അലിഞ്ഞു ചേർന്ന ആത്മാക്കൾ/അഞ്ചു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
അഞ്ചു്
[ 41 ]
അഞ്ചു്


“ഹൃദയം നോവിക്കാതെ, മിഴികൾ നിറയ്ക്കാതെ ആത്മാവു വേദനയിലാഴുമ്പോൾ മന്ദഹസിച്ചുകൊണ്ടു കാത്തിരിക്കൂ”

ഇരുവശങ്ങളും കെട്ടിടങ്ങൾ ഇടതിങ്ങി നില്ക്കുന്ന ആ ഇടവഴിയിലൂടെ കടന്നു ഞാൻ നേരെ തെക്കോട്ടു നടന്നു. ഒരു ലക്ഷ്യവുമില്ല. ഈ രാത്രി എവിടെ കഴിയും? നാളെ പ്രഭാതമാകുമ്പോൾ ഈ പ്രദേശത്തുനിന്നുതന്നെ മറയണം. ഞാനൊരു വശം ചേർന്നു നടന്നു. സമീപത്തുകൂടി ആളുകൾ മുട്ടിയുരുമ്മി പോകുമ്പോൾ എന്റെ ഉള്ളു ഭീതികൊണ്ടു മൂളിപ്പോകുന്നു.

ഈ നശിച്ച ബൾബുകളൊന്നണഞ്ഞിരുന്നെങ്കിൽ! എന്നെന്റെ മനസ്സായിരം വട്ടം മന്ത്രിച്ചു. ഉദ്ദേശം ഒരു മൈലോളം നടന്നപ്പോൾ പട്ടണപ്രാന്തത്തിൽനിന്നും വിട്ടകലുവാൻ എനിക്ക് കഴിഞ്ഞു. തെരുവു വിളക്കുകളില്ലാത്ത ഒരു ഗ്രാമവീഥിയിൽ ഞാനെത്തിച്ചേർന്നു. എന്റെ ഉള്ളിലൊരു തണുപ്പു വീശി. പടിഞ്ഞാറുനിന്നും പുളകം കൊള്ളിക്കുന്ന തണുത്ത മാരുതൻ വീശുന്നു.

[ 42 ]

ഒരാൽ വൃക്ഷത്തിന്റെ കെട്ടിയുയർത്തിയ തറയിൽ ഞാനിരുന്നു. എന്റെ ധമനികളെല്ലാം തളർന്നു കഴിഞ്ഞിരിക്കുന്നു. എന്റെ കവിൾത്തടങ്ങളിൽ ഒരു പുരുഷന്റെ പരുത്ത കരങ്ങൾ പെരുമാറുന്നത് ഇദംപ്രഥമമായിട്ടാണ്. ഞാനോർമ്മിക്കുന്നു അന്നൊരു ദിവസം മരണക്കിടക്കയിൽ കിടന്നു കൊണ്ട് എന്റെ അമ്മ രണ്ടു കവിൾത്തടങ്ങളും അവരുടെ ശുഷ്കിച്ച കൈകൾ കൊണ്ടു് അമർത്തിപ്പിടിച്ചു “നി...... ന്നെ...... യിനി...... യാരു... നോ... ക്കും മോനെ” എന്നു ഹൃദയം പൊട്ടുമാറു പറഞ്ഞതു്. മാംസവും രക്തവും അണുമാത്രം പോലും അവശേഷിക്കാതെ ചുക്കിച്ചുളിഞ്ഞ കൈപത്തികൾ എന്റെ മുഖത്തുരുമ്മിയപ്പോൾ പരമാർത്ഥത്തിൽ എനിക്കൊരു ചെറിയ വേദന തോന്നിയെന്നുള്ളത് ശരിയാണ്. പക്ഷെ എന്നെ പാലൂട്ടി താരാട്ടി, കുങ്കുമപ്പൊട്ടു തൊടുവിച്ച എന്റെ വത്സലമാതാവിന്റെ...... പാണിതലങ്ങളാണവ. ഊക്കോടെ അവരുടെ കൈകൾ എന്റെ മുഖത്തു പതിച്ചാലും അതൊരു വേദനയാകുകയില്ല. മധുമുള്ള യാതന ആയിരിക്കും.

