താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 70 —


ഓലയുടെ കിഴുത്തയിലൂടെ ഞാന രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു. വേണു കണ്ണുകാണിച്ചു. കുഞ്ചുകുറുപ്പു കിഴക്കോട്ടുനടന്നു.

“ഏൻ മന്നിട്ടു ചെയ്യാ തമ്പ്റാ.”

“ഞാനല്ലേ തേവി പറഞ്ഞതു്?” വേണു ചോദിച്ചു. അകലെ ചെന്നിട്ടു് നടത്തുകാരൻ എന്തോ ആവശ്യത്തിനെന്നപോലെ കുഞ്ഞനെ വിളിച്ചുകൊണ്ടു നടന്നു.

തേവിയുടെ മുഖത്തു ഭയാശങ്കനിഴലിച്ചു. അവൾ എന്തൊക്കെയോ ഓൎത്തു കുറെ നേരം നിന്നു. ‘എന്തു വരട്ടെ‘ എന്നുറച്ചുകൊണ്ടവൾ ചൂലെടുത്തു് നെല്ലു് അടിച്ചുകൂട്ടി തുടങ്ങി.

“അതാരാ തേവി ഇന്നലെ മാടത്തിലിരിക്കുന്നതു കണ്ടതു്?”

വേണു ശൃംഗാരഭാവത്തോടെ വശീകരണത്തിന്റെ അമ്പയക്കുകയാണു്.

“അതു... അതു... എന്റെ......

“കൊച്ചുകള്ളീ, നീയാളു കൊള്ളാമല്ലൊ?”

അവളൊന്നും മിണ്ടിയില്ല.

“ആട്ടെ തേവിക്കെന്നോടു സ്നേഹമുണ്ടോ?”

ഈ കുഴഞ്ഞാട്ടത്തിന്റെ ഉള്ളറിയാമായിരുന്നതുകൊണ്ടായിരിക്കണം അവൾ മൗനവലംബിച്ചു. കഴിയുന്നതും വേഗം ജോലിതീൎത്തു പോകാൻ അവളാഗ്രഹിച്ചു.

“ഇത്ര ധിറുതിയെന്നാ” വേണുവീണ്ടും ചോദിച്ചു. അവൾ നിശ്ശബ്ദത പാലിച്ചു.

“ഇന്നാ നെനക്കു്” കീശയിൽനിന്നും ഒരു പത്തിന്റെ നോട്ടെടുത്തു അവളുടെ നേരെ നീട്ടിക്കൊണ്ടയാൾ പറഞ്ഞു.