അലിഞ്ഞു ചേർന്ന ആത്മാക്കൾ/ആറു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
ആറു്

[ 52 ]

ആറു്


ഒരു നിമിഷംപോലും വിശ്രമമനുഭവിക്കുവാൻ സാധിക്കാത്ത ഒരു രാത്രിയായിരുന്നു ഇന്നലത്തേത്.

കിഴക്കു വെള്ള വീശിയപ്പോൾ ഞാനീ വിദ്യാലയത്തിന്റെ വരാന്തയിൽ എത്തിയതാണ്. കടുത്ത മഞ്ഞുപെയ്യുന്ന മാസമാണെങ്കിലും, ശരീരം മുഴുവനും വിറങ്ങലിച്ചു പോയെങ്കിലും ജീവിക്കുവാനുള്ള വ്യാമോഹംകൊണ്ടു് പിന്നിലാക്കി ഞാൻ നീങ്ങി. ഓരോ പദമെടുത്തുവയ്ക്കുമ്പോൾ ഭിത്തിയുടെ ഓരോ തീനാമ്പുകളെന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചിരുന്നു. വല്ല ഇഴജന്തുക്കളൊ, പിശാചുക്കളൊ എന്നെ ഉപദ്രവിക്കാതിരിക്കാൻ നാലു ചുറ്റും നോക്കിയാണ് ഞാൻ നടന്നത്.

യാത്രാക്ഷീണവും, ഹൃദയവേദനയും കൂടി എന്റെ എല്ലാ ധമനികളേയും മരവിപ്പിച്ചു കളഞ്ഞു....... ഞാനീ വരാന്തയിൽ വീണുറങ്ങി.

ഞാനുണർന്നപ്പോൾ ഉദ്ദേശം പത്തുമണിയായിട്ടുണ്ടു്. പൈശാചിക സംഘട്ടനങ്ങൾ അണിനിരന്നു നില്ക്കുന്ന ഒരു കറുത്ത ഭാവി എന്റെ മുന്നിൽ നൃത്തം ചവുട്ടുന്നതുപോലെ എനിക്കു തോന്നി. ഞാനിപ്പോൾ ജീവിതത്തിന്റെ വഴിത്തി

[ 53 ]

രിവിലാണ്. ഈ പ്രപഞ്ചത്തിൽ എന്റെ ഉറ്റവരും ഉടയവരുമായി ആരെങ്കിലുമുണ്ടോ? പരിശുദ്ധ പ്രേമത്തിന്റെ ബലിപീഠത്തിൽ നിന്നുകൊണ്ട് രണ്ടാത്മാവുകൾ മന്ദഹസിക്കുന്ന മുഖത്തോടെ മാടിവിളിക്കുന്നുണ്ടു്.

ഞാൻ കഷ്ടപ്പാടിൽ ജനിച്ചു. കഷ്ടപ്പെട്ടു ജീവിച്ചു. ഇനിയുമതുതന്നെയവശേഷിക്കുന്നു.

ജീവിതമേ നീയൊരു പരീക്ഷണമാണു്. നന്മയും, തിന്മയും, വിശുദ്ധവും, അശുദ്ധവും, സുഖവും, ദുഃഖവും തമ്മിലുള്ള ഒരു പരീക്ഷണമാണിവിടെ. എത്രയോ സത്യങ്ങളിവിടെ പരാജയപ്പെട്ടിട്ടുണ്ട്. എത്രയോവിശുദ്ധ ഹൃദയങ്ങൾ ഇവിടുത്തെ മൃഗീയതയുടെ ഭദ്രാസനത്താൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എത്രയോ നീചന്മാർ ആനന്ദാനുഭൂതികൾ ആവോളമാസ്വദിച്ചിട്ടുണ്ടവിടെ. അതെ, മനുഷ്യൻ കാരാഗൃഹത്തിലാണു്. അവൻ അഗ്നിപരീക്ഷണത്തിന്റെ വിരിമാറുകാട്ടണം.