പക്ഷെ ആ ദുഷ്ടൻ! ഹോ അക്കാര്യം ചിന്തിക്കുമ്പോൾ പോലും അടക്കാനാവാത്തവിധം എന്റെ കൈകൾ തരിക്കുന്നു.

എന്റെ ജീവന്റെ തന്നെയും മറയായ ഈ അന്ധകാരം ഒരിക്കലും മറയാതിരിക്കട്ടെ. പ്രകാശരശ്മി ഒരു നാളിലും പ്രപഞ്ചത്തിൽ പതിക്കാതിരിക്കട്ടെ എന്നു ഞാനായിരം വട്ടം പ്രാർത്ഥിച്ചു.....

സൂര്യപ്രകാശത്താൽ മിന്നിത്തിളങ്ങുന്ന ചില്ലുകഷ്ണങ്ങൾ പോലെ നാലു ചുറ്റും മിന്നാമിനുങ്ങുകൾ മിന്നിപൊങ്ങുന്നുണ്ടു്. അവറ്റകൾ വൃക്ഷത്തലപ്പുകളിലും, മരച്ചില്ലകളിലും മറ്റും പറ്റിചേർന്നിരിക്കുന്നതും, വട്ടമിട്ടുപറക്കുന്നതും നോക്കി ഞാൻ വളരെനേരം ഇരുന്നുപോയി.

[ 43 ]

“എന്റെ ലിസായെ നിങ്ങളെങ്ങാൻ കണ്ടോ” എന്നെന്റെ അന്തരാത്മാവു് ദയനീയതയോടെ ചോദിക്കുന്നതുപോലെ തോന്നി. നോക്കൂ! വസുന്ധരയുടെ എണ്ണമില്ലാത്ത പൂച്ചക്കണ്ണുകൾ. എല്ലാം ജുഗുപ്സാവഹമായ എന്റെ ചോദ്യം കേട്ടു പല്ലിളിച്ചു കാട്ടുന്നതുപോലെയല്ലേ? അവറ്റകൾ മിന്നുന്നതു്....

ഒരു നേരിയ പ്രകാശം തെളിഞ്ഞുവന്നു. അംബര മർദ്ധ്യത്തിൽ താരങ്ങൾ പ്രകാശിച്ചു തുടങ്ങി...... അല്പംകൂടി കഴിഞ്ഞപ്പോൾ പടിഞ്ഞാറെ താഴ്വരയിൽ മേഘവെളിയിടകളെ തെറുത്തു മാറ്റിക്കൊണ്ടു് എന്റെ ഇപ്പോഴത്തെ ശത്രു. അമ്പിളിഅമ്മാവൻ കടക്കണ്ണിട്ടൊന്നു നോക്കി. ഞാൻ തലയുയർത്തി ചുറ്റുമൊന്നു വീക്ഷിച്ചു. അങ്ങകലെ വരെ പ്രകാശം വ്യാപിച്ചിട്ടുണ്ടു്.

രാത്രിയുടെമൂകതയെ പുറത്തിരുന്നുകൊണ്ടു ചീവീടുകൾ ഭജ്ഞിക്കുന്നുണ്ട്. അല്പം അകലെയുള്ള വീടുകളിൽനിന്നും ഉറക്കമിളച്ചിരുന്നു കുട്ടികൾ പരീക്ഷയ്ക്കു പഠിക്കുന്നതു കേൾക്കാം.

ആൽത്തറക്കരികിലുള്ള ഒരു കടത്തിണ്ണയിൽ യുവതിയായ ഒരു പെണ്ണ് ചുരുണ്ടുകൂടി കിടക്കുന്നതു ഞാൻ കണ്ടു. എനിക്കൊരു വെളിച്ചപ്പാടു കിട്ടിയ പോലെ തോന്നി. “എന്റെ ലിസയായിരിക്കുമോ?” എന്നു ഞാൻ സ്വയം ചോദിച്ചു. സാവധാനം ഞാനടുത്തു ചെന്നു. ഒന്നുരണ്ടു ഭാണ്ഡങ്ങൾ അവളുടെ അരികിലുണ്ടു്. കുറച്ചകലെ മൂന്നാലാളുകൾ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. അവളുടെ മുഖം കാണാൻ നന്നേ ക്ലേശമാണു്. അവൾ കമിഴ്ന്നുകിടന്നാണുറങ്ങുന്നതു്. ഞാൻ പല വഴിയുമാലോചിച്ചു. ഒരു പ്ലാനും

[ 44 ]

നടപ്പില്ല. അവളുടെ ദേഹത്തു സ്പർശിച്ചുപോയാൽ നിശ്ചയമായും ചാടി എഴുന്നേൽക്കും, ലിസായല്ലെങ്കിൽ പിന്നത്തെ സ്ഥിതി എന്തായിരിക്കും? ഞാനവളോടടുത്തൊന്നു കുനിഞ്ഞു നോക്കി.

“ഛ ആരെടാ” ഒരു പുരുഷന്റെ ഗർജ്ജനമാണത്. ഒരു പിച്ചക്കാരനാണെങ്കിലും പിശാചിനെപ്പോലെ പരുഷമായി അവർ അകന്നു. അടുത്തുകിട ന്നവരെല്ലാം ഞെട്ടി എണീറ്റു. വടിയും കല്ലുമൊക്കെയായി അവർ എന്നോടടുത്തു. ഞാൻ ജീവനും കൊണ്ടോടി.

റോഡിലൂടെ കുറെ ചെന്നപ്പോൾ എനിക്കെതിരെ ഒരു കാർ വരുന്നതു കണ്ടു. ഞാൻ അടുത്ത കണ്ട ഒരു കലുങ്കിനടിയിൽ സ്ഥലം പിടിച്ചു. അടുത്തു കാർ പോയി കഴിഞ്ഞു് ഞാൻ വീണ്ടും യാത്ര തുടർന്നു......

പെട്ടെന്നൊരു ടോർച്ചിന്റെ പ്രകാശം എന്റെ നേരെ പറന്നു വന്നു. എന്റെ മുഖത്താണതാദ്യം പതിച്ചത്. കോപവും, താപവും എനിക്കുണ്ടായി. പോലീസിനെ ഭയപ്പെട്ടോടുന്ന ഒരു കുറ്റവാളിയായിരുന്നില്ലെങ്കിൽ അവിടെനിന്നു ഞാൻ ഗർജ്ജിക്കുമായിരുന്നു. എന്റെ കണ്ണിലിരുട്ടു കയറിയപോലെ തോന്നി.

രണ്ടു മിഴികളും വീണ്ടും വീണ്ടും ചിമ്മി. ഞാൻ സൂക്ഷിച്ചുനോക്കി. എന്നെത്തിരഞ്ഞു നടക്കുന്ന പോലീസുകാരല്ല. സ്ത്രീകളുടെ ശബ്ദമാണു കേട്ടത്. വെണ്ണിലാവുമൂലം അസ്പഷ്ടമായി ഞാനാളെക്കണ്ടു. വല്ല നിശാദേവതമാരൊ, ഭയങ്കരികളായ യക്ഷികളോ ആയിരിക്കുമോ എന്നെനിക്കു തോന്നി. ഏതായാലും എന്റെ സിരസ്സിനകത്തിരുന്നു ഒരു ഡസൻ പടക്കങ്ങളെങ്കിലും പൊട്ടുന്ന പോലെ എനിക്കു തോന്നി. തിരിഞ്ഞോടിയാലൊ? അന്തഃക്കരണമുപദേശിച്ചു.

[ 45 ]

മണികിലുക്കിക്കൊണ്ട് ഒന്നുരണ്ടു കാളകൾ അതുവഴി കടന്നുപോയി. പിശാചിന്റെ വരവാണ്. എന്നിലാരോ വിളിച്ചറിയിച്ചു. ഭീതികൊണ്ട് ഞാനൊന്നു കൂടി ഞെട്ടി. ലൈറ്റടിച്ച സ്ത്രീകൾ എന്നോടടുത്തു വന്നു. അവരെന്നെത്തന്നെ നോക്കിക്കൊണ്ടാണു് വന്നത്. യക്ഷിതന്നെ. രക്തം കുടിക്കുന്ന യക്ഷി. അർദ്ധരാത്രിയിൽ തക്കം നോക്കി ഇറങ്ങി തിരിച്ചിരിക്കയാണ്. ഞാൻ തിരിഞ്ഞുനിന്നു ഓടുവാൻ നിശ്ചയിച്ചു ഒന്നുരണ്ടുപാദങ്ങൾ എടുത്തുവെച്ചു.....

