“അവനെ ഞാൻ പട്ടണത്തിൽ വിട്ടെടി” വിജയസ്വരത്തിൽ വേണു പറഞ്ഞു.
“ഇല്ലെടാ അവനെങ്ങും പോയിട്ടില്ല” ഞാനാ ദുഷ്ടന്റെ നേരെചുരുട്ടിയ മുഷ്ടിയുമായി പാഞ്ഞുചെന്നു. ഒരു മൽപിടുത്തം തന്നെ നടന്നു. തേവി അവിടെക്കിടന്ന ഒരു പാരയെടുത്തു അയാളുടെ നെറ്റിക്കൊരടി കൊടുത്തു. രക്തം പാഞ്ഞൊഴുകി.
അവരെല്ലാമെത്തി. ഒരു ബഹളം തന്നെ നടന്നു. ആ പണിയെടുത്തു തഴമ്പിച്ച കൈകളെല്ലാം പെരുമാറി.
“കൊല്ലല്ലേ കോപാലൻ ചേട്ടാ” തേവി യാചിച്ചു.
“ശരി പൊയ്‌ക്കോ” ഞങ്ങളനുവദിച്ചു.
“ഇപ്പപഠിച്ചോ”? ഞാനുറക്കെചോദിച്ചു. അയാളോടിജീവനുകൊണ്ടു്. അങ്ങകലെ ഒരാൾ ഓടിമറയുന്നതു കണ്ടു. കുഞ്ചുക്കുറുപ്പു്. തെന്നിയും തെറിച്ചും അയാൾ ഓടുന്നതു കണ്ടു എല്ലാവരും ഊറിഊറി ചിരിച്ചു....
“അച്ചൻ” തേവികരഞ്ഞു.
പാവം വൃദ്ധൻ അവശനിലയിലായിരിക്കുന്നു. അല്‌പം കൂടി മുൻകരുതൽ ചെയ്തിരുന്നെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു, എന്നെനിക്കു തോന്നി...
തേവി പാട്ടവിളക്കുകൊളത്തി വേണുവിന്റെ നെറ്റിത്തടത്തിൽനിന്നും ചിതറിയ രക്തത്തുള്ളികൾ അവളുടെ ദേഹത്തവിടവിടെ പറ്റിയിരുന്നതവൾ കണ്ടു.
നീണ്ട ഒരു മണിക്കൂറുകൂടി കഴിഞ്ഞു.
പുഴയിലൂടെ ബോട്ടു് അതിവേഗത്തിൽ പാഞ്ഞുപോകുന്നതുകണ്ടു. പതിവുപോലെ ഉള്ളിലെ ദീപമിന്നും പ്രകശിച്ചിട്ടില്ല. ഏറ്റവും വേഗതയിലാണതുനീങ്ങുന്നതു്...