കിലുങ്ങുന്ന നാണയത്തുട്ടുകളുടെ നൂൽപാലത്തിൽ കൂടി മനുഷ്യത്വത്തെ കടത്തിവിടുന്ന സാഹസികമായ പാരമ്പര്യത്തിന്റെ “അടയിരുപ്പുറയാ”ണീ പ്രപഞ്ചം. വർണ്ണത്തിന്റേയും, വർഗ്ഗത്തിന്റെയും പേരിൽ ഗതിയുടേയും, ഗതികേടിന്റെയും നാമത്തിൽ എണ്ണമറ്റ പരിശുദ്ധ ജീവിതങ്ങളെ അഹന്തയുടെ കോടതിയിൽ കയറിയിട്ടുണ്ടിവിടെ. അന്ധതയുടെ അജയ്യതയാൽ നിർമ്മലങ്ങളായ അനേകമാത്മാവുകളെ അനീതിയുടെ ആകത്തുകകൊണ്ട് അറുത്തു തള്ളിയ എത്രയോ ചരിത്രങ്ങൾ രക്തച്ചുവ വിട്ടുമാറാതെ അനന്തതയിലലിഞ്ഞു ചേർന്നിട്ടുണ്ടു്. നീതിയില്ലാത്ത അന്ധകാരമേ നീയൊരു കൽത്തുറുങ്കാണ്. പരിശുദ്ധതയുടെ തൂക്കുമരമാണു നീ. എത്രയധികം ജീവിതങ്ങളെ നിസ്സഹായത

[ 54 ]

യുടെ തീജ്വാലയിലേക്കു നീ തള്ളിനീക്കിയിട്ടുണ്ടു്. നിന്റെ വിഷവായും എത്ര ജീവിതങ്ങളെ തകൎത്തു തരിപ്പണമാക്കിയിട്ടുണ്ടു്. മൂകതയുടെ വിഭ്രാന്തിയേ! നീയാരുടെ മൂർത്തിഭാവമാണു്.... നിമിഷങ്ങൾ നിമിഷങ്ങളെ പിന്നിലാക്കിക്കൊണ്ടു് മുന്നേറുകയാണു്.

എനിക്കു നന്നായി വിശക്കുന്നു. പക്ഷെ ഞാൻ കാത്തുനില്‌ക്കണം. ഞാനിപ്പോൾ നടുക്കടലിലാണു്. മനസ്സുമടുത്താലും ശരീരം തളർന്നാലും ഇഴയാതെ തരമില്ല. കരയ്ക്കടുക്കണം. അതാവശ്യമാണു്. കാലുകൾ പലപ്രാവശ്യംതളരും. കൈകൾ അവശനിലയിലാകും. എന്നാലും വിരാമമില്ലാതെ തുഴയണം.... ഞാൻ നടന്നു.

അടുത്തുള്ള ഒരു ദേവാലയത്തിൽനിന്നും ഘണ്ഠനാദം പന്ത്രണ്ടുപ്രാവശ്യം ശബ്ദിച്ചു.... എനിക്കെതിരെ ഉഴവു കഴിഞ്ഞു് ചളിപുരണ്ട ദേഹത്തോടുകൂടി കൎഷകർ കാളകളേയും അടിച്ചുകൊണ്ടു നീങ്ങുകയാണു്.

“വിയൎത്തൊഴുകും കൎഷകാ

നീയേ സൗഭാഗ്യദൂതൻ

മരുഭൂമിയേപ്പോലുമേ

മായമോഹനമാക്കിനി”

എന്നുള്ള റിക്കാർഡുഗാനം ശബ്ദിക്കുന്നതുപോലെ തോന്നി. ആ പരുപരുത്ത കൈകൾ രാജകീയമായ ഒരു ശക്തിയുടെ കേന്ദ്രമാണു് എന്നു തോമസു് കാർലൈൽ പറഞ്ഞ വാക്കുകൾ അതുവഴി പറന്നുപോയപോലെ എനിക്കനുഭവപ്പെട്ടു.

ഞാൻ നടന്നു.

നടപ്പാതകളും, കൈത്തോടുകളും, കൈതത്തോപ്പുകളും പച്ച നിരത്തുകളുമെല്ലാം പിന്നിലാക്കിക്കൊണ്ടു് ഞാൻ മുന്നോട്ടുനീങ്ങി. പടിഞ്ഞാറുനിന്നും വീശുന്ന തണുത്ത

7
[ 55 ]

കാറ്റു്, പാതവക്കിൽ കാറ്റിലാടി പുഞ്ചിരിച്ചുകൊണ്ടു് തലയുയർത്തിനില്ക്കുന്ന മഞ്ഞയും, നീലയും, ചെമപ്പും ഇടകലർന്ന പുഷ്പങ്ങളും, നൈസർഗ്ഗികമായ ജനപദനിഷ്പതയും എൻറെ നിരാശക്കും, വേദനക്കും തെല്ലൊരു കുറവുണ്ടാക്കി.