“രാജു” മധുരമായ ഒരു ശബ്ദം. ഞാൻ തിരിഞ്ഞുനിന്നു. എടി വഞ്ചകിയായ രാക്ഷസി, നീയെന്നെ ചതിക്കല്ലേ നീയെങ്ങിനെ എന്റെ പേരറിഞ്ഞു. . . . . . . ഞാൻ ആലില പോലെ വിറച്ചു.

പെട്ടന്നവൾ ടോർച്ചു സ്വന്തം മുഖത്തിന്നുനേരെ അടിച്ചു. “ശാന്ത” എന്റെ ചുണ്ടുകൾ ചലിച്ചു. ധൈര്യമായി ഞാനൊന്നു നിശ്വസിച്ചു. യക്ഷിയല്ല. എന്റെ ശാന്തയാണു്.... മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യസ്ത്രീയാണു്. യക്ഷിയുമല്ല ദേവതയുമല്ല. യൗവനത്തോപ്പിൽ ചവുട്ടുന്ന ഒരു കൊച്ചു സുന്ദരിയാണവൾ. അവളെങ്ങിനെ എന്നെ കണ്ടു...... എന്തിനവളെന്റെ പിന്നാലെ ഈ രാത്രിയിൽ വരുന്നു?

“എന്താണു രാജു” എന്റെ അടുത്തുവന്നു തോളിൽ കൈവെച്ചുകൊണ്ടു അവൾ ചോദിച്ചു.

“ശാന്തയെവിടെപ്പോയി” സംശയഭാവത്തോടെ ഞാൻ ചോദിച്ചു. എന്റെ തോളിൽ നിക്ഷേപിച്ചിരുന്ന അവളുടെ കൈ ഒന്നെടുത്തു മാറ്റുവാൻ ഞാനാവതു നോക്കി. ഒട്ടും കാരുണ്യം കാണിക്കാതെ തട്ടിക്കളഞ്ഞാൽ ഒരു കഠാരിക്കുത്തു പോലെ അതവൾക്കനുഭവപ്പെടും.

[ 46 ]

“ഞങ്ങൾ സിനിമക്കു പോയതാ. ഇന്നു സിനിമക്കു പോകും വന്നേക്കണമെന്നു ഞാൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നതല്ലെ?”

“ഓ, ഞാൻ മറന്നുപോയി. ക്ഷമിക്കണം”

“എന്തിനാണിവിടെ നിൽക്കുന്നതു്? നമുക്കു വീട്ടിലേക്കു പോകാം.”

“ഇനി എന്തു ദൂരമുണ്ടു”

“അതാ ആ റ്റേണിംഗിൽ കാണുന്നതാണു”.

കുറച്ചകലെ കൈചൂണ്ടിക്കൊണ്ടവൾ പറഞ്ഞു. അവളുടെ കൈ അപ്പോഴും എന്റെ തോളിൽ നിന്നെടുത്തിരുന്നില്ല. ഒരു വലിയ ഇരുമ്പുകട്ടപോലെയാണെനിക്കു തോന്നുന്നതു്.

“ശരി പോകാം” ഞാനറിയിച്ചു.

അവൾ കയ്യെടുത്തു. ഞങ്ങൾ സാവധാനം നടന്നു. . . . . എന്തോ ഒത്തിരി കാര്യങ്ങൾ എന്നോടു ചോദിക്കുവാനുള്ള തിടുക്കമുണ്ടവൾക്ക്....

“എങ്ങിനെയാണിവിടെ വന്നതു്. രാജു, നേരു പറയണം”.

“ഞാൻ ശാന്തയുടെ വിട്ടിലേക്കു വരികയല്ലായിരുന്നോ?”

“അതു നുണ”

“ആകട്ടെ പറഞ്ഞാൽ വല്ലവരോടും പറയുമോ”

“എല്ലാവരോടും പറയും.”

