ഞാൻ ആദരവഭിനയിച്ചുകൊണ്ടുതന്നെ കാവൽമാടത്തിലേക്കു ചെന്നു. ഓച്ഛാനിച്ചുനിന്നു.
“കുഞ്ചുക്കുറുപ്പേ, ഗോപാലൻ നല്ലൊരു പണിക്കാരനാണല്ലേ?” വേണു നടത്തുകാരനോടഭിപ്രായമാരാഞ്ഞു.
“പിന്നെ... ഒന്നാംതരം പണിക്കാരനും അനുസരണശീലനും...” അയാൾ പിന്താങ്ങി.
“അനുസരണയുമുണ്ടോ, എന്നാൽ നമ്മളു നല്ല ആളിനെ തന്നെ വിളിച്ചല്ലോ....”
“പിന്നെ ഇവിടൊള്ളതിൽ നല്ലതിനെ”
എനിക്കൊന്നുംമനസ്സിലായില്ല.
“ഗോപാലാ നീ ആ പീടികയിൽചെന്നു് ഒരു രണ്ടുപായ്ക്കറ്റു സിഗററ്റു് വാങ്ങിക്കൊണ്ടുവാ... ഇന്നാ ബാക്കി നീയെടുത്തോ”
എന്റെ കയ്യിലേക്കു ഒരു ഒറ്റ നോട്ടു തന്നുകൊണ്ടയാൾ പറഞ്ഞു. ഞാൻ ചിന്താക്കുഴപ്പത്തിലായില്ല. പണം കയ്യിൽ വാങ്ങി. “പതുക്കെപോയാമതി”. ഒരു മുന്നറിയിപ്പും തന്നു.
ഞാൻ നേരെ മാടത്തിലേക്കു നടന്നു. കുളിക്കടവിലെത്തി കുറെനേരം എന്തൊക്കെയോചിന്തിച്ചു് അവിടെയിരുന്നു. അപ്പോഴേക്കും മൈലനും, കുഞ്ഞനും, കുട്ടനുംകൂടി അങ്ങോട്ടുവന്നു. ഒത്തിരി കാര്യങ്ങൾ ഞങ്ങൾ ചർച്ചചെയ്തു.
“നിങ്ങളിവിടെ കാണണം യേ—” ഞാൻ അവസാനം തീരുമാനമെടുത്തു. അവരെല്ലാം സമ്മതം മൂളി, കുളി കഴിഞ്ഞു ഞങ്ങൾ മാടങ്ങളിലേക്കു നടന്നു.