താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 41 —


“ഞങ്ങൾ സിനിമക്കു പോയതാ. ഇന്നു സിനിമക്കു പോകും വന്നേക്കണമെന്നു ഞാൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നതല്ലെ?”

“ഓ, ഞാൻ മറന്നുപോയി. ക്ഷമിക്കണം”

“എന്തിനാണിവിടെ നിൽക്കുന്നതു്? നമുക്കു വീട്ടിലേക്കു പോകാം.”

“ഇനി എന്തു ദൂരമുണ്ടു”

“അതാ ആ റ്റേണിംഗിൽ കാണുന്നതാണു”.

കുറച്ചകലെ കൈചൂണ്ടിക്കൊണ്ടവൾ പറഞ്ഞു. അവളുടെ കൈ അപ്പോഴും എന്റെ തോളിൽ നിന്നെടുത്തിരുന്നില്ല. ഒരു വലിയ ഇരുമ്പുകട്ടപോലെയാണെനിക്കു തോന്നുന്നതു്.

“ശരി പോകാം” ഞാനറിയിച്ചു.

അവൾ കയ്യെടുത്തു. ഞങ്ങൾ സാവധാനം നടന്നു. . . . . എന്തോ ഒത്തിരി കാര്യങ്ങൾ എന്നോടു ചോദിക്കുവാനുള്ള തിടുക്കമുണ്ടവൾക്ക്....

“എങ്ങിനെയാണിവിടെ വന്നതു്. രാജു, നേരു പറയണം”.

“ഞാൻ ശാന്തയുടെ വിട്ടിലേക്കു വരികയല്ലായിരുന്നോ?”

“അതു നുണ”

“ആകട്ടെ പറഞ്ഞാൽ വല്ലവരോടും പറയുമോ”

“എല്ലാവരോടും പറയും.”

“ആരോടും പറയുകയില്ലെന്നാണയിടാമോ? എങ്കിൽ പറയാം”

“ങ്ങ് ഊ ഹും.”

“ഒത്തിരികാര്യമുണ്ടു്....വീട്ടിൽ ചെന്നു കഴിഞ്ഞു പറയാം. എന്താ പോരെ?”

6