“ആരോടും പറയുകയില്ലെന്നാണയിടാമോ? എങ്കിൽ പറയാം”

“ങ്ങ് ഊ ഹും.”

“ഒത്തിരികാര്യമുണ്ടു്....വീട്ടിൽ ചെന്നു കഴിഞ്ഞു പറയാം. എന്താ പോരെ?”

6
[ 47 ]

“പോരേന്നു ചോദിച്ചാൽ, മതി”

“പടമെങ്ങിനെയിരുന്നു?”

“പടമെങ്ങിനെയിരുന്നാലെന്താ.... യാഥാർത്ഥ്യഗുണമില്ല”

“മ്”

“ഉം”

ഞാൻ നേരെ നടന്നു. അവൾ ഇടക്കുകണ്ട ഒരു പടിവതിലിന്നരികിലേക്കു നടന്നു.

“എങ്ങോട്ടാ സാറെ?” അല്പം അവഹേളനാരൂപത്തിൽ അവൾ ഉറക്കെ ചോദിച്ചു. എനിക്ക് ‘അയ്യടാ എന്നായി.’

“ഇതാണു നമ്മുടെ കൂര. മഹാരാജാധിരാജൻ തിരുവുള്ളം കനിഞ്ഞു് ഇതുവഴി വന്നാലും.”

മഹാരാജാവിനോടു സംസാരിക്കുന്ന രാജകുമാരിയെപ്പോലെ അവൾ അറിയിച്ചു.

“ഭവതിയുടെ ഇംഗിതത്തെ നാം ശിരസാവഹിക്കുന്നു” ഒപ്പം ഗമയിൽ ഞാനും തട്ടിവിട്ടു....

ഞാനും നടകയറി... അവൾ മുറിക്കുള്ളിലുള്ള ആലക്തികദീപങ്ങൾ പ്രകാശിപ്പിച്ചു. നാഗാറാണിമാരുടെ ശയ്യയുടെ പ്രതീതിയാണു് എനിക്കാ മുറിയിൽ കയറിയപ്പോളുണ്ടായതു്. ചില്ലിട്ട ഫോട്ടോകളും, കറങ്ങുന്ന പങ്കകളും, വെളിയാടയിട്ട ജനലുകളും, കർട്ടനിട്ട വാതിലുകളും ആകെ അലങ്കാരമായിരിക്കുന്നു. ഏറ്റവും പുതിയ പുഷ്പങ്ങൾ മാത്രം നിറച്ച ഒരു മനോഹര മലർചഷകം. പച്ചയും, നീലയും, മഞ്ഞയും, ചെമപ്പും നിറങ്ങൾ കലർന്ന കുസുമങ്ങൾ മഞ്ജുളസൗരഭ്യം വീശിക്കൊണ്ടും പരിലസിക്കയാണതിൽ, മുറിയുടെ മദ്ധ്യഭാഗത്തിരിക്കുന്ന വട്ടമേശയിൽ പ്രതിഷ്ഠിച്ചിരിക്കയാണു ചഷകം....

[ 48 ]

ഊണു കഴിഞ്ഞു് ഞങ്ങൾ ഉറക്കമുറിയിലെത്തി. ഞാനൊരു കസേരയിലും, അവൾ കട്ടിലിലുമിരുന്നു.......

“ഇന്നാകൊച്ചമ്മെ” വേലക്കാരി ഒരു പായ്ക്കറ്റു് സിഗരറ്റും ഒരു തീപ്പട്ടിയും ശാന്തയുടെ കൈയ്യിൽ കൊടുത്തു.

“ഊണു കഴിച്ചു കിടന്നോളിൻ” ശാന്ത അവളോടു പറഞ്ഞു.

അവൾ പോയി.

“വലിക്കൂ!” എന്നു പറഞ്ഞുകൊണ്ടും അവൾ സിഗരറ്റു പാക്കറ്റും തീപ്പട്ടിയും എന്റെ നേരെനീട്ടി. - ഞാനൊരു സിഗിരറ്റിനു തീ കൊളുത്തി, പുകച്ചുരുളുകൾ മേലോട്ടുയർത്തിക്കൊണ്ട് പറഞ്ഞു.

