അന്തിക്കതിരവന്റെ കനകപ്രഭാപൂരം ആഴിപിരപ്പിൽ നിപതിച്ചു. മാമരശിഖരങ്ങളെല്ലാം ശശാങ്കകിരണങ്ങളാലാവരണം ചെയ്യപ്പെട്ടു. വാനം പാടികൾ മടക്കയാത്രയാരംഭിച്ചു.....
വിശന്നും വിഷമിച്ചും ഞാൻ തീരെയവശനാണു്......
“എന്താ കുഞ്ഞോയിവിടെയിരിക്കുന്നതു്” അതുവഴി വേലയും കഴിഞ്ഞു വന്ന ഒരു വൃദ്ധപ്പുലയൻ ചോദിച്ചു. കഴിവുകേടും, പരാധീനതകളും എണ്ണമറ്റ വിധമുണ്ടെങ്കിലും ദീനാനുകമ്പ ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ട്. എനിക്കെന്തു സഹായവും ചെയ്തുതരുവാനുള്ള സന്നദ്ധത ആ മിഴികളിൽ നിന്നും ഞാൻ ഗ്രഹിച്ചു.
എന്റെ ഹൃദയം ഇടിച്ചതല്ലാതെ നാവു ചലിച്ചില്ല വരണ്ടുണങ്ങിയ അധരങ്ങളകന്നില്ല.
“എന്താണൊന്നും മിണ്ടാത്തോ?” വൃദ്ധൻ വീണ്ടും ചോദിച്ചു.
“എന്താണു മൂപ്പന്റെ പേരു്?” ഞാൻ ചോദിച്ചു.
“ചോതാന്നു്” അയാൾ പറഞ്ഞു.
“മൂപ്പാ, എനിക്കാരുമില്ല. ഞാനൊറ്റ, എനിക്കു ജീവിക്കണം.”
ഞാനെന്റെ സത്യം പറഞ്ഞു. പക്ഷെ എന്റെ ലിസാ അവളെ തിരക്കിയാണ് ഞാനലയുന്നതെന്നുള്ള പരമാർത്ഥമാകെ ഞാൻ മറച്ചുപിടിച്ചു. അല്ലെങ്കിൽ തന്നെ അതൊക്കെ ഈ വൃദ്ധനോടെന്തിനു പറയുന്നു?”
“ഇന്നൊന്നും കഴിച്ചില്ലേ?” വീണ്ടുമയാൾ ചോദിച്ചു.
“ഇല്ല” ഞാൻ പറഞ്ഞു.
“യെന്നാന്റെ കൂടെവാ. ഏൻവല്ലോം തരാം.
അയാൾ നടന്നു. ഞാനും പിറകെ എത്തി. പുഴയുടെ തീരത്തുള്ള ഒരു മാടം ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു.