറെ ദൂരംചെന്നു് പടിഞ്ഞാറോട്ടു തിരിച്ചു് മൈലന്റെ മാടത്തിനടുത്തുള്ള മാവിൻചുവട്ടിൽകയറി, ഇടവഴിയിലൂടെ വടക്കോട്ടുനടന്നു വഴിയിൽവെച്ചു് കുഞ്ഞിനെകണ്ടു.

“ഇതെന്നാ കോവാലാ ഇങ്ങനെ?” കുഞ്ഞൻ അതിശയത്തോടുകൂടി ചോദിച്ചു.

“ഞാനാ മൈലന്റെ വീടുവഴിയിങ്ങുപോന്നു?”

“കേട്ടോ, കോപാലാ, തമ്പ്‌റാൻ തേവിയെ കണ്ണ് വെച്ചിരിക്വാ”

“എനിക്കു മനസ്സിലായി, അതെന്നാ ചെയ്ക....”

ഞാൻ നിസ്സഹായത വ്യക്തമാക്കി.

“ഇന്നു മാടത്തിവരും.”

“ആങ്, ഞാൻ കണ്ടിട്ടോണ്ടു പ്ലാൻ. വൈകുന്നേരം പറയാം കേട്ടോ”

കുഞ്ഞൻ തെക്കോട്ടും ഞാൻ വടക്കോട്ടും നടന്നു.

മാടത്തിൽ ചെന്നു തേവിയെ കണ്ടപ്പോൾ എനിക്കവളോടു അങ്ങേയറ്റത്തെ സ്നേഹം തോന്നി. മറ്റൊന്നുകൊണ്ടുമല്ല ഒരഗ്നി പരീക്ഷണത്തിൽ അവൾ വിജയിച്ചിരിക്കുന്നു. ഒരു പാവപ്പെട്ട പുലയപ്പെണാണെങ്കിലും ചാരിത്ര്യം, അതവൾക്കും നിധിയാണു്. വിലതീരാത്ത നിധി.

പകലോൻ പടിഞ്ഞാറെ ആകാശത്തിലെത്തി. വളരെ ജഗ്രതയോടെയാണു് എല്ലാവരും പണി തുടൎന്നതു്....

“കോവാലാ, തമ്പ്‌റാൻ വിളിക്കണു്” വേണുവിന്റെ അടുത്ത് ചെന്നു് നിന്നുകൊണ്ടു് കുഞ്ഞൻ അറിയിച്ചു.