താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 50 —


കാറ്റു്, പാതവക്കിൽ കാറ്റിലാടി പുഞ്ചിരിച്ചുകൊണ്ടു് തലയുയർത്തിനില്ക്കുന്ന മഞ്ഞയും, നീലയും, ചെമപ്പും ഇടകലർന്ന പുഷ്പങ്ങളും, നൈസർഗ്ഗികമായ ജനപദനിഷ്പതയും എൻറെ നിരാശക്കും, വേദനക്കും തെല്ലൊരു കുറവുണ്ടാക്കി.

ഞാനീ പാടത്തിനടുത്തുള്ള പുൽത്തകിടിയിലിരിക്കുവാൻ തുടങ്ങിയിട്ടും അരമണിക്കൂറോളം കഴിഞ്ഞിരിക്കയാണു്. വിഷമിച്ചും, വിശ്രമിച്ചും എന്റെ ജീവിതത്തിലെ അതിസുപ്രധാനമായ കുറെ മണിക്കൂറുകളാണ് കടന്നു പോയിരിക്കുന്നത്.

സായാഹ്നമാണു്.

ചുറ്റും നീണ്ടുനിന്ന പുഞ്ചപ്പാടങ്ങൾ. മദ്ധ്യത്തിൽ കൂടി കൊച്ചരുവി കിഴക്കുനിന്നും എക്കൽ നിറഞ്ഞ മലവെള്ളവും വഹിച്ചുകൊണ്ട് പടിഞ്ഞാറോട്ടു കുണുങ്ങിയൊഴുകുന്നുണ്ടു്. ആ അരുവികരയുടെ ചുറ്റുപാടും, കേരവൃക്ഷങ്ങൾ പടർന്നുപിടിച്ചിട്ടുണ്ട്. നാലു ചുറ്റും ഒട്ടനവധി കൂരകൾ. കേരളത്തിലെ ഗ്രാമം!

അന്തിവരെ അദ്ധ്വാനിച്ചു അവശരായ വേലക്കാർ വേർപ്പണിഞ്ഞ ദേഹത്തോടെ നിറഞ്ഞ പ്രതീക്ഷകളുമായി തങ്ങളുടെ മാടങ്ങളിലേക്കു നീങ്ങുന്നുണ്ട്. മൺവെട്ടികളും, കട്ടകുത്തികളും, തുമ്പകളും, അവരുടെ തോളുകളിലുണ്ടു്. മിക്കവരുടേയും ശിരസ്സിൽ പാളത്തൊപ്പികളാണ്. അന്തഃപുരത്തിലെ അനുഭൂതിയുടെ മടിത്തൊട്ടിലിൽ ചാഞ്ചാടി ജീവിതം മുഴുവനും സുഖസാന്ദ്രമാക്കിയിരിക്കുന്ന മഹാ രാജാക്കന്മാരുടെ മരതകകാന്തി മുറ്റുന്ന കിരീടങ്ങളേക്കാളും അഭിമാനവും ശാശ്വതാവസ്ഥയുമുണ്ടവരുടെ പാളത്തൊപ്പികൾക്ക്. ആ മഹാരഥന്മാരുടെ സ്വർണ്ണഖചിതമായ ഉടവാളുകളേക്കാൾ പരിപാവനതയുള്ളതാണവരുടെ പാരകളും മൺവെട്ടികളും.