ഞാനീ പാടത്തിനടുത്തുള്ള പുൽത്തകിടിയിലിരിക്കുവാൻ തുടങ്ങിയിട്ടും അരമണിക്കൂറോളം കഴിഞ്ഞിരിക്കയാണു്. വിഷമിച്ചും, വിശ്രമിച്ചും എന്റെ ജീവിതത്തിലെ അതിസുപ്രധാനമായ കുറെ മണിക്കൂറുകളാണ് കടന്നു പോയിരിക്കുന്നത്.

സായാഹ്നമാണു്.

ചുറ്റും നീണ്ടുനിന്ന പുഞ്ചപ്പാടങ്ങൾ. മദ്ധ്യത്തിൽ കൂടി കൊച്ചരുവി കിഴക്കുനിന്നും എക്കൽ നിറഞ്ഞ മലവെള്ളവും വഹിച്ചുകൊണ്ട് പടിഞ്ഞാറോട്ടു കുണുങ്ങിയൊഴുകുന്നുണ്ടു്. ആ അരുവികരയുടെ ചുറ്റുപാടും, കേരവൃക്ഷങ്ങൾ പടർന്നുപിടിച്ചിട്ടുണ്ട്. നാലു ചുറ്റും ഒട്ടനവധി കൂരകൾ. കേരളത്തിലെ ഗ്രാമം!

അന്തിവരെ അദ്ധ്വാനിച്ചു അവശരായ വേലക്കാർ വേർപ്പണിഞ്ഞ ദേഹത്തോടെ നിറഞ്ഞ പ്രതീക്ഷകളുമായി തങ്ങളുടെ മാടങ്ങളിലേക്കു നീങ്ങുന്നുണ്ട്. മൺവെട്ടികളും, കട്ടകുത്തികളും, തുമ്പകളും, അവരുടെ തോളുകളിലുണ്ടു്. മിക്കവരുടേയും ശിരസ്സിൽ പാളത്തൊപ്പികളാണ്. അന്തഃപുരത്തിലെ അനുഭൂതിയുടെ മടിത്തൊട്ടിലിൽ ചാഞ്ചാടി ജീവിതം മുഴുവനും സുഖസാന്ദ്രമാക്കിയിരിക്കുന്ന മഹാ രാജാക്കന്മാരുടെ മരതകകാന്തി മുറ്റുന്ന കിരീടങ്ങളേക്കാളും അഭിമാനവും ശാശ്വതാവസ്ഥയുമുണ്ടവരുടെ പാളത്തൊപ്പികൾക്ക്. ആ മഹാരഥന്മാരുടെ സ്വർണ്ണഖചിതമായ ഉടവാളുകളേക്കാൾ പരിപാവനതയുള്ളതാണവരുടെ പാരകളും മൺവെട്ടികളും.

[ 56 ]

അന്തിക്കതിരവന്റെ കനകപ്രഭാപൂരം ആഴിപിരപ്പിൽ നിപതിച്ചു. മാമരശിഖരങ്ങളെല്ലാം ശശാങ്കകിരണങ്ങളാലാവരണം ചെയ്യപ്പെട്ടു. വാനം പാടികൾ മടക്കയാത്രയാരംഭിച്ചു.....

വിശന്നും വിഷമിച്ചും ഞാൻ തീരെയവശനാണു്......

“എന്താ കുഞ്ഞോയിവിടെയിരിക്കുന്നതു്” അതുവഴി വേലയും കഴിഞ്ഞു വന്ന ഒരു വൃദ്ധപ്പുലയൻ ചോദിച്ചു. കഴിവുകേടും, പരാധീനതകളും എണ്ണമറ്റ വിധമുണ്ടെങ്കിലും ദീനാനുകമ്പ ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ട്. എനിക്കെന്തു സഹായവും ചെയ്തുതരുവാനുള്ള സന്നദ്ധത ആ മിഴികളിൽ നിന്നും ഞാൻ ഗ്രഹിച്ചു.

എന്റെ ഹൃദയം ഇടിച്ചതല്ലാതെ നാവു ചലിച്ചില്ല വരണ്ടുണങ്ങിയ അധരങ്ങളകന്നില്ല.

“എന്താണൊന്നും മിണ്ടാത്തോ?” വൃദ്ധൻ വീണ്ടും ചോദിച്ചു.

“എന്താണു മൂപ്പന്റെ പേരു്?” ഞാൻ ചോദിച്ചു.

“ചോതാന്നു്” അയാൾ പറഞ്ഞു.

“മൂപ്പാ, എനിക്കാരുമില്ല. ഞാനൊറ്റ, എനിക്കു ജീവിക്കണം.”

ഞാനെന്റെ സത്യം പറഞ്ഞു. പക്ഷെ എന്റെ ലിസാ അവളെ തിരക്കിയാണ് ഞാനലയുന്നതെന്നുള്ള പരമാർത്ഥമാകെ ഞാൻ മറച്ചുപിടിച്ചു. അല്ലെങ്കിൽ തന്നെ അതൊക്കെ ഈ വൃദ്ധനോടെന്തിനു പറയുന്നു?”

“ഇന്നൊന്നും കഴിച്ചില്ലേ?” വീണ്ടുമയാൾ ചോദിച്ചു.

“ഇല്ല” ഞാൻ പറഞ്ഞു.

“യെന്നാന്റെ കൂടെവാ. ഏൻവല്ലോം തരാം.

അയാൾ നടന്നു. ഞാനും പിറകെ എത്തി. പുഴയുടെ തീരത്തുള്ള ഒരു മാടം ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു.

[ 57 ]

“അതാ ഏന്റെ പെര. ഒരുക്ടാത്തി മാത്രേ ഒള്ളൂ.”

ഞാനും മൂപ്പനും മാടത്തിലെത്തി. സാധാരണ പുലമാടങ്ങളേക്കാൾ വെടിപ്പും വൃത്തിയുമുണ്ടതിനു്. എന്റെ ഉള്ളിലൊരായിരം ചിന്തകൾ താണ്ഡവമാടുകയാണു്...

“എടീ പുള്ളാ” അയാൾ വിളിച്ചു.

“എന്തെടീ തേവിക്ടാത്തി?”

“ഏനിവ്ടോണ്ടേ”......

“വല്ലാണ്ടേ കൊണ്ടുവാടി” അയാളറിയിച്ചു.

ഇടയ്ക്കവൾ പുറത്തേക്കൊന്നുതല നീട്ടുന്നതു കണ്ടു.

“ഞങ്ങ രണ്ടാളൊണ്ടു്” മൂപ്പൻ പറഞ്ഞു.

ഏതാനു നിമിഷങ്ങൾ കൂടികഴിഞ്ഞു.

വക്ക് അല്പം അടർന്നുപോയ ഒരുമൺചട്ടിയിൽ കുറെ മരച്ചീനിക്കഷ്ണങ്ങളും മറ്റൊരു ചെറിയപാത്രത്തിൽ അല്പം

പൊടിമീൻകറിയും എന്റെ മുന്നിൽ നിരന്നു. എനിക്കു തന്നതൊക്കെ വൃദ്ധനും കൊടുത്തു. പല വിചാരങ്ങളുമെനിക്കുണ്ടായി. പക്ഷേ വിശപ്പിന്റെ ആധിക്യംകൊണ്ടു് അവക്കൊന്നും പ്രസക്തി കൊടുക്കാതെ ഞാൻ ഭക്ഷിച്ചുതുടങ്ങി അല്പം കഴിഞ്ഞു കുറേ കഞ്ഞിയും കൊണ്ടുവന്നു മുന്നിൽ വച്ചിട്ടു് അവൾ അകത്തേക്കു കയറി. തലമാത്രം പുറത്തേക്കുനീട്ടിക്കൊണ്ടു് തേവി നിന്നു. ഒരു പതിനെട്ടുകാരി. എനിക്കു ലജ്ജ തോന്നി.

“ന്റെകുഞ്ഞെ ഇവൾടെ തള്ളയില്ല” വൃദ്ധൻ ഓരോന്നു പറയുകയാണു്. ഞാൻ ശ്രദ്ധാപൂർവ്വംതന്നെയിരുന്നു.

“ഏനും ക്ടാത്തിം മാത്രോള്ളിവ്ടെ. ഇവ്ടെ മൂത്തവൻ ഗോപാലൻ അവനി, കഴിഞ്ഞാണ്ടി ചത്തുപോയി... എന്റെ... തൈവേ അവനൊണ്ടാന്നേ” വൃദ്ധന്റെ മിഴി

[ 58 ]

കൾ നിറഞ്ഞു....... എനിക്കും വേദന തോന്നി. കുറേനേരത്തേക്കു ഞങ്ങളൊന്നും പറഞ്ഞില്ല.

“എവ്ടാ കുഞ്ഞിന്റെ വീടു”

“വീടില്ല മൂപ്പാ”

“പേരെന്നാ”

“പേരു ഗോപാലന്നാണു്” മനസ്സറിഞ്ഞു കൊണ്ടു ഞാനൊരു നുണ പറഞ്ഞു.

“എന്റെ ഗോപാലനുപകരം തൈവം തന്നതാ മോനെ; പുള്ളയ്നി എങ്ങും പോണ്ടാ” വളരെയേറെ ആശയോടയാൾ പറഞ്ഞു.

“പിന്നെ”

“ഇവിടെ കഴിയാമ്മ്‌ക്കു”

ഞാൻ നിശ്ശബ്ദനായിരുന്നു.

“തേ ണ്ടെ ആ മാടത്തേൽ കെട്ന്നോ നിയ്”

കുറച്ചകലെയുള്ള ഒരു കാവൽമാടം ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു. എനിക്കൊന്നുമൊന്നും തോന്നുന്നില്ല.

“ക്ടാത്തി നീയൊരു പാ അവ്ടെ കൊണ്ടച്ചേരു?” അകത്തേക്കു നോക്കിക്കൊണ്ടയാൾ പറഞ്ഞു.

ഞാനാ കാവൽ മാടത്തിലെത്തി. ഒരു പായ വിരിച്ചിട്ടുണ്ടു്. എനിക്കാകെ ഉന്മേഷംതോന്നി. . . . . . . രാത്രി എട്ടുമണികഴിഞ്ഞിട്ടുണ്ടു്.

നല്ല നിലാവുള്ള രാത്രിയാണതു്. ആകാശത്തിൽ മിന്നുന്ന നക്ഷത്രങ്ങളും, ചന്ദ്രികയും കൊച്ചരുവിയിലെ ജലപരപ്പിൽ പ്രതിബിംബിച്ചിട്ടുണ്ടു്. പടിഞ്ഞാറുനിന്നും കുണുങ്ങിച്ചിരിച്ചുകൊണ്ട് ഓടിവരുന്ന മന്ദമാരുതൻ ചുറ്റുപാടുമുള്ള നെൽക്കതിരുകൾക്കു രോമാഞ്ചം നൽകുന്നതു

[ 59 ]

കൊണ്ടാകും അവയെല്ലാം മന്ദമിളകുന്നുണ്ടു. അങ്ങു ചക്രവാളസീമവരെ അനന്തമായ ആ ദീപപ്രകാശം പരന്നിട്ടുണ്ടു്. ഞാൻ നാലുചുറ്റും ശ്രദ്ധിച്ചു. തികച്ചും സുഖസാന്ദ്രമായ അന്തരീക്ഷം....

എന്റെ ചിന്തകൾ ചിറകുവിരിക്കുകയാണു്. ഇന്നു രാത്രി ഞാനിവിടെനിന്നുംപോയാൽ പാവം മൂപ്പൻ ഏറെ ദുഃഖിക്കും. അതുമല്ല അവശനിലയിൽ ഞാൻ നാളെയുമെത്തും. എനിക്കാഹാരം തന്നാശ്വാസിപ്പിക്കാൻ ഇതുപോലെയാരുമുണ്ടായെന്നു വരില്ല....

ഒന്നുകൊണ്ടുമല്ലെങ്കിലും എന്തോ ഒന്നുകൊണ്ടു് അവിടെ തന്നെ കഴിയുവാൻ നിശ്ചയിച്ചു. മുരടിച്ച സമുദായനീതിയോടൊരു വെല്ലുവിളിയാണെന്റെ ജീവിതം. മനുഷ്യത്വത്തിന്റെ ചരിത്രത്തിൽ അഭിനവമായ ഒരു പന്ഥാവാണു ഞാൻ തുറക്കുന്നതു....

ഒരു വാടുന്ന വാസന്തിച്ചെടിക്കു അല്പം ജലം ഒഴിച്ചുകൊടുക്കാം: പുത്രവിയോഗത്താൽ ദുഃഖിതനായിരിക്കുന്ന ഒരു മനുഷ്യനല്പം ആശ്വാസം നൽകാം എന്നു ഞാനുറച്ചു.

കിഴക്കേ ആകാശത്തിൽ മേഘപാളികളുടെയിടയിൽ ഒരു പനിനീർപ്പൂവുമായി പ്രേമഗാനവും പാടി ലിസാ എന്നെ മാടിവിളിക്കുന്നതുപോലെ എനിക്കു തോന്നുന്നു... എന്തോ? അവളിപ്പോഴും ജീവിച്ചിരിപ്പുണ്ടായിരിക്കുമോ? ഒരു പക്ഷെ അനന്തതയിലേക്കാതുടിക്കുന്ന നിൎമ്മലമായ ആത്മാവു പറന്നുയൎന്നിരിക്കുമോ? ആൎക്കറിയാം? അവൾ മരിച്ചിട്ടില്ലെങ്കിൽ ഞാനവളെ കണ്ടെത്തും. എന്നെവിസ്മരിച്ചു അവൾ സുഖിച്ചുല്ലസിക്കുകയായിരിക്കുമോ? അതെ. ഇതൊരു പരീക്ഷണമാണു്. പരിശുദ്ധ പ്രേമത്തിന്റെ പ്രസ്പഷ്ടമായ ഒരഗ്നിപരീക്ഷണം. അവൾ ഹൃദയമുള്ളവളാണെങ്കിൽ ഏതു നരക

[ 60 ]

യാതനകളേയും പിന്നിലാക്കി സ്ത്രീത്വത്തിന്റെ മനസ്സാക്ഷിയായ ചാരിത്യം പട്ടുതൂവാലകൊണ്ടു ഭദ്രമാക്കി സൂക്ഷിക്കും. അവൾ കുടലയണെങ്കിൽ...

അവൾ ഒരു പക്ഷെ ജീവിതമവസാനിപ്പിച്ചെങ്കിൽ ഞാനാ ശോകഗാനം പാടിതന്നെ അലഞ്ഞുതിരിയും. അവസാനം നിമിഷംവരെ “ലിസാ, ലിസാ” എന്നെന്റെ ആത്മാവുച്ചരിക്കും. ആ ശബ്ദം ശ്രവിച്ചുകൊണ്ടു് തന്നെ എന്റെ അവസാനത്തെ നാഡിയും തളരണം.

ശാന്ത! അവൾ ഹൃദയമുള്ള ഒരു വാനംപാടി. പ്രേമത്തിന്റെ മാപ്പുസാക്ഷി. അവളെഞാനുമിഷ്ടപ്പെടുന്നു. അവൾ നല്ലവളാണു്. ചപലതയുടെ മദ്യഷാപ്പായ സ്ത്രീത്വമേ! നിനക്കു നിൎവ്വചനം എന്റെ പക്കലില്ല.

തേവി! അവളും സുന്ദരിയാണു്. മധുരസ്വപ്നങ്ങളുടെ മട്ടുപ്പാവണവളുടെ അന്തരാത്മാവും... “തേവി നീയെന്നെ നോക്കുകപോലും ചെയ്യരുതു” എന്നെന്റെ അന്തർഗതമപേക്ഷിച്ചു...

നാളെമുതൽ പണിക്കുപോകണം പാടത്തു്. മൂപ്പന്റെ മരിച്ചുപോയ ഗോപാലൻ തിരിച്ചുവന്നിരിക്കുകയല്ലേ? ബീഡിതെറുത്തും ചുമടെടുത്തും, തഴമ്പുള്ള ഈ കരങ്ങളിൽ നാളെമുതൽ മൺവെട്ടിയും, കട്ടകുത്തിയും മുറുകിയിരിക്കും.

എനിക്കൊരൊറ്റയാഗ്രഹം മാത്രം. തേവി—ആ കാട്ടുമുല്ലമഞ്ജുളസൗരഭ്യം ചൊരിയരുതേ. ഈ നീറുന്ന മധുപനെ ഇവിടെനിന്നും കെട്ടുകെട്ടിക്കരുതെ.

തേവി, അവളൊരു കാട്ടുമുല്ല!