“ഇനി കഥ പറയാം”

അന്നു രാത്രി ഒൻപതു മണിക്കു ശേഷം നടന്ന അടിലഹളയും, അതിനു മുൻപ് മാനേജരെന്നോടു പെരുമാറിയി രുന്ന വിധവും ഞാനവളെ ധരിപ്പിച്ചു.

ഭിത്തിയിൽ തൂക്കിയിരുന്ന ക്ലോക്കിലെ മണി ഒന്നടിച്ചു.

“രാജു ഞാനൊന്നു പറയട്ടെ.”

“ഉം?”

“എന്നോടങ്ങേക്കു സ്നേഹമുണ്ടോ?”

“ഞാനാദ്യമായിട്ടാണൊരു പുരുഷനെ സ്നേഹിക്കുന്നതു. എന്റെ ആത്മാവു മുഴുവനങ്ങയിലിഞ്ഞുചേർന്നു കഴിഞ്ഞു...”

അവൾ വീണ്ടും എന്തൊഒക്കെയോകൂടി പറയുവാൻ തുടങ്ങി. ആ നീലകണ്ണുകൾ വജ്രഗോളം പോലെ തെളിഞ്ഞു. മുഖം ചിന്താഭാരത്താൽ ചുകന്നു. രണ്ടു ദിവസം പറഞ്ഞാലും തീരുകയില്ലാത്ത ഭാവത്തിലാണവൾ പറയുന്നതു്.

[ 49 ]

ഇത്രകണ്ടാത്മർത്ഥതയോടെ എന്റെ മുമ്പിൽ ഒരു സ്ത്രീ പ്രേമാർത്ഥന നടത്തുന്നതിന്നാദ്യമായാണു്. നിഷ്കപടമായ അവളുടെ ഹൃദയത്തിൽനിന്നും പരിശുദ്ധ പ്രേമത്തിന്റെ വേദനയൂറുന്ന ഭാവങ്ങൾ ഒന്നൊന്നായി ഉതിർന്നു വീഴുകയാണു്.

“എന്തു് ശാന്തേ?”

“ഉം”

“ഞാനെന്തു ചെയ്യണം. നീപറയു”

“അങ്ങൊരിക്കലും ഇവിടെനിന്നു പോകരുതു്. എന്നെ പിരിയരുത്. അങ്ങയുടെ വേർപാട് എന്നെ എന്താക്കുമെന്ന് എനിക്കു ഊഹിക്കാൻ കൂടിവയ്യ”

“അതെങ്ങിനെ സാധിക്കും”

“അങ്ങയുടെ സർവ്വസുഖസൗകര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം.”

ഞാൻ ലിസായുടെ എല്ലാവസ്തുതയും പറഞ്ഞു.... അവൾ പൊട്ടിക്കരഞ്ഞു.

“എങ്കിലും അങ്ങേക്കെന്നോടു......” അർദ്ധോക്തിയിൽ അവൾ വിരമിച്ചു.

“ഒരിക്കലും ശാന്തേ നിന്നെ ഞാൻ മറക്കുകയില്ല. എന്നും വാടാത്ത മലരായി നീയെൻ ആത്മാവിൽ പറ്റി ചേർന്നിരിക്കും.”

“ലിസായെ ഞാനന്വേഷിപ്പിക്കാം”

“എന്നാൽ നമുക്കു രണ്ടുപേര് കൂടി പോകാം. അങ്ങയോടുകൂടി പിച്ചയെടുക്കുവാനും ഞാനിന്നു തയ്യാറാണ്.”

“യാതൊന്നും വിചാരിച്ചു നീ മനസ്സു പുണ്ണാക്കരുതു്. നമുക്ക് വീണ്ടും കണ്ടുമുട്ടാം”

[ 50 ]

“രാജൂ”

“നിനക്കെന്നോടപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നെ ആത്മവഞ്ചകനാക്കരുതു്.”

“ലിസായുടെസ്ഥാനത്തു ശാന്തയായിരുന്നെങ്കിൽ...”

അവൾ ഹൃദയം പൊട്ടുമാറു കരഞ്ഞു. ഞാനാക്കണ്ണുനീരു തുടച്ചുകളഞ്ഞു. എനിക്ക് ആത്മാർത്ഥമായ വേദന തോന്നി. സ്നേഹം ഒരു ലഹരിസാധനമാണ്. എന്റെ മനസ്സു മന്ത്രിച്ചു. “ശാന്തേ” ഹൃദയം നോവിക്കാതെ, മിഴികൾ നിറയിക്കാതെ, ആത്മാവു വേദനയിലാഴുമ്പോൾ മന്ദഹസിച്ചുകൊണ്ടു കാത്തിരിക്കൂ”........

“രാജൂ”

“ശാന്തേ”

“ഇനി നാം....”

“നിശ്ചയമായും കണ്ടുമുട്ടും”

“പോയി കിടക്കൂ.....”

“ഉറക്കം വരുന്നില്ല....”

“ഞാനാണു പറഞ്ഞതു്. ഞാൻ വഞ്ചകനല്ല.”

“എനിക്കിനിയുമൊത്തിരികാര്യം പറയണം”

അവൾ അടുത്ത മുറിയിലേക്കുപോയി. ഞാൻ വാതിൽ ചാരി, ആ ബഡ്ഡിൽ കിടന്നു. അപ്പോഴും ആ ലക്തികദീപം പ്രകാശിക്കുന്നുണ്ടായിരുന്നു.

“രാജു ലൈറ്റണക്കുന്നില്ലേ?” അടുത്ത മുറിയിൽ നിന്നും അവളുടെ ശബ്ദം കേട്ടു.

ഞാൻ വേഗം ലൈറ്റണച്ചു. എനിക്കുറക്കം വരുന്നില്ല. ഇരുപാടും തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്റെ ഹൃദയത്തിൽ വേദനയുടെ തീപ്പന്തങ്ങൾ ആളിക്കുവാൻ തുടങ്ങി....

[ 51 ]

രണ്ടു മുത്തുചിപ്പികൾ. ഒരേ വടിവും ഒരേ ആകർഷണീയതയും. ഒന്നേ എടുക്കാവു. ഒന്നെടുത്താൽ മറ്റതു പുകഞ്ഞു ചാമ്പലാകും. രണ്ടുമെടുത്താൽ കൂട്ടിമുട്ടി രണ്ടും തകരുമായിരിക്കും. ഇല്ലെങ്കിൽ സമുദായമലറും...... നീണ്ടമൂകതയാണു നാലു ചുറ്റും. ഭിത്തിയിലെ നാഴികമണി മൂന്നു പ്രാവശ്യം ശബ്ദിച്ചു. ഞാൻ സ്വിച്ച് ഓൺ ചെയ്തു. മുറിനിറയെ പ്രകാശം പരന്നെത്തി.

ഞാൻ മേശയുടെ അടുത്തുചെന്നു് ശാന്തയുടെ ലറ്റർ പേഡിൽ ഇങ്ങിനെ കുറിച്ചു:

പ്രിയപ്പെട്ട ശാന്തക്കു്,

ഭവതി ഒന്നുകൊണ്ടും വ്യാകുലപ്പെടേണ്ട. ആ വാസന്തിക്കാവിൽ പുഷ്പിച്ച മലരു പൂകുവാൻ പരാഗം എത്തുമെന്നുള്ളതു തീർച്ചയാണ്. കാത്തിരിക്കൂ. ഒട്ടും നിരാശ വേണ്ടാ.

എന്നു സ്വന്തം രാജു (ഒപ്പ്)


ഇതെഴുതിവച്ചിട്ട് ഞാൻ ലൈറ്റണച്ചു. പഴയ ഫോട്ടോ നഷ്ടപ്പെട്ടു പോയതിനാൽ ഭിത്തിയിലിരുന്ന ഒരു ചില്ലിട്ട ശാന്തയുടെ ഫോട്ടോയും എടുത്തുകൊണ്ടു ഞാൻ ഇറങ്ങി നടന്നു.... അടുത്തുള്ള ഒരു വൃക്ഷത്തിലിരുന്നു കൊണ്ടു മൂങ്ങാ മൂളുന്നതു ഞാൻ കേട്ടു.... ലക്ഷ്യമില്ലാതെ ഞാനോരോ പാദങ്ങളും എടുത്തു വച്ച് മുന്നോട്ടു നീങ്